ചെറിയ ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ച് ശ്രീചിത്ര

ശ്രീചിത്ര വികസിപ്പിച്ച ബ്ലഡ് ഫ്ളോ മീറ്റർ
ശ്രീചിത്ര വികസിപ്പിച്ച ബ്ലഡ് ഫ്ളോ മീറ്റർ

ഹൃദയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തി പരിശോധിച്ച് ഉറപ്പുവരുത്താൻ ലളിതവും ചെലവ് കുറഞ്ഞതുമായ ബ്ലഡ് ഫ്ളോ മീറ്റർ വികസിപ്പിച്ച് ശ്രീചിത്രയിലെ ഗവേഷകർ.

ഹൃദയശസ്ത്രക്രിയകളുടെ വിജയം നിർണയിക്കുന്ന സുപ്രധാന ഘടകമായ രക്തപ്രവാഹ നിരക്ക് മനസ്സിലാക്കാൻ ഇന്ത്യ പൂർണമായും ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ബ്ലഡ് ഫ്ളോ മീറ്ററുകളെയാണ്. 25 മുതൽ 30 വരെ ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രികൾ ഇവ വാങ്ങുന്നത്. ശ്രീചിത്ര വികസിപ്പിച്ച ബ്ലഡ് ഫ്ളോ മീറ്റർ കൈവെള്ളയിലൊതുങ്ങും.

നൂതന കാന്തികരീതിയും സിഗ്നൽ കണ്ടീഷനിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് രക്തപ്രവാഹ നിരക്ക് അളക്കുന്നത്. 50,000ത്തിനും ഒരുലക്ഷം രൂപയ്ക്കുമിടയിൽ ഇത് വിപണിയിലെത്തിക്കാനാകുമെന്നാണു കരുതുന്നതെന്ന് ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ പറഞ്ഞു.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ സാങ്കേതികവിദ്യ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്‌പാദനത്തിനായി കൊച്ചിയിലെ സ്ഥാപനമായ എൻപ്രോഡക്ട്സിനു കൈമാറി. ബൈപ്പാസ് ശസ്ത്രക്രിയകൾക്കു പുറമേ വിവിധ വ്യാവസായിക ആവശ്യങ്ങളിൽ ദ്രാവകങ്ങളുടെ ഒഴുക്കിന്റെ നിരക്ക് അളക്കാനും ഇത് പ്രയോജനപ്പെടുത്താനാവും.

ശ്രീചിത്രയുടെ ബയോടെക്നോളജി വിഭാഗത്തിലെ മെഡിക്കൽ ഡിവൈസസ് എൻജിനിയറിങ് വകുപ്പിലെ ഗവേഷകരായ ശരത് എസ്. നായർ, വി. വിനോദ് കുമാർ, വി. ശ്രീദേവി, ഡി.എസ്. നാഗേഷ് എന്നിവരടങ്ങിയ സംഘമാണ് ബ്ലഡ് ഫ്ളോ മീറ്റർ വികസിപ്പിച്ചത്. ഉപകരണത്തിന്റെ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Content Highlights:Covid19, Corona Virus outbreak, Blood flow meter developed by Sree Chitra, Health

Content Highlights: