ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തി ആർത്തവക്രമക്കേടുകൾ പരിഹരിക്കാം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആർത്തവ സംബന്ധമായ ക്രമക്കേടുകളുമായി ഡോക്ടർമാരെ സമീപിക്കുന്ന പെൺകുട്ടികൾ നിരവധിയാണിന്ന്. വ്യായാമമില്ലാത്ത ജീവിതരീതിയും ജങ്ക്ഫൂഡുമൊക്കെയാണ് പലപ്പോഴും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്കും ആർത്തവ ക്രമക്കേടുകളിലേക്കുമൊക്കെ നയിക്കുന്നത്. ഭക്ഷണരീതിയിൽ ചിലമാറ്റങ്ങൾ വരുത്തുന്നത് ആർത്തവ ക്രമക്കേടുകൾ അകറ്റാൻ ഒരുപരിധിവരെ ​ഗുണം ചെയ്യും. അതേക്കുറിച്ച് പങ്കുവെക്കുകയാണ് ന്യൂട്രീഷണിസ്റ്റായ ലൊവ്നീറ്റ് ബത്ര.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ലൊവ്നീറ്റ് കൃത്യമായ ആർത്തവത്തിനു സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ശരിയായ ഭക്ഷണം കഴക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് ലൊവ്നീറ്റ് പറയുന്നത്. ആർത്തവം കൃത്യമായി വരുന്നില്ലെങ്കിൽ സ്വീകരിക്കാവുന്ന ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് പങ്കുവെക്കുകയാണ് ലൊവ്നീറ്റ്. കാലങ്ങളായി ആർത്തവ ക്രമക്കേട് ഉണ്ടെങ്കിലും മറ്റെന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഡോക്ടറോട് സംസാരിക്കേണ്ടതുണ്ടെന്നും ലൊവ്നീറ്റ് പറയുന്നുണ്ട്. 

ആർത്തവക്രമക്കേടിന് പരിഹാരമായി ലൊവ്നീറ്റ് പറയുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം... 
പപ്പായ

കരോട്ടിൻ സമ്പന്നമായ പപ്പായ ഈസ്ട്രജൻ ലെവൽ വർധിപ്പിക്കാൻ സഹായിക്കുന്നു. ​ആർത്തവക്രമക്കേടുകൾ പരിഹരിക്കുന്നതിന് മികച്ച ഭക്ഷണമായാണ് പപ്പായ കണക്കാക്കുന്നത്. 

അയമോദകം

ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാൻ അയമോദകം ഇട്ടുതിളപ്പിച്ച വെള്ളവും മികച്ചതാണെന്നു പറയുന്നു ലൊവ്നീറ്റ. ദഹനപ്രക്രിയയെയും സു​ഗമമാക്കുന്ന അയമോദകം ആർത്തവകാല വേദന അകറ്റാനും നല്ലതാണ്. 

അലോവേര

ഫോളിക് ആസിഡും അമിനോ ആസിഡും വിറ്റാമിൻ, A, C, E & B12 എന്നിവയുമടങ്ങിയിട്ടുള്ള അലോവേര ആർത്തവം ക്രമീകരിക്കാൻ നല്ലതാണ്. ആർത്തവത്തിന് സഹായകരമാകുന്ന ഹോർ‌മോണുകൾ ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ മുന്നിലാണ് അലോവേര. 

കറുവാപ്പട്ട

ഇൻസുലിൻ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ആർത്തവത്തിന്റെ ക്രമം തെറ്റിക്കാറുണ്ട്. കറുവാപ്പട്ടയ്ക്ക് ഇൻസുലിൻ നില വർധിപ്പിക്കാൻ കഴിയും. അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആർത്തവം കൃത്യമാക്കുന്നതിനൊപ്പം പോളിസിസ്റ്റിക് ഓവറി സിൻഡ്രമിനെ പ്രതിരോധിക്കാനും ​ഗുണം ചെയ്യുമെന്ന് ലൊവ്നീറ്റ കുറിക്കുന്നു. 

പൈനാപ്പിൾ

ബ്രോമെലായ്ൻ എന്ന എൻസൈം അടങ്ങിയിട്ടുള്ള പൈനാപ്പിളിനും ആർത്തവ ക്രമക്കേട് പരിഹരിക്കാനുള്ള കഴിവുണ്ട്. അവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താനാണ് ലൊവ്നീറ്റ പറയുന്നത്. 

പെരുഞ്ചീരകം

ആർത്തവം ക്രമത്തിലാക്കാൻ സഹായിക്കുന്ന ഹോർമോണുകളെ ബാലൻസ് ചെയ്യുന്നതിൽ പെരുഞ്ചീരകത്തിനും സ്ഥാനമുണ്ട്. ഓവുലേഷനെ മെച്ചപ്പെടുത്തുന്നതിനൊപ്പം ആർത്തവവേദനയ്ക്കും പെരുഞ്ചീരകം പരിഹാരമാണെന്ന് കുറിക്കുന്നു. 

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: include these foods to your diet for a healthy menstruation cycle