വെറും നെഞ്ചെരിച്ചിൽ മാത്രമല്ല GERD, ചികിത്സിക്കാതിരുന്നാൽ ബാരറ്റ്സ് ഈസോഫാഗസിനും കാൻസറിനും കാരണമാകാം

#ഡോ. സുനിൽ കെ മത്തായി
Representative Image| Photo: Canva.com
Representative Image| Photo: Canva.com

നെഞ്ചെരിച്ചിൽ പൊതുവായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. പലരും അതിനെ നിസ്സാരമായി കാണാറാണ് പതിവ്. താൽകാലിക പരിഹാരങ്ങൾ തേടി, അവഗണിക്കും. എന്നാൽ തുട‍ർച്ചയായി ഗ്യാസ്ട്രിക് പ്രശ്നങ്ങൾ കാണിക്കുന്നുവെങ്കിൽ അതത്ര നിസ്സാരമായി തള്ളിക്കളയാനാകില്ല.

സ്ഥിരമായുള്ള നെഞ്ചെരിച്ചിലും അസിഡിറ്റിയും ഒരുപക്ഷേ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് രോഗത്തിന്റെ ലക്ഷണമാകാം. ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട രോഗമാണ് ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് (GERD). ആമാശയത്തിലെ ആസിഡ് അഥവാ പിത്തരസം അന്നനാളത്തിലേക്ക് തിരികെ ഒഴുകുമ്പോഴാണ് ഈ അവസ്ഥ രൂപപ്പെടുന്നത്. ഇങ്ങനെ തിരികെ ഒഴുകുന്ന ആസിഡ് അന്നനാളത്തിലെ പാളിയെ പ്രകോപിപ്പിക്കും. ഇടയ്ക്കിടെയുള്ള നെഞ്ചെരിച്ചിൽ പലർക്കും അനുഭവപ്പെടാറുണ്ടെങ്കിലും, ഇത് തുടർച്ചയായി സംഭവിക്കുകയും, അന്നനാളത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുകയാണെങ്കിൽ, ജിഇആർഡി ആണെന്ന് അനുമാനിക്കാം. നെഞ്ചെരിച്ചിൽ, പുളിച്ച ഭക്ഷണം അല്ലെങ്കിൽ ദ്രാവകം തികട്ടി വരിക, ഭക്ഷണം വിഴുങ്ങാൻ പ്രയാസം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. തുടർച്ചയായ വീക്കം, അൾസർ, രക്തസ്രാവം എന്നിവ അന്നനാളത്തിൽ ഉണ്ടാകും. ഉറക്കമില്ലായ്മ ,ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയിലേക്കും ഈ രോഗാവസ്ഥ നയിച്ചേക്കും.

ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും, കൃത്യമായ ചികിത്സയിലൂടെയും, ജിഇആർഡിയെ നിയന്ത്രിക്കാനാകും. എന്നാൽ, ദീർഘകാലം ചികിത്സിക്കാതിരിക്കുകയും, രോഗലക്ഷണങ്ങളെ അവഗണിക്കുകയും ചെയ്താൽ, അവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ആമാശയത്തിലെ ആസിഡിൽ നിന്നുള്ള നിരന്തരമായ പ്രകോപനം അന്നനാളത്തിന്റെ വീക്കത്തിനും കേടുപാടുകൾക്കും കാരണമാകും. ഈ വിട്ടുമാറാത്ത വീക്കം കാലക്രമേണ ബാരറ്റ്സ് ഈസോഫാഗസ് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

വയറുവേദന, എന്തുകഴിച്ചാലും നെഞ്ചെരിച്ചിലും ഗ്യാസും; കുടലിന്റെ താളം തെറ്റുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം 

അന്നനാളത്തിലെ സാധാരണ കോശങ്ങൾക്ക് പകരം കുടലിന്റെ പാളിക്ക് സമാനമായ കോശങ്ങൾ വളരുന്ന കാൻസറിനു മുമ്പുള്ള അവസ്ഥയാണ് ബാരറ്റ്സ് ഈസോഫാഗസ്. ബാരറ്റ്സ് ഈസോഫാഗസ് തനിയെ കാൻസറല്ലെങ്കിലും, അന്നനാളത്തിലെ ഗ്രന്ഥികളിൽ ആരംഭിക്കുന്ന ഒരുതരം കാൻസറായ ഈസോഫാഗൽ അഡിനോകാർസിനോമ വരാനുള്ള സാധ്യത ഇത് വ‍ർധിപ്പിക്കും. ദീർഘകാലമായി ജിഇആർഡി ഉള്ളവരിലും, അതിനെ കൃത്യമായി ചികിത്സിച്ച് നിയന്ത്രിക്കാത്തവരിലും, ബാരറ്റ്സ് ഈസോഫാഗസ് രോഗനിർണയം നടത്തിയവരിലും, കാൻസർ സാധ്യത കൂടുതലാണ്.

