പൂട്ടിപ്പോകുന്ന സ്വകാര്യ ക്ലിനിക്കുകളും ചെറുകിട ആശുപത്രികളും, സ്വകാര്യ ആശുപത്രികളെ വിഴുങ്ങി കോർപ്പറേറ്റുകൾ

പൊതുജനാരോഗ്യമേഖല ക്ഷയിച്ച തറവാട് പോലെയായി. ദുർബലമായ ആ ചുവരുകൾ തകർത്ത് കോർപ്പറേറ്റുകൾ സ്വകാര്യ ആശുപത്രികളെ വിഴുങ്ങി. സംസ്ഥാനത്തെ മുൻനിര ആശുപത്രികളിൽ പലതും ഇപ്പോൾ ഈ കമ്പനികളുടെനിയന്ത്രണത്തിലാണ്
അതൊരു ഓണക്കാലമായിരുന്നു. ആൻജിയോപ്ലാസ്റ്റി വിജയകരമായി കഴിഞ്ഞ് മൂന്നാംദിവസം ഡോക്ടർ ഡിസ്ചാർജ് എഴുതിത്തന്നു. ഞാനും ഹാപ്പിയായിരുന്നു. എന്നാൽ, ആശുപത്രിയിലെ ബില്ലുവന്നപ്പോൾ 52,000 രൂപകൂടി വേണം. ഞാൻ നോക്കിയിട്ട് ഒരു വഴിയുമില്ലായിരുന്നു. നാട്ടിൽനിന്ന് സംഘടിപ്പിക്കാൻ നോക്കിയിട്ടും പറ്റിയില്ല. അതോടെ ഒൻപതുദിവസം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാനാകാതെ വാർഡിൽ തുടരേണ്ടിവന്നു’’ -കാസർകോട് വിദ്യാനഗറിൽ ഓട്ടോഡ്രൈവറായ മുഹമ്മദ് റഫീഖ് ഓർക്കുന്നു.
ഹൃദയചികിത്സയ്ക്കായി കണ്ണൂരിലെ ഒരു മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചതായിരുന്നു റഫീഖിനെ. രണ്ടുമാസത്തിനിടെ രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്കായി 2025 സെപ്റ്റംബർ ആദ്യമാണ് റഫീഖിനെ ഇവിടെ അഡ്മിറ്റാക്കിയത്. കാരുണ്യ ആരോഗ്യ ഇൻഷുറൻസിന്റെ ഗുണഭോക്താവായിരുന്നു ആ ചെറുപ്പക്കാരൻ. രണ്ടാമത്തെ ശസ്ത്രക്രിയകഴിഞ്ഞതോടെ ആകെ 2,52,000 രൂപ ബില്ലായി. കാരുണ്യ വഴി രണ്ടുലക്ഷം രൂപയുടെ സൗജന്യചികിത്സാസഹായമേ കിട്ടൂ. അവശേഷിച്ച തുക അടയ്ക്കാൻ പണമില്ലാതെ വന്നതോടെയാണ് ഡിസ്ചാർജ് അനുവദിക്കാൻ ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നത്. അങ്ങനെ എട്ടുദിവസം വാർഡിൽ തുടർന്നു. ഒൻപതാംനാൾ വിവരമറിഞ്ഞെത്തിയ എസ്.വൈ.എസിന്റെ സാന്ത്വനം പ്രവർത്തകരാണ് പണം സംഘടിപ്പിച്ച് റഫീഖിനെ ആശുപത്രിയിൽനിന്ന് ‘മോചിപ്പിച്ചത്.’
