ഹൈപ്പോതൈറോയ്ഡിസം എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം? ആജീവനാന്തകാലം മരുന്ന് കഴിക്കണോ?

തൈറോയ്ഡിനെ ബാധിക്കുന്ന രോഗങ്ങള്‍ സാധാരണമാണ്. ഇവയ്ക്കുള്ള ചികിത്സ ഇപ്പോള്‍ വളരെ ഫലപ്രദമായിട്ടുണ്ട്. യഥാസമയം പരിശോധന നടത്തുകയും കൃത്യമായി മരുന്ന് കഴിക്കുകയും ചെയ്യുന്നതിലൂടെ നിയന്ത്രിക്കാവുന്നതേയുള്ളൂ.
തൈറോയ്ഡ് ഹോര്‍മോണ്‍ ശരിയായ അളവില്‍ നിലനിര്‍ത്തേണ്ടത് ശാരീരിക-മാനസിക ആരോഗ്യത്തിന് നിര്‍ണായകമാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂടിയാലും കുറഞ്ഞാലും അത് ശാരീരിക- മാനസിക പ്രവര്‍ത്തനങ്ങളെ ബാധിക്കും.
ഹൈപ്പോതൈറോയ്ഡിസം
തൈറോയ്ഡിനെ ബാധിക്കുന്ന അസുഖങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നതാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുകയും അതുമൂലം തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണിന്റെ അളവ് താഴുകയും ചെയ്യുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ ഇത് ഇടയാക്കും. പുരുഷന്‍മാരേക്കാള്‍ കൂടുതലായി സ്ത്രീകളില്‍ ഹൈപ്പോതൈറോയ്ഡിസം കാണുന്നു.
ഹൈപ്പോതൈറോയ്ഡിസത്തിന് തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകണമെന്നില്ല. ചെറിയ പ്രശ്‌നങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥി തന്നെ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് പ്രകടമായ ലക്ഷണങ്ങള്‍ ആരംഭത്തില്‍ കാണാത്തത്. എന്നാല്‍ ഹോര്‍മോണ്‍ ഉത്പാദനത്തില്‍ കാര്യമായ കുറവ് വരുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. രോഗം തിരിച്ചറിയാനും ചികിത്സിക്കാനും വൈകിയാല്‍ ഹൃദയം, ശ്വാസകോശം, മസ്തിഷ്‌കം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് ജീവന് തന്നെ ഭീഷണിയായേക്കാം.
കാരണങ്ങള്‍
ഹാഷിമോട്ടോസ് തൈറോഡൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ഇപ്പോള്‍ ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രധാന കാരണം. നേരത്തെ അയഡിന്റെ കുറവായിരുന്നു പ്രധാന പ്രശ്‌നം. ഇതുകൂടാതെ, ജന്‍മനാതന്നെ തൈറോയ്ഡ് എന്‍സൈമുകളുടെ കുറവുവരുന്ന അവസ്ഥ ചിലരില്‍ കണ്ടുവരുന്നുണ്ട്. ഇതും ഹൈപ്പോതൈറോയ്ഡിസത്തിന് കാരണമാകുന്നുണ്ട്.
തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാനുള്ള നിര്‍ദേശം തൈറോയ്ഡ് ഗ്രന്ഥിക്ക് ലഭിക്കുന്നത് പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ നിന്നാണ്. പിറ്റിയൂട്ടറിക്ക് ഉണ്ടാകുന്ന ചില തകരാറുകള്‍ തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍(ടി.എസ്.എച്ച്.) ഉത്പാദനത്തെ ബാധിക്കുകയും അത് ഹൈപ്പോതൈറോയ്ഡിസത്തിലേക്ക് നയിക്കുകയും ചെയ്യാം. ഇത് വളരെ അപൂര്‍വമായി മാത്രമേ കണ്ടുവരാറുള്ളൂ.
പ്രസവശേഷം ചിലരില്‍ ഹൈപ്പോതൈറോയ്ഡിസം കണ്ടുവരാറുണ്ട്. ഇതിനെ പോസ്റ്റ്പാര്‍ട്ടം തൈറോയ്‌ഡൈറ്റിസ് എന്നു പറയും. മിക്കവാറും ആളുകളില്‍ ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധാരണ നിലയിലേക്ക് എത്താറുണ്ട്.
