സർക്കാർ ആശുപത്രിയിൽ 12,000 രൂപയിൽതാഴെ വരുന്ന ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രിയിൽ ഒന്നരലക്ഷംരൂപയോളം !

#അനു എബ്രഹാം
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മലയാളികളുടെ ചികിത്സാച്ചെലവ് ആറുവർഷം കൊണ്ട് കൂടിയത് 200%, ആരോഗ്യരംഗത്ത് കുത്തകകളുടെ കുത്തൊഴുക്ക്- PART 1

പൂട്ടിപ്പോകുന്ന സ്വകാര്യ ക്ലിനിക്കുകളും ചെറുകിട ആശുപത്രികളും, സ്വകാര്യ ആശുപത്രികളെ വിഴുങ്ങി കോർപ്പറേറ്റുകൾ- PART 2

വർഷം 2014

  • ദാതാവ് ജീവിച്ചിരിക്കേ സംസ്ഥാനത്തുനടന്ന അവയവമാറ്റ ശസ്ത്രക്രിയകൾ- 665
  • സ്വകാര്യ ആശുപത്രികളിൽ- 565
  • സർക്കാർ ആശുപത്രികളിൽ- 100

വർഷം 2025

  • അവയവമാറ്റ ശസ്ത്രക്രിയകൾ- 1066
  • സ്വകാര്യ ആശുപത്രികളിൽ- 1016
  • സർക്കാർ ആശുപത്രികളിൽ- 50
  • സ്വകാര്യ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയകൾ വർധിച്ചു- 79.82%
  • സർക്കാർ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയകൾ കുറഞ്ഞു- 50%

പൊതുജനാരോഗ്യരംഗത്തുനിന്ന് സർക്കാർ സംവിധാനങ്ങൾ എങ്ങനെ പിൻവാങ്ങുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുകളിൽ സൂചിപ്പിച്ച കണക്ക്. ആരോഗ്യരംഗത്തേക്ക് പണം നിക്ഷേപിക്കാൻ സർക്കാർ മടിക്കുന്ന കാഴ്ച. അവിടെയാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ കോർപ്പറേറ്റുകളുടെ കടന്നുവരവിന് കളമൊരുങ്ങിയത്. സർക്കാർ ആശുപത്രികൾക്ക് സ്വപ്നംപോലും കാണാൻ സാധിക്കാത്തത്ര ഫണ്ട് സ്വകാര്യ ആശുപത്രികളിലേക്ക് ഒഴുകിയെത്തി. ഏറ്റവും പുതിയ ചികിത്സാരീതികൾ, കാശിറക്കി മികവുള്ള ഡോക്ടർമാരുടെ സേവനം വിലയ്ക്കുവാങ്ങി. കാത്തിരിപ്പില്ലാത്ത ചികിത്സ ഉറപ്പായതോടെ കടംവാങ്ങിയാലും ജീവൻരക്ഷിക്കാമല്ലോ എന്ന ചിന്താഗതി സാധാരണക്കാരന്റെ മനസ്സിൽപ്പോലും വേരുറച്ചു.

അതിവേഗത്തിൽ നൂതനചികിത്സ ലഭ്യമാക്കുന്ന തരത്തിലേക്ക് നമ്മുടെ മെഡിക്കൽ കോളേജുകളോ ജില്ലാ ആശുപത്രികളോ ഇനിയും വളർന്നിട്ടില്ല. ഡോക്ടർമാരുടെ എണ്ണക്കുറവും അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ആശുപത്രികളിൽ ഇല്ലാത്തതും ചുവപ്പുനാടകളുമെല്ലാം ഇതിനുകാരണമാണ്.

