ബജറ്റ് 2026-27: ആരോഗ്യരംഗത്തെ യഥാർത്ഥ വെല്ലുവിളി വകയിരുത്തുന്ന തുകയിൽ മാത്രം ഒതുങ്ങുന്നതല്ല

Representative Image| Photo: Canva.com
Representative Image| Photo: Canva.com

പ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയുടെ കുതിപ്പ് ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. എന്നാൽ ഈ നേട്ടത്തിന്റെ തിളക്കത്തിലും പൊതുജനാരോഗ്യത്തുള്ള സർക്കാർ നിക്ഷേപത്തെക്കുറിച്ച് സൂക്ഷമമായ ആത്മപരിശോധന അനിവാര്യമാണ്. വികസിത രാജ്യങ്ങൾ തങ്ങളുടെ ജി.ഡി.പിയുടെ 10–11 ശതമാനം വരെ ആരോഗ്യമേഖലയ്ക്കായി നീക്കിവയ്ക്കുമ്പോൾ, ഇന്ത്യയിൽ ഇത് ഇപ്പോഴും 1.6–1.9 ശതമാനത്തിൽ ഒതുങ്ങിനിൽക്കുന്നു എന്നതാണ് വസ്തുത.

2026–27 കേന്ദ്ര ബജറ്റ് ആരോഗ്യരംഗത്തിന് നൽകുന്ന സന്ദേശം വ്യക്തമാണ്: 'പരിമിതമായ വിഭവങ്ങൾ കൃത്യമായ ദിശാബോധത്തോടെ ഉപയോഗിക്കുക'. 2025-ലെ 99,858 കോടി രൂപയിൽ നിന്ന് 1,04,599 കോടി രൂപയായി ആരോഗ്യമേഖലയിലേക്കുള്ള വിഹിതം ഉയർന്നിട്ടുണ്ട്. ശതമാനക്കണക്കിൽ ഈ വർധനവ് നാമമാത്രമാണെങ്കിലും, ബയോഫാർമ, ഡിജിറ്റൽ ഹെൽത്ത്, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ തന്ത്രപരമായ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

10,000 കോടി രൂപ വകയിരുത്തിയ ‘ബയോഫാർമ ശക്തി’ പദ്ധതി, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള ജൈവഔഷധ നിർമ്മാണ കേന്ദ്രമായി (Bio-pharma Manufacturing Hub) ഉയർത്താനുള്ള ദീർഘകാല ലക്ഷ്യത്തിൻ്റെ ഭാഗമാണ്. പ്രമേഹം, അർബുദം, ഹൃദ്രോഗം തുടങ്ങിയ പകർച്ചവ്യാധിയേതര രോഗങ്ങളുടെ (NCDs) വ്യാപനം കണക്കിലെടുക്കുമ്പോൾ, ചികിത്സാ സൗകര്യ വിപുലീകരണത്തിലും ഗവേഷണത്തിലും സ്വയംപര്യാപ്തത കൈവരിക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ആരോഗ്യരംഗത്തെ യഥാർത്ഥ വെല്ലുവിളി വകയിരുത്തുന്ന തുകയിൽ മാത്രമം ഒതുങ്ങുന്നതല്ല. ലഭ്യമാകുന്ന പണം വിനിയോഗിക്കുന്നതിലെ കാര്യക്ഷമതയാണ് പ്രധാനം. കുതിച്ചുയരുന്ന ചികിത്സാച്ചെലവും (Medical Inflation), വിദേശ സാങ്കേതികവിദ്യയിലുള്ള അമിതാശ്രയവുമാണ് ഇടത്തരം കുടുംബങ്ങളെ സാമ്പത്തികമായി തളർത്തുന്നത്. ഇന്ത്യയിലെ മൊത്തം ചികിത്സാച്ചെലവിന്റെ പകുതിയോളം തുക രോഗികൾ സ്വന്തം കൈയിൽ (Out-of-Pocket) നിന്ന് മുടക്കേണ്ടി വരുന്നു എന്നത് നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ ഏറ്റവും വലിയ ന്യൂനതകളിലൊന്നാണ്.

