ഷുഗറും ഗ്ലൂട്ടനും പാടേ ഒഴിവാക്കി, വർക്കൗട്ട് ആരംഭിച്ചു; പ്രസവശേഷം 23 കിലോകുറച്ചതിനേക്കുറിച്ച് നേഹ

പ്രസവശേഷം സ്ത്രീകൾ വണ്ണംവെക്കുന്നത് സ്വാഭാവികമാണ്. അതു കുറയ്ക്കുക അത്ര എളുപ്പവുമല്ല. എങ്കിലും വിട്ടുവീഴ്ചയില്ലാതെ മുന്നേറിയാൽ ആരോഗ്യകരമായ രീതിയിൽ തന്നെ വണ്ണംകുറയ്ക്കാനുമാവും. ബോളിവുഡ് നടി നേഹ ധൂപിയ വണ്ണംകുറച്ചത് അതിനുദാഹരണമാണ്. രണ്ടു പ്രസവങ്ങൾക്കുംശേഷം പതിനേഴുകിലോയോളമാണ് നേഹയുടെ ശരീരഭാരം കൂടിയത്. എന്നാൽ കഴിഞ്ഞ ഒന്നരവർഷത്തിനിടെ താരം കുറച്ചത് ഇരുപത്തിമൂന്നു കിലോയാണ്. തന്റെ ഇന്‍സ്റ്റഗ്രാംപേജിലൂടെയാണ് വണ്ണംകുറയ്ക്കാന്‍ സഹായിച്ച കാര്യങ്ങളെക്കുറിച്ച് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
എങ്ങനെയാണ് താൻ 23 കിലോ കുറച്ചത് എന്നതിനേക്കുറിച്ചുള്ള നീണ്ടകുറിപ്പാണിത് എന്നുപറഞ്ഞാണ് നേഹ പോസ്റ്റ് ആരംഭിക്കുന്നത്. വണ്ണംകുറയ്ക്കുക എന്നതും വണ്ണവുമായി ജീവിക്കുക എന്നതും ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് താരം പറയുന്നു. രണ്ടുപ്രസവങ്ങൾക്കുംശേഷം വണ്ണംവച്ചതുമായി പൊരുത്തപ്പെടാൻ പ്രയാസമായിരുന്നു. എവിടെച്ചെന്നാലും വണ്ണത്തേക്കുറിച്ച് സംസാരിക്കുന്നവരോ ഉപദേശിക്കുന്നവരോ ഉണ്ടാകുമായിരുന്നു.
ഒന്നരവർഷത്തിനുമുമ്പണ് താൻ വണ്ണംകുറയ്ക്കാമെന്ന് തീരുമാനിക്കുന്നതെന്നും നേഹ പറയുന്നുണ്ട്. ഓട്ടവും യോഗയുമൊക്കെ ശീലമാക്കി. രണ്ടുകുട്ടികൾ, ജോലി, വീട് എന്നിവയൊക്കെ വച്ചുള്ള ഈ ഓട്ടം അത്ര എളുപ്പവുമായിരുന്നില്ലെന്നും നേഹ പറയുന്നുണ്ട്. ഡയറ്റും കർശനമാക്കി. ഷുഗറും ഗ്ലൂട്ടനും പാടേ ഒഴിവാക്കി. നേരത്തേ ഭക്ഷണം കഴിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേള പതിനാലുമണിക്കൂറാക്കുകയും ചെയ്തു. ഇതിനെല്ലാമൊപ്പം സ്റ്റൈലിസ്റ്റുകൾ നൽകുന്ന വസ്ത്രങ്ങൾ പാകമാവാതിരിക്കുകയും തൊഴിലിടത്തിലെ ചെറിയ തിരസ്കരണങ്ങളുമൊക്കെയുണ്ട്.
കഠിനമായ തന്റെ പരിശ്രമം പതിയെ ഫലംകാണുകയായിരുന്നുവെന്നും നേഹ പറയുന്നു. എന്നത്തേതിലും ആരോഗ്യവതിയായും ആത്മവിശ്വാസമുള്ളവളായും അനുഭവപ്പെടുന്നുണ്ട്. രണ്ടുമക്കളുടെ അമ്മ, അഭിനേത്രി, സംരംഭക, റണ്ണർ എന്നീ നിലകളിലെല്ലാം ഇതു പങ്കുവെക്കുന്നതിലെ സന്താേഷമേറെയാണ്. എന്നാൽ ഇതിന് എളുപ്പവഴിയില്ലെന്നും നേഹ പറയുന്നുണ്ട്. റോക്കറ്റ് സയൻസുമല്ലിത്. സ്ഥിരത കൈവരിക്കുക, കഠിനമായി വർക് ചെയ്യുക. വർക്കൗട്ട് ചെയ്ത് അവനവനെ സ്നേഹിക്കൂ എന്നും നേഹ കുറിക്കുന്നു.
