ചീത്തവാക്കുകൾ 'കൂൾ' ആകുമ്പോൾ; കൗമാരക്കാരുടെ മാറുന്ന ഭാഷയും മാതാപിതാക്കൾ അറിയേണ്ടതും

ചിന്തിക്കുന്നതിനും വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുമൊക്കെ സഹായിക്കുന്ന സങ്കീർണവും ശക്തവുമായ ഒരുപകരണമാണ് ഭാഷ. ഒരാളുടെ സംസ്കാരവും വ്യക്തിത്വവും വൈകാരികാവസ്ഥയുമൊക്കെ അയാളുപയോഗിക്കുന്ന ഭാഷ, പദപ്രയോഗങ്ങൾ, ശൈലി തുടങ്ങിയവയിലൂടെ പ്രതിഫലിക്കപ്പെടാറുണ്ട്.
ഇന്നത്തെ കുട്ടികളുടെയും കൗമാരക്കാരുടെയും സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഒരുപാട് പുതിയ വാക്കുകൾ കേൾക്കാൻ കഴിയും. മാതാപിതാക്കളോടും അധ്യാപകരോടും സുഹൃത്തുക്കളോടുമൊക്കെയുള്ള അവരുടെ ആശയവിനിമയത്തിൽ, ശൈലിയിൽ ഒക്കെ പല മാറ്റങ്ങളും വന്നിട്ടുമുണ്ട്. പഴയ തലമുറയെ അപേക്ഷിച്ച്, മുതിർന്നവരോട് കാര്യങ്ങൾ തുറന്നുപറയാനുള്ള ആത്മവിശ്വാസം, തമാശയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങി പല പോസിറ്റീവായ മാറ്റങ്ങളും കുട്ടികളുടെ ആശയവിനിമയത്തിൽ വന്നിട്ടുണ്ട്. എന്നാൽ അത്ര പോസിറ്റീവ് അല്ലാത്ത ഒരു മാറ്റമാണ് ദേഷ്യപ്പെടുമ്പോൾ മറ്റേയാളെ അപമാനിക്കുന്ന വാക്കുകൾ ഉപയോഗിക്കുന്നതിനും ചീത്ത പറയുന്നതിനുമൊക്കെ കുട്ടികൾക്ക് പൊതുവേ മടിയില്ലാതായിരിക്കുന്നു എന്നത്. പല ചീത്ത വാക്കുകളും ഇന്ന് കൗമാരക്കാർക്കിടയിൽ പൊതുസ്ഥലങ്ങളിൽവെച്ചുപോലും സാധാരണയായി ഉപയോഗിക്കുന്നവയായി മാറിയിരിക്കുന്നു. ഒരിക്കൽ 'ശരിയായ ഭാഷയിൽ' നിന്ന് വ്യത്യാസപ്പെട്ടതായി കണക്കാക്കിയിരുന്ന ചീത്ത വാക്കുകൾ ഇന്ന് സൗഹൃദസംഭാഷണങ്ങളിലും കളികളിലുംപോലും ഇടം പിടിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ സ്വാധീനം
മോശമായ പദപ്രയോഗങ്ങളും മറ്റൊരാളെ അപമാനിക്കുന്ന തരത്തിലുള്ള ചീത്തവാക്കുകളുമൊക്കെ തമാശ എന്ന തരത്തിലും സാധാരണയായ ഒരു കാര്യം എന്ന നിലയിലുമൊക്കെ ഉപയോഗിക്കുന്ന സിനിമകളും വെബ്സീരിസുകളും യൂട്യൂബ് ചാനലുകളും സാമൂഹിക മാധ്യമങ്ങളുമൊക്കെ ഇന്ന് കുട്ടികൾ നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെതന്നെ മറ്റൊരാളെ അപമാനിക്കാൻ കഴിയുമെന്നത് പലർക്കും ഇത്തരം വാക്കുകൾ പ്രയോഗിക്കാനുള്ള പ്രവണത കൂട്ടുന്നു. ചീത്ത വാക്കുകൾ സംസാരത്തിൽ ഉൾപ്പെടുത്തി പ്രശസ്തനായ ഒരു യൂട്യൂബറിന് ലക്ഷക്കണക്കിന് കുട്ടികളാണ് ആരാധകരായി ഉണ്ടായിരുന്നത്. സിനിമാതാരങ്ങളും ജനപ്രിതിനേടുന്ന കഥാപാത്രങ്ങളും ഇൻഫ്ലുവൻസേഴ്സുമൊക്കെ ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ കുട്ടികൾ അതിനെ വളരെ സാധാരണമായത് (നോർമൽ) അല്ലെങ്കിൽ കൂൾ എന്ന നിലയിൽ കാണാൻ തുടങ്ങും.
