‘ബാഡ് ടച്ച്’ ആരോപണം അവഗണിക്കരുത്; ജന്മനാ ആരും കുറ്റവാളിയല്ല, അവർ എങ്ങനെ ഇങ്ങനെ ആകുന്നു ?

#ഡോ. എൽസി ഉമ്മൻ
പ്രതീകാത്മക ചിത്രം| Photo: Canva.com
പ്രതീകാത്മക ചിത്രം| Photo: Canva.com

കരുവാറ്റയിൽ 65 വയസ്സുകാരനായ ഒരു വയോധികന്റെ മരണവുമായി ബന്ധപ്പെട്ട് 13 വയസ്സുകാരിയടക്കം നാലു പ്രായപൂർത്തിയാകാത്തവരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.

ജന്മനാ ആരും കുറ്റവാളിയല്ല

കുറ്റകൃത്യംചെയ്യുന്ന കുട്ടിയെ ക്രിമിനൽ എന്ന ഒറ്റവാക്കിൽ വിശേഷിപ്പിക്കുന്നത് എളുപ്പമാണ്. എന്നാൽ, കുട്ടികളുടെ പെരുമാറ്റത്തെ അവരുടെ വളർച്ചയുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കണം. കുട്ടികളിലെ ഗുരുതരമായ പെരുമാറ്റപ്രശ്നങ്ങൾക്ക് പല കാരണങ്ങളുണ്ടാകാം.

കുടുംബത്തിലെ നിരന്തരമായ സംഘർഷങ്ങളും അവഗണനയും മാതാപിതാക്കളുടെ മേൽനോട്ടക്കുറവ്, ശാരീരികമോ മാനസികമോ ആയ പീഡനം, വിവാഹേതര ബന്ധങ്ങളുള്ള രക്ഷിതാക്കളാൽ വളർത്തപ്പെട്ട കുട്ടികൾ, ലൈംഗിക അതിക്രമമോ അതിന്റെ അനുഭവമോ നേരിട്ടവർ, ലഹരി ഉപയോഗം, കൂട്ടുകാരുടെ ശക്തമായ സ്വാധീനം, നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, അക്രമത്തെ സാധാരണവത്‌കരിക്കുന്ന ഉള്ളടക്കങ്ങളുമായുള്ള അമിതമായ സമ്പർക്കം, ഉടനടി ലഭിക്കണം എന്ന ഉപഭോഗസംസ്കാരം, അസ്വസ്ഥത, അസഹിഷ്ണുത, എടുത്തുചാട്ടം, പെരുമാറ്റ പ്രശ്നങ്ങൾ, പിരുപിരുപ്പും ശ്രദ്ധക്കുറവും (ADHD) തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ, കുടുംബത്തിൽ കുട്ടിയുമായി തുറന്ന ആശയവിനിമയത്തിന്റെ അഭാവം ഇവയൊക്കെ കാരണങ്ങളാകാം.

എന്നാൽ, ഇവയിൽ ഒന്നും ഒറ്റയ്ക്ക് ഒരു കുട്ടിയെ കുറ്റവാളിയാക്കുന്നില്ല. കുറ്റകൃത്യം സാധാരണയായി ഒട്ടേറെ ഘടകങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് രൂപപ്പെടുന്നത്.

മൊബൈൽ ഫോൺ ദുരുപയോഗം

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തെ കുറ്റപ്പെടുത്തുന്നത് വളരെ എളുപ്പമാണ്. എല്ലാ കുറ്റകൃത്യങ്ങളുടെയും കാരണം അതാവണം എന്നുമില്ല. എന്നാൽ, അതിന്റെ ദുരുപയോഗം ഒരു റിസ്ക് ആംപ്ളിഫയർ ആകാം. ഓൺലൈൻ ലോകം കുട്ടികളെ വളരെ ചെറുപ്പത്തിൽത്തന്നെ മുതിർന്നവരുടെ ലോകത്തെ ആശയങ്ങളുമായി പരിചയപ്പെടുത്തുന്നു. അതോടൊപ്പം പിയർ പ്രഷർ, ഓൺലൈൻ ബന്ധങ്ങൾ, ഞൊടിയിടയിൽ കാര്യം നടന്നുകിട്ടുമ്പോൾ ഉണ്ടാകുന്ന അനുഭൂതി, അക്രമത്തെയും കുറ്റവാസനയെയും പ്രോത്സാഹിപ്പിക്കുന്ന കണ്ടൻറ് എന്നിവയും നിയന്ത്രണമില്ലാതെ കടന്നുവരാം. ഫോൺ പിടിച്ചെടുക്കുന്നതുമാത്രം പരിഹാരമല്ല. ഡിജിറ്റൽ സാക്ഷരത, മാതാപിതാക്കളുടെ മേൽനോട്ടം, തുറന്ന സംഭാഷണം, പ്രായത്തിന് അനുയോജ്യമായ നിയന്ത്രണങ്ങൾ എന്നിവയാണ് കൂടുതൽ ഫലപ്രദം.

