എസ്എസ്എല്‍സിക്ക് ആറാം റാങ്ക്, 26 കോടിയുടെ മോഷണമുതലുകള്‍ കണ്ടെത്തി;അര്‍ബുദത്തെ അതിജീവിച്ച അയേണ്‍മാന്‍

#അനീഷ് പാതിരിയാട്‌
അയേണ്‍മാന്‍ പട്ടം നേടിയപ്പോള്‍ നിധിന്‍ വത്സനെ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള അനുമോദിക്കുന്നു | Photo: Special Arrangement
അയേണ്‍മാന്‍ പട്ടം നേടിയപ്പോള്‍ നിധിന്‍ വത്സനെ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള അനുമോദിക്കുന്നു | Photo: Special Arrangement

കടലില്‍ 1.9 കിലോമീറ്റര്‍ നീന്തല്‍, 90 കിലോമീറ്റര്‍ സൈക്ലിങ്, 21.1 കിലോമീറ്റര്‍ ഓട്ടം. ഇതെല്ലാം പൂര്‍ത്തിയാക്കാനെടുത്തത് എട്ടുമണിക്കൂര്‍ മൂന്നുമിനിറ്റ് 53 സെക്കന്‍ഡ്. ഗോവ ട്രയാത്ത്ലോണില്‍ അയേണ്‍മാനായ നിധിന്‍ വത്സന്‍ ഈ നേട്ടത്തിെേലക്കത്തിയത് രക്താര്‍ബുദത്തെ അതിജീവിച്ച്. നോര്‍ത്ത് ഗോവ പോലീസ് സൂപ്രണ്ടും ക്രൈംബ്രാഞ്ച് എസ്.പി.യുമാണ് തലശ്ശേരി കോടിയേരി ശ്രീവത്സത്തില്‍ നിധിന്‍ വത്സന്‍.

2022-ല്‍ ഗോവയില്‍ ട്രയാത്ത്ലോണില്‍ പങ്കെടുത്തത് 1450 പേര്‍. നിധിനുള്‍പ്പെടെ 800 പേര്‍ മത്സരം പൂര്‍ത്തിയാക്കി അയേണ്‍മാന്‍ പട്ടത്തിനര്‍ഹരായി. മൂന്നു വര്‍ഷം മുമ്പ് പിടികൂടിയ രക്താര്‍ബുദത്തിനുള്ള ചികിത്സയ്ക്കുശേഷമാണ് ട്രയാത്ത്ലോണിലേക്ക് നിധിന്‍ എത്തിയത്.

ഗോവയില്‍ ക്രൈംബ്രാഞ്ച് സൂപ്രണ്ടായിരിക്കെ 2020-ലാണ് അസുഖലക്ഷണം തുടങ്ങിയത്. അര്‍ബുദം നാലാമത്തെ ഘട്ടത്തിലെത്തിയിരുന്നു. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലായിരുന്നു ചികിത്സ. സര്‍ക്കാര്‍ ആശുപത്രി മതിയെന്നത് നിധിന്റെ തീരുമാനമായിരുന്നു.

ഡോ. ചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ നടന്ന ചികിത്സയില്‍ 2021 നവംബറില്‍ അസുഖം ഭേദമായി. 2022 ഫെബ്രുവരിയില്‍ അയേണ്‍മാന്‍ പട്ടത്തിനുള്ള പരിശീലനം തുടങ്ങി. പുലര്‍ച്ചെ നാലിന് എഴുന്നേറ്റ് നാലുമണിക്കൂര്‍ പരിശീലനം. അങ്ങനെ നവംബറില്‍ നടന്ന മത്സരത്തില്‍ വിജയിയായി.

എസ്.എസ്.എല്‍.സി.ക്ക് സംസ്ഥാനത്ത് ആറാം റാങ്കുകാരനായിരുന്നു നിധിന്‍. ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷനില്‍ എന്‍ജിനിയറിങ് ബിരുദമെടുത്ത് വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്തശേഷം സിവില്‍ സര്‍വീസിലേക്ക്. 2012 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായി. ഡല്‍ഹി എ.സി.പി.യും ഡെപ്യൂട്ടി കമ്മിഷണറുമായി പ്രവര്‍ത്തിച്ചശേഷം മൂന്നുവര്‍ഷം ലക്ഷദ്വീപില്‍. അതിനുശേഷമാണ് ഗോവയിലെത്തിയത്.

ഡല്‍ഹിയില്‍ എ.സി.പി.യായിരിക്കെ 26.14 കോടിരൂപയുടെ മോഷണ മുതലുകള്‍ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് അന്വേഷിച്ചുകണ്ടെത്തി ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി. അയേണ്‍മാന്‍ പട്ടത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ അനുമോദിച്ചു.

ഈങ്ങയില്‍പ്പീടിക ശ്രീവത്സത്തില്‍ റിട്ട. ബി.എസ്.എന്‍.എല്‍. സബ്ഡിവിഷണല്‍ എന്‍ജിനിയര്‍ സി.പി. വത്സന്റെയും റിട്ട. ഡെപ്യൂട്ടി കളക്ടര്‍ യു. ചന്ദ്രിയുടെയും മകനാണ്. ഭാര്യ: രമ്യ വേണുഗോപാല്‍ (എന്‍ജിനിയര്‍, ഐകോര്‍). മക്കള്‍: ഇഷാന്‍, നിയതി (വിദ്യാര്‍ഥികള്‍).

Content Highlights: goa police superintendent nidhin valsan ips lifestory