അറിഞ്ഞുകൊണ്ടുള്ള വംശഹത്യ; അരിവാള്‍ക്കൊക്കില്‍ കുരുങ്ങിയ കുരുന്നുകള്‍ | PART 4

കടുത്ത നെഞ്ചുവേദനയോടെയാണ് ആറാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന രാഹുലിനെ സ്‌കൂളില്‍നിന്ന് ആശുപത്രിയിലെത്തിക്കുന്നത്. നിലമ്പൂരില്‍നിന്ന് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എത്തിച്ചപ്പോഴാണ് അരിവാള്‍ രോഗമാണെന്ന് സ്ഥിരീകരിച്ചത്. നന്നായി പഠിച്ചിരുന്ന, ഓടിച്ചാടി നടന്നിരുന്ന രാഹുലിന് ഇപ്പോള്‍ പരസഹായമില്ലാതെ എഴുന്നേറ്റുനടക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല. അധികൃതരും തിരിഞ്ഞുനോക്കാത്ത രാഹുലിന്റെ കുടുംബത്തിന്റെ അവസ്ഥ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെ കേസില്‍ ബാലാവകാശകമ്മിഷന്‍ നേരിട്ട് ഇടപെട്ടു.
45 രോഗികള്‍, അതില്‍ അഞ്ച് കുട്ടികള്‍. വയനാടും അട്ടപ്പാടിയും കഴിഞ്ഞാല്‍ മലപ്പുറം നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ അരിവാള്‍ രോഗികളുള്ളത്. പണിയവിഭാഗത്തിലാണ് അസുഖബാധിതര്‍ കൂടുതല്‍. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള എല്ലാ മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളിലും പ്രീമെട്രിക് ഹോസ്റ്റലിലുമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അരിവാള്‍രോഗനിര്‍ണയ ക്യാമ്പുകള്‍നടത്തി ഓരോ കുട്ടിക്കും ഹെല്‍ത്ത് കാര്‍ഡ് സൂക്ഷിക്കാനും രോഗം സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സയും കൗണ്‍സലിങ്ങും നല്‍കാനുള്ള നടപടികളും അടിയന്തിരമായി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിടുകയുംചെയ്തത് ഈ സംഭവത്തെത്തുടര്‍ന്നാണ്. ചോദ്യമിതാണ്, പ്രീമെട്രിക് ഹോസ്റ്റലുകളിലും ട്രൈബല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളുകളിലുംമാത്രം മതിയായിരുന്നോ അരിവാള്‍രോഗനിര്‍ണയ പരിശോധന? നീലഗിരി ബെല്‍റ്റിന്റെ അരികുകളുള്ള നിലമ്പൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, (കൊട്ടിയൂര്‍), കോഴിക്കോട് (പുതുപ്പാടി) എന്നീ പ്രദേശങ്ങള്‍ക്കുപുറമേ ആലപ്പുഴ ജില്ലയിലും അരിവാള്‍രോഗം റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടിട്ടുണ്ട്.
55000-ത്തിലധികം ആദിവാസികള്‍ ഇടുക്കി ജില്ലയിലുണ്ട്. മൂന്നാര്‍, മറയൂര്‍, മാങ്കുളം, അടിമാലി, ഉടുമ്പന്നൂര്‍ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആദിവാസി ഊരുകള്‍ ഉള്ളത്. ഈ പ്രദേശത്തുള്ള എടമലക്കുടി പഞ്ചായത്തില്‍നിന്ന് അടിസ്ഥാനസൗകര്യങ്ങളുള്ള ആശുപത്രിയിലെത്തണമെങ്കില്‍ 40 കിലോമീറ്റര്‍ താണ്ടണം. അരിവാള്‍രോഗത്തെക്കുറിച്ച് ഇവിടെയുള്ള ആരോഗ്യപ്രവര്‍ത്തകരോട് അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടിയില്ല. തോട്ടംതൊഴിലാളികള്‍ക്കിടയില്‍ രോഗമുണ്ടെന്നുമാത്രമറിയാം. കണ്ണൂരിലെ അരിവാള്‍രോഗികളുടെ കണക്ക് പോകുന്നത് വയനാടിന്റെ അക്കൗണ്ടിലേക്കാണ്. മാനന്തവാടിയുടെ അരികുദേശങ്ങളിലുള്ളവരിലാണ് അധികവും രോഗംകാണപ്പെടുന്നത്. പതിനേഴുവയസ്സുകാരിയാണ് കോഴിക്കോട് പുതുപ്പാടിയിലെ ഔദ്യോഗികകണക്കുകളിലുള്ള അരിവാള്‍രോഗി.
