അറവുശാലയാകുന്ന ചികിത്സാലയങ്ങൾ, പൊൻമുട്ടയിടുന്ന ആരോഗ്യരംഗം; ചികിത്സിച്ച് മരിക്കുന്ന കേരളം

കോഴിക്കോട് ജില്ലയിലെ വടകരയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ രണ്ടുവർഷംമുൻപ് ‘വിചിത്രമായൊരു ശസ്ത്രകിയ’ നടന്നു. 70 വയസ്സുള്ള താഴെപ്പീടികയിൽ പാത്തുവാണ് ആ ശസ്ത്രക്രിയക്ക് വിധേയയായത്. വലതുകാലിലെ തള്ളവിരലിനും പെരുവിരലിനുമിടയ്ക്കുണ്ടായ ചെറിയ മുറിവിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതാണവർ. നാലു സ്റ്റിച്ചിട്ടാൽ മതിയെന്നായിരുന്നു തുടക്കത്തിൽ ഡോക്ടർമാർ പറഞ്ഞത്. എത്രയാകുമെന്ന പാത്തുവിന്റെ ചോദ്യത്തിന് പരമാവധി നാലായിരം രൂപ എന്നായിരുന്നു മറുപടി. കുറച്ചുകഴിഞ്ഞപ്പോൾ ഇൻഷുറൻസ് എന്തെങ്കിലും ഉണ്ടോയെന്നായി. ഭർത്താവിന്റെ പേരിലുള്ള മെഡിസെപ്പ് ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് പാത്തുവിൻ്റെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾ മറുപടി നൽകി.
അതോടെ പതിയെ ചികിത്സയുടെ സ്വഭാവംമാറി. സ്റ്റിച്ചിട്ടാൽ ചിലപ്പോഴേ നിൽക്കൂവെന്നും അങ്ങനെ വന്നാൽ ചെറിയ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. അധികംവൈകിയില്ല, ഇൻഷുറൻസിന്റെ ബലത്തിൽ തുന്നൽചികിത്സ മൈനർ സർജറിയിലേക്ക് വളർന്നു. അതിനുമുൻപേ പാത്തുവിന്റെ ഒപ്പമുണ്ടായിരുന്നവരോട് 5000 രൂപ മുൻകൂർ തുകയായും ആശുപത്രി അധികൃതർ കൈപ്പറ്റി. ഇൻഷുറൻസ് നിഷേധിക്കപ്പെട്ടാലുള്ള സെക്യൂരിറ്റിത്തുകയാണെന്നായിരുന്നു വിശദീകരണം.
ശസ്ത്രക്രിയ കഴിഞ്ഞു. മെഡിസെപ്പിലേക്ക് ആശുപത്രി അധികൃതർ അയച്ചുകൊടുത്ത ബില്ലുകണ്ട് പാത്തുവും പ്പമുണ്ടായിരുന്നവരും ഞെട്ടി. ഒറ്റദിവസംമാത്രം ആശുപത്രിയിൽ കിടക്കേണ്ടിവന്ന ചെറുശസ്ത്രക്രിയക്ക് ബില്ലിട്ടിരിക്കുന്നത് 44,000 രൂപ. മെഡിസെപ്പ് അധികൃതർ ക്ലെയിം നിരസിച്ചാൽ എന്തുചെയ്യും? ഭാഗ്യത്തിന് ഏതാണ്ട് മുഴുവൻ തുകയും അനുവദിക്കപ്പെട്ടു. അതോടെ കരുതൽപണമായി വാങ്ങിയ 5000 രൂപ പാത്തുവിന് മടക്കിക്കിട്ടി. ആശുപത്രി അധികൃതരുടെ ഭാഷ കടമെടുത്താൻ ശസ്ത്രക്രിയ ‘വിജയകരമായിരുന്നു’.
