‘ദിസ് ഈസ് കാർഡിയാക് അറസ്റ്റ്, ഞാൻ വിളിച്ചു പറഞ്ഞു, CPR നൽകി ഒരുമിനിറ്റിൽ മാഡം കണ്ണുതുറന്നു’

ഒഴിവുകാല യാത്രകൾക്കുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് പലപ്പോഴും ഭാര്യ ജീന തന്നെയായിരിക്കും. ഓരോ സ്ഥലങ്ങൾ തിരക്കിയും അവിടെയുള്ള ഹോട്ടലുകളുടെയും യാത്രാമാർഗ്ഗങ്ങളുടെയും വിവരങ്ങൾ തേടുന്നതു മുതൽ ഓരോ യാത്രയിലും കൂടെ കൂട്ടാവുന്ന ആൾക്കാരെ ചേർക്കുന്നതുമൊക്കെ അതിൽ പെടും. കുറേ കാലമായി പലരും പറഞ്ഞു കേട്ടതാണ് ലഡാക്ക് യാത്ര. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഭൂപ്രദേശം. ഇക്കുറി അങ്ങോട്ടേയ്ക്കു തന്നെയാവാം യാത്ര എന്നുറപ്പിച്ചു. കോട്ടക്കൽ ആയുർവേദ കോളേജിലെ ആറു കുടുംബാഗങ്ങൾ ഒന്നിച്ചു യാത്ര പോകാൻ തീരുമാനിച്ചു. ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടലും ലഡാക്കിലെ റോഡു യാത്രയുമൊക്കെ ഇവിടെയുള്ള ട്രാവൽ ഏജൻസി വഴി തന്നെ ബുക്ക് ചെയ്തു. പതിനൊന്നിൽ ഒൻപതു പേരും ഡോക്ടർമാർ തന്നെ. യാത്രയുടെ മുന്നോടിയായി തണുപ്പിനെ അതിജീവിക്കാനുള്ള തെർമൽവെയറും സ്വെറ്ററുകളും ജാക്കറ്റുകളുമൊക്കെ ശരിയാക്കി വെച്ചു. പോകുന്ന സ്ഥലം ഹൈ ആൾറ്റിറ്റ്യൂഡിൽ പെട്ടതിനാൽ തണുപ്പിനൊപ്പം ഓക്സിജൻ ലഭ്യതയും കുറവായിരിക്കും. മൗണ്ടേൻ സിക്നസ് വരാതിരിക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങളൊക്കെ നേരത്തെ തുടങ്ങി. അസറ്റസോളമൈഡ് ഗുളിക കഴിക്കുക, വെള്ളവും ഓ.ആർ.എസ് ലായനിയും ധാരാളം കുടിക്കുക എന്നതൊക്കെ അതിൽ പെട്ടതാണ്.
രാത്രി പന്ത്രണ്ടു മണിക്ക് ആയുർവേദ കോളേജ് മുറ്റത്ത് എല്ലാവരും എത്തിച്ചേർന്നു. കൊച്ചിയിൽ നിന്ന് പുലർച്ചയാണ് ഡൽഹിയ്ക്ക് ഫ്ലൈറ്റ്. അവിടെ നിന്ന് ലേയിലേക്കും. യാത്ര തുടങ്ങും മുൻപേ ഡോ.ബീന റോസ് മാഡമാണ് കോളേജിന്റെ മുന്നിൽ വെച്ച് ഒരു ഗ്രൂപ്പ് ഫോട്ടോയെടുത്ത് യാത്ര തുടങ്ങാമെന്നു പറഞ്ഞത്. മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ഓർമ വന്നത് അടുത്ത് കൊടൈക്കനാലിലേക്ക് യാത്ര പുറപെട്ട ടീച്ചർമാരുടെ സംഘത്തിനു വന്ന അതിദാരുണമായ അപകടമായിരുന്നു. യാത്രയുടെ തുടക്കത്തിലേ അശുഭ ചിന്തകൾ വേണ്ടല്ലോ. ആരോടും ഒന്നും പറഞ്ഞില്ല. ഫോട്ടോയെടുത്ത് യാത്രയാരംഭിച്ചു. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ദൽഹിയും കടന്ന് ലേ എയർ പോട്ടിലെത്തി. ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള എയർ പോട്ടാണത്. ചിട്ടവട്ടങ്ങളൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാൻ ബോർഡു പിടിച്ചു നില്ക്കുന്ന ഡ്രൈവറെ കണ്ടു. തുളഞ്ഞു കയറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ജാക്കറ്റു മാത്രം പോരെന്നു മനസ്സിലായി. കേരളത്തിലെ നാല്പതു ഡിഗ്രി കൊടുംചൂടിൽ നിന്ന് ലേയിലെ മൂന്നു ഡിഗ്രിയിലേക്കുള്ള ദൂരം അത്രയേറെയാണല്ലോ. നേരെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാനാണ് ഞങ്ങൾക്കു കിട്ടിയ നിർദ്ദേശം. മറുത്തൊന്നു ചിന്തിക്കാൻ ഞങ്ങൾക്കുമാവില്ല. പതിനഞ്ചു മിനിറ്റുകൊണ്ട് ഹോട്ടലിലെത്തി. പോകുന്ന വഴിയൊക്കെ ഇടുങ്ങിയതായിരുന്നെങ്കിലും ഹോട്ടൽ ലോബി അത്യാവശ്യം വിശാലവും അതിലേറെ വൃത്തിയുള്ളതുമായിരുന്നു. ഹീറ്ററുകൾ കൊണ്ട് ചൂടു പിടിപ്പിച്ച ലോബിയിൽ സ്വാഗതമോതിക്കൊണ്ട് സഫ്രോണും ബദാമുമൊക്കെ ചേർത്തുണ്ടാക്കിയ കാവ കുടിച്ചതോടെ എല്ലാവരും ഉഷാറായി. ഉച്ച ഭക്ഷണം കഴിഞ്ഞ് അഞ്ചാറു മണിക്കൂർ പൂർണ്ണ വിശ്രമമെടുക്കണം. അതുകഴിഞ്ഞ് കുറച്ചു സമയം പുറത്തിറങ്ങി നടക്കണം. അത്യദ്ധ്വാനം പാടില്ല. വെള്ളം കുടിച്ചു കൊണ്ടിരിക്കണം.നമ്മുടെ ശരീരം പുതിയ അന്തരീക്ഷത്തോട് പൊരുത്തപ്പെടണം. ശാസ്ത്രീയമായി ഇതിന് അക്ലിമറ്റൈസേഷൻ എന്നു പറയും.
