വേര്‍പിരിയലിന്റെ വക്കില്‍ കാര്യങ്ങളെത്തുമ്പോള്‍ അവഗണിക്കരുത് കുട്ടികളെ

#ഡോ. അരുണ്‍ ബി. നായര്‍
Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

വിവാഹമോചനത്തെത്തുടര്‍ന്ന് തന്നെയും അമ്മയെയും ഉപേക്ഷിച്ചുപോയ അച്ഛനെ ഒരുനോക്കു കാണാന്‍ കൊതിക്കുന്ന മകളുടെ അനുഭവം ഇന്നലെ മാതൃഭൂമിയില്‍ വായിച്ചു. വേര്‍പിരിയുന്ന മാതാപിതാക്കളുടെ മക്കളെക്കുറിച്ച് ചിന്തിക്കാന്‍ അത് പ്രേരണയായി. വിവാഹമോചനത്തിലൂടെ ദമ്പതിമാര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, കുട്ടികളെ സംബന്ധിച്ച് അത് ചിലപ്പോള്‍ പ്രശ്‌നങ്ങളുടെ തുടക്കമാകും. മാതാപിതാക്കളില്‍ ആര്‍ക്കൊപ്പം പോകണമെന്ന ചോദ്യം കേള്‍ക്കുന്ന കുട്ടിയുടെ മാനസികാവസ്ഥ ചിന്തിക്കാന്‍പോലും കഴിയില്ല. വേര്‍പിരിയലിലേക്ക് നീങ്ങുന്ന വ്യക്തികള്‍ കുട്ടികളുടെ മാനസികനിലയും ഉത്തമ താത്പര്യവും സംരക്ഷിച്ചുകൊണ്ട് തീരുമാനങ്ങളെടുക്കുന്നതാകും അഭികാമ്യം.

ദാമ്പത്യത്തിന്റെ ഘട്ടങ്ങള്‍

ദാമ്പത്യജീവിതം മൂന്ന് ഘട്ടങ്ങളിലൂടെയാണ് സാധാരണ കടന്നുപോകുന്നത്. ആദ്യത്തേത് വികാസഘട്ടം. വിവാഹത്തിനുമുമ്പ് പരസ്പരം ഇടപെടുന്നതുമുതല്‍ മധുവിധു കഴിയുന്നതുവരെയുള്ള സമയമാണിത്. ഈ ഘട്ടത്തില്‍ പരസ്പരം സന്തോഷിപ്പിക്കുക അല്ലെങ്കില്‍, സ്വന്തം നല്ലവശംമാത്രം പങ്കാളിയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇരുവരും മുന്നോട്ടുപോകുന്നത്.

മധുവിധു കഴിയുന്നതോടെ രണ്ടാംഘട്ടം ആരംഭിക്കുകയാണ്. ഇതിനെ 'സങ്കോചത്തിന്റെ ഘട്ടം' എന്നുപറയുന്നു. പരസ്പരം സംശയങ്ങള്‍ ഉടലെടുക്കുന്നത് ഇപ്പോഴാണ്. പങ്കാളിക്ക് തന്നെക്കാള്‍ പ്രധാനം മറ്റുചിലരാണെന്ന തോന്നല്‍ മിക്കവാറും ഉണ്ടാകാറുണ്ട്. പങ്കാളി മാതാപിതാക്കള്‍ പറയുന്നതുമാത്രം കേള്‍ക്കുന്നു, സുഹൃത്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നു, ജോലിയില്‍മാത്രം ശ്രദ്ധിക്കുന്നു തുടങ്ങിയ തോന്നലുകളൊക്കെ ഈ കാലഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ആശയവിനിമയംപോലും ഇല്ലതായേക്കാം. വിവാഹമോചനങ്ങള്‍ കൂടുതലും സംഭവിക്കുന്നത് സങ്കോചത്തിന്റെ ഘട്ടത്തിലാണ്.

ഇത് മറികടന്നാല്‍ വിവാഹബന്ധങ്ങള്‍ ഒത്തുതീര്‍പ്പ് ഘട്ടത്തിലെത്തും. പങ്കാളിയുടെ എല്ലാ സവിശേഷതകളും മനസ്സിലാക്കിക്കൊണ്ട് അതുമായി സമരസപ്പെട്ട് പോകാനും ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും ദാമ്പത്യജീവിതം ആരോഗ്യകരമായി മുന്നോട്ടുനീക്കാനുമുള്ള പ്രവണതയാണ് ഈ ഘട്ടത്തില്‍ വ്യക്തമാകുന്നത്.

