സങ്കടവും ക്ഷോഭവും, എന്താണ് പ്രസവാനന്തര വിഷാദം?; അന്ന് പൊലിഞ്ഞത് 3 മാസം പ്രായമുള്ള ജീവൻ

പ്രതീകാത്മക ചിത്രം, ദിവ്യ ജോണി | Photo: Meta AI, Screengrab
പ്രതീകാത്മക ചിത്രം, ദിവ്യ ജോണി | Photo: Meta AI, Screengrab

മൂന്നര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മയുടെ വാര്‍ത്ത ഞെട്ടലോടെയായിരുന്നു അന്ന് കേരളം കേട്ടത്. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവരെ ചികിത്സയ്ക്ക് വിധേയമാക്കിയതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. കടുത്ത പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം എന്ന മാനസികാവസ്ഥയ്ക്ക് കീഴ്‌പ്പെട്ട് പോയിരുന്നു ദിവ്യ. ഇതോടെ, സമൂഹത്തിന്‌റെ കുറ്റപ്പെടുത്തലും വെറുപ്പും പതുക്കെ സഹതാപമായി. ബുധനാഴ്ച ദിവ്യയുടെ മരണവാര്‍ത്ത പുറത്തുവരുമ്പോൾ 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന മാനസികാവസ്ഥയെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയരുകയാണ്. 

എന്താണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ
പ്രസവശേഷം അമ്മമാരില്‍ കാണപ്പെടുന്ന വിഷാദാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ആദ്യ പ്രസവത്തിന് ശേഷമാണ് സാധാരണയായി ഈ അസുഖം കാണപ്പെടുന്നത്. സാധാരണ വിഷാദരോഗത്തില്‍ കാണുന്ന  സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം തുടങ്ങിയ പ്രശ്നങ്ങൾ തന്നെയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍റെ കാര്യത്തിലും ഉണ്ടാകുന്ന ലക്ഷണങ്ങൾ. കൂടാതെ, കുഞ്ഞിനെയും അമ്മയെയും സംബന്ധിക്കുന്ന ആശങ്കകളും സങ്കടങ്ങളുമെല്ലാം ഈ അവസ്ഥയിൽ കാണാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിൽ കടുത്ത ഉത്കണ്ഠയുമുണ്ടാകും. 

വിഷാദത്തിന്റെ തോത് അനുസരിച്ചാണ് വിഷയത്തിൽ ഏത് രീതിയിലുള്ള ചികിത്സയാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. കൃത്യസമയത്ത് വിഷാദം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അത്ര കഠിനമല്ലെങ്കിൽ കാണ്‍സിലിംഗ്‌, സൈക്കോതെറാപ്പി എന്നിവ മതിയാകും. എന്നാൽ, പല കേസുകളിലും ഒരു മനോരോഗ വിദഗ്ധന്‍റെ ചികിത്സ തന്നെ ഇവർക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തിൽ രോ​ഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്. 

ആവശ്യമായ മുന്‍കരുതലുകള്‍
പ്രസവശേഷം അമ്മമാരിൽ ഏത് രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഒരു വിദ​ഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഒരു കാരണവശാലും ഇത്തരം പ്രശ്നങ്ങളെ അവ​ഗണിക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുത്. പ്രസവാനന്തരം അമ്മമാരുടെ മാനസികാരോ​ഗ്യത്തിന് കൂടുതൽ പ്രധാന്യവും നൽകേണ്ടതുണ്ട്. 

1. തെറാപ്പി - വിഷാദമുണ്ടെന്ന് തോന്നുന്നപക്ഷം മനഃശാസ്ത്ര വിദഗ്ധനെ കണ്ട് പരിശോധന നടത്തണം. അവരുടെ നിർദേശപ്രകാരം തെറാപ്പി ചെയ്യാം. 
2. വ്യായാമം - പതിവായി വ്യായാമം ചെയ്യുന്നത് മനസിനും ശരീരത്തിനും നല്ലതാണ്. സന്തോഷത്തിന് കാരണമാകുന്ന സെറോടോണിന്‍, ഡോപമിൻ പോലെയുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കാനും ഇതിലൂടെ സാധിക്കും. 
3. ആശയവിനിമയം -  സംസാരിക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്യുന്നത് നല്ലതാണ്. നല്ല പുസ്തകങ്ങൾ വായിക്കുക, ഒരു വ്യക്തി അയാളുമായിതന്നെ ആശയവിനിമയം നടത്തുക.
4. നല്ല ഭക്ഷണരീതി- നല്ല ഭക്ഷണരീതിയുണ്ടാക്കുക. സമീകൃതാഹാരം കഴിക്കുക. ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ഭക്ഷണ ക്രമീകരണം നടത്തുക. ഡോക്ടറുടെ നിർദേശാനുസരണമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുക.


 

Content Highlights: Understand postpartum depression, its symptoms, effective treatments