ഹെമറോയ്ഡ്; ലക്ഷണങ്ങളെ അവഗണിക്കരുത്, സമയോചിതമായി വിദഗ്ധരുടെ സഹായം തേടാം

#ഡോ. മുഹമ്മദ് സാദത്ത് അലി
പ്രതീകാത്മകചിത്രം | ഫോട്ടോ: Canva
പ്രതീകാത്മകചിത്രം | ഫോട്ടോ: Canva

ഹെമറോയ്ഡ്, അല്ലെങ്കിൽ “പൈൽസ്” എന്നറിയപ്പെടുന്ന രോഗാവസ്ഥ, മലാശയത്തെ രക്തക്കുഴലുകൾ വീർക്കുകയും അതെ തുടർന്ന് വേദന, രക്തസ്രാവം, അസ്വസ്ഥത എന്നിവ ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ്. പലരും തുറന്നു പറയാൻ മടിക്കുന്നതിനാലും, നിസ്സാരവത്കരിക്കുന്നതിനാലും രോഗം വഷളാകുന്നത് വരെ ചികിത്സ വൈകുന്നു.

ലക്ഷണങ്ങൾ:

  • മലവിസർജ്ജന സമയത്ത് രക്തസ്രാവം — പലപ്പോഴും ആദ്യഘട്ടത്തിൽ ചെറിയ തോതിൽ, പിന്നീട് സ്ഥിരമാകുന്നു.
  • താഴ്ഭാഗത്ത് വേദനയും അസ്വസ്ഥതയും.
  • ഇരിക്കുമ്പോൾ അസ്വസ്ഥത, ജോലിയെയും ജീവിതത്തെയും ബാധിക്കുന്നു.

ചില സമയത്ത് പുറത്തേക്ക് വീർത്ത് തള്ളിവരുന്ന ഭാഗം (external piles) കാണുന്നത് രോഗിയെ മാനസികമായി കൂടി ബാധിക്കുന്നു.

ഹെമറോയ്ഡിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ

  • ദീർഘകാലമായുള്ള മലബന്ധം, മലവിസർജ്ജന സമയത്ത് അമിത സമ്മർദ്ദം.
  • ഗർഭകാലത്ത് വയറിനുള്ളിൽ സമ്മർദ്ദം വർധിക്കുന്നത്.
  • അമിതവണ്ണം, ഇരുത്തം അധികമായുള്ള ജീവിതശൈലി.
  • ഫൈബർ കുറവുള്ള ഭക്ഷണക്രമം, വെള്ളം കുടി കുറയുന്നത്. ജങ്ക് ഭക്ഷണങ്ങൾ കഴിക്കുന്നത്.

    ചികിത്സയും പരിഹാരവും

ആദ്യഘട്ടങ്ങളിൽ ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് തന്നെ രോഗം നിയന്ത്രിക്കാം.

  • ഫൈബർ സമൃദ്ധമായ ഭക്ഷണം:പച്ചക്കറി, പഴങ്ങൾ, മുഴുവൻ ധാന്യങ്ങൾ.
  • മതിയായ വെള്ളം കുടിക്കൽ.
  • സ്ഥിരമായ വ്യായാമം, ഇരുന്നുകൊണ്ടുള്ള ജീവിതശൈലി ഒഴിവാക്കൽ.
  • മലവിസർജ്ജന സമയത്ത് അമിത സമ്മർദ്ദം ഒഴിവാക്കുക.
  • ഒരുപാട് നേരം ടോയ്‌ലെറ്റിൽ ഇരിക്കാതിരിക്കുക.

ലക്ഷണങ്ങൾ ഗുരുതരമാകുമ്പോൾ, മരുന്നുകളും ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം.

ഹെമറോയ്ഡ് ഒരു “ലജ്ജ” കൊണ്ട് പൊതിഞ്ഞു വയ്ക്കേണ്ട ഒരു അവസ്ഥയല്ല, മറിച്ച് സാധാരണവും ചികിത്സിച്ചു മാറ്റാവുന്നതുമായ ഒരു രോഗാവസ്ഥയാണ്. ഓർക്കുക, സമയോചിതമായി വിദഗ്ധരുടെ സഹായം തേടുന്നത് രോഗം വഷളാകുന്നത് തടയും.

രോഗം വരാതിരിക്കാൻ കരുതൽ സ്വീകരിക്കുക, രോഗം വന്നാൽ അത് എത്രയും പെട്ടെന്ന് ചികിത്സ ഭേദമാക്കാനും മടിക്കരുത്.

(തലശ്ശേരി മിഷൻ ഹോസ്പിറ്റൽ കൺസൾട്ടന്റ് - ജനറൽ സർജനാണ് ലേഖകൻ)

Content Highlights: Dr. Mohammed Sadath Ali explains that Hemorrhoids (piles) is a treatable medical condition caused by swollen rectal veins, which can be managed through high-fiber diets, hydration, and timely medical intervention rather than being ignored due to social stigma.