ചെറുരോഗങ്ങൾക്ക് ചികിത്സ നൽകുന്നതിൽ നമ്മുടെ സർക്കാർ ആശുപത്രികൾ മുൻപന്തിയിലാണ്. എന്നാൽ, സങ്കീർണ രോഗങ്ങളോ വലിയ ശസ്ത്രക്രിയകളോ വരുമ്പോൾ സ്ഥിതി മാറും. ദാതാവ് ജീവിച്ചിരിക്കെയുള്ള അവയവമാറ്റ ശസ്ത്രക്രിയകളുടെ കാര്യംതന്നെ ഉദാഹരണം. വലിയ സാമ്പത്തികശേഷിയുള്ള ഒരാളെപ്പോലും ദരിദ്രനാക്കിമാറ്റുന്ന ഒന്നാണ് അവയവമാറ്റ ശസ്ത്രക്രിയകൾ. ജീവൻനിലനിർത്താൻ ഡോക്ടറുടെയും രോഗിയുടെയും ഉറ്റവരുടെയും കൂട്ടായ തീരുമാനത്താൽ ചെയ്യേണ്ടിവരുന്ന അറ്റകൈചികിത്സ. 12 വർഷംമുമ്പ് 100 വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ ചെയ്തിരുന്ന സർക്കാർ ആശുപത്രികളിൽ പോയവർഷം ചെയ്തത് 50 എണ്ണം മാത്രം. ഈ വർഷം ഇതുവരെ ചെയ്തത് വെറും 27. കഴിഞ്ഞവർഷത്തെയത്രപോലും എത്താൻ ഇടയില്ലെന്ന് ചുരുക്കം.

2011-നുശേഷം 10,535 പേരാണ് കേരളത്തിൽ സ്വകാര്യ ആശുപത്രികളിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായത്. ഇതേകാലയളവിൽ സർക്കാർ ആശുപത്രികളിൽ ചെയ്തവരാകട്ടെ വെറും 964. വർഷം ശരാശരി 60 എണ്ണംമാത്രം. കാലമിത്ര പുരോഗമിച്ചിട്ടും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ നാലു മെഡിക്കൽ കോളേജുകളിലും എറണാകുളം ജനറൽ ആശുപത്രിയിലുംമാത്രമേ ഈ സൗകര്യമുള്ളൂ. ദാതാവ് ജീവിച്ചിരിക്കെയുള്ള കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ സ്ഥിതിയും ഇതുതന്നെ. 2011 നുശേഷം 2999 കരൾമാറ്റിവെക്കൽ ശസ്ത്രക്രിയകൾ സ്വകാര്യ ആശുപത്രികളിൽ നടന്നപ്പോൾ സർക്കാർ മേഖലയിൽ നടന്നത് വെറും ഒൻപത്.

എല്ലാ മെഡിക്കൽ കോളേജുകളിലേക്കുപോലും അവയവമാറ്റ ശസ്ത്രക്രിയകൾ വ്യാപിപ്പിക്കാൻ കഴിയാത്തതിൽനിന്നുതന്നെ സർക്കാർ സംവിധാനങ്ങളുടെ പിന്നോട്ടുപോക്ക് വ്യക്തം.

സർക്കാർ നൽകില്ല, രോഗി നൽകണം

മൂന്നുവർഷത്തിനിടെയാണ് കേരളത്തിലെ ആരോഗ്യരംഗത്ത് ബഹുരാഷ്ട്ര കുത്തകകൾ വൻ തോതിൽ പണം ഒഴുക്കിത്തുടങ്ങിയത്. സംസ്ഥാന സർക്കാർ പൊതുജനാരോഗ്യമേഖലയ്ക്കു നൽകിക്കൊണ്ടിരുന്ന വിഹിതം കുറച്ചുകൊണ്ടുവരാൻ തുടങ്ങിയതും ഇതേ കാലത്തുതന്നെ. 2019-’20 കാലയളവിൽ സംസ്ഥാനത്തിന്റെ മൊത്തം ചെലവിന്റെ 7.8 ശതമാനമാണ് ആരോഗ്യമേഖലയ്ക്കായി നീക്കിവെച്ചിരുന്നത്. കോവിഡ് കാലത്ത് ഈ നീക്കിയിരിപ്പ് കുത്തനെ കൂടി. 9.77 ശതമാനമായി. കോവിഡ് കാലത്തിനുശേഷമാണ് ഇവിടത്തെ വൻകിട സ്വകാര്യ ആശുപത്രികളിലേക്ക് ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവ് തുടങ്ങുന്നത്. സംസ്ഥാനത്തെ ചികിത്സാച്ചെലവ് 116 ശതമാനത്തോളം വർധിച്ചുനിൽക്കുന്ന സാഹചര്യമായിട്ടും ആരോഗ്യമേഖലയ്ക്കുള്ള വിഹിതംകൂട്ടേണ്ടതിനുപകരം കുറച്ചുകൊണ്ടുവരുകയാണ് സർക്കാർ ചെയ്തത്. മൊത്തം സർക്കാർ ചെലവിൽ ആരോഗ്യമേലയ്ക്കായി ചെലവിട്ടത് 2023-’24 വർഷത്തിൽ 7.9 ശതമാനമായും 2024-’25 സാമ്പത്തിക വർഷത്തിൽ 7.51 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് കുത്തനെ ഇടിഞ്ഞ് 7.01 ശതമാനമായി. 2015-’16-നുശേഷം ഏറ്റവും കുറഞ്ഞ വിഹിതമായിരുന്നു ഇത്. സർക്കാരല്ല, രോഗിയാണ് ചികിത്സയ്ക്കുള്ള പണം മുടക്കേണ്ടതെന്ന അപ്രഖ്യാപിത നയത്തിലേക്ക് ഭരണകൂടം മാറുന്ന കാഴ്ച.

