ചൂ‌ടുകൂടുന്നത് രോഗാണുക്കൾക്ക് അനുകൂലം; എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം..,കരുതൽ വേണം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ചൊവ്വാഴ്ച വരെ ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മേധാവി നീത കെ. ഗോപാൽ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എൽനിനോ പ്രതിഭാസം ശക്തമായതാണ് ചൂടുകൂടാൻ കാരണം. ചൂടുകൂടുന്നത് പലതരം പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകും. താപനില ഉയരുന്നതിനൊപ്പം ഈർപ്പം, വെള്ളക്കെട്ട്, കൊതുകുകളുടെ പ്രജനനത്തെ സ്വാധീനിക്കുന്ന സാഹചര്യം, ശുചിത്വം തുടങ്ങിയ ഘടകങ്ങൾ രോഗവ്യാപനത്തിന്റെ ആക്കംകൂട്ടും. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം, തുടങ്ങിയ പകർച്ചവ്യാധികളും ചെങ്കണ്ണ്, ടൈഫോയ്ഡ്, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളുമൊക്കെ ചൂടുകൂടുന്നതിനനുസരിച്ച് വർധിക്കാറുണ്ട്. ചൂടുകൂടുമ്പോൾ ശ്രദ്ധിക്കേണ്ട രോഗങ്ങൾ എന്തൊക്കെയെന്നും പ്രതിരോധവും പരിശോധിക്കാം.

എലിപ്പനി എന്നുവിളിക്കുന്ന ലെപ്റ്റോസ്പൈറോസിസ് സംസ്ഥാനത്ത് സ്ഥിരസാന്നിധ്യമുള്ള ഏറ്റവും അപകടകാരിയായ പകർച്ചവ്യാധിയാണ്.

സംസ്ഥാനത്ത് പലയിടത്തും എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപിക്കുന്നുണ്ട്. രണ്ടുരോഗങ്ങളുടെയും ലക്ഷണങ്ങൾ ഒരുപോലെയായതിനാൽ ശരിയായ ചികിത്സ പലപ്പോഴും വൈകാറുമുണ്ട്. അഴുക്കുവെള്ളത്തിലും മറ്റും ജോലിക്കിറങ്ങുന്നവർ എലിപ്പനി പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കാറുണ്ട്. പക്ഷേ പലരും അതൊന്നും കാര്യമായെടുക്കാത്തത് എലിപ്പനി സാധ്യത കൂട്ടും. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ ചികിത്സ തേടണം.

ഡെങ്കിപ്പനിയുടെയും എലിപ്പനിയുടെയും ലക്ഷണങ്ങൾ തിരിച്ചറിയാം

ഡെങ്കിപ്പനി: ശരീരവേദന, സന്ധിവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദനോയുകൂടിയ ജ്വരം, വിറയൽ, രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുത്തനെ കുറഞ്ഞാൽ സങ്കീർണമാകും. ‌

എലിപ്പനി: ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദി, ചിലയാളുകൾക്ക് വിശപ്പില്ലായ്മ, മനംപുരട്ടൽ, കണ്ണിനു ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്കു നോക്കാൻ പ്രയാസം എന്നിവയുമുണ്ടാകും.

ഡെങ്കിയെ പ്രതിരോധിക്കാം

  • ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്കരിക്കുക.
  • റെഫ്രിജറേറ്ററിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടികൾക്കിടയിലെ പാത്രം, അലങ്കാരച്ചെടികളുടെ പാത്രം, മൃഗങ്ങൾക്കു തീറ്റകൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റണം.
  • വെള്ളം ശേഖരിക്കുന്ന പാത്രം, ടാങ്കുകൾ എന്നിവ ആഴ്ചയിലൊരിക്കൽ കഴുകണം. വെള്ളംശേഖരിച്ചശേഷം കൊതുക് കടക്കാത്തവിധം വലയോ തുണിയോ കൊണ്ടുമൂടുക.
  • കമുകിൻ പാള, ചിരട്ടകൾ, മരപ്പൊത്തുകൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളംകെട്ടിനിൽക്കാൻ അനുവദിക്കരുത്.
  • റബർ തോട്ടത്തിലെ ചിരട്ടകൾ കമഴ്ത്തിവെക്കുക. ടെറസിലെയും സൺഷെയ്ഡിലെയും വെള്ളം ഒഴുക്കിക്കളയുക.
  • പ്ലാസ്റ്റിക് വേലിയുടെ അടിയിൽ വെള്ളംകെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. ഉപയോഗിക്കാത്ത കുളം, കിണർ, വെള്ളക്കെട്ട് എന്നിവിടങ്ങളിൽ ഗപ്പി വളർത്തുക.
  • കൊതുകുവല ഉപയോഗിക്കുക, വെള്ളംനിറച്ചു കുപ്പികളിൽ ചെടി വീടിനകത്ത് വെക്കുന്നത് ഒഴിവാക്കുക

