കുട്ടികളിലെ പരന്ന പാദം പ്രശ്‌നക്കാരനല്ല, എന്നാല്‍ ശ്രദ്ധിക്കണം; ലക്ഷണങ്ങളും പരിഹാരവും

#ശരണ്യാ ഭുവനേന്ദ്രന്‍
Representative Image| Photo: Canva.com
Representative Image| Photo: Canva.com

മനുഷ്യശരീരത്തിലെ ഒരത്ഭുത സൃഷ്ടിയാണ് പാദങ്ങള്‍. സന്ധികളും പേശികളും എല്ലുകളും ഒത്തൊരുമയോടെ ചേര്‍ന്നു പ്രവര്‍ത്തിച്ചാണ് പാദം ധര്‍മം നിറവേറ്റുന്നത്. ശൈശവം മുതല്‍ വാര്‍ധക്യംവരെ മനുഷ്യരുടെ പാദങ്ങള്‍ മാറ്റങ്ങള്‍ക്കുവിധേയമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ വേദനയും അസ്വാസ്ഥ്യവും വരുന്നതു വരെ നാം പാദങ്ങളെ ശ്രദ്ധിക്കാറേയില്ല.

കുട്ടിക്കാലത്തുണ്ടാകുന്ന ചെറിയചില വൈകല്യങ്ങളാണ് വരുംകാലത്ത് വലിയ പല രോഗങ്ങള്‍ക്കും കാരണമാകുന്നത് എന്നതിനാല്‍ കുട്ടികളിലെ പാദസംരക്ഷണത്തെക്കുറിച്ചാണ് ഇത്തവണത്തെ 'ആരോഗ്യം'. സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് ഫ്‌ലാറ്റ് ഫീറ്റ് അഥവാ പരന്ന പാദം. അതായത് പാദങ്ങളുടെ അടിയില്‍ വളവ് ഇല്ലാതെ പരന്ന് ഇരിക്കുന്ന അവസ്ഥ.

സാധാരണമാണ്, എന്നാല്‍ ശ്രദ്ധിക്കണം

'പെസ് പ്ലാനസ്' അല്ലെങ്കില്‍ 'ഫാളന്‍ ആര്‍ച്ച്' എന്നറിയപ്പെടുന്ന പരന്ന പാദം നവജാതശിശുക്കള്‍ മുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികളില്‍ സാധാരണമാണ്. കാല്‍പ്പാദത്തിലെ വളവ് രൂപപ്പെടാനെടുക്കുന്ന കാലതാമസം, അസ്ഥികളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ കാരണങ്ങള്‍. ഇതിനാല്‍ത്തന്നെ പാദം പൂര്‍ണമായും നിലത്ത് പതിഞ്ഞിരിക്കും. കാല്‍പ്പാദത്തില്‍ വേദനയും വീക്കവുമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്ലെങ്കില്‍ ഇതൊരു സ്വാഭാവിക അവസ്ഥ മാത്രമാണ്.

പാദത്തിലെ 'ആര്‍ച്ച്'അല്ലെങ്കില്‍ വളവ് രൂപപ്പെടുന്നതിനനുസരിച്ച് ആറുവയസ്സാകുന്നതോടെ 85 ശതമാനം പേരുടെയും പ്രശ്നം പരിഹരിക്കപ്പെടും. ബാക്കിയുള്ള 14 ശതമാനം പേര്‍ക്കും പരന്ന പാദത്താല്‍ വേദനയോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാറില്ല. ശേഷിക്കുന്ന ഒരുശതമാനത്തിനാണ് ശസ്ത്രക്രിയ ഉള്‍പ്പെടെ വേണ്ടിവരുന്നത്.

പാദപ്രശ്‌നം രണ്ടുതരത്തില്‍

വഴക്കമുള്ളതും (ഫ്‌ലക്‌സിബിള്‍), ഇല്ലാത്തതുമായ (റിജിഡ്) രണ്ട് തരം പാദപ്രശ്‌നങ്ങളാണ് പ്രധാനമായും കണ്ടുവരാറുള്ളത്.

കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പാദത്തില്‍ വളവ് രൂപപ്പെടുന്നതും അല്ലാത്തപ്പോള്‍ പരന്നിരിക്കുന്നതുമായി ഉള്ളതാണ് വഴക്കമുള്ളത്. ഇത് പാരമ്പര്യമാണ്.

എല്ലായ്പ്പോഴും പരന്നിരിക്കുന്നവയാണ് വഴക്കമില്ലാത്തത്. കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തിയശേഷം അവരുടെ നിവര്‍ന്ന കാലുകളിലെ തള്ളവിരല്‍ മുകള്‍ദിശയിലേക്ക് പിടിച്ച് ഉള്ളിലേക്ക് പതിയെ വലിക്കുമ്പോള്‍ പാദത്തില്‍ വളവുകാണുന്നുണ്ടെങ്കില്‍ അത് വഴക്കമുള്ള പരന്ന പാദങ്ങളാണെന്ന് കണ്ടെത്താം. ഇത് കാലക്രമേണ ഭേദപ്പെട്ട് 'ആര്‍ച്ച് ' രൂപപ്പെടും.

കാരണങ്ങള്‍

  • ജന്മനാ ഉണ്ടാകുന്നത് 
  • ഗര്‍ഭാവസ്ഥയിലോ ജനിച്ചശേഷമുള്ള പ്രശ്നങ്ങളെത്തുടര്‍ന്നുണ്ടാകുന്നത് 
  • നിലവാരമില്ലാത്തതും മൃദുലമായതുമായ ചെരിപ്പ് ഉപയോഗിക്കാത്തതിനാല്‍ 
  • ഫിസിക്കല്‍ ആക്റ്റിവിറ്റി കുറയുന്നതിനാല്‍
  • പൊണ്ണത്തടി 
  • ഡൗൺസിൻഡ്രോം

ലക്ഷണങ്ങള്‍

  • കാല്‍പ്പാദത്തിലെയും കാലിലെയും അഭംഗി.
  • പാദം, കണങ്കാല്‍, കാല്‍മുട്ട് എന്നിവിടങ്ങളിലെ വേദന  
  • ചെരിപ്പിടുമ്പോഴും കാല്‍ ഉള്‍പ്പെട്ട അധ്വാനത്തില്‍ ഏര്‍പ്പെടാനും കുട്ടികള്‍ വിമുഖത കാണിക്കുക.

പരിഹരിക്കാം

  • വേദനയുണ്ടെന്ന് കുട്ടികള്‍ പറയുകയോ അവരുടെ പെരുമാറ്റത്തില്‍ അത് പ്രതിഫലിച്ചാലോ അസ്ഥിരോഗ വിദഗ്ധനെ കാണിക്കുകയെന്നതാണ് ആദ്യപടി. കുട്ടികളുടെ അസ്ഥിരോഗ വിദഗ്ധനായാല്‍ വളരെ നന്ന്. 
  • ഇറുകിയ ചെരിപ്പ് ഒഴിവാക്കുക. കുറഞ്ഞത് മൂന്നുതരം ചെരിപ്പെങ്കിലും ഒരേ കാലയളവില്‍ മാറിമാറി ഉപയോഗിക്കുക. ഇതിലൂടെ കാല്‍ ഒരു ചെരിപ്പുമായി താദാമ്യം പ്രാപിച്ച് പാദവും അതിന്റെ ആകൃതിയിലാകുന്നത് തടയാനാകും. 
  • ഉപ്പൂറ്റി ഉയര്‍ത്തി കാല്‍വിരല്‍ കുത്തി നടക്കാന്‍ പറയണം. 
  • ചെരിപ്പില്ലാതെ നടക്കല്‍, മരം കേറല്‍ തുടങ്ങിയവ കുട്ടികളെ ശീലിപ്പിക്കുക. 
  • കുട്ടികള്‍ക്ക് വേദനയില്ലെങ്കില്‍ പരന്ന പാദം സ്വാഭാവികമാണെന്ന് എപ്പോഴും മനസ്സിലുണ്ടാകണം. 


 

Content Highlights: Flatfeet Symptoms and causes