ജോലിക്കുചേർന്ന് നാലുമാസത്തിനുള്ളിൽ മരണം;അമിതജോലിഭാരം അഭിമാനിക്കാനുള്ളതല്ല, നോ പറയേണ്ടിടത്ത് പറയണം

''ജോലിഭാരവും പുതിയ അന്തരീക്ഷവും മണിക്കൂറുകൾ നീണ്ട ജോലിയുമൊക്കെ അന്നയെ ശാരീരികവും വൈകാരികവും മാനസികവുമായി തളർത്തിയിരുന്നു. ജോലിക്ക് ചേർന്നതിനു തൊട്ടുപിന്നാലെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മർദം തുടങ്ങിയവ അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ, അപ്പോഴും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് കഠിനാധ്വാനം എന്നുകരുതി അവൾ പിൻവാങ്ങിയില്ല-''
അമിതജോലിഭാരം ജീവനെടുത്ത ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യനേക്കുറിച്ച് അമ്മ അനിത അഗസ്റ്റിൻ കുറിച്ച വരികളാണിത്. ഇ.വൈ. (ഏണസ്റ്റ് ആൻഡ് യങ്) കമ്പനിയുടെ പുണെ ഓഫീസിൽ തന്റെ ആദ്യജോലിയിൽ പ്രവേശിച്ച അന്ന സെബാസ്റ്റ്യൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുംമുമ്പേ അകാലമരണത്തിന് ഇരയായി. അമിതജോലിഭാരമാണ് അന്നയുടെ ജീവൻ കവർന്നതെന്ന് പറഞ്ഞ് കമ്പനിയിൽ തന്റെ മകൾ നേരിട്ട അനീതികളേക്കുറിച്ച് അനിതാ അഗസ്റ്റിൻ ഇ.വൈ.യുടെ ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്തും ചർച്ചയിൽ നിറയുന്നുണ്ട്. തൊഴിലിടത്തിൽ രാവെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നവരെ അകമഴിഞ്ഞ് അഭിനന്ദിക്കും മുമ്പ് അവർക്ക് അവരുടേതായ സമയം കിട്ടാതിരിക്കുമ്പോഴും ഇടവേളകൾ കിട്ടാതിരിക്കുമ്പോഴുമൊക്കെ മരണത്തെ നേരത്തേ വിളിച്ചുവരുത്തുകയാണെന്ന് പലരും തിരിച്ചറിയുന്നില്ല. ജോലിക്കുവേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെക്കുന്നവരെ അഭിനന്ദിക്കുന്ന ടോക്സിക് പോസിറ്റിവിറ്റിയുണ്ടാക്കുന്ന വെല്ലുവിളികൾ ചെറുതല്ല. ടോക്സിക് വർക്കിങ് കൾച്ചറിന്റെ ഭാഗമാകുന്നവർ ശാരീരികവും മാനസികവുമായി ഇഞ്ചിഞ്ചായി ഇല്ലാതാവുകയാണെന്ന് വിദഗ്ധർ പറയുന്നു.
Content Highlights: overwork anna death ey india toxic work culture