മസ്തിഷ്കാഘാതത്തെ ഭയക്കേണ്ട; ജീവൻ രക്ഷിക്കാൻ മെക്കാനിക്കൽ ത്രോംബെക്ടമി ചികിത്സ

തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതുമൂലം ഉണ്ടാകുന്ന സ്ട്രോക്ക് (മസ്തിഷ്കാഘാതം) ഏവരെയും ഭയപ്പെടുത്തുന്ന ഒരു രോഗാവസ്ഥയാണ്. പെട്ടെന്നുള്ള ശാരീരിക തളർച്ചയും സംസാരശേഷി നഷ്ടപ്പെടുന്നതുമെല്ലാം ഒരു വ്യക്തിയുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം തലകീഴായി മറിച്ചേക്കാം. എന്നാൽ വൈദ്യശാസ്ത്രരംഗത്തെ മുന്നേറ്റങ്ങൾ ഈ ഭയത്തെ വലിയൊരു പ്രത്യാശയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ട്രോക്ക് ചികിത്സയിൽ നിർണായകവും വിപ്ലവകരവുമായ ഒരു നൂതന ചികിത്സാ രീതിയാണ് മെക്കാനിക്കൽ ത്രോംബെക്ടമി (Mechanical Thrombectomy) അഥവാ ക്ലോട്ട് റിട്രീവർ.
മസ്തിഷ്കാഘാത ചികിത്സയിൽ സമയം വളരെ പ്രധാനമാണ് എന്ന് വൈദ്യശാസ്ത്രത്തിൽ പറയുന്നത് ഇതുകൊണ്ടാണ്. എത്രയും വേഗം രക്തയോട്ടം പുനഃസ്ഥാപിച്ചാൽ അത്രയും വേഗം രോഗി പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വർദ്ധിക്കുന്നു.
പെട്ടെന്നുണ്ടാകുന്ന തലകറക്കം, തലവേദന, കാഴ്ചമങ്ങൽ; തിരിച്ചറിയാം സ്ട്രോക്കിന്റെ അപൂർവ ലക്ഷണങ്ങൾ
എന്താണ് മെക്കാനിക്കൽ ത്രോംബെക്ടമി?
മസ്തിഷ്കാഘാത ചികിത്സയിലെ ഏറ്റവും നൂതനവും ജീവൻരക്ഷാപരവുമായ ഒരു ചികിത്സാ രീതിയാണ് മെക്കാനിക്കൽ ത്രോംബെക്ടമി. തലച്ചോറിലെ വലിയ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയിൽ മരുന്നുകൾ നൽകി ആ കട്ട അലിയിച്ചു കളയുന്നതിന് പകരം, അതിസൂക്ഷ്മമായ ഉപകരണങ്ങളുടെ സഹായത്തോടെ രക്തക്കട്ടയെ നേരിട്ട് വലിച്ചെടുത്ത് പുറത്തുകളയുന്ന പ്രക്രിയയാണിത്.
ക്ലോട്ട് റിട്രീവർ അഥവാ സ്റ്റെന്റ് റിട്രീവർ എന്നറിയപ്പെടുന്ന ഒരു പ്രത്യേക വലപോലെയുള്ള ഉപകരണമാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. വലിയ ശസ്ത്രക്രിയകളില്ലാതെ തന്നെ കാലിലെ ധമനിയിലൂടെ കടത്തിവിടുന്ന അതിസൂക്ഷ്മമായ കുഴലിലൂടെ (കത്തീറ്റർ) ഈ ഉപകരണം തലച്ചോറിലെത്തിക്കുകയും അടഞ്ഞുപോയ രക്തക്കുഴൽ വേഗത്തിൽ തുറക്കുകയും ചെയ്യുന്നു. മരുന്നുകൾക്ക് അലിയിച്ചു കളയാൻ കഴിയാത്തത്ര വലിയ രക്തക്കട്ടകൾ നീക്കം ചെയ്യാനും, അതുവഴി തലച്ചോറിലെ കോശങ്ങൾ നശിക്കുന്നത് തടഞ്ഞ് രോഗി പൂർണ്ണ ആരോഗ്യത്തിലേക്ക് വേഗത്തിൽ തിരിച്ചെത്താനും ഈ നൂതന ചികിത്സാരീതി സഹായിക്കുന്നു.
പരമ്പരാഗത ചികിത്സയുടെ പരിമിതികളും പുതിയ മുന്നേറ്റവും
സ്ട്രോക്ക് വന്ന് ആദ്യത്തെ നാലര മണിക്കൂറിനുള്ളിൽ (സുവർണ്ണ സമയം) ത്രോംബോളിസിസ് (Thrombolysis) എന്ന മരുന്ന് നൽകുന്ന ചികിത്സയാണ് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നത്. രക്തക്കട്ടയെ അലിയിച്ചു കളയുകയാണ് ഇതിന്റെ ലക്ഷ്യം. എന്നിരുന്നാലും ഈ മരുന്നുകൾ എല്ലാ സാഹചര്യങ്ങളിലും പ്രവർത്തിക്കണമെന്നില്ല.
ഈ സാഹചര്യത്തിലാണ് മെക്കാനിക്കൽ ത്രോംബെക്ടമി ഒരു ജീവൻരക്ഷാ മാർഗ്ഗമായി മാറുന്നത്. വലിയ ശസ്ത്രക്രിയകളില്ലാതെ തന്നെ, രക്തക്കുഴലിലൂടെ നേരിട്ട് ചെന്ന് തടസ്സം സൃഷ്ടിക്കുന്ന രക്തക്കട്ടയെ വലിച്ചെടുത്ത് പുറത്തുകളയുന്ന അത്ഭുതകരമായ പ്രക്രിയയാണിത്.