ലക്ഷണങ്ങള്‍
ഹൈപ്പോതൈറോയ്ഡിസത്തിന് സാധാരണമായി കണ്ടുവരുന്ന സാധാരണമായി കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്.
- ഉന്‍മേഷമില്ലായ്മ, ക്ഷീണം
- അമിതമായ ഉറക്കം
- മലബന്ധം
- ആര്‍ത്തവസമയത്ത് അമിത രക്തസ്രാവം
- അമിതവണ്ണം
- മുടികൊഴിച്ചില്‍
- വന്ധ്യത
- ചര്‍മത്തിന് വരള്‍ച്ച
- വിഷാദം
കുട്ടികളില്‍ ഈ ലക്ഷണങ്ങളെല്ലാം ഉണ്ടാവണമെന്നില്ല. വളര്‍ച്ചക്കുറവ്, പഠനത്തില്‍ മോശമാവുക, വരണ്ട ചര്‍മം, മലബന്ധം എന്നിവയാണ് കുട്ടികളില്‍ കാണുന്ന പൊതുവായ ലക്ഷണങ്ങള്‍.
രോഗനിര്‍ണയം
ചിലരില്‍ ശാരീരികമായ ലക്ഷണങ്ങള്‍ തന്നെ ഹൈപ്പോതൈറോയ്ഡിസത്തിന്റെ സൂചന നല്‍കും. അല്ലെങ്കില്‍, രക്തപരിശോധനയിലൂടെ ഇത് കണ്ടെത്താന്‍ സാധിക്കും.
രക്തത്തിലെ ടി-4ന്റെയും ടി.എസ്.എച്ചിന്റെയും അളവാണ് വിലയിരുത്തുന്നത്. ഹൈപ്പോതൈറോയ്ഡിസമുള്ളവരില്‍ ടി.എസ്.എച്ച്. അളവ് കൂടുതലായിരിക്കും. അതേസമയം തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി 4 ഹോര്‍മോണിന്റെ അളവ് കുറവുമായിരിക്കും.
ഓട്ടോ ഇമ്മ്യൂണ്‍ രോഗം കാരണമാണോ ഹൈപ്പോതൈറോയ്ഡിസം ഉണ്ടായതെന്ന് വിലയിരുത്താന്‍ ആന്റിബോഡി ടെസ്റ്റ് സഹായിക്കും.
ഹാഷിമോട്ടോഴ്‌സ് തൈറോയ്‌ഡൈറ്റിസ്
ശരീരത്തില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറയാന്‍ ഇടയാക്കുന്ന രോഗാവസ്ഥയാണ് ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ്. ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രധാന കാരണമാണ് ഈ രോഗാവസ്ഥ. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളാണ് ഇതിന് ഇടയാക്കുന്നത്. തൈറോയ്ഡ് കോശങ്ങള്‍ക്കെതിരേ തന്നെ സ്വന്തം പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുക എന്ന പിശകാണ് ഇവിടെ സംഭവിക്കുന്നത്. ഇതോടെ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നു. മാത്രമല്ല തൈറോയ്ഡ് ഗ്രന്ഥി വലുതാവുന്ന ഗോയിറ്ററിനും കാരണമാകാം.
സബ് ക്ലിനിക്കല്‍ ഹൈപ്പോതൈറോയ്ഡിസം
ചില അവസരങ്ങളില്‍ രക്തത്തിലെ ടി 4 ന്റെ അളവ് നോര്‍മലായിരിക്കും. എന്നാല്‍ ടി.എസ്.എച്ചിന്റെ അളവ് കൂടുതലായിരിക്കും. ഈ അവസ്ഥയെയാണ് സബ് ക്ലിനിക്കല്‍ ഹൈപ്പോതൈറോയ്ഡിസം എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണ ഈ അവസ്ഥയില്‍ ചികിത്സ ആവശ്യമായി വരാറില്ല. എന്നാല്‍ ഗര്‍ഭിണികളില്‍ ഈ അവസ്ഥ ഉണ്ടെങ്കില്‍ ചികിത്സ ആവശ്യമാണ്. കാരണം ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കായി അമ്മയുടെ രക്തത്തില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് നോര്‍മല്‍ ആകേണ്ടത് അത്യാവശ്യമാണ്.