എലിപ്പനി പ്രതിരോധം

  • മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
  • കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ മലിനജലത്തിൽ ഇറങ്ങുന്നത് ഒഴിവാക്കുക.
  • മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
  • ഭക്ഷണം തുറന്നു വയ്ക്കാതിരിക്കുക. എലികൾക്ക് കടന്നു ചെല്ലാൻ സാധ്യതയില്ലാത്ത രീതിയിൽ അടച്ചു സൂക്ഷിക്കുക.
  • വെള്ളത്തിലിറങ്ങിയാൽ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
  • കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാനോ കുളിക്കാനോ പാടില്ല
  • മണ്ണുമായും മലിനജലവുമായും സമ്പർക്കം വരുന്ന കാലയളവിൽ ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കുന്നത് വഴി എലിപ്പനി പ്രതിരോധം ലഭിക്കുന്നു.
  • ഡോക്‌സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാണ്.
  • എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ, ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്. യാതൊരു കാരണവശാലും സ്വയംചികിത്സ പാടില്ല.

ചിക്കുൻഗുനിയ

ചിക്കുൻഗുനിയ കേസുകളും കൂടുന്നുണ്ട്. ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കുൻഗുനിയ പരത്തുന്നത്. പകൽ കടിക്കുന്ന ഈ കൊതുകിനെതിരേ അതിരാവിലെയും വൈകുന്നേരവും കൂടുതൽ ശ്രദ്ധവേണം. ഡെങ്കി, സിക്ക വൈറസുകളും പടർത്തുന്നത് ഈ കൊതുകുകളാണ്. കൊതുകുനശീകരണപ്രവൃത്തികൾ ഊർജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം. നാലുമുതൽ എട്ടുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പെട്ടെന്നുള്ള കഠിനമായപനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ) വേദന, പേശിവേദന, തലവേദന, ക്ഷീണം, ചിലരിൽ ചർമത്തിൽ തടിപ്പുകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇവകണ്ടാൽ ഉടൻ ചികിത്സതേടണം. സ്വയംചികിത്സ പാടില്ല.

മഞ്ഞപ്പിത്തവും ടൈഫോയ്ഡും

ചൂടുകൂടുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു രണ്ടു രോഗങ്ങളാണ് മഞ്ഞപ്പിത്തവും ടൈഫേയാഡും. ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം പടരും. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വെെറസുകൾ വെള്ളത്തിലോ ഭക്ഷണത്തിലോ കലർന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്.

ക്ഷീണം, പനി, വയറുവേദന, ഛർദി, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണിലും ചർമത്തിലും മൂത്രത്തിലും മഞ്ഞനിറം, മൂത്രത്തിന്റെ അളവു കുറയുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സ്വയം ചികിത്സ അപകടമാണ്. മഞ്ഞപ്പിത്തമുള്ളപ്പോൾ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. തിളപ്പിച്ചാറ്റിയ വെള്ളം നന്നായി കുടിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനു മുൻപും ശേഷവും കൈകൾ നന്നായി സോപ്പുപയോഗിച്ച് വൃത്തിയാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണ് ടൈഫോയ്ഡ്. സാൽമൊണെല്ല ടെെഫി ബാക്ടീരിയയാണ് രോഗകാരണമാകുന്നത്. രോഗം ബാധിച്ച വ്യക്തിയുമായുള്ള സമ്പർക്കം, മലിനമായ വെള്ളം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. വയറുവേദനയും പനിയുമാണ് ലക്ഷണങ്ങൾ. മഞ്ഞപ്പിത്തത്തിൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ തന്നെയാണ് ടൈഫോയ്ഡിന്റെ കാര്യത്തിലും സ്വീകരിക്കേണ്ടത്.

പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷത്തിന്റെ താപവ്യതിയാനം കൊണ്ട് പെട്ടെന്ന് തന്നെ ചീത്തയായി പോകാനും അതുവഴി അണുബാധയുണ്ടാകാനും കാരണമാകും. ഇവയ്ക്കു പുറമേ ചിക്കൻപോക്സ്, മീസിൽസ്, ചെങ്കണ്ണ്, ഇൻഫ്ലുവൻസ വൈറസുകൾ തുടങ്ങിയവയുടെ വ്യാപനത്തെയും കരുതലോടെ നേരിടണം.

Content Highlights: Learn how rising temperatures increase the risk of communicable diseases and discover effective prevention strategies to protect public health and safety.