യുവാക്കളിലും കുട്ടികളിലും പക്ഷാഘാതം ഉണ്ടാവാം; ഓരോ മിനിറ്റും നിർണായകം, ലക്ഷണങ്ങൾ തിരിച്ചറിയാൻ
മെക്കാനിക്കൽ ത്രോംബെക്ടമി പ്രക്രിയ
വളരെ സങ്കീർണ്ണമെന്ന് തോന്നാമെങ്കിലും വിദഗ്ധരായ ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളോജിസ്റ്റുകൾ ഇത് വേഗത്തിൽ കൃത്യതയോടെ ചെയ്യാൻ സാധിക്കുന്ന ഒരു പ്രക്രിയയാണ്:
രോഗിയുടെ കാലിലെ ധമനിയിലൂടെ അതിസൂക്ഷ്മമായ ഒരു കത്തീറ്റർ തലച്ചോറിലെ തടസ്സമുള്ള രക്തക്കുഴലിലേക്ക് കടത്തിവിടുന്നു.
ഫ്ലൂറോസ്കോപ്പി (Fluoroscopy) എന്ന പ്രത്യേക എക്സ്-റേ സാങ്കേതികവിദ്യയുടെ സഹായത്തോടെ രക്തക്കട്ടയുടെ സ്ഥാനം കൃത്യമായി ഡോക്ടർമാർ കണ്ടെത്തുന്നു.
കത്തീറ്ററിലൂടെ കടത്തിവിടുന്ന വലപോലെയുള്ള ഒരു ഉപകരണം (സ്റ്റെന്റ് റിട്രീവർ) രക്തക്കട്ടയെ പൊതിയുന്നു. ചില സന്ദർഭങ്ങളിൽ ഒരു ചെറിയ വാക്വം പമ്പ് ഉപയോഗിച്ച് വലിച്ചെടുക്കുന്ന രീതിയും (ആസ്പിരേഷൻ) ഉപയോഗിക്കാറുണ്ട്.
രക്തക്കട്ടയെ സുരക്ഷിതമായി പുറത്തേക്ക് കൊണ്ടുവരുന്നതോടെ അടഞ്ഞുപോയ രക്തക്കുഴൽ തുറക്കപ്പെടുകയും, തലച്ചോറിലേക്കുള്ള രക്തയോട്ടം തൽക്ഷണം സാധാരണ നിലയിലാകുകയും ചെയ്യുന്നു.
ആർക്കൊക്കെ ഈ ചികിത്സ പ്രയോജനപ്പെടും?
സാധാരണഗതിയിൽ സ്ട്രോക്ക് വന്ന് 6 മുതൽ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കുന്ന രോഗികളിൽ ഈ ചികിത്സ ഫലപ്രദമായി ചെയ്യാൻ സാധിക്കും. വിപുലമായ സി.ടി സ്കാൻ, എം.ആർ.ഐ പരിശോധനകളിലൂടെ തലച്ചോറിലെ കോശങ്ങൾക്ക് പൂർണ്ണമായി നാശം സംഭവിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഡോക്ടർമാർ ഈ ചികിത്സ നിർദ്ദേശിക്കുകയുള്ളൂ. വലിയ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉള്ള രോഗികൾക്കാണ് ഇത് പ്രധാനമായും അനുയോജ്യം.
ലക്ഷണങ്ങൾ തിരിച്ചറിയുക
ചികിത്സ എത്ര പുരോഗമിച്ചാലും രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിന് ഈ ലക്ഷണങ്ങൾ ഓർമ്മിച്ചുവയ്ക്കാം:
B - Balance) സന്തുലിതാവസ്ഥ: പെട്ടെന്ന് ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ പോകുക.
(E - Eyes) കണ്ണുകൾ: പെട്ടെന്ന് കാഴ്ച മങ്ങുകയോ ഇല്ലാതാകുകയോ ചെയ്യുക.
(F - Face) മുഖം: മുഖം ഒരു വശത്തേക്ക് കോടിപ്പോകുക.
(A - Arms) കൈകൾ: കൈകൾക്കോ കാലുകൾക്കോ പെട്ടെന്ന് തളർച്ചയോ ബലക്കുറവോ അനുഭവപ്പെടുക.
(S - Speech) സംസാരം: സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുക, അല്ലെങ്കിൽ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാകാതിരിക്കുക.
(T - Time) സമയം: മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ കണ്ടാൽ അല്പം പോലും സമയം പാഴാക്കാതെ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം ഉറപ്പാക്കുക.
സ്ട്രോക്ക് സംഭവിച്ച് ആദ്യ മണിക്കൂറുകളിൽ പ്രകടമാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെയും അസ്വസ്ഥതകളെയും ഒരു പരിധി വരെ പൂർണ്ണമായി തന്നെ ഇല്ലാതാക്കാൻ ഇന്ന് വൈദ്യശാസ്ത്രത്തിന് സാധിക്കുന്നുണ്ട്. ഈ അത്യാധുനിക സാങ്കേതികവിദ്യ, വൈകല്യങ്ങളിലേക്ക് വീണുപോകുമായിരുന്ന ആയിരക്കണക്കിന് മനുഷ്യർക്കാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള വാതിൽ തുറന്നുനൽകിയത്. ഭയത്തിന് പകരം കൃത്യമായ ബോധവൽക്കരണവും അതിവേഗത്തിലുള്ള ചികിത്സയും ഉറപ്പാക്കിയാൽ സ്ട്രോക്കിനെ നമുക്ക് പൂർണ്ണമായി കീഴടക്കാൻ സാധിക്കും.
കണ്ണൂർ ആസ്റ്റർ മിംസിൽ ന്യൂറോ ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമാണ് ലേഖകൻ.