സർജറിയോ? ഒരു നാലുമാസം കാത്തിരിക്കൂ

‘‘വിശ്രമമില്ലാതെ ശ്രമിച്ചാൽപോലും ദിവസം എട്ടു ശസ്ത്രക്രിയവരെയാണ് ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിൽ ചെയ്യാനാകുക. സങ്കീർണമായ ശസ്ത്രക്രിയകളുണ്ടെങ്കിൽ പരമാവധി ആറെണ്ണമൊക്കെയേ പറ്റൂ. നിലവിൽ അഞ്ചുമാസം കഴിഞ്ഞുള്ള ഡേറ്റാണ് അനുവദിക്കുന്നത്. മൂത്രത്തിൽ കല്ലുൾപ്പെടെയുള്ള രോഗികളിൽപലരും അസഹനീയമായ വേദനയൊക്കെ അനുഭവിച്ച് ഇത്രകാലം കാത്തിരിക്കേണ്ടിവരും. എന്തുചെയ്യാൻ കഴിയും. അടിയന്തരമായി ചികിത്സവേണ്ട പലരെയും പറഞ്ഞയക്കേണ്ട ഗതികേടുവരെ ഉണ്ടായിട്ടുണ്ട്’’ -തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വാക്കുകളിൽ നിസ്സഹായത.

സർക്കാർ ആശുപത്രിയിൽ ഏറിയാൽ 12,000 രൂപയിൽതാഴെ വരുന്ന ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രിയിലെത്തുമ്പോൾ ഒന്നരലക്ഷംരൂപയോളമാകും. സർക്കാർ മെഡിക്കൽ കോളേജുകളിലെ ജീവൻപണയംവെച്ചുള്ള കാത്തിരിപ്പിനുപകരം സ്വകാര്യ ആശുപത്രിയിലെ അതിവേഗചികിത്സയ്ക്കു കൊടുക്കുന്ന വിലയാണ് ഈ ലക്ഷങ്ങൾ.

സർജറിയുടെ കാര്യത്തിൽമാത്രമല്ല, ഒ.പി.യിലും ഇതുതന്നെ സ്ഥിതി. യൂറോളജി വിഭാഗത്തിൽ ദിവസവും ഡോക്ടർമാരെ കാണാൻ 200-250 രോഗികളാണ് എത്തുന്നത്. പരിശോധിക്കാനുണ്ടാകുക പരമാവധി രണ്ട് ഡോക്ടർമാർ. ഒരു ഡോക്ടർ അവധിയെടുത്താൽ ഒരേയൊരു ഡോക്ടർവേണം ഇത്രയും രോഗികളെ നോക്കാൻ. ഒരാളെ പരിശോധിക്കാൻ കിട്ടുക കഷ്ടി രണ്ടരമിനിറ്റ്‌. എല്ലാ മെഡിക്കൽ കോളേജുകളിലും ഇതുതന്നെ അവസ്ഥ. രോഗനിർണയത്തിൽ പാളിച്ചയുണ്ടാകാൻ സാധ്യതയേറെ. ഇത് തിരിച്ചറിയുന്ന പലരും സ്വകാര്യ ആശുപത്രികളിൽ അഭയംതേടും. അതിനുപോലും പാങ്ങില്ലാതെ ഗതികേടുകൊണ്ട് തുടരുന്നവരാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരിൽ ഭൂരിപക്ഷവും.

(തുടരും)

Content Highlights: Examine the disparity in organ transplant surgeries between private and government hospitals in Kerala, underscoring a critical healthcare crisis.