പൊൻമുട്ടയിടുന്ന ആരോഗ്യരംഗം
ആശ്വാസമായി മാറേണ്ട ആരോഗ്യ ഇൻഷുറൻസ് സംവിധാനങ്ങളെ പൊൻമുട്ടയിടുന്ന താറാവായി സ്വകാര്യ ആശുപത്രികൾ കാണുന്ന കാലം. അഡ്മിറ്റാക്കണോ വേണ്ടയോ എന്ന തീരുമാനംവരുമുൻപേ ആശുപത്രി അധികൃതരിൽനിന്നുയരുന്ന ചോദ്യം ഇൻഷുറൻസ് ഉണ്ടോ എന്നാകും. ഇൻഷുറൻസ് ഉണ്ടെങ്കിൽ ചികിത്സയുടെ നിലവാരം സ്വകാര്യ ആശുപത്രികളിൽ വല്ലാതങ്ങ് ഉയരും. രോഗത്തിന്റെ ആകുലതയും ഇൻഷുൻസ് പരിരക്ഷ നൽകുന്ന ധൈര്യവും ഉള്ളതിനാൽ ചികിത്സാരീതികൾ ഇഴകീറി പരിശോധിക്കാൻ രോഗികൾക്കൊപ്പമുള്ളവർക്കും സാധിക്കില്ല. ആശുപത്രിയിൽനിന്ന് കൊടുത്ത ബില്ലിൽ പാതി തുക മാത്രമേ ഇൻഷുറൻസ് കമ്പനികൾ പാസാക്കി വിടുന്നുള്ളൂവെങ്കിലും ആ ഭാരം വന്നുപതിക്കുന്നത് ആശുപത്രികളുടെ മേൽക്കല്ല. മറിച്ച് രോഗികളുടെയും കുടുംബാംഗങ്ങളുടെയും തലയ്ക്കാണ്. പരിരക്ഷയുടെ തണലുണ്ടായിട്ടും പതിനായിരം മുതൽ ലക്ഷങ്ങൾവരെ കൈയിൽനിന്ന് മുടക്കേണ്ടിവന്നവർ എത്രയോ പേർ. കോടതിയിൽപ്പോയി അർഹതപ്പെട്ട പണം വാങ്ങിയെടുത്തവരും റീ ഇംബേഴ്‌സ്‌മെന്റ് ഉപഭോക്തൃഫോറങ്ങളെ സമീപിക്കുന്നവരും നിത്യകാഴ്ച. എന്നാൽ, ഏതുവഴിക്കുനീങ്ങണമെന്നറിയാതെ, നിയമവഴിക്കുപോകാൻ കെൽപ്പില്ലാതെ, ഇത്രയെങ്കിലും കിട്ടിയല്ലോയെന്ന ആശ്വാസത്തോടെ ആശുപത്രികളിൽനിന്ന് മടങ്ങുന്നവരാണ് ഏറെയും.
ലാഭം, ലാഭം മാത്രം
എംപാനൽ ചെയ്ത ആശുപത്രികളുമായുള്ള കാഷ്‌ലെസ് ഇടപാട് ഉപഭോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പൊന്നും നൽകാതെ അവസാനിപ്പിക്കുന്ന ഇൻഷുറൻസ് കമ്പനികളുമേറെ. അടിയന്തരസാഹചര്യങ്ങളിൽ കിടത്തിച്ചികിത്സയ്ക്ക് പ്രവേശിപ്പിക്കുമ്പോഴാണ് എംപാനൽഡ് ലിസ്റ്റിൽനിന്ന് ഒഴിവാക്കിയകാര്യം രോഗികളും ഉറ്റവരും അറിയൂ. കോഴിക്കോട്ടെ വൻകിട സ്വകാര്യ ആശുപത്രിയുമായുള്ള ഇടപാട് ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനി ഈ വർഷം ആദ്യം അവസാനിപ്പിച്ചിരുന്നു. അമിതമായ ബില്ലിട്ടതിന്റെ പേരിലാണ് ഈ ആശുപത്രിയുമായുള്ള ഇടപാട് അവസാനിപ്പച്ചതെന്നാണ് ഇൻഷുറൻസ് കമ്പനി നൽകിയ വിശദീകരണം.
പണരഹിത ചികിത്സ പ്രതീക്ഷിച്ച് പരിരക്ഷയെടുക്കുന്നവരാണ് ബഹുഭൂരിപക്ഷമാളുകളും. അടിയന്തര ആശുപത്രി കേസുകളുണ്ടായാൽ ധൈര്യമായി നേരിടാനുള്ള ആത്മവിശ്വാസം പകരുന്നതും ഈ പരിരക്ഷതന്നെ. എന്നാൽ, അവരവരുടെ ലാഭംമാത്രം കണക്കാക്കിയാണ് വൻകിട ആശുപത്രികളുടെയും ഇൻഷുറൻസ് കമ്പനികളുടെയും തോന്നുംപടിയുള്ള പ്രവൃത്തി. അപ്പോൾ വഴിയാധാരമാകുന്നത് രോഗികളാണ്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർതന്നെ നടപ്പാക്കിയ മെഡിസെപ്പ് പദ്ധതിയിലടക്കം ഈ അനിശ്ചിതത്വം നിലനിൽക്കുന്നു. മുന്നറിയിപ്പില്ലാതെ പലപ്പോഴും സ്വകാര്യ ആശുപത്രികൾ പിന്മാറുന്നതാകട്ടെ സർക്കാർ തീരുമാനിച്ച ചികിത്സാനിരക്ക് സ്വീകാര്യമല്ലെന്ന് പ്രഖ്യാപിച്ചും. സർക്കാർ മുൻകൈയെടുത്ത് നൽകുന്ന ആരോഗ്യസുരക്ഷാ പദ്ധതിയുടെപോലും അവസ്ഥയിതെങ്കിൽ വൻകിട ഇൻഷുറൻസ് കമ്പനികൾ സ്വീകരിക്കുന്ന ലാഭതന്ത്രങ്ങൾക്ക് കടിഞ്ഞാണിടാൻ ആർക്കു സാധിക്കും.
നിങ്ങളുടെ ആരോഗ്യത്തിന് ആരാണ് വിലയിടുന്നത്?