അനാരോഗ്യകരമായ ജീവിതശൈലി, അമിതവണ്ണം, പുകവലി, കുടുംബചരിത്രം എന്നിവ ഈ കാൻസ‍‍ർ സാധ്യതയെ വർധിപ്പിക്കും.

ദീർഘകാല ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് രോഗം ഉള്ളവർക്കും, ബാരറ്റ്സ് ഈസോഫാഗസ് രോഗനിർണയം നടത്തിയവർക്കും, കൃത്യമായ ഇടവേളകളിൽ, നിരീക്ഷണവും ചികിത്സയും അത്യാവശ്യമാണ്. അന്നനാളത്തിന്റെ അവസ്ഥ പരിശോധിക്കുന്നതിനും കോശങ്ങളുടെ സാമ്പിളുകൾ എടുക്കുന്നതിനും എൻഡോസ്കോപ്പി ചെയ്യുന്നതാണ് ഉചിതം. ക്യാൻസറിനു മുമ്പുള്ള മാറ്റങ്ങൾ നേരത്തെ കണ്ടെത്തുന്നത് കൃത്യസമയത്ത് ചികിത്സ നൽകാൻ സഹായിക്കുകയും അതുവഴി കാൻസർ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

പ്രതിരോധവും ചികിത്സയും

ജീവിതശൈലിയിലെ മാറ്റങ്ങൾ : ശരീരഭാരം നിയന്ത്രിക്കുക, കാരം, കൊഴുപ്പ്, കഫീൻ, അല്ലെങ്കിൽ ആസിഡ് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക.

പരിശോധന : ബാരറ്റ്സ് ഈസോഫാഗസ് രോഗം കണ്ടെത്തിയവരെ കൃത്യമായ ഇടവേളകളിൽ എൻഡോസ്കോപ്പി വഴി നിരീക്ഷിക്കുക. ഇത് ക്യാൻസർ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കും.

എൻഡോസ്‌കോപിക്ക് ചികിത്സകൾ

എൻഡോസ്കോപിക് മ്യൂക്കോസൽ റിസെക്ഷൻ (ഇഎംആർ), എൻഡോസ്കോപിക് സബ്മ്യൂക്കോസൽ ഡിസെക്ഷൻ (ഇഎസ്ഡി) എന്നീ ചികിത്സ രീതികൾ പ്രാരംഭ ഘട്ടത്തിലുള്ള ഗാസ്‌ട്രിക്, ഈസോഫോഗൽ കാൻസറുകൾക്കായി ഉപയോഗിക്കുന്നു.

ശസ്ത്രക്രിയ : ഗുരുതരമായ കേസുകളിൽ ഫണ്ടോപ്ലിക്കേഷൻ പോലുള്ള ശസ്ത്രക്രിയകൾ ലോവ‍ർ ഈസോഫാഗൽ സ്ഫിൻക്ടർ അഥവാ, അന്നനാളത്തിന്റെ താഴത്തെ വാൽവിനെ ശക്തിപ്പെടുത്തി അമ്ലം പൊങ്ങൽ കുറയ്ക്കും.

ചുരുക്കത്തിൽ, ജിഇആ‍ർഡി വെറും നെഞ്ചെരിച്ചിൽ മാത്രമല്ല. ചികിത്സിക്കാതിരുന്നാൽ, ഇത് ബാരെറ്റ്‌സ് ഈസോഫഗസ് വഴിയും ഈസോഫജിയൽ കാൻസർ വഴിയും കടന്നുപോകാവുന്ന ഗുരുതര രോഗാവസ്ഥയാണ്. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയൽ, ജീവിതശൈലിയിൽ മാറ്റങ്ങൾ, ആവശ്യമായ മരുന്നുകൾ, സ്ഥിരമായ പരിശോധന എന്നിവയിലൂടെ അപകടം കുറയ്ക്കാനും ക്യാൻസർ വരെ എത്താതെ തടയാനും കഴിയും.

കൊച്ചി മെഡിക്കൽ ട്രസ്റ്റിൽ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആണ് ലേഖകൻ.

Content Highlights: Explore the link between GERD, Barrett's esophagus, and esophageal cancer, and learn about symptoms, risks, and prevention strategies for these conditions.