എന്റെ കുട്ടി തെറ്റു ചെയ്യില്ലെന്ന മുൻവിധി മാറ്റണം, അറിയാത്തവർ തരുന്നതൊന്നും കുട്ടികൾ സ്വീകരിക്കരുത്

കോഴിക്കോട്: പരിഹാരമില്ലാത്ത പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും തിരിച്ചറിയുമ്പോൾ കാഴ്ചപ്പാടുകളുംമാറും. ലഹരിയിലും അങ്ങനെത്തന്നെയാണ്. എന്റെ കുട്ടി തെറ്റു ചെയ്യില്ലെന്ന മുൻവിധി മാറ്റാൻ രക്ഷിതാക്കളും അത്തരമൊരു വഴിയിലേക്ക് പോകില്ലെന്നു കുട്ടികളും ഉറപ്പാക്കണം. അവഹേളനമല്ല, ചേർത്തുപിടിക്കലാണ് കുട്ടികൾക്കുള്ള മരുന്ന്.
കുട്ടികളോട്
അറിയാത്ത ഒന്നും സ്വീകരിക്കരുത്: ആരെങ്കിലും തരുന്ന മിഠായി, ചോക്ലേറ്റ്, കൂൾഡ്രിങ്ക്, വലിക്കുന്ന വസ്തുക്കൾ, ഗുളിക, പൊടി തുടങ്ങിയവയൊന്നും ഉപയോഗിക്കരുത്
സമ്മർദത്തിനു വഴങ്ങരുത്: ഒരുതവണ പരീക്ഷിച്ചാൽ മതി, ഒന്നും സംഭവിക്കില്ലെന്നൊക്കെ പറഞ്ഞാൽ ഉറച്ച മനസ്സോടെ ’വേണ്ടെന്ന് ’ പറയാം
സംശയംതോന്നിയാൽ പറയാം: അധ്യാപകർ, മാതാപിതാക്കൾ, അല്ലെങ്കിൽ വിശ്വസിക്കാവുന്ന മറ്റേതെങ്കിലും മുതിർന്നവരോട് ഉടൻ വിവരം അറിയിക്കുക.
ഹാനികരമായ ശീലങ്ങളിൽനിന്ന് അകന്നുനിൽക്കാം: സിഗരറ്റ്, മദ്യം, ലഹരിമരുന്നുകൾ തുടങ്ങിയവ കൗതുകത്തിനോ തമാശയ്ക്കോ പോലും പരീക്ഷിക്കരുത്. ചിലപ്പോൾ ശീലത്തിന്റെ തുടക്കമാകാം.
ആരോഗ്യകരമായ കൂട്ടുകെട്ടും ശീലങ്ങളും: നല്ല സുഹൃത്തുക്കൾ, കായികവിനോദങ്ങൾ, കലാപ്രവർത്തനങ്ങൾ, വായന, സംഗീതം എന്നിവ തിരഞ്ഞെടുക്കുക
രക്ഷിതാക്കളോട്
- വീടുകളിലെ അന്തരീക്ഷം സുഖകരമല്ലെങ്കിൽ കുട്ടികൾ ലഹരിക്കടിമപ്പെടാനുള്ള സാധ്യതയുണ്ട്. അതിന്റെ അപകടത്തെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതും കുട്ടികളെ ഇതിലേക്കു നയിക്കുന്നു.
- പണംസമ്പാദിക്കാനുള്ള വഴിയായും ലഹരിയെ ഉപയോഗിക്കുന്നുണ്ട്. അമിതമായ പണം കുട്ടിയുടെ കൈയിൽ ഉണ്ടെങ്കിൽ അന്വേഷിക്കുക
- ആവശ്യത്തിലധികം പോക്കറ്റ് മണി നൽകരുത്. ന്യായമായ ആവശ്യത്തിനു മാത്രം നൽകാം.
- പെട്ടെന്ന് നിർത്താനാവുന്നതല്ല ലഹരി ശീലം. ലഹരിവിമോചന ചികിത്സയ്ക്കിടയിൽ ചിലപ്പോൾ വീണ്ടും അത്തരം ശീലങ്ങളിലേക്ക് പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ കുട്ടിക്കൊപ്പം നിൽക്കാം.
അധ്യാപകർക്ക്
- കുട്ടികളുടെ പെരുമാറ്റത്തിലും സംസാരത്തിലുമുള്ള വ്യതിയാനം ശ്രദ്ധിക്കണം
- അന്തർമുഖരാവുകയോ കാരണമില്ലാതെ പ്രകോപിതരാവുകയോ ചെയ്യുന്നുണ്ടെങ്കിൽ കാരണം മനസ്സിലാക്കണം
- അനാവശ്യ മത്സരബുദ്ധി ഉണ്ടാക്കരുത്
- പൂർണമായി വിശ്വസിച്ച് പ്രശ്‌നങ്ങൾ തുറന്നുപറയാൻ ധൈര്യം നൽകുക
ഇംഹാൻസിൽ സൈക്യാട്രിക് സോഷ്യൽവർക്ക് വിഭാഗം അസി. പ്രൊഫസറും മേധാവിയുമാണ് ലേഖിക.