കൂട്ടുകൂടുമ്പോൾ സ്കൂളിലോ സുഹൃത്തുക്കളോടൊപ്പമോ കുട്ടികൾ ചീത്തവാക്കുകൾ ഉപയോഗിക്കുന്നത് പലപ്പോഴും കൂട്ടത്തിൽ ചേരാനോ, ഒറ്റപ്പെടാതിരിക്കാനോ, അല്ലെങ്കിൽ ധൈര്യശാലിയെന്ന് കാണിക്കാനോ വേണ്ടിത്തന്നെയാണ്. പൊതുവേ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പ്രായമാണ് കൗമാര കാലഘട്ടം. ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ സ്വന്തം സ്വാതന്ത്ര്യപ്രഖ്യാപനംകൂടിയാണ് പലപ്പോഴും അവർ നടത്തുന്നത്. പണ്ടത്തെകാലത്ത് ഇത് പൊതുസ്ഥലത്ത് മറ്റുള്ളവർ കേൾക്കേ പറയുന്നത് മോശമാണെന്നുള്ള ബോധംകൊണ്ടും ഭയം കൊണ്ടുമൊക്കെയാണ് പലപ്പോഴും ഇത്തരം വാക്കുകൾ സ്കൂൾ മതിലുകളിലും ചുവരുകളിലും എഴുതിവെച്ചുകൊണ്ട് സ്വാതന്ത്ര്യവും പ്രതിഷേധവും ധൈര്യവുമൊക്കെ അവർ പ്രകടിപ്പിച്ചിരുന്നത്.
ഒരു കുട്ടി ദുർവചനങ്ങൾ പറഞ്ഞാൽ കൂട്ടുകാർ ചിരിയിലൂടെയോ കൈയടിയിലൂടെയോ പ്രതികരിക്കുന്നുവെങ്കിൽ, അത് വീണ്ടും ആവർത്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കും. മാത്രമല്ല, ചീത്ത വാക്കുകൾ പറയുന്നത് സ്വന്തം ദേഷ്യവും അസഹിഷ്ണുതയുമൊക്കെ പ്രകടിപ്പിക്കാനും, മറ്റേയാളുടെ മേൽ ഒരു അധികാരം സ്ഥാപിക്കുകയോ, വിജയിക്കുകയോ ചെയ്യുന്നു എന്ന ഫീൽ ഉണ്ടാക്കാനും കുട്ടികൾക്കുള്ള എളുപ്പവഴിയായി മാറുന്നു.
കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിൽ ദേഷ്യപ്പെടുമ്പോൾ മാത്രമല്ല, സുഹൃത്തുക്കൾ തമ്മിൽ വളരെ സ്നേഹത്തോടെ തമ്മിൽ അഭിസംബോധന ചെയ്യുന്നതും മോശം വാക്കുകൾ ഉപയോഗിച്ചുകൊണ്ടാകാറുണ്ട്. സുഹൃദ്ബന്ധം അത്രമാത്രം ശക്തമാണെന്നതുകൊണ്ടാണ് അവരത് ഉപയോഗിക്കുന്നതെന്നാണ് കുട്ടികളുടെ വാദം. അതിനാൽ അടുപ്പം തോന്നിക്കാനും രണ്ടുപേർ തമ്മിൽ അത്രമാത്രം അടുപ്പമാണെന്ന് മറ്റുള്ളവരെ കാണിക്കാനുമൊക്കെ സ്കൂളിലും ബസ്സിലും പൊതുസ്ഥലങ്ങളിലുമൊക്കൈവച്ചുതന്നെ മോശം വാക്കുകൾ ഉപയോഗിക്കാൻ അവർ മടി കാണിക്കാറില്ല.
കുടുംബത്തിലെ അന്തരീക്ഷം
മാതാപിതാക്കൾ, സഹോദരങ്ങൾ, അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ പതിവായി ചീത്ത വാക്കുകൾ ഉപയോഗിക്കുന്നുവെങ്കിൽ, കുട്ടികൾ അത് അറിയാതെതന്നെ അനുകരിക്കും. മുതിർന്നവർ അത് തിരുത്താതിരിക്കുകയോ, വളരെ ലഘുവായി പ്രതികരിക്കുകയോ ചെയ്താൽ, അതൊക്കെ വലിയ കുഴപ്പമില്ല, 'സ്വീകരിക്കാവുന്ന കാര്യമാണ്' എന്ന ധാരണ അവരിൽ ഉണ്ടാക്കും.
മാറുന്ന അതിരുകൾ
പൊതുസ്ഥലങ്ങളിലും ടെലിവിഷനിലും പരസ്യങ്ങളിലും വരെ മോശം പദങ്ങൾ ഉപയോഗിക്കുന്നതിനോട് കൂടുതൽ സഹിഷ്ണുതയുള്ള സമീപനം സമൂഹത്തിൽ ഉണ്ടായിട്ടുള്ളതായി കാണാം. ഒരിക്കൽ 'അനുയോജ്യമല്ലാത്തത്' എന്നുകരുതിയിരുന്ന പല വാക്കുകളും ഇന്ന് തമാശകളിലും മീമുകളിലും സാധാരണ സംഭാഷണങ്ങളിലും ഇടംപിടിച്ചിരിക്കുകയാണ്. പലപ്പോഴും കുട്ടികൾക്ക് ആ വാക്കിന്റെ 'അപമാനകരമായ' അർഥം ബോധ്യമല്ല എന്നതും വസ്തുതയാണ്.
ഒരു വാക്ക് പല ആവർത്തി കേൾക്കുമ്പോൾ അല്ലെങ്കിൽ ഉപയോഗം ആവർത്തിക്കുമ്പോൾ വാക്കിന്റെ നെഗറ്റീവ് മൂല്യം കുറഞ്ഞ് തമാശയായി മാറുന്നു എന്നതാണ് സംഭവിക്കുന്നത്.
എന്തുകൊണ്ട് പാടില്ല?
എത്ര സ്നേഹത്തോടെ ഉപയോഗിച്ചാലും ഇത്തരം വാക്കുകൾ അധിക്ഷേപകരമാണ്. ഒരേ വാക്ക് സ്കൂളിൽ, വീട്ടിൽ, പൊതു ഇടങ്ങളിൽ പറഞ്ഞാൽ വ്യത്യസ്ത ഫലങ്ങളാവും ഉണ്ടാവുക. ഇത്തരം പദപ്രയോഗങ്ങൾ ചിലപ്പോൾ സംഘർഷമോ, അപമാനമോ ഉണ്ടാക്കാനും ശിക്ഷ ലഭിക്കാനുമൊക്കെ കാരണമാകുന്നവയാകാം.
