അന്തസ്സോടെയും ആശ്വാസത്തോടെയും ജീവിക്കാനുള്ള അവകാശം അയൽപക്ക കൂട്ടായ്മയിലൂടെ

#ഡോ.വി അബ്ദുൽ ലത്തീഫ് കൻമനം
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഗുരുതര രോഗങ്ങൾ നേരിടുന്ന ഓരോ വ്യക്തിക്കും അന്തസ്സോടെയും ആശ്വാസത്തോടെയും ജീവിക്കാനുള്ള അവകാശമുണ്ടെന്ന അടിസ്ഥാന ധാരണയിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി നിലകൊള്ളുന്നത്. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറിന്റെ കേരള ഘടകങ്ങളുടെ നേതൃത്വത്തിൽ ഈ വർഷം ഉയർത്തിപ്പിടിക്കുന്ന സന്ദേശം “സാർവ്വത്രിക പരിചരണം അയൽപക്ക കൂട്ടായ്മയിലൂടെ” എന്നതാണ് സാന്ത്വന പരിചരണം ചികിത്സാരംഗത്തിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന ബോധ്യമാണ് ഈ സന്ദേശം സമൂഹത്തിന് മുന്നിൽ വെക്കുന്നത്.

ശാരീരിക വേദനയുടെ നിയന്ത്രണം മാത്രമല്ല, ഗുരുതര രോഗാവസ്ഥകളിൽ രോഗികളുടെ മാനസിക, സാമൂഹിക, ആത്മീയ ആവശ്യങ്ങൾ ഒരുമിച്ച് പരിഗണിക്കുന്ന സമഗ്ര പരിചരണ സമീപനമാണ് പാലിയേറ്റീവ് കെയർ. കേരളത്തിൽ പാലിയേറ്റീവ് പരിചരണ രംഗത്ത് കൈവരിച്ച മുന്നേറ്റങ്ങൾ ലോകത്തിനുതന്നെ മാതൃകയായി മാറിയിട്ടുണ്ട്.

പാലിയേറ്റീവ് പരിചരണത്തിന്റെ വിജയത്തിന്റെ അടിത്തറ സമൂഹപങ്കാളിത്തമാണ്. അയൽപക്ക കൂട്ടായ്മകൾ, കുടുംബങ്ങൾ, സന്നദ്ധ പ്രവർത്തകർ, യുവജനങ്ങളും വിദ്യാർത്ഥികളും, സാമൂഹിക–മത–സാംസ്കാരിക സംഘടനകൾ എന്നിവയുടെ സജീവ ഇടപെടലിലൂടെ മാത്രമേ സാർവ്വത്രിക പരിചരണം സാധ്യമാകൂ. പാലിയേറ്റീവ് സംഘങ്ങളെ സഹായിക്കൽ, സന്നദ്ധ സേവനത്തിന് മുന്നിട്ടിറങ്ങൽ, രോഗികളോടൊപ്പം സമയം ചെലവഴിക്കൽ, ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കാൻ കൈകോർക്കൽ എന്നിവയിലൂടെ ഓരോ പൗരനും ഈ കരുണാപൂർണ ദൗത്യത്തിൽ പങ്കാളിയാകാൻ കഴിയും.

പുതിയകാലത്തെ അനിയന്ത്രിതമായ ലഹരി ഉപയോഗം, വിഷലിപ്തമായ ഭക്ഷണ സംസ്കാരം, ഫാസ്റ്റ് ഫുഡ് ശീലം, വർധിച്ചുവരുന്ന മാനസിക സമ്മർദങ്ങൾ എന്നിവ ഗുരുതര രോഗാവസ്ഥകൾ വർധിപ്പിക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളാണ്. ഈ സാഹചര്യങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനോടൊപ്പം, രോഗബാധിതരോടുള്ള കരുണയും സഹാനുഭൂതിയും വളർത്തുന്ന മാനവിക സമീപനം സമൂഹത്തിൽ പുനഃസ്ഥാപിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതശൈലി ബോധവത്കരണവും സാന്ത്വന പരിചരണവും ഇന്നത്തെ കാലത്ത് ഒരുപോലെ ആവശ്യമാണ്.

ഭരണകൂടങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുകയും, യുവതലമുറയെ ഈ രംഗത്തേക്ക് ആകർഷിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അയൽപക്ക കൂട്ടായ്മകളിലൂടെ പരിചരണം ഉറപ്പാക്കുന്ന മാതൃക ശക്തിപ്പെടുമ്പോഴാണ് സംതൃപ്ത പരിചരണം എല്ലാവർക്കും ഉറപ്പാക്കാൻ കഴിയുക. രോഗിയോടൊപ്പം നിൽക്കുന്ന ഒരു സമൂഹം തന്നെയാണ് യഥാർത്ഥത്തിൽ പുരോഗമിച്ച സമൂഹം അവിടെയാണ് പാലിയേറ്റീവ് കെയറിന്റെ യഥാർത്ഥ അർത്ഥവും വിജയവും.

മലപ്പുറം ജില്ലയിലെ പാറക്കൽ എനർജികെയർ പാലിയേറ്റീവ് ഫിസിയോതെറാപ്പി സെന്റർ വളണ്ടിയറാണ് ലേഖകൻ

Content Highlights: Understand the importance of palliative care, human dignity, and comfort for those with serious illnesses.