ചികിത്സ
ഹൈപ്പോതൈറോയ്ഡിസത്തിന്റെ ചികിത്സയ്ക്കായി നല്‍കുന്നത് തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നുതന്നെ ഉത്പാദിപ്പിക്കുന്ന ടി 4 അഥവാ തൈറോക്‌സിന്‍ തന്നെയാണ്. ശരിയായ അളവില്‍ കഴിച്ചാല്‍ പാര്‍ശ്വഫലങ്ങളൊന്നും ഇതുകൊണ്ട് ഉണ്ടാവാറില്ല. ശരീരത്തില്‍ സ്വാഭാവികമായി കൃത്യമായ അളവില്‍ ഉണ്ടാകേണ്ടിയിരുന്ന ഒരു ഹോര്‍മോണ്‍ ആ അളവില്‍ ഇല്ലാത്തതുകൊണ്ട് ഗുളിക രൂപത്തില്‍ നല്‍കുന്നു എന്നേയുള്ളൂ.
മരുന്നിന്റെ ഡോസ് നിര്‍ണയിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം എത്രമാത്രം കുറവാണ് എന്നതിന് അനുസരിച്ചാണ്. ഹൈപ്പോതൈറോയ്ഡിസം മിക്ക ആളുകളിലും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാറുണ്ട്. തൈറോക്‌സിന്‍ ഗുളികയും അതിനനുസരിച്ച് തുടരേണ്ടി വരും.
മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
- മരുന്ന് എല്ലാദിവസവും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ത്തന്നെ കഴിക്കണം.
- മരുന്ന് കഴിച്ചതിനുശേഷം ഒരു മണിക്കൂറെങ്കിലും കഴിയാതെ വെള്ളമൊഴികെ മറ്റൊന്നും കഴിക്കാന്‍ പാടില്ല.
- അയേണ്‍, കാത്സ്യം, വയറെരിച്ചിലിനുള്ള മരുന്നുകള്‍ തുടങ്ങിയവ കഴിക്കുന്നുണ്ടെങ്കില്‍ അവ ഉച്ചയ്‌ക്കോ വൈകുന്നേരമോ കഴിക്കുന്നതാണ് നല്ലത്.
- ആഹാരത്തില്‍ കാര്യമായ പഥ്യങ്ങള്‍ ഒന്നുമില്ലെങ്കിലും കാബേജ്, ബീറ്റ്‌റൂട്ട്, കോളിഫ്‌ളവര്‍, സോയ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
- ഒരുദിവസം മരുന്ന് കഴിക്കാന്‍ മറന്നുപോയെങ്കില്‍ ആ ഗുളിക അടുത്ത ദിവസം രാവിലെത്തന്നെ ഗുളികയുടെ കൂടെ കഴിക്കുക.
- ഗര്‍ഭിണികളില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ആവശ്യം കൂടുന്നതിനാല്‍ ഗര്‍ഭധാരണത്തിന് ശേഷം മരുന്നിന്റെ ഡോസ് കൂട്ടേണ്ടി വന്നേക്കാം.
- ചികിത്സ തുടങ്ങിയതിനുശേഷം ആദ്യമായി ആറാഴ്ച കഴിഞ്ഞാണ് രക്തത്തില്‍ ടി.എസ്.എച്ച്. പരിശോധന നടത്തേണ്ടത്.
- ടി.എസ്.എച്ചിന്റെ അളവനുസരിച്ചാണ് തുടര്‍ന്നുള്ള തൈറോക്‌സിന്‍ ഡോസ് നിശ്ചയിക്കുന്നത്. ടി.എസ്.എച്ച്. നോര്‍മലാവുകയും മരുന്നിന്റെ ഡോസ് വ്യത്യാസം വരുത്തേണ്ടിവരുകയും ചെയ്യുന്നില്ലെങ്കില്‍ മൂന്നു മുതല്‍ ആറുവരെ മാസത്തിലൊരിക്കല്‍ ടി.എസ്.എച്ച്. പരിശോധിച്ചാല്‍ മതിയാകും.
(തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ എന്‍ഡോക്രൈനോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Content Highlights: Hypothyroidism symptoms causes treatment
Content Highlights: