മിന്നൽ സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമോ? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

#ഡോ. ബിനു ബ്രൈറ്റ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മഴക്കാലം ആശ്വാസത്തിനൊപ്പം കനത്ത ഇടിമിന്നലും വൈദ്യുതാപകട സാധ്യതകളും കൊണ്ടുവരാറുണ്ട്. മഴ പെയ്യുമ്പോൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാറുണ്ടെങ്കിലും, മിന്നലിന്റെയും വൈദ്യുതിയുടെയും അപകടസാധ്യതകളെ പലപ്പോഴും നിസ്സാരമായി കാണാറുണ്ട്. ഒരു ചെറിയ അശ്രദ്ധ പോലും ഗുരുതരമായ പൊള്ളലിനും ഹൃദയാഘാതത്തിനും അല്ലെങ്കിൽ ജീവഹാനിക്കു തന്നെയും കാരണമായേക്കാം. എന്നാൽ ശരിയായ മുൻകരുതലുകളിലൂടെയും പ്രാഥമിക ശുശ്രൂഷയിലൂടെയും ഇത്തരം അപകടങ്ങളിൽ നിന്ന് ജീവൻ രക്ഷിക്കാൻ സാധിക്കും.

ഇടിമുഴക്കം കേട്ടാൽ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറാം

കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളിലാണ് മിന്നൽ ഉണ്ടാകുന്നത്. മഴ പെയ്യാൻ കാത്തിരിക്കാതെ ഇടിമുഴക്കം കേൾക്കുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ വാതിലുകളും ജനലുകളും അടച്ച കാറുകളിലേക്കോ മാറേണ്ടതാണ്.

ചെയ്യേണ്ട കാര്യങ്ങൾ: ശക്തമായ ഭിത്തികളും മേൽക്കൂരയുമുള്ള കെട്ടിടങ്ങൾ, പൂർണമായും അടച്ച കാറുകൾ എന്നിവയാണ് ഏറ്റവും സുരക്ഷിതം.

ഒഴിവാക്കേണ്ടവ: ഒറ്റപ്പെട്ട മരങ്ങൾ, തുറസ്സായ സ്ഥലങ്ങൾ, മലമുകളിലെ പ്രദേശങ്ങൾ, ബീച്ചുകൾ, നീന്തൽക്കുളങ്ങൾ, ഇലക്ട്രിക് പോസ്റ്റുകൾ, താത്കാലിക ഷെഡ്ഡുകൾ എന്നിവയ്ക്ക് താഴെ നിൽക്കരുത്. മരത്തിന് താഴെ നിൽക്കുന്നത് വളരെ അപകടകരമാണ്; മിന്നലേറ്റ മരത്തിൽ നിന്ന് വൈദ്യുതി ശരീരത്തിലേക്ക് പടരാൻ ഇത് കാരണമാകും.

തുറസ്സായ സ്ഥലത്താണെങ്കിൽ: ഉയർന്ന സ്ഥലങ്ങളിൽ നിന്ന് മാറുക. തറയിൽ കിടക്കാൻ പാടില്ല.

വീടിനുള്ളിലും കാറിലും സുരക്ഷിതരാണോ?

സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ ആണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വയറിംഗ്, പൈപ്പ് ലൈനുകൾ എന്നിവയിലൂടെ മിന്നൽ പ്രവഹിക്കാം.

1. വീടിനുള്ളിൽ ശ്രദ്ധിക്കേണ്ടവ: ഇടിമിന്നലുള്ളപ്പോൾ കുളിക്കുകയോ പാത്രം കഴുകുകയോ ചെയ്യരുത്. പ്ലഗ് ചെയ്ത ഇലക്ട്രിക് ഉപകരണങ്ങൾ, ലാൻഡ് ഫോൺ, ജനലുകൾ, ബാൽക്കണി എന്നിവയിൽ നിന്ന് അകന്നു നിൽക്കുക. ചാർജ്ജ് ചെയ്യാത്ത മൊബൈൽ ഫോണുകൾ ധൈര്യമായി ഉപയോഗിക്കാം.

2. വാഹനങ്ങളിൽ: ലോഹ മേൽക്കൂരയുള്ള അടച്ച കാറുകൾ സുരക്ഷിതമാണ്. വൈദ്യുതി ലോഹ ശരീരത്തിലൂടെ പുറത്തേക്ക് പ്രവഹിക്കുന്നതിനാലാണിത് (റബ്ബർ ടയറുകൾ കാരണമല്ല). എഞ്ചിൻ പ്രവർത്തിപ്പിച്ചാലും കുഴപ്പമില്ല. എന്നാൽ ബൈക്കുകൾ, ഓപ്പൺ വാഹനങ്ങൾ എന്നിവ സുരക്ഷിതമല്ല.

3. ലൈറ്റ്‌നിംഗ് അറസ്റ്ററുകൾ: മിന്നൽ രക്ഷാ ചാലകങ്ങൾ (Lightning Rods) ഉള്ള കെട്ടിടങ്ങൾ സുരക്ഷിതമാണെങ്കിലും 100% സുരക്ഷ ഉറപ്പു നൽകുന്നില്ല. അതിനാൽ വ്യക്തിഗത മുൻകരുതലുകൾ നിർബന്ധമായും പാലിക്കണം.

4. 30 മിനിറ്റ് നിയമം: അവസാനത്തെ ഇടിമുഴക്കം കേട്ട് കുറഞ്ഞത് 30 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാവൂ.

മിന്നലേറ്റ വ്യക്തിയെ എങ്ങനെ സഹായിക്കാം?