തീരപ്രദേശമായ ആലപ്പുഴയിലെ രേഖപ്പെടുത്തപ്പെട്ട പത്ത് അരിവാള്‍രോഗികള്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒഡിഷയില്‍നിന്ന് തൊഴില്‍തേടി ആലപ്പുഴയിലെത്തിയവരിലും അവരുടെ കുടുംബങ്ങളിലുമാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
രോഗിയാണെന്ന് സമ്മതിക്കാനും തുടര്‍ പരിശോധനകള്‍ നടത്താനും ആളുകള്‍ മടിക്കുന്നു. പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങിപ്പോകുമോ എന്ന ഭയത്താല്‍ കുടുംബത്തിന്റെ അറിവോടെ വളരെ ചെറുപ്പംമുതലേ രോഗാവസ്ഥ മറച്ചുവെക്കുന്നവരുമുണ്ട്. രോഗം മറച്ചുവെച്ച്, വളരെ ചെറുപ്പത്തിലേ വിവാഹിതയായി, മരുന്നുകള്‍ നിര്‍ത്തി ഗര്‍ഭാവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് അമ്മയും കുഞ്ഞും മരിച്ച സംഭവങ്ങളും അരിവാള്‍രോഗികളായ പെണ്‍കുട്ടികള്‍ക്കിടയില്‍ സാധാരണമായിക്കൊണ്ടിരിക്കുന്നു. ആണ്‍കുട്ടികളില്‍ സമപ്രായക്കാരില്‍നിന്ന് നേരിടേണ്ടിവരുന്ന അപകര്‍ഷമാണ് രോഗം മറച്ചുവെക്കാന്‍ പ്രേരിപ്പിക്കുന്നത്.
മരുന്നില്ല, മന്ത്രവാദമുണ്ട് - ഉമാ പ്രേമന്‍,(സാമൂഹികപ്രവര്‍ത്തക, അട്ടപ്പാടി എ.പി.ജെ. അബ്ദുല്‍ കലാം ട്രൈബല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍)
അരിവാള്‍ രോഗികളായ ധാരാളം കുഞ്ഞുങ്ങള്‍ ഞങ്ങളുടെ സ്‌കൂളിലുണ്ട്. അവര്‍ക്കുവേണ്ട പോഷകംനിറഞ്ഞ ഭക്ഷണം നല്‍കാറുണ്ട്. അവധിക്കാലം കഴിഞ്ഞ് വരുന്ന കുഞ്ഞുങ്ങളെക്കണ്ടാല്‍ ഭയംതോന്നും. കൃത്യമായ ഭക്ഷണമോ പരിചരണമോ ഇല്ലാതെ പലരുടെയും ആരോഗ്യസ്ഥിതി മാറിമറിഞ്ഞിട്ടുണ്ടാകും. വീട്ടില്‍നിന്ന് തിരിച്ചെത്തുമ്പോഴാണ് പലരും വയറുനിറയെ ആഹാരം വീണ്ടും കഴിക്കുന്നത്. ഈ സ്ഥിതി മാറാത്തത് രോഗത്തെക്കുറിച്ചും ജീവിതസാഹചര്യത്തെക്കുറിച്ചുമുള്ള ബോധവത്കരണത്തിലെ പാളിച്ചയാണ്. അസുഖംമാറാന്‍ മന്ത്രവാദത്തിനും കുട്ടികളെ കൊണ്ടുപോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇവിടെനിന്ന് വിളിച്ചുകൊണ്ടുപോയ പലരുടെ കൈയിലും കാലിലും ചരടുകള്‍ കെട്ടിച്ച് കൊണ്ടുവന്നിട്ടുണ്ട്. കൃത്യമായ ബോധവത്കരണവും അവബോധവും മാതാപിതാക്കള്‍ക്ക് കൊടുക്കാനാവുന്നില്ല, അവരത് സ്വീകരിക്കുന്നില്ല. അവരില്‍നിന്ന് ഈ കുഞ്ഞുങ്ങളും പഠിച്ചെടുത്ത, അറിഞ്ഞുവന്ന വികലമായ അറിവുകളുമുണ്ട്.
ആദിവാസിസൗഹൃദസമീപനം വേണം -പി.ഇ. ഉഷ, അഹാഡ്സ് മുന്‍ അസി. ഡയറക്ടര്‍ അട്ടപ്പാടി
ഒരു സാധാരണ ആദിവാസികുടുംബത്തിന് ഒരു അരിവാള്‍രോഗിയുടെ ഭക്ഷണചികിത്സാച്ചെലവ് താങ്ങാന്‍പറ്റുന്നതല്ല. രണ്ട് അരിവാള്‍ രോഗികള്‍ വിവാഹിതരായാല്‍ അവര്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങളും പോസിറ്റീവായിത്തീരാന്‍ ഇടയുണ്ട്. ആദിവാസിസൗഹൃദസമീപനം ഇക്കാര്യത്തില്‍ ഇല്ല എന്നതാണ് വാസ്തവം. അവരുടെ തനത് ഭക്ഷണരീതിയില്‍ വലിയ മാറ്റംവന്നതാണ് രോഗപ്രതിരോധം മറ്റൊരുതരത്തില്‍ ബുദ്ധിമുട്ടാവാന്‍ കാരണം. ഒരുതരത്തില്‍ പറഞ്ഞാല്‍ നാമെല്ലാം അറിഞ്ഞുകൊണ്ടുള്ള വംശഹത്യയാണിത്.
പ്രശ്‌നങ്ങളും പ്രതിസന്ധികളും പരസ്പരം പഴിചാരലുംകൊണ്ട് അനിശ്ചിതാവസ്ഥയിലാണ് അരിവാള്‍രോഗികളായ കുഞ്ഞുങ്ങള്‍. ഒരു പ്രശ്‌നമുദിക്കുന്നത് അഞ്ച് പോംവഴികള്‍ക്കുവേണ്ടിയാണെന്ന തത്ത്വം ഈ കുഞ്ഞുങ്ങളുടെ കാര്യത്തിലും ബാധകമാക്കേണ്ടതുണ്ട്
(തുടരും)
Content Highlights: sickle cell anemia crisis investigative series part 4