ഉച്ചഭക്ഷണം വൈകാറുണ്ടോ? അസിഡിറ്റിയും ഗ്യാസും ഇല്ലാതാക്കാൻ എളുപ്പവഴികൾ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആരോ​ഗ്യകരമായ ശരീരത്തിന് ഭക്ഷണവും കൃത്യസമയത്ത് കഴിക്കേണ്ടതുണ്ട്. പലരും ഉച്ചഭക്ഷണം കഴിക്കൽ വൈകുകയോ അല്ലെങ്കിൽ പൂർണമായും ഒഴിവാക്കുകയോ ചെയ്യാറുണ്ട്. ഇത് പിന്നീട് അസിഡിറ്റി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്കും നയിക്കും. ഉച്ചഭക്ഷണം കഴിക്കുന്നത് വൈകുന്നതുമൂലമുള്ള അസിഡിറ്റി പ്രശ്നം ഒഴിവാക്കേണ്ട വിധം പങ്കുവെക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ. 

ഉച്ചഭക്ഷണം വൈകിക്കഴിക്കുന്നതിന് അനുസരിച്ച് അസിഡിറ്റി നില കൂടുകയും ദഹനക്കുറവ് സംഭവിക്കുകയുമൊക്കെ ചെയ്യും. ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം പകൽ പതിനൊന്നുമണിമുതൽ ഉച്ച ഒരുമണിവരെയാണെന്നും റുജുത പറയുന്നുണ്ട്. 

ഉച്ചഭക്ഷണം വൈകുന്നതുമൂലം ഉണ്ടാകുന്ന അസിഡിറ്റിയും ​ഗ്യാസും തലവേദനയും അകറ്റാനുള്ള മൂന്ന് എളുപ്പവഴികളെക്കുറിച്ചാണ് റുജുത പങ്കുവെച്ചിരിക്കുന്നത് 

ആദ്യത്തേത് വെള്ളം കുടിക്കുക എന്നതാണ്. പതിയെ വെള്ളം സിപ് ചെയ്തുകുടിക്കണമെന്നാണ് റുജുത പറയുന്നത്. വെള്ളം അസിഡിറ്റിയുടെ പ്രശ്നം കുറയ്ക്കുന്നതിനൊപ്പം ​ഗ്യാസ് രൂപപ്പെടുന്നത് തടയുകയും ചെയ്യും. ഇതുവഴി വൈകി ഉച്ചഭക്ഷണം കഴിച്ചാലുണ്ടാകുന്ന ​ഗ്യാസ് സംബന്ധമായ തലവേദന ഇല്ലാതാക്കാമെന്നും റുജുത പറയുന്നു. 

പൾപ്പ് അടങ്ങിയ പഴങ്ങൾ കഴിക്കുക എന്നതാണ് മറ്റൊന്ന്. വാഴപ്പഴമോ, സീതപ്പഴമോ, സപ്പോട്ടയോ കഴിക്കാം. ഉച്ചഭക്ഷണം കഴിക്കാൻ വൈകിയാൽ 11 മുതൽ 1 വരെയുള്ള സമയത്ത് ഇവയിലേതെങ്കിലും കഴിക്കണമെന്നാണ് റുജുത പറയുന്നത്. ഇവ അസിഡിറ്റി പ്രശ്നങ്ങൾ കുറയ്ക്കുകയും ദഹനപ്രക്രിയ സു​ഗമമാക്കുകയും ചെയ്യുമെന്നും റുജുത പറയുന്നു. ഇനി ഈ പഴങ്ങൾ ലഭ്യമല്ലെങ്കിൽ ഈന്തപ്പഴം കഴിക്കുന്നതും ​ഗുണം ചെയ്യുമെന്ന് റുജുത പറയുന്നു. 

ഉച്ചഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും റുജുത പറയുന്നുണ്ട്. ഭക്ഷണ അവസാനിപ്പിക്കുന്നത് നെയ്യിനൊപ്പമോ ശർക്കരയ്ക്കൊപ്പമോ ആക്കുന്നതും അസിഡിറ്റിയും തലവേദനയും ഇല്ലാതാക്കുമെന്നും റുജുത പറയുന്നു. 

എന്താണ് അസിഡിറ്റിയെന്നും അതിലേക്ക് നയിക്കുന്ന കാരണങ്ങളും മറ്റുചിലപരിഹാരങ്ങളും പരിശോധിക്കാം.

ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് കാന്‍സറും ആയി മാറാന്‍ സാധ്യതയുളളതിനാല്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് അസിഡിറ്റി. 

ഉദരഗ്രന്ഥികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാനായി ശരീരം മിതമായ തോതില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്.

ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തോ ദുര്‍ബലതയുണ്ടാകുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങള്‍, അന്നനാളത്തിലേക്കരിച്ചുകയറുമ്പോള്‍ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്. 

അള്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹനവ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്. അതിനാല്‍ത്തന്നെ അള്‍സറിന്റെ ചികിത്സയില്‍ ഏത് ചികിത്സാരീതിയായാലും അസിഡിറ്റിയുടെ തോത് കുറയ്ക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നു.

എന്നാല്‍ ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങളും മാനസിക സംഘര്‍ഷവും പുകവലി മദ്യപാനം എന്നിവയും ആസിഡിന്റെ ഉത്പാദന തോതിന് വ്യതിയാനം ഉണ്ടാകാന്‍ കാരണമാവുകയും ഇതിനെ തുടര്‍ന്ന് അസിഡിറ്റിയുണ്ടാവുകയും ചെയ്യുന്നു. 

അസിഡിറ്റി വരാതിരിക്കാന്‍

  • എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസിഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക.
  • എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കി ഇടയ്ക്കിടയ്ക്ക് ഫ്രൂട്ട്സ് കഴിക്കാം. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുകയും വേണം.
  • അമ്ലത്വം കൂടിയ ചെറുനാരങ്ങ, ഓറഞ്ച് എന്നിവ ഒഴിവാക്കുക.
  • ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ആഹാരം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കാം.
  • ഭക്ഷണം സാവധാനം കഴിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാല്‍ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാന്‍ കാരണമാവുകയും ചെയ്യും.
  • ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും. അതുകൊണ്ട് അത്താഴത്തിന് ശേഷം അല്പം നടക്കാം. അതിനുശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉറക്കം ചിട്ടപ്പെടുത്താം.
  • അമിതമായ വണ്ണവും അസിഡിറ്റിയ്ക്ക് ഒരുകാരണമാണ്. അതിനാല്‍ തന്നെ ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനോടൊപ്പം വ്യായാമം പരിശീലിക്കുന്നതും അസിഡിറ്റി തടയാന്‍ സഹായിക്കും.
  • ചായയും കാപ്പിയും ലഹരി ഉത്പന്നങ്ങളും ഒഴിവാക്കുക.
  • ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.

അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍

എള്ളെണ്ണ, സൂര്യകാന്തി എണ്ണ, ബാര്‍ളി, ചോളം, പച്ചക്കായ, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബ്രെഡ്ഡ്, കേക്ക്, ചിക്കന്‍, ചോക്ക്ലേറ്റ്, കാപ്പി, മുട്ട, ആട്ടിറച്ചി, ഗ്രീന്‍പീസ്, സോയാബീന്‍, ഓട്ട്സ്, അരിയാഹാരം, ആല്‍മണ്ട് ഒഴികെയുള്ള പരിപ്പുവര്‍ഗം, പഞ്ചസാര, കടല്‍മത്സ്യം, ചായ, പാല്‍, വെണ്ണ മുതലായ പാല്‍ ഉത്പന്നങ്ങള്‍, മത്സ്യം, ബീഫ്, പോര്‍ക്ക്, മുയലിറച്ചി, ട്യൂണ, അണ്ടിപ്പരിപ്പ്, ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍, സ്പിരിറ്റുകള്‍, വൈന്‍ ഇവകള്‍, നൂഡില്‍സ്, സോഫ്റ്റ് ഡ്രിങ്കുകള്‍, രാസൗഷധങ്ങള്‍, കൃത്രിമ പഞ്ചസാരയായി ഉപയോഗിക്കുന്ന ന്യൂട്രാസ്വീറ്റ് മുതലായവ ഒഴിവാക്കുക.

Content Highlights: how to avoid acidity and gas caused by late lunch