‘മുകളിലുള്ള ചോദ്യത്തിന് ഉത്തരം നിങ്ങളുടെ ഡോക്ടറിലോ, രാജ്യത്തിലോ, പാർലമെന്റിലോ അല്ല, മറിച്ച് ന്യൂയോർക്ക്, ബാസൽ, സിലിക്കൺ വാലി എന്നിവിടങ്ങളിലെ വിദൂര ബോർഡ് റൂമുകളിലാണെങ്കിൽ, നമ്മൾ കാണുന്നത് കേവലം ഒരു നയപരമായ മാറ്റമല്ല, മറിച്ച് കീഴടങ്ങലാണ്’
മാധ്യമപ്രവർത്തകനും നയവിദഗ്ധനുമായ അമീർ ഷാഹുൽ തന്റെ ‘ദി സൈലന്റ് സിൻഡിക്കേറ്റ്: ഹൗ ബിഗ് ഫിനാൻസ് ഈസ് ഡിസ്‌ട്രോയിങ് ഇന്ത്യാസ് ഹെൽത്ത്കെയർ’ എന്ന പുസ്തകത്തിലൂടെ തൊടുത്തുവിട്ട പ്രസക്തമായ ചോദ്യവും മറുപടിയുമാണിത്. കോവിഡനന്തരം കേരളത്തിലെ ആരോഗ്യരംഗത്തേക്ക് വൻകിട കോർപ്പറേറ്റുകൾ കടന്നുകയറിയതിനെക്കുറിച്ച് പറഞ്ഞാണ് പുസ്തകത്തിന്റെ തുടക്കം.
സമീപകാലത്ത് കേരളത്തിൽ ഏറ്റവുമധികം വിദേശനിക്ഷേപം വന്ന മേഖലയാണ് ആരോഗ്യരംഗം. മറ്റൊരു മേഖലയിലുമില്ലാത്തത്ര താത്പര്യം വിദേശ കുത്തകകൾ കേരളത്തിലെ ആരോഗ്യരംഗത്തോടുകാണിക്കുന്നുണ്ടെങ്കിൽ അതിനുപിന്നിലെ ലക്ഷ്യംവ്യക്തം.
വരുമോ, വൈദ്യനിർമിതരോഗങ്ങൾ
ചില കണക്കുകൾകൂടി നോക്കാം. രണ്ടുമാസം മുൻപ് ദേശീയഹെൽത്ത് അക്കൗണ്ട്‌സ് കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചികിത്സയ്ക്കായി ജനങ്ങൾ പോക്കറ്റിൽനിന്ന് പണമെടുത്ത് ചെലവാക്കുന്നതിൽ മുൻനിരയിൽനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ റിപ്പോർട്ടനുസരിച്ച് കേരളത്തിന്റെ മൊത്തം ആരോഗ്യച്ചെലവ് 47,216 കോടി രൂപയാണ്. ഇതിൽ സർക്കാർ ചെലവാക്കുന്നത് 12,931 കോടി രൂപമാത്രം. മൊത്തം ചെലവിന്റെ 27.5 ശതമാനം. ജനങ്ങൾ കൈയിൽനിന്ന് എടുത്ത് ചെലവാക്കുന്നത് 30,197 കോടി രൂപ. മൊത്തം ആരോഗ്യച്ചെലവിന്റെ 64 ശതമാനം വരുമിത്. കോവിഡ് കാലത്തെ കണക്കാണ് (2022-’23) പുറത്തുവന്നിരിക്കുന്നത്. ആരോഗ്യച്ചെലവിൽനിന്ന് സർക്കാർ പിന്മാറിക്കൊണ്ടിരിക്കുന്ന നാട്ടിൽ, എത്ര ഇൻഷുറൻസ് പരിക്ഷയുണ്ടായാലും അതിനുംമേലേ പറക്കുന്ന ശക്തിയായി ഇത്തരം ആശുപത്രികൾ മാറിക്കഴിഞ്ഞു.
വൻകിട ആശുപത്രികൾ വിദേശ ഏജൻസികളുടെ നിയന്ത്രണത്തിലാകുന്നതോടെ ഈ ചെലവ് വീണ്ടും വർധിക്കാൻ സാധ്യതയുണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്‌ധനായ ഡോ. ബി. ഇക്ബാലിനെപ്പോലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. അംഗീകൃത ചികിത്സാമാനദണ്ഡങ്ങൾ പാലിക്കാതെ അനാവശ്യ പരിശോധനകളും ചികിത്സകളും വർധിക്കാനും ഇടയാക്കും. ഇത് ‘വൈദ്യനിർമിത രോഗങ്ങളി’ലേക്ക് നയിക്കുകയും. നമ്മുടെ രോഗാതുരത ഇനിയും കൂട്ടാൻ ഇടയാക്കിയേക്കുമെന്നും അദ്ദേഹം പറയുന്നു.
(തുടരും)
Content Highlights: Kerala faces a health crisis as treatment costs in private hospitals soar, driven by insurance dynamics and corporate interests in the healthcare sector.