ആരോഗ്യരംഗത്തെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ബ്രിട്ടന്റെ പരമോന്നത ബഹുമതി; യു.കെ.യിലെ മലയാളി മാലാഖ

#വിഷ്ണു കെ. ബാലസുബ്രഹ്മണ്യൻ
ഡോ. അജിമോൾ പ്രദീപ്
ഡോ. അജിമോൾ പ്രദീപ്

യു.കെ.യിൽ ആരോഗ്യരംഗത്ത് ഒട്ടേറെ സാമൂഹികപ്രവർത്തനങ്ങൾ ചെയ്ത് ബ്രിട്ടന്റെ പരമോന്നത ബഹുമതികളിലൊന്നായ ബ്രിട്ടീഷ് എംപയർ മെഡലും ആസ്റ്ററിന്റെ ഗ്ലോബൽ നഴ്സിങ് അവാർഡും നേടിയ യു.കെ. കിങ്സ് കോളേജ് ഹോസ്പിറ്റലിൽ നഴ്സായ കോട്ടയം സ്വദേസിനി ഡോ. അജിമോൾ പ്രദീപ് മാതൃഭൂമിയുമായി സംസാരിക്കുന്നു.

യു.കെ.യിലെ ദക്ഷിണേഷ്യൻ രോഗികളും അവയവദാനവും

ദക്ഷിണേഷ്യൻ വംശജരായ രോഗികൾ യു.കെ.യിൽ അവയവങ്ങൾ ലഭിക്കാതെ ദീർഘകാലം കാത്തിരുന്ന് മരണപ്പെടുന്നത് ശ്രദ്ധയിൽപ്പെടുന്നത് മൂന്ന് വർഷമായി അവയവത്തിനായി കാത്തിരിക്കുന്ന ഒരു ഏഷ്യൻ രോഗിയിലൂടെയാണ്. യു.കെ. നാഷണൽ ഹെൽത്ത് സർവീസിൽ പുറംരാജ്യങ്ങളിലെ രോഗികളോട് വിവേചനമില്ലെന്ന കാര്യം ജനങ്ങൾക്ക് അറിയില്ലെന്ന് മനസ്സിലായി. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ തീരുമാനിച്ചു.

അവയവദാനവും സ്റ്റെം സെൽ ദാനവും നടപ്പാക്കാൻ ’ഉപഹാർ’

അവയവദാനത്തിൽ ഡോക്ടറേറ്റ് ചെയ്യുമ്പോൾ കുട്ടികളിലെ ബ്ലഡ് കാൻസർ വഴി, സ്റ്റെം സെൽ മാറ്റിവെക്കൽ നടക്കാതെ നിരവധി രോഗികൾ മരിക്കുന്നുണ്ടെന്ന് അറിഞ്ഞു. തുടർന്നാണ് അവയവദാനവും സ്റ്റെം സെൽ ദാനവും നടപ്പിലാക്കാൻ 5 ട്രസ്റ്റികൾ ചേർന്ന് ’ഉപഹാർ’ എന്ന ചാരിറ്റി സംഘടന രൂപവത്‌കരിച്ചത്. തുടക്കത്തിൽ 10 വൊളന്റിയർമാരായിരുന്നത് ഇപ്പോൾ 100-ൽ പരം വൊളന്റിയർമാരായി. യാതൊരു ഓഫീസുകളുമില്ലാതെയാണ് ചാരിറ്റിയുടെ പ്രവർത്തനം.

ചട്ടം മാറ്റിയെഴുതി, 50-ഓളം രാജ്യങ്ങളിലെ 20,000 നഴ്‌സുമാർക്ക് രജിസ്‌ട്രേഷൻ

2001-ൽ യു.കെ.യിൽ എത്തുമ്പോൾ 3 മുതൽ 6 മാസം വരെയുള്ള അഡാപ്‌റ്റേഷൻ പ്രോഗ്രാം വഴി യു.കെ. നഴ്‌സിങ് രജിസ്‌ട്രേഷൻ ലഭിക്കുമായിരുന്നു. 2005-ഓടെ നിയമം മാറി.

കോവിഡ് കാലത്ത് 15 വർഷം യു.കെ.യിൽ ഐ.സി.യു. എക്സ്പീരിയൻസോടെ ജോലിചെയ്തിട്ടും രജിസ്റ്റേഡ്‌ നഴ്‌സ് ആകാൻ കഴിയാത്ത മലയാളി നഴ്‌സിന്റെ അവസ്ഥ അറിഞ്ഞു. മൂന്നുവർഷത്തെ കാംപെയ്‌നിലൂടെയും വിവിധ കൗൺസിൽ മീറ്റിങ്ങുകളിലൂടെയും നാഷണൽ ഹെൽത്ത് ഓർഗനൈസേഷൻ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ 2023-ൽ പോളിസി മാറ്റിയെഴുതി. ഇംഗ്ലീഷ് പരീക്ഷാ നിയമത്തിൽ മാറ്റംകൊണ്ടുവന്നതോടെ 50-ഓളം രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 20,000 നഴ്‌സുമാർക്ക് യു.കെ. പിൻ നമ്പറും രജിസ്‌ട്രേഷനും ലഭിച്ചു.

ബ്രിട്ടീഷ് എംപയർ മെഡൽ

ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ ’ബ്രിട്ടീഷ് എംപയർ മെഡൽ’ നൽകാൻ ആരാണ് നോമിനേറ്റ് ചെയ്തതെന്ന് ഇപ്പോഴും അറിയില്ല. സാമൂഹിക സേവനം കണ്ട് ആരോ നോമിനേറ്റ് ചെയ്തതാണ്. ഒരു സാധാരണക്കാരിക്ക് ഇത്തരമൊരു വലിയ ബഹുമതി ലഭിച്ചത് ദൈവാനുഗ്രഹമായി കാണുന്നു.

ഗ്ലോബൽ നഴ്‌സിങ്‌ അവാർഡ്, പുതിയ പദ്ധതികൾ, എ.ഐ., നഴ്‌സിങ് മേഖലയ്ക്കുള്ള സന്ദേശം

അവാർഡിനെ ആഗോളതലത്തിൽ നഴ്‌സിങ്‌ മേഖലയ്ക്ക് ലഭിച്ച വലിയൊരു അംഗീകാരമായി കാണുന്നു. എൻ.എച്ച്.എസ്. ബ്ലഡ് ആൻഡ്‌ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ കോമൺവെൽത്ത് പ്രോഗ്രാമുമായി ചേർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വരരാജ്യങ്ങളിൽ അവയവദാന സംവിധാനം കൊണ്ടുവരാൻ ആഗ്രഹമുണ്ട്.

എ.ഐ.യും സാങ്കേതികവിദ്യയും എത്ര വളർന്നാലും നഴ്‌സിങ്ങിൽ ആത്മാർഥമായ താത്‌പര്യവും സ്നേഹവും കരുണയും അത്യാവശ്യമാണ്. മനസ്സിന് അനുയോജ്യമായ ’ട്രൂ കോളിങ്‌’ ഉണ്ടെങ്കിൽ മാത്രമേ നഴ്‌സിങ്‌ തിരഞ്ഞെടുക്കാവൂ എന്നാണ് പുതിയ തലമുറയിൽ നഴ്‌സിങ് തിരഞ്ഞെടുക്കുന്നവരോട് പറയാനുള്ളത്

Content Highlights: Dr. Ajimol Pradeep, a UK nurse, shares insights on healthcare challenges and her journey to winning the Global Nursing Award and British Empire Medal.