കുട്ടികൾക്ക് എപ്പോൾഎവിടെആർക്കൊപ്പം സംസാരിക്കുമ്പോൾ ഏത് വാക്കുകൾ അനുയോജ്യമാണെന്ന് തിരിച്ചറിയാനുള്ള കഴിവ് നഷ്ടമാകാം. അതിനാൽ, സുഹൃദ്ബന്ധത്തിൽ കളിയാക്കിപ്പറയുന്നത് വലിയ പ്രശ്നമായി തോന്നിയില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യകരമായ ഭാഷാസംസ്കാരം വളർത്താൻ അത് സഹായിക്കുന്നില്ല.
അധിക്ഷേപകരമായ വാക്കുകൾ കേൾക്കുന്നവർക്ക് മാത്രമല്ല മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്, അത് പറയുന്നവരിലും സമ്മർദം ഉണ്ടാക്കുകയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്.
എങ്ങനെ പരിഹരിക്കാം ?
പരസ്പരം മാന്യമായും പോസിറ്റീവായും ആശയവിനിമയം നടത്തുമ്പോൾ, അത് വിശ്വാസവും പരസ്പര മനസ്സിലാക്കലും വളർത്താൻ സഹായിക്കുന്നു എന്നത് കുട്ടികളെ ബോധ്യപ്പെടുത്തണം. ഇതിലൂടെ വ്യക്തിപരവും പ്രൊഫഷണലുമായ ജീവിതത്തിൽ മികച്ച ഫലങ്ങൾ നേടാൻ കഴിയും.
കുട്ടികൾക്ക് പലപ്പോഴും കോപം, നിരാശ, ആവേശം എന്നിവ പ്രകടിപ്പിക്കാൻ ആവശ്യമായ ഭാഷാസമ്പത്ത് കുറവായിരിക്കും. ദുർവചനങ്ങൾ അവരുടെ 'വികാരങ്ങളുടെ ഷോർട്ട്കട്ട്' ആയി മാറുന്നു. അതിനാൽ ദേഷ്യവും സങ്കടവും അസ്വസ്ഥതയുമൊക്കെ പ്രകടിപ്പിക്കാനുള്ള സുരക്ഷിതമായ വാക്കുകൾ കുട്ടികളെ പഠിപ്പിക്കണം.
ചീത്ത വാക്കുകൾ ഉപയോഗിച്ചു എന്നതുകൊണ്ട് മാത്രം ആ കുട്ടി മൊത്തത്തിൽ ഒരു മോശം വ്യക്തി ആകുന്നില്ല എന്നത് അധ്യാപകരും മാതാപിതാക്കളും മനസ്സിലാക്കുക. അതിന്റെ പ്രശ്നങ്ങളെക്കുറിച്ച് അവരുമായി സംസാരിച്ച് ബോധ്യപ്പെടുത്തുക. തിരുത്താനുള്ള സാവകാശവും പ്രോത്സാഹനവും നൽകുക.
ബന്ധങ്ങൾ ശക്തമാക്കേണ്ടത് മറ്റേയാളെ ബഹുമാനിച്ചുകൊണ്ടുള്ള ആശയവിനിമയത്തിലൂടെയാണ്. സ്നേഹംകൊണ്ട് വിളിച്ചാലും ചീത്ത വാക്കുകൾ മറ്റേയാളെ അവഹേളിക്കുന്നത് തന്നെയാണ് എന്ന് മനസ്സിലാക്കുക.
അവനവന്റെ വ്യക്തിത്വവും സംസ്കാരവുമാണ് ആശയവിനിമയ രീതിയിലൂടെ മറ്റുള്ളവരുടെ മുന്നിൽ തുറന്നുകാട്ടപ്പെടുന്നത് എന്ന ബോധ്യം ഉണ്ടായിരിക്കുക.
(കൺസൾട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)
Content Highlights: A consultant psychologist explains how social media, peer pressure, and home environments normalize abusive language among children and teenagers, offering empathetic, practical strategies for parents to foster respectful communication.