ഡിസ്ചാർജ് ചെയ്തശേഷം ബില്ലടച്ചുതീർക്കാൻ കെല്പില്ലാതെ, രോഗിയുടെ ഉറ്റവർ ആശുപത്രികളുടെ അകത്തളങ്ങളിൽ വിങ്ങിപ്പൊട്ടുന്നത് കേരളത്തിലിന്ന് പുതുമയുള്ള കാഴ്ചയല്ല. ആശുപത്രി കസ്റ്റഡിയിൽനിന്ന് മോചനംതേടി സമീപിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടുകയാണെന്ന് കോഴിക്കോട്ടെ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ. ഷമീർ കുന്ദമംഗലം പറയുന്നു. വളരെപ്പെട്ടെന്ന് പണം കണ്ടെത്തേണ്ട കേസുകളാണ് ഇവ. ഇല്ലെങ്കിൽ രോഗിയും കൂട്ടിരിപ്പുകാരും ആശുപത്രിയിൽ തുടരേണ്ടിവരും. അത് രോഗിയിലുൾപ്പെടെ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
സ്വഭാവം മാറുന്ന ആരോഗ്യം
നല്ല അടച്ചുറപ്പുള്ള വാതിലുള്ള എന്നാൽ, കാറ്റുംവെളിച്ചവും കടക്കുന്ന ഒരു വീടായിരുന്നു ആരോഗ്യകേരളം. സർക്കാർമേഖലയിലെ ആതുരാലയങ്ങളായിരുന്നു ആ വീടിന്റെ കരുത്ത്. ലാഭേച്ഛയുണ്ടെങ്കിലും കൊള്ളലാഭം കൊയ്യാത്ത സ്വകാര്യ ആശുപത്രികളുംകൂടി ചേർന്നതോടെ കേരളത്തിന്റെ ആരോഗ്യമാതൃക ലോകത്തിനുതന്നെ പാഠപുസ്തകമായി.
എന്നാൽ, ഈയടുത്തകാലത്ത് കഥയുടെ ഗതിമാറി. പൊതുജനാരോഗ്യമേഖല ക്ഷയിച്ച ഇല്ലംപോലെയായി. ദുർബലമായ ആ ചുവരുകൾ തകർത്ത് കോർപ്പറേറ്റുകൾ സ്വകാര്യ ആശുപത്രികളെ വിഴുങ്ങി. സംസ്ഥാനത്തെ മുൻനിര ആശുപത്രികളിൽ പലതും ഇപ്പോൾ ഈ കമ്പനികളുടെ നിയന്ത്രണത്തിലാണ്.
സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളെപ്പോലെത്തന്നെ ഓടിച്ചെന്ന് കുറഞ്ഞചെലവിൽ ചികിത്സനേടിപ്പോരാമായിരുന്ന ചെറുകിട സ്വകാര്യ ക്ലിനിക്കുകൾ ഒരുകാലത്ത് നമ്മുടെ ആരോഗ്യമേഖലയുടെ നട്ടെല്ലായിരുന്നു. എന്നാൽ, അഞ്ചുവർഷത്തിനിടെമാത്രം പൂട്ടിപ്പോയത് ഒ.പി. സേവനങ്ങൾ നൽകുന്ന 1306 ക്ലിനിക്കുകൾ. കിടത്തിച്ചികിത്സയുള്ള 444 ആശുപത്രികളും സേവനം നിർത്തി. കോർപ്പറേറ്റ് കമ്പനികളോട് പിടിച്ചുനിൽക്കാൻ കരുത്തില്ലാത്തതാണ് ഒരുകാരണം. പിഴിയേണ്ടവരല്ല രോഗികളെന്ന് തിരിച്ചറിവുണ്ടായിരുന്നവരായിരുന്നു ഇവർ. 2018-ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സർക്കാർ കർശനമായി നടപ്പാക്കിയതോടെ മേഖലയുടെ തകർച്ച പൂർണമായെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പറയുന്നു. ഈ നിയമത്തിലെ നിബന്ധനകൾ താങ്ങാൻ ചെറിയ 20 കിടക്കകളുള്ള ആശുപത്രികൾക്ക് സാമ്പത്തികമായി സാധിച്ചില്ല. അതോടെ എന്നേക്കുമായി അവ പൂട്ടി.
കോർപ്പറേറ്റ് ശൃംഖലകളോട് മത്സരിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന ഇടത്തരം, ചാരിറ്റബിൾ ആശുപത്രികളുടെ അനുഭവമാണ് ഇതിലും ദയനീയം. വൻതോതിൽ വായ്പയെടുക്കാനും ഉയർന്ന ശമ്പളത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാനും ചെലവേറിയ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനും ഇവർ നിർബന്ധിതരാകുന്നു. ഇതോടെ ചികിത്സാച്ചെലവ് ഉയരും. അത്യന്തികമായി ഇവയുടെ ഭാരം രോഗിയുടെ തലയിലാകും. ഒരുഭാഗത്ത് കോർപ്പറേറ്റ് കമ്പനികൾ കോടികൾ ഒഴുക്കുന്ന ആരോഗ്യവിപണി. മറുവശത്ത് പൂട്ടിപ്പോകുന്ന സ്വകാര്യ ക്ലിനിക്കുകളും ചെറുകിട ആശുപത്രികളും. കുറെവർഷങ്ങളായി പ്രത്യേകിച്ച് ഒരു വളർച്ചയും കാണിക്കാത്ത സർക്കാർ ആശുപത്രികൾ. ഇവ മൂന്നും കൂടിച്ചേരുന്ന അപൂർവ ആരോഗ്യ പ്രതിഭാസത്തിനാണ് കേരളമിപ്പോൾ സാക്ഷ്യംവഹിക്കുന്നത്.
'കേരളം അഡ്മിറ്റഡ്'
വർഷത്തിൽ ഒരുവട്ടമെങ്കിലും ആശുപത്രിയിൽ അഡ്മിറ്റാകാത്തവരുണ്ടോ? കേരളത്തിലെ കണക്ക് കേട്ടാൽ ആരുമൊന്ന് അമ്പരക്കും. കേരളത്തിൽ 1000 പേരെടുത്താൽ അതിൽ 92 പേർ വർഷത്തിൽ ഒരുദിവസമെങ്കിലും ആശുപത്രിയിൽ കിടത്തിചികിത്സതേടുന്നവരാണ്. ദേശീയ സാംപിൾ സർവേ ഏപ്രിലിൽ പുറത്തുവിട്ട സർവേയിലാണ് ഈ കണക്ക്. അഡ്മിറ്റ് ചെയ്യപ്പെടുന്നവരുടെ കണക്കിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. ദേശീയ ശരാശരിയാകട്ടെ വെറും 29-ഉം. രണ്ടാംസ്ഥാനത്തുള്ള ത്രിപുരപോലും കേരളത്തിന്റെ ഏഴയലത്തെത്തില്ല. ആയിരംപേരെടുത്താൽ 49 പേരാണ് അവിടെ ഒരുവർഷം കിടത്തിച്ചികിത്സ തേടുന്നത്. വൻകിട കമ്പനികളും കോർപ്പറേറ്റുകളും എന്തുകൊണ്ട് കേരളത്തിന്റെ ആരോഗ്യമേഖലയെ വളക്കൂറുള്ള മണ്ണായി കാണുന്നുവെന്നതിന്റെ ഉത്തരം ഈ കണക്കുകൾ തരും.
കിടത്തിച്ചികിത്സ (ആയിരത്തിൽ ഇത്രപേർ, പ്രസവം ഒഴികെയുള്ള കണക്ക്)
സംസ്ഥാനം- എണ്ണം
- കേരളം....................92
- ത്രിപുര.....................49
- പുതുച്ചേരി...............42
- ഒഡിഷ.......................41
- ഹമാചൽപ്രദേശ്......39
നിയന്ത്രിച്ചേ മതിയാകൂ...
ചികിത്സാച്ചെലവ് അനിയന്ത്രിതമായി വർധിക്കുന്നതിന് കാരണങ്ങൾ പലതാണ്. വൻകിട ആശുപത്രികളിൽ പലതിന്റെയും നിയന്ത്രണം ബഹു രാഷ്ട്രകുത്തകകളുടെ കൈയിലാണിപ്പോൾ. ഇത്തരം കുത്തകകൾക്ക് ലാഭം മാത്രമേയുള്ളൂ ലക്ഷ്യം. രോഗികളോടുള്ള സമീപനവും മാറി. പല വൻകിട ആശുപത്രികളിലെയും ചികിത്സാച്ചെ ലവ് മൂന്നും നാലും ഇരട്ടിയോളം വർധിച്ചതായികാണാം. അതിൽ കർശനനിയന്ത്രണം അനിവാര്യമാണ്. ഒരുകാലത്ത് ഗുണമേന്മയുള്ള ചികിത്സയായിരുന്നു കേരളത്തിന്റെ പ്രത്യേകത. ചെറുകിട ആശുപത്രികളെയെല്ലാം ഇല്ലാതാക്കിക്കോണ്ടാണ് ബഹുരാഷ്ട്രകുത്തകകൾ ഇപ്പോൾ കേരളത്തിൽ വേരുറപ്പിക്കുന്നത്.
ഡോ. എൻ സുൾഫി,
നാഷണൽ കൺവീനർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
പ്രായമാകുന്ന നാട്, രോഗങ്ങളുടെയും
രണ്ടുവർഷംമുൻപ് കേരളത്തിലെ ആരോഗ്യവകുപ്പ് സംസ്ഥാനവ്യാപകമായി ഒരു ആരോഗ്യപരിശോധനാ സർവേ നടത്തി. 1,38,69,099 പേരിൽനിന്ന് വിവരം ശേഖരിച്ചു. ഇതിൽ 1,28,156 പേർ കിടപ്പുരോഗികളായിരുന്നു(0.93%). സർവേയിൽ പങ്കെടുത്ത 45,30,894 പേർ (32.7 ശതമാനം) അറുപതിനു മുകളിൽ പ്രായമുള്ളവരായിരുന്നു. കിടപ്പുരോഗികളും വയോജനങ്ങളും കേരളത്തിൽ കൂടിവരുന്നു എന്നതായിരുന്നു ഈ സർവേയുടെ ചുരുക്കം. നാഷണൽ സാംപിൾസർവേയുടെ കണക്കനുസരിച്ച് കേരളത്തിലെ അറുപതിനുമുകളിൽ പ്രായമുള്ള 1000 പേരെയെടുത്താൽ 186 പേർക്കെങ്കിലും ഒരുവർഷം ഒരുതവണയെങ്കിലും ആശുപത്രിയിൽ അഡ്മിറ്റാകേണ്ടിവരാറുണ്ട്.
അതായത്, വയോധികരിൽ അഞ്ചിൽ ഒരാൾക്കെങ്കിലും വർഷം ഒരിക്കലെങ്കിലും കിടത്തിച്ചികിത്സതേടേണ്ടിവരുന്നു. യുവാക്കളിൽ രോഗാതുരത കുറവാണെന്നും കാണാം.
കേരളം വരുംകാലങ്ങളിൽ നേരിടാൻ പോകുന്ന വലിയ ഒരു വെല്ലുവിളിയും ഇതുതന്നെ. പ്രായമായവർ, കിടപ്പുരോഗികൾ എന്നിവരുടെ ചികിത്സയ്ക്കായി ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടിവരും. ആരോഗ്യമേഖലയിലെ സ്വകാര്യനിക്ഷേപകർ കണ്ണുവെക്കുന്നതും ഈ സാധ്യതകളിലേക്കുതന്നെ. കൃത്യമായ ആസൂത്രണവും പൊതുജനാരോഗ്യ സംവിധാനങ്ങളും വളർന്നില്ലെങ്കിൽ ചികിത്സാച്ചെലവ് പിടിച്ചാൽകിട്ടാത്ത നാടായി കേരളംമാറുമെന്ന് ചുരുക്കം.
തുടരും...
Content Highlights: Understand how corporate dominance in Kerala's healthcare sector is affecting treatment costs and the availability of affordable medical services.