ഈ സാഹചര്യത്തിൽ, രോഗം വന്നശേഷം ചികിത്സിക്കുക എന്ന രീതിയിൽ നിന്ന്, പ്രതിരോധത്തിനും പ്രാരംഭഘട്ട രോഗനിർണയത്തിനും പ്രാധാന്യം നൽകുന്ന 'പ്രിവന്റീവ് കെയർ' മാതൃകയിലേക്ക് നാം മാറേണ്ടതുണ്ട്. ഡിജിറ്റൽ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ, നിർമ്മിത ബുദ്ധി (AI), ടെലിമെഡിസിൻ, വിദഗ്ധരായ ആരോഗ്യപ്രവർത്തകർ എന്നിവയുടെ കാര്യക്ഷമമായ വിനിയോഗത്തിലൂടെ മാത്രമേ ഈ മാറ്റം സാധ്യമാകു.

ഇൻഷുറൻസ് ഒരു കൈത്താങ്ങ്

10 കോടിയിലധികം കുടുംബങ്ങൾക്ക് പരിരക്ഷ നൽകുന്ന 'ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' (PMJAY) സമീപ ഭാവിയിൽ രാജ്യത്തുണ്ടായ വിപ്ലവകരമായ ചുവടുവയ്പ്പുകളിൽ ഒന്നാണ്. എന്നാൽ, നിർവഹണത്തിലെ പോരായ്മകൾ പരിഹരിച്ചാൽ മാത്രമേ ഈ പദ്ധതിയുടെ പൂർണ്ണഫലം ‍ജനങ്ങളുടെ കൈകളിലേക്ക് എത്തുകയുള്ളൂ. കൂടുതൽ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കലും ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കലും ഡിജിറ്റൽ ഹെൽത്ത് മിഷനുമായുള്ള ഏകോപനവും ഇതിൽ നിർണ്ണായകമാണ്.

സർക്കാർ മേഖലയിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ജില്ലാതല ആശുപത്രികളെയും അടിയന്തര–ട്രോമ കെയർ സംവിധാനങ്ങളെയും ശാക്തീകരിക്കുന്നതിനാണ് 2026–27 ബജറ്റ് ഊന്നൽ നൽകുന്നത്. കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലയിലും അടിയന്തര ചികിത്സാശേഷി 50 ശതമാനം വരെ വർധിപ്പിക്കാനുള്ള തീരുമാനം, ചികിത്സാസൗകര്യങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്ന ദിശയിലുള്ള ശരിയായ ചുവടുവയ്പ്പാണ്.

സർക്കാരും സ്വകാര്യമേഖലയും സ്റ്റാർട്ടപ്പുകളും ആരോഗ്യപ്രവർത്തകരും ഒരേ മനസ്സോടെ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ആഹ്വാനമായാണ് ഈ ബജറ്റിനെ വിലിയിരുത്താൻ കഴിയുന്നത്. രോഗികൾക്ക് മുൻഗണന നൽകിക്കൊണ്ട്, ഗുണനിലവാരമുള്ള ചികിത്സ ന്യായമായ വിലയിൽ ഉറപ്പാക്കുന്നതിനാണ് പ്രാധാന്യം. പരിമിതമായ വിഭവങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും വ്യക്തമായ കാഴ്ചപ്പാടിലൂടെ മുന്നേറാൻ ഇന്ത്യയ്ക്ക് സാധിക്കും. അതുവഴി സാങ്കേതികവിദ്യയിൽ ഊന്നിയ, ആഗോളതലത്തിൽ മത്സരിക്കാൻ കെൽപ്പുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ആരോഗ്യസംവിധാനം നമുക്ക് കെട്ടിപ്പടുക്കാനുള്ള ചുവടുവയ്പ്പാണ് 2026–27 ബജറ്റ്

(ലേഖകൻ സ്റ്റാർകെയർ ഹോസ്പിറ്റൽ -കോഴിക്കോട് സിഇഒയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് - അഹമ്മദാബാദ് അലുംമ്നിയും ആണ് )

Content Highlights: India`s economic growth is strong, but healthcare investment needs attention. Explore the 2026-27 budget`s focus on bio-pharma, digital health, and preventive care.