തെറ്റിദ്ധാരണ ഒഴിവാക്കാം: മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ ഇലക്ട്രിക് ചാർജ് തങ്ങി നിൽക്കില്ല! മിന്നൽ അടങ്ങിക്കഴിഞ്ഞാൽ, വീണ്ടും മിന്നലേൽക്കാൻ സാധ്യതയില്ലെന്ന് ഉറപ്പാക്കിയ ശേഷം അപകടത്തിൽപ്പെട്ടയാളെ തൊടുന്നതിലും പ്രാഥമിക ശുശ്രൂഷ നൽകുന്നതിലും യാതൊരു അപകടവുമില്ല.

ഉടൻ ചെയ്യേണ്ടവ

1. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കി, ഉടൻ തന്നെ അടിയന്തര സഹായത്തിനായി 112 എന്ന നമ്പറിൽ ബന്ധപ്പെടുക.

2. വ്യക്തിക്ക് ബോധമുണ്ടോയെന്നും ശ്വാസമെടുക്കുന്നുണ്ടോയെന്നും പരിശോധിക്കുക.

3. ബോധമില്ലെങ്കിൽ ഉടൻ തന്നെ സി.പി.ആർ (CPR) നൽകാൻ ആരംഭിക്കുക. എ.ഇ.ഡി (AED) ഉപകരണം ലഭ്യമാണെങ്കിൽ ഉപയോഗിക്കുക.

4. നെഞ്ചിന്റെ മധ്യഭാഗത്തായി മിനിറ്റിൽ 100-120 തവണ എന്ന നിരക്കിൽ വേഗത്തിൽ അമർത്തി വേണം സി.പി.ആർ നൽകാൻ.

5. വ്യക്തിക്ക് ബോധം തിരികെ വന്നാലും ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

വൈദ്യുതാഘാതം: പ്രധാന നിയമം – 'തൊടരുത്'

മഴക്കാലത്ത് തകരാറിലായ വയറുകൾ, വെള്ളക്കെട്ടുകൾ എന്നിവ വഴി വൈദ്യുതാപകടങ്ങൾ ഉണ്ടാകാം.

ഒരിക്കലും ചെയ്യരുത്: ഷോക്കേറ്റു നിൽക്കുന്ന വ്യക്തിയെ നേരിട്ട് തൊട്ട് മാറ്റാൻ ശ്രമിക്കരുത്. അത് നിങ്ങളുടെ ജീവനും അപകടത്തിലാക്കും.

ചെയ്യേണ്ട വഴി: ഉടൻ തന്നെ മെയിൻ സ്വിച്ച് അല്ലെങ്കിൽ സർക്യൂട്ട് ബ്രേക്കർ ഓഫ് ചെയ്യുക. പോസ്റ്റിൽ നിന്നോ ലൈനിൽ നിന്നോ ഉള്ള വലിയ ലൈനുകളാണെങ്കിൽ കെ.എസ്.ഇ.ബി/അഗ്‌നിശമന സേനയെ വിവരമറിയിക്കുക.

പ്രാഥമിക ശുശ്രൂഷ: വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ശ്വാസോച്ഛ്വാസം പരിശോധിക്കുക. ആവശ്യമെങ്കിൽ സി.പി.ആർ നൽകുക. പൊള്ളലേറ്റ ഭാഗത്ത് പേസ്റ്റ്, എണ്ണ, വെണ്ണ എന്നിവ പുരട്ടരുത്. വൃത്തിയുള്ള തുണി ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം മൂടുക.

മുൻകരുതൽ വീട്ടിൽ നിന്ന് തുടങ്ങാം

വീടുകളിലെ വയറിംഗ് കൃത്യസമയത്ത് പരിശോധിച്ച് ആർ.സി.സി.ബി (RCCB), ശരിയായ എർത്തിംഗ് എന്നിവ ഉറപ്പാക്കുക.

ഈറൻ കൈകളോടെയോ നഗ്‌നപാദനായോ ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്.

വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇലക്ട്രിക് ലൈനുകൾ ഉണ്ടെങ്കിൽ അതിലേക്ക് ഇറങ്ങരുത്.

ബോധവൽക്കരണവും സി.പി.ആറും ജീവൻ രക്ഷിക്കും

അപകടങ്ങൾ മുൻകൂട്ടി അറിയിച്ചല്ല വരുന്നത്. എന്നാൽ ശരിയായ അറിവും ജാഗ്രതയും കൊണ്ട് വലിയൊരു ദുരന്തം ഒഴിവാക്കാം. ഓരോ കുടുംബത്തിലും പ്രാഥമിക വൈദ്യുത സുരക്ഷാ നിയമങ്ങളും സി.പി.ആർ (CPR) നൽകുന്ന രീതിയും എല്ലാവരും പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്.

ഓർക്കുക: ഇടിമുഴങ്ങിയാൽ ഉള്ളിലേക്ക് മാറാം, മരച്ചുവട്ടിൽ അഭയം തേടരുത്, ഷോക്കേറ്റയാളെ വൈദ്യുതി ബന്ധം വേർപെടുത്താതെ തൊടരുത്, ആവശ്യമെങ്കിൽ സി.പി.ആർ നൽകാൻ മടിക്കരുത്!

(പ‌ട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ എമർജൻസി മെഡിസിൻ വിഭാഗം മേധാവിയും കൺസൾട്ടന്റുമാണ് ലേഖകൻ.)

Content Highlights: Learn crucial lightning safety tips, including safe mobile phone use during storms, to protect yourself from potential electrical hazards and injuries.