മാനസികാരോഗ്യ ചികിത്സാരംഗത്ത് ഇന്നും പുറകിൽത്തന്നെ, മതിയായ ചികിത്സ ലഭ്യമാവാത്തതെന്ത് ?

സാങ്കേതികവിദ്യയിലും വൈജ്ഞാനികമേഖലയിലും ഒട്ടേറെ പുരോഗതി കൈവരിച്ചെങ്കിലും മാനസികാരോഗ്യ ചികിത്സാരംഗത്ത് നാമിപ്പോഴും പുറകിൽത്തന്നെയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് രോഗികൾ കൂടുമ്പോഴും അതിനനുസരിച്ച് ചികിത്സ ലഭ്യമാക്കാൻ സർക്കാർതലത്തിൽ സംവിധാനങ്ങൾ അപര്യാപ്തമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
എൻ.എം.എച്ച്.എസിന്റെ 2015-'16 കണക്കുകൾ (ഏറ്റവും പുതിയ കണക്കുകൾ ലഭ്യമായിട്ടില്ല) പ്രകാരം ഇന്ത്യയിൽ ഏകദേശം 10.7 ശതമാനം പേർ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിൽ കൃത്യമായ ചികിത്സ ലഭിക്കാത്തവർ 80 ശതമാനത്തിലധികമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയംതന്നെ റിപ്പോർട്ടുചെയ്യുന്നു. കേരളത്തിൽ 3.5 കോടി ജനങ്ങളിൽ 40 ലക്ഷത്തിലധികം പേർ മാനസികപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. പത്തുവർഷം കഴിഞ്ഞിട്ടും പുതിയ കണക്കുകൾ ലഭ്യമായിട്ടില്ല എന്നതുതന്നെ ഈ മേഖലയോടുള്ള മനോഭാവം പ്രകടമാക്കുന്നു.
മതിയായ ചികിത്സ ലഭ്യമാവാത്തതെന്ത്
രോഗികളുടെ എണ്ണത്തിനനുസരിച്ചുള്ള ഡോക്ടർമാർ ഇല്ലാത്തതുതന്നെയാണ് പ്രധാന പ്രശ്നം. സർവേപ്രകാരം ഒരുലക്ഷം പേർക്ക് 0.3 സെക്യാട്രിസ്റ്റുകളാണുള്ളത്. അതായത്, ഏകദേശം 3.33 ലക്ഷം ആളുകൾക്ക് ഒരു സൈക്യാട്രിസ്റ്റ് എന്ന രീതിയിലാണ് കണക്കുകൾ. ഈ രംഗത്ത് സർക്കാർതലത്തിലും മറ്റുമേഖലകളിലുംനിന്ന് ഉണ്ടാവുന്ന അവഗണന എത്രത്തോളമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രധാന ചികിത്സാരീതികൾ
വ്യക്തിപരമായി/ ഗ്രൂപ്പ് ആയി നൽകുന്ന സൈക്കോ തെറപ്പി അഥവാ കൗൺസലിങ്, കുടുംബക്കാരെക്കൂടി പങ്കെടുപ്പിച്ചുള്ള ചികിത്സ അല്ലെങ്കിൽ ഫാമിലി ഇന്റർവെൻഷൻ, ഫാമിലി തെറപ്പി, സപ്പോർട്ടീവ് തെറപ്പി, മരുന്നുകഴിച്ചുള്ള ചികിത്സ, ഇലക്ട്രോ കോൺവുൽസിവ് തെറപ്പി,ട്രാൻസ്‌ക്രാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ അല്ലെങ്കിൽ മുകളിൽ പറഞ്ഞവയുടെ കോമ്പിനേഷനുകൾ. എന്നിവയാണ് പുതിയ ചികിത്സാ രീതികൾ.
ഒരേ ചികിത്സ എന്ന രീതി മാറണം
സാങ്കേതികവിദ്യകളും സാമൂഹികമാധ്യമങ്ങളുടെ ഉപയോഗങ്ങളുമെല്ലാം നമ്മുടെ ജീവിതരീതികളെ വല്ലാതെ സ്വാധീനിച്ചതുകൊണ്ട് മുൻപത്തെപ്പോലുള്ള ചികിത്സാരീതികൾമാത്രം പോരാ എന്ന് വിദഗ്ധർ പറയുന്നു. സമഗ്രമായ ചികിത്സാരീതികളാണു വേണ്ടത്. എല്ലാവർക്കും ഒരുപോലുള്ള ചികിത്സയല്ല ആവശ്യം. രോഗനിർണയത്തോടൊപ്പം വ്യക്തിയുടെ പ്രായം, ജീവിതസാഹചര്യങ്ങൾ, ജോലി, പഠനം, കുടുംബം, ഉറക്കം, സമ്മർദം എന്നിവയെല്ലാം മനസ്സിലാക്കി അതിനനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കാൻ കഴിയണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽക്കൂ ടി ഇത്തരം ചികിത്സകൾ ലഭ്യമാക്കുകയാണെങ്കിൽ ഒരാൾക്ക് മതിയായ ചികിത്സ എന്തെന്ന് ഉറപ്പാക്കാനാവും. ചെറിയരീതിയിലുള്ള കൈത്താങ്ങ് ആവശ്യമുള്ളയാൾക്ക് ഉയർന്നചികിത്സ ലഭ്യമാക്കേണ്ടതില്ല എന്നു ചുരുക്കം. ഡിപ്പാർട്ട്‌മെന്റുകൾതോറും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാനുമാവും.