വൈകീട്ട് ആറുമണിക്ക് ഞങ്ങളെല്ലാവരും ഹോട്ടൽ ലോബിയിൽ ഒത്തുകൂടി. എല്ലാവരും തെർമൽ വെയറും സ്വെറ്ററും ജാക്കറ്റും കൈയ്യുറകളും ഷൂസുമൊക്കെ ധരിച്ചിട്ടുണ്ട്. കണ്ണുകളിൽ നോക്കി ആർക്കാരെ തിരിച്ചറിയേണ്ട അവസ്ഥ. നേരത്തെ നിർദ്ദേശിച്ച പ്രകാരം മുറ്റത്തു നടക്കാനിറങ്ങി. ഞങ്ങൾ മുന്നു നാലു പേർ കുറച്ചു കൂടി മുന്നോട്ടു പോയി. അല്പദൂരം കഴിഞ്ഞപ്പോൾ തിരിച്ചു ഹോട്ടലിലേക്ക് തന്നെ നടക്കാമെന്നു ഞാൻ പറഞ്ഞതിനെ മറ്റുള്ളവരും എതിർത്തില്ല. ഹോട്ടൽ ലോബിയിലെത്തിയപ്പോൾ ഞങ്ങളുടെ സംഘത്തിലുള്ള ശ്രീജ ടീച്ചർ ഡോ.ബീന റോസിനെ താങ്ങിയിരുത്താൻ ശ്രമിക്കുന്നതു കണ്ടു. മാഡത്തിനൊരു തളർച്ച വന്നതു പോലെ. യാത്രാക്ഷീണവും അസഹ്യമായ തണുപ്പും ബുദ്ധിമുട്ടിച്ചതാകാമെന്നു വിചാരിച്ചു. പക്ഷേ അടുത്ത നിമിഷം അവർ സോഫയിൽ നിന്നു ഊർന്നു താഴേക്കു വഴുതിപ്പോകാൻ തുടങ്ങി. ഹോട്ടൽ ജീവനക്കാർ മാഡത്തെ പിടിച്ചിരുത്താൻ ശ്രമിച്ചത് ഞാൻ വിലക്കി. നേരത്തെ ഞങ്ങളെ സ്വീകരിച്ച ലോബിയിൽ മാഡത്തെ നിവർത്തി കിടത്തി. അടുത്ത നിമിഷം മാഡം വിളിച്ചിട്ടുണരുന്നില്ല. നാഡിമിടിപ്പുകൾ പരിശോധിച്ചു. പൾസ് കിട്ടുന്നില്ല. എന്റെ കൈ തണുത്തുറഞ്ഞതു കൊണ്ടാവുമോ പൾസ് ഫീൽ ചെയ്യാത്തത്. നമ്മുടെ വേണ്ടപ്പെട്ടവർക്കും വീട്ടുകാർക്കുമൊന്നും അത്യാഹിതം സംഭവിക്കില്ല എന്നാണല്ലോ എപ്പോഴും ചിന്തിക്കുക. എന്നിലെ അനസ്തീഷ്യ ഡോക്ടർ ഉന്നർന്നു. ഒന്നു കൂടി തട്ടി വിളിച്ചു കഴത്തിലെ കരോട്ടിഡ് പൾസ് തൊട്ടു നോക്കി. പൾസ് ആബ്സന്റ്. ദിസ് ഈസ് കാർഡിയാക് അറസ്റ്റ്. ഞാൻ വിളിച്ചു പറഞ്ഞു. ഐസിയുവിലും കാത് ലാബിലും എത്രയോ കാർഡിയാക്ക് അറസ്റ്റ് മാനേജ് ചെയ്തിരിക്കുന്നു. ഇപ്പോൾ പൊതുജനങ്ങൾക്കായി അതിന്റെ പരിശീലന കളരികളും നടത്തുന്നുണ്ട്. അതേ സാഹചര്യമാണിവിടെയും.
ആശുപത്രിയിലുളളതുപോലെ മരുന്നുകളോ മറ്റുപകരണങ്ങളുടെ സൗകര്യങ്ങളോ ഇല്ല. ഇതുവരെ കൂടെ ചിരിച്ചു കളിച്ചു വർത്തമാനം പറഞ്ഞയാളാണ് നിശ്ചലയായത