പട്ടി മാത്രമല്ല പൂച്ച മാന്തിയാലും അവഗണിക്കരുത്, ചികിത്സ വൈകിയാൽ പേവിഷബാധയേൽക്കാം

കഴിഞ്ഞ ദിവസമാണ് ചെറുതുരുത്തി സ്വദേശി അലി സഖാഫിയുടെയും സഫ്നയുടെയും മകൾ സൻഹാ മഹ്റിൻ പേവിഷബാധയേറ്റ് മരിച്ചത്. യാത്രയ്ക്കിടെ അവശനിലയിലായ സൻഹയുടെ ആന്തരികാവയവ പരിശോധനാഫലത്തിലാണ് പേവിഷബാധയാണ് മരണകാരണമെന്ന് മനസ്സിലായത്.
അതേസമയം കുട്ടിക്ക് എങ്ങനെ പേവിഷബാധയുണ്ടായെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുട്ടി പൂച്ചകളുമായി കളിക്കാറുണ്ടെന്ന വിവരം ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇങ്ങനെയാണോ പേവിഷബാധയേറ്റത് എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നിലവിൽ കുട്ടിയുമായി സമ്പർക്കം പുലർത്തിയിരുന്ന 15-ഓളം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്.
നായയോ പൂച്ചയോ മാന്തിയാലും അവഗണിക്കരുത്
നായയോ പൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താൽ മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി അവഗണിക്കരുത്. പ്രഥമശുശ്രൂഷയും ചികിത്സയും പ്രധാനമാണ്. ചെറിയ പോറലാണെങ്കിൽ പോലും പ്രഥമശുശൂഷയ്ക്ക് ശേഷം എത്രയും വേഗം ചികിത്സ തേടണം. പേവിഷബാധ പ്രതിരോധത്തിൽ ഏറ്റവും നിർണായകം കൃത്യസമയത്ത് സ്വീകരിക്കുന്ന വാക്‌സിനേഷനാണ്.
റാബിസ് വൈറസ്
ദരിദ്രരാജ്യങ്ങളുടെ രോഗമായാണ് റാബിസ് ഏറെക്കുറെ അറിയപ്പെടുന്നത്. വികസിത രാജ്യങ്ങൾ പേവിഷബാധയെ ഏറെക്കുറെ തുടച്ചുനീക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ റാബിസ് ഇപ്പോഴും വലിയ പൊതുജനാരോഗ്യ പ്രശ്‌നമാണ്. റാബ്‌ഡോവിറിഡേ കുടുംബത്തിൽപ്പെട്ട ആർ.എൻ.എ. വൈറസാണ് റാബിസ് വൈറസ്.
വൈറസുകൾ ശരീരത്തിൽ പ്രവേശിച്ചാൽ, സാധാരണയായി 20 മുതൽ 90 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ചിലപ്പോൾ ഏതാനും ദിവസങ്ങൾക്കുള്ളിലോ മറ്റു ചിലപ്പോൾ ഒരു വർഷംവരെയോ സമയമെടുത്തെന്നുംവരാം. കടിയേറ്റ ഭാഗത്തുനിന്ന് നാഡികളിലൂടെയാണ് വൈറസിന്റെ യാത്ര. അതുകൊണ്ടാണ് മുഖത്തും മറ്റും കടിയേറ്റാൽ പെട്ടെന്ന് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. സുഷുമ്‌നാ നാഡിയിലും തലച്ചോറിലുമെത്തിച്ചേരുന്ന വൈറസ് അവിടെവെച്ച് പെരുകുന്നു. അവിടെ നിന്ന് തിരിച്ച് നാഡികളിലൂടെത്തന്നെ യാത്രചെയ്ത് ഉമിനീർഗ്രന്ഥി, ഹൃദയം, ചർമം എന്നിവിടങ്ങളിലെത്തിച്ചേരുന്നു.
ലക്ഷണങ്ങൾ
ധാരണ പനി ലക്ഷണങ്ങളായ ശരീരത്തിന് ചൂട്, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് റാബിസിന്റെയും പ്രാരംഭ ലക്ഷണം. റാബിസും ഒരു മസ്തിഷ്‌ക ജ്വരം (എൻസിഫലൈറ്റിസ്) ആണ്. പനി റാബിസാണെന്ന് സംശയിപ്പിക്കുന്ന സവിശേഷ ലക്ഷണം പിന്നീടാണുണ്ടാകുക. കടിയേറ്റഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചിൽ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിച്ചു എന്നതിന്റെ സൂചനയാണ്. റാബിസ് ബാധയുണ്ടായ 60 മുതൽ 80 ശതമാനംവരെ ആളുകളിലും ഈ ലക്ഷണമുണ്ടാകാം.
രോഗം പകരുന്നത് എങ്ങനെ?
രോഗബാധിതനായ പട്ടി കടിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരിൽ റാബിസ് ഉണ്ടാകുന്നത്. പട്ടിയെക്കൂടാതെ പൂച്ച, കുരങ്ങ്, കുതിര, ആടുമാടുകൾ എന്നിവ കടിച്ചാലും രോഗം ബാധിക്കാം. പട്ടി നക്കിയാലും രോഗം പകരാം. ചെറുമുറിവുകളുള്ള ചർമത്തിലൂടെയും കട്ടികുറഞ്ഞ ശ്ലേഷ്മസ്തരത്തിലൂടെയും വൈറസ് ശരീരത്തിൽ കടക്കാം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാൻ വിദൂര സാധ്യത മാത്രമാണുള്ളത്. എങ്കിലും രോഗിയെ പരിചരിക്കുന്നവർ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നതാണ് ഉചിതം.
വാക്സിനേഷൻ
റാബിസ് ഒരു മാരകമായ മസ്തിഷ്‌കജ്വരമായതുകൊണ്ടും ഫലപ്രദമായ ചികിത്സയില്ലാത്തതിനാലും വാക്സിനേഷൻ തന്നെയാണ് ഏക രക്ഷാമാർഗം. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രായമേറിയവർക്കുമെല്ലാം വാക്സിനെടുക്കാം. കടിച്ച പട്ടിക്ക് വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഇമ്മ്യൂണിറ്റിയെക്കുറിച്ച് ഉറപ്പില്ലാത്തതുകൊണ്ട് മനുഷ്യർ വാക്സിൻ എടുക്കാതിരിക്കരുത്.
Content Highlights: Rabies is a fatal viral encephalitis with no effective cure once symptoms appear., Timely vaccination is the only life-saving intervention after an animal bite or scratch