റീഹാബിലിറ്റേഷൻകൂടി ചികിത്സയുടെ ലക്ഷ്യമാകണം. അതിന് രോഗം കുറയ്ക്കുന്നതിലേക്കുമാത്രമല്ല, പൂർണമായും അയാൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനും സ്വതന്ത്രമായി കാഴ്ചപ്പാടുകൾ തുറന്നുപറയാനും കഴിയുന്ന വിധത്തിലേക്കുകൂടി ചികിത്സാരീതി തുടരേണ്ടതുണ്ട്.
നാഷണൽ മെന്റൽ ഹെൽത്ത് സർവേ
ഇന്ത്യ
- മുതിർന്നവരിലെ മാനസികാരോഗ്യപ്രശ്നങ്ങളുടെ വർധന-10.6%
- ആവശ്യമായ ചികിത്സ ലഭിക്കാത്തവർ-84.5%
- ലഭ്യമായ ചികിത്സ -25%
- അതായത് ഡബ്ല്യു.എച്ച്.ഒ.യുടെ നിർദേശപ്രകാരമുള്ള ചികിത്സയുടെ നാലിലൊന്നുമാത്രമേ ഇന്ത്യയിൽ മാനസികാരോഗ്യമേഖലയിൽ ലഭ്യമാകുന്നുള്ളൂ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കേരളം
- മുതിർന്നവരിലെ മാനസികാരോഗ്യപ്രശ്നങ്ങൾ-11.36%
- സർക്കാർ മെന്റൽ ഹെൽത്ത് ക്ലിനിക്കുകൾ-307
- ലഭ്യമായ ചികിത്സ- 14%
- ചികിത്സാ വിടവ്(ട്രീറ്റ്‌മെന്റ് ഗ്യാപ്പ്)-86%
സമഗ്ര ചികിത്സാരീതി
- മരുന്ന് /തെറാപ്പി
- കുടുംബ പിന്തുണ
- സാമൂഹിക പിന്തുണ
- ജീവിത ശൈലി മാറ്റം
- സ്ഥിരമായ ഫോളോഅപ്പ്
(2015-'16 പ്രകാരമുള്ള കണക്കുകൾ)
മാതൃകാ ക്ലിനിക്കൽ സംവിധാനം വേണം
നമ്മുടെ നാട്ടിൽ ഇപ്പോഴും ഒരു മാതൃകാ ക്ലിനിക്കൽ സംവിധാനം ഇല്ല. വ്യക്തിയുടെ അവസ്ഥയും സാഹചര്യങ്ങളും അനുസരിച്ചുള്ള ചികിത്സ ഉറപ്പുവരുത്തണം. അതിനു രോഗിയോടൊപ്പം ചെലവഴിക്കാനുള്ള സമയം ഡോക്ടർമാർക്കുവേണം. അതിന് ഡോക്ടർമാരുടെ എണ്ണം കൂടിയേതീരൂ.
-ഡോ. ദയാൽ നാരായൺ
സൈക്യാട്രി വിഭാഗം മേധാവി, ഗവ. മെഡിക്കൽ കോളേജ്, മഞ്ചേരി
സ്വയം ചികിത്സ അരുത്
വിദ്യാസമ്പന്നരായവർ പോലും ഇന്നും മാനസികാരോഗ്യ സേവനങ്ങൾ തേടാൻ മടിക്കുന്നത് വളരെ അപകടകരമായ ഒരു കാര്യമാണ്. സ്വയം മരുന്നുകൾ തുടങ്ങുകയോ, നിർത്തുകയോ, അളവുകൾ കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്. മനസ്സിന്റെ ബുദ്ധിമുട്ടുകളെപ്പറ്റി സംസാരിക്കാൻ വിളിക്കാം ടെലി മനസ്സ് 14416
ഡോ. രാകേഷ്
സൈക്യാട്രിക് സോഷ്യൽ വർക്കർ
ഇംഹാൻസ്
കോഴിക്കോട്
Content Highlights: Explore the challenges in mental health treatment in Kerala and discover the innovative solutions being implemented to address these pressing issues.