പങ്കാളിയുടെ വേർപാടിനുപിന്നാലെ പ്രിയപ്പെട്ടവരിൽനിന്നുള്ള കുറ്റപ്പെടുത്തലുകൾ; തടയണം വയോജനപീഡനം

#ലിപിൻ ഇടിക്കുള പൗലാേസ്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പങ്കാളിയുടെ വേർപാടിനുശേഷം വീടിന്റെ മൂലകളിലേക്ക്‌ ഒതുങ്ങേണ്ടിവരുന്നവർക്ക്‌ പ്രിയപ്പെട്ടവരിൽനിന്ന്‌ നേരിടേണ്ടിവരുന്ന കുറ്റപ്പെടുത്തലുകൾ സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല

നഗരത്തിനടുത്തുള്ള വീട്ടിലിരുന്ന് രാഘവൻനായർ പുറത്തുപെയ്യുന്ന മഴ നോക്കിയിരുന്നു. ഒരുകാലത്ത് ഓഫീസിൽ ഉന്നതപദവിയിൽ ആജ്ഞാശക്തിയോടിരുന്ന മനുഷ്യൻ. ഇന്ന് അദ്ദേഹം വീട്ടിൽ ഒരു നിഴൽപോലെയാണ്. കുറച്ചുവർഷംമുൻപ് ഭാര്യ മരിച്ചതോടെയാണ് രാഘവൻനായരുടെ ലോകം ചുരുങ്ങിയത്. ഏകമകനോടൊപ്പമാണ് താമസം. മരുമകളും കൊച്ചുമക്കളുമുണ്ട്. അവർക്കൊപ്പം താമസിക്കുമ്പോൾ ഒറ്റപ്പെടില്ലെന്ന് രാഘവൻനായർ കരുതിയെങ്കിലും അതുണ്ടായില്ല. വീടും വസ്തുവും തന്റെപേരിലാക്കിത്തരണമെന്ന മകന്റെ സമ്മർദത്തിനുവഴങ്ങി, ഒടുവിൽ സ്റ്റോർറൂമിനടുത്ത് ഒരു ചെറിയമുറിയിൽ അദ്ദേഹം ജീവിതം മുന്നോട്ടുകൊണ്ടുപോയി. “അച്ഛന് എന്തിനാ മരുന്ന്, ചുമ്മാതെ പൈസകളയാൻ. എന്തിനാ ഇത്രയും ഭക്ഷണംകഴിക്കുന്നെ, വെറുതേ അസുഖംവരുത്തിവെക്കാൻ?’’ ശാരീരികമായ ഉപദ്രവത്തെക്കാൾ കുത്തിനോവിക്കുന്ന വാക്കുകൾ രാഘവൻനായരെ തളർത്തി.

മുതിർന്നവർ നേരിടുന്ന ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ഉപദ്രവങ്ങളാണ് വയോജനപീഡനം (Elder Abuse). ലോകത്ത് 60 വയസ്സിനുമുകളിലുള്ള ആറിലൊരാൾ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്.

പ്രതിരോധവും സഹായവും

വയോജനങ്ങൾ ശാരീരികവും വൈകാരികവുമായ പീഡനമനുഭവിക്കുമ്പോഴും പലകേസുകളും റിപ്പോർട്ടുചെയ്യപ്പെടാതെ പോകുകയാണ്.

ശാരീരികപീഡനം: അടിക്കുകയോ, തള്ളുകയോ, മരുന്നുകൾ തെറ്റായരീതിയിൽ നൽകുകയോചെയ്യുന്ന അവസ്ഥ.

മാനസികപീഡനം: ചീത്തപറയുക, ഭീഷണിപ്പെടുത്തുക, ഒറ്റപ്പെടുത്തുക, അപമാനിക്കുക.

സാമ്പത്തികചൂഷണം: അവരുടെ അറിവോ സമ്മതമോ ഇല്ലാതെ പണമോ സ്വത്തോ തട്ടിയെടുക്കുകയോ ദുരുപയോഗംചെയ്യുകയോ ചെയ്യുക.

അവഗണന: ആഹാരം, മരുന്ന്, വസ്ത്രം, സുരക്ഷിതമായ താമസം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ നൽകാതിരിക്കുക.

ലൈംഗികപീഡനം: മുതിർന്നവരുടെ സമ്മതമില്ലാതെയുള്ള ശാരീരികബന്ധങ്ങൾ. ഇവ പ്രതിരോധിക്കപ്പെടേണ്ടതുണ്ട്.

പരിചരണവും സാന്ത്വനവും

വൈകാരികമോ ശാരീരികമോ ആയ പീഡനത്തിന്റെ ഫലമായി പ്രായമായവരിൽ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുകയും അവ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാവുകയുംചെയ്യും. ഒറ്റപ്പെടലും ഏകാന്തതയും കുറയ്ക്കാൻ മനഃശാസ്ത്രസമീപനം ആവശ്യമാണ്. മുതിർന്നവരെ പരിചരിക്കുന്നവർക്കും ആവശ്യമായ പിന്തുണനൽകുന്നതിലൂടെ മാനസികസമ്മർദം കുറയ്ക്കാനും അബദ്ധവശാൽപ്പോലും സംഭവിക്കുന്ന അവഗണനകൾ ഒഴിവാക്കാനും സാധിക്കും

(വിവരങ്ങൾ: എം.സി. ബിൻസി, കൗൺസലിങ് സൈക്കോളജിസ്റ്റ്, കോഴിക്കോട്)

Content Highlights: Discover the signs and impact of elder abuse. Learn how to prevent financial exploitation, neglect, and emotional/physical harm