ജീവിതശൈലിയിൽ വ്യായാമം ഉൾപ്പെടെയുള്ളവ ഭാഗമാക്കേണ്ടതിനേക്കുറിച്ചും വണ്ണംകുറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചുമൊക്കെ അടുത്തിടെ ഐ.സി.എം.ആർ. മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. പെട്ടെന്ന് വണ്ണംകുറയ്ക്കുന്ന രീതിയും അതിനായി ഗുളികകൾ കഴിക്കുന്ന ശീലവുമൊക്കെ ഒഴിവാക്കണമെന്നും പടിപടിയായി വണ്ണംകുറയ്ക്കുന്ന രീതിയാണ് അഭികാമ്യമെന്നുമാണ് ഐ.സി.എം.ആർ. വ്യക്തമാക്കിയത്.
വണ്ണം കുറയ്ക്കാനുള്ള ഡയറ്റ് ദിവസവും ആയിരം കലോറിയിൽ കുറവായിരിക്കരുതെന്നും എല്ലാ പോഷകങ്ങളും ലഭിക്കുന്നതാകണമെന്നും ഐ.സി.എം.ആർ. നിർദേശിക്കുന്നു. ആഴ്ചയിൽ അരക്കിലോഗ്രാം വച്ച് ഭാരം കുറയ്ക്കുന്നതാണ് ഏറ്റവും സുരക്ഷിതം. പെട്ടെന്ന് വണ്ണം കുറയ്ക്കുന്ന രീതികളും അതിനായി മരുന്ന് കഴിക്കുന്നതുമൊക്കെ ഒഴിവാക്കണം. ശുദ്ധമായ പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ചെറുധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കണം. മധുരം, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, പഴച്ചാറുകൾ എന്നിവ കുറയ്ക്കുകയും വേണം. വണ്ണം കുറയ്ക്കുന്നതിൽ ശാരീരിക പ്രവർത്തനങ്ങളുടെ പങ്ക് വലുതാണെന്നും വ്യായാമവും യോഗയും ശീലമാക്കുന്നത് ഗുണംചെയ്യുമെന്നും ഐ.സി.എം.ആർ. നിർദേശത്തിലുണ്ട്.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
വണ്ണം കുറയ്ക്കാൻ ഐ.സി.എം.ആർ. നിർദേശിക്കുന്ന ആരോഗ്യകരമായ രീതി
സമീകൃതാഹാരം
നാരുകളും പോഷകവും ധാരളമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇത് വിശപ്പ് കുറയ്ക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നത് കുറയ്ക്കും.
പച്ചക്കറികൾ
കലോറി കുറഞ്ഞതും വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ തുടങ്ങിയതുമായ ഭക്ഷണങ്ങൾ വണ്ണംകുറയ്ക്കൽ എളുപ്പമാക്കും.
അളവിൽ നിയന്ത്രണം
ഭക്ഷണം കഴിക്കുന്നതിന്റെ അളവിൽ നിയന്ത്രണം വരുത്തുകയും അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുക.
സ്നാക്സിലും മാറ്റം വേണം
സ്നാക്സ് തിരഞ്ഞെടുക്കുമ്പോൾ അവ പോഷകസമ്പന്നമാണെന്ന് ഉറപ്പുവരുത്തുക. നട്സ്, പ്ലെയിൻ യോഗർട്ട്, പച്ചക്കറികൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.
ആരോഗ്യകരമായ പാചകരീതി
പാചകരീതി ആരോഗ്യകരമാവാൻ ശ്രദ്ധിക്കുക. ഗ്രില്ലിങ്, ബേക്കിങ്, സ്റ്റീമിങ് തുടങ്ങിയവയ്ക്കെല്ലാം മറ്റു പാചകരീതിയെ അപേക്ഷിച്ച് കുറവ് എണ്ണ മതി. ഇത് വണ്ണംവെക്കാതിരിക്കാൻ സഹായിക്കും.
മധുര പാനീയങ്ങൾ കുറയ്ക്കാം
സോഡ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവും മധുരപാനീയങ്ങളും കുറയ്ക്കാം. വെള്ളം, ഹെർബൽ ടീ, മധുരമില്ലാത്ത പാനീയങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.
ഫുഡ് ലേബലുകളിലും വേണം ശ്രദ്ധ
കലോറി, കൃത്രിമ മധുരം, ഉപ്പ് തുടങ്ങിയവയുടെ അളവ്, സാച്ചുറേറ്റഡ് ഫാറ്റ് ഉണ്ടോ തുടങ്ങിയവ ഫുഡ് ലേബലിൽ പരിശോധിക്കണം. ആരോഗ്യകരമായ ചേരുവകളടങ്ങിയവ പരമാവധി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.
Content Highlights: neha dhupia weight loss journey