‘ബാഡ് ടച്ച്’ ആരോപണം അവഗണിക്കരുത്

ഈ കേസിൽ കുട്ടി മുത്തച്ഛനിൽനിന്ന് അരുതാത്തതായ സ്പർശനമുണ്ടായതായി പറഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അത് അന്വേഷണത്തിൽ തെളിയേണ്ട വിഷയമാണ്. എന്നാൽ, ഒരു പൊതുപാഠം ഇവിടെ വളരെ പ്രധാനമാണ്. ഒരു കുട്ടി ലൈംഗികാതിക്രമത്തെക്കുറിച്ച് പറയുമ്പോൾ അത് കുട്ടിയുടെ കള്ളക്കഥ എന്നോ ശ്രദ്ധനേടാനുള്ള ശ്രമമെന്നോ ഉടൻ തള്ളിക്കളയരുത്. അതുപോലെ, കുട്ടിയുടെ ആരോപണം കേട്ട ഉടൻ ആരെയും കുറ്റക്കാരനായി പ്രഖ്യാപിക്കുകയും ചെയ്യരുത്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുകയും പരിശീലനം ലഭിച്ച പ്രൊഫഷണൽസ് മുഖേന പരിശോധന നടത്തുകയും വേണം.

മാതാപിതാക്കൾ ചെയ്യേണ്ടത്?

കുട്ടിയുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കാണുമ്പോൾ അവഗണിക്കരുത്. പെട്ടെന്നുള്ള അമിത കോപം, വീട്ടുകാരിൽനിന്ന് അകന്നുപോകൽ, അസാധാരണമായ രഹസ്യസ്വഭാവം, പുതിയ കൂട്ടുകാരെക്കുറിച്ച് സംസാരിക്കാൻ വിസമ്മതിക്കൽ, പണത്തോടോ വിലകൂടിയ വസ്തുക്കളോടോ അസാധാരണമായ ആഗ്രഹം, നിയമങ്ങളും പരിധികളും നിരന്തരം ലംഘിക്കൽ, മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ കുറ്റബോധം കുറയുക, അക്രമത്തെക്കുറിച്ചുള്ള ആവർത്തിച്ചുള്ള സംസാരമോ ഭീഷണികളോ, ലൈംഗികാതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവയുടെ സൂചനകൾ. ഇത്തരം മാറ്റങ്ങൾ കണ്ടാൽ അവരെ കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിനുമുൻപ്‌ സംസാരിക്കുക.

നിനക്ക് എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യം പലപ്പോഴും നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തെക്കാൾ കൂടുതൽ വാതിലുകൾ തുറക്കും.

കുട്ടികളുടെ ഗുരുതരമായ പെരുമാറ്റപ്രശ്നങ്ങളെ നേരിടാൻ കുടുംബം, സ്കൂൾ, മാനസികാരോഗ്യ സേവനം, ചൈൽഡ് പ്രോട്ടക്‌ഷൻ സംവിധാനങ്ങൾ, പോലീസ് എന്നിവ തമ്മിലുള്ള ഏകോപനം ആവശ്യമാണ്. സ്കൂളുകളിൽ കുട്ടികളുടെ വൈകാരികക്ഷേമം നിരീക്ഷിക്കുന്ന സംവിധാനം ശക്തിപ്പെടുത്തണം. അധ്യാപകർക്ക് കുട്ടികളിലെ പെരുമാറ്റവ്യതിയാനം തിരിച്ചറിയാനുള്ള പരിശീലനം നൽകണം. ഗുരുതരമായ പെരുമാറ്റപ്രശ്നങ്ങളുള്ള കുട്ടികൾക്ക് തക്കസമയത്തുതന്നെ മനോരോഗവിദഗ്‌ധന്റെ സഹായം ലഭ്യമാക്കണം.

ശിക്ഷമാത്രം പരിഹാരമല്ല

കുട്ടി കുറ്റംചെയ്താൽ നിയമപരമായ നടപടികൾ ആവശ്യമായിരിക്കാം. എന്നാൽ, അതിനൊപ്പം ഒരു ചോദ്യംകൂടി ചോദിക്കണം; ഈ കുട്ടിയിലേക്ക് സഹായം എത്തേണ്ടിയിരുന്ന ഏതെങ്കിലും ഘട്ടം നമ്മൾ നഷ്ടപ്പെടുത്തിയിരുന്നോ? കുറ്റകൃത്യത്തിന് നിയമാനുസൃതമായ ഇടപെടൽ ആവശ്യമാണ്. അതേസമയം, കുട്ടിയെ ജീവിതകാലംമുഴുവൻ ‘കുറ്റവാളി’ എന്ന മുദ്രയിടുന്നതും പരിഹാരമല്ല. കരുവാറ്റയിലെ സംഭവം നമ്മെ പ്രധാനമായി അത് ചിന്തിപ്പിക്കട്ടെ.

കൺസൾട്ടൻറ് സൈക്യാട്രിസ്റ്റാണ് ലേഖിക

Content Highlights: No child is born a criminal; behavior stems from various environmental and psychological factors., Mobile phone misuse and lack of digital literacy act as risk amplifiers., Bad touch allegations by children must never be ignored or instantly dismissed., Early behavioral changes in children require open communication rather than immediate punishment.