കുട്ടികളോടൊപ്പം കൂടുതല്‍സമയം ചെലവഴിക്കുകയും കുട്ടികള്‍ക്കുവേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്നത് ഒത്തുതീര്‍പ്പിന്റെ അല്ലെങ്കില്‍, രമ്യതയുടെ ഘട്ടത്തിലേക്കെത്താന്‍ ദമ്പതിമാരെ സഹായിക്കും. കാരണം, എന്റെ ഭര്‍ത്താവ് അല്ലെങ്കില്‍, എന്റെ ഭാര്യയെന്ന അവസ്ഥയില്‍നിന്ന് എന്റെ കുഞ്ഞിന്റെ അച്ഛന്‍ അല്ലെങ്കില്‍, അമ്മയെന്ന രീതിയിലേക്കുള്ള മാറ്റം ജീവിതത്തിലെ അര്‍ഥവത്തായ പരിണാമങ്ങളിലൊന്നാണ്.

വഴക്കുവേണ്ടാ, മക്കള്‍ക്കുമുന്നില്‍

വീട്ടില്‍ കലഹിക്കുന്ന മാതാപിതാക്കളാണെങ്കില്‍ തീര്‍ച്ചയായും അത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. മാതാപിതാക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉപയോഗിക്കുന്ന മോശപ്പെട്ട വാക്കുകള്‍ കേട്ടുപഠിച്ച് കുട്ടികള്‍ സ്‌കൂളിലും കൂട്ടുകാരുടെയിടയിലും പ്രയോഗിക്കാന്‍ സാധ്യതയുണ്ട്.

പരസ്പരം മിണ്ടാതെയിരിക്കുന്ന, അല്ലെങ്കില്‍ വേര്‍പിരിഞ്ഞുകഴിയുന്ന അച്ഛനമ്മമാരുടെ കുട്ടികള്‍ക്ക് ഗൗരവമായ മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പഠനത്തില്‍ താത്പര്യമില്ലായ്മ, ശ്രദ്ധക്കുറവ്, എടുത്തുചാട്ട സ്വഭാവം, അമിത ദേഷ്യം, മൊബൈല്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളോട് കൂടുതലായി അടിമപ്പെടുന്ന അവസ്ഥ, ഉറക്കമില്ലായ്മ, അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ ഇത്തരം കുട്ടികള്‍ അനുഭവിക്കുന്നു. കൗമാരത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ലഹരിവസ്തുക്കള്‍ പരീക്ഷിക്കാനുള്ള സാധ്യതയും കൂടുതലാണ്.

സ്‌നേഹിക്കാന്‍ മാതൃകയാകാം

കുട്ടികളുടെ മുന്നില്‍വെച്ച് ആശയഭിന്നത വന്നാല്‍, മാതാപിതാക്കള്‍ സംവാദ സ്വഭാവത്തില്‍ ആശയവിനിമയം നടത്തുന്ന രീതിയായിരിക്കും അഭികാമ്യം. കൗമാരത്തില്‍ അച്ഛന്റെയും അമ്മയുടെയും കരുതല്‍ കുട്ടികള്‍ക്ക് ആവശ്യമാണ്. വ്യക്തി വളര്‍ന്ന് കൗമാരത്തില്‍നിന്ന് യൗവനത്തിലേക്കെത്തുമ്പോള്‍ പരസ്പരവിശ്വാസത്തിലധിഷ്ഠിതമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. അതിനവര്‍ക്ക് മാതാപിതാക്കളാണ് മാതൃകയാകേണ്ടത്.

വിവാഹംകഴിക്കുന്ന ഓരോ വ്യക്തിയും മക്കളുടെ വൈകാരികവും സാമൂഹികവുമായ വളര്‍ച്ച ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യകരമായ സംവാദങ്ങളിലൂടെ ആശയവിനിമയം നടത്തി കുട്ടികളുടെമുന്നില്‍ മാതൃക കാണിക്കുകയെന്നതാണ്. മാതാപിതാക്കള്‍ തമ്മിലുള്ള ഇടപെടല്‍ കണ്ട് കുട്ടികള്‍ ശീലിക്കുന്നത് ജീവിതത്തില്‍ സ്‌നേഹം സ്വീകരിക്കാനും കൊടുക്കാനുമുള്ള കലയാണ്. അച്ഛനമ്മമാര്‍ പരസ്പരം കരുതുന്നതും സ്‌നേഹിക്കുന്നതും ബഹുമാനിക്കുന്നതും കണ്ടുപഠിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ ആദരിക്കാനും സ്‌നേഹിക്കാനുമുള്ള പ്രവണതയുണ്ടാകും.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാനസികാരോഗ്യ വിദഗ്ധനാണ് ലേഖകന്‍)

Content Highlights: importance of issues and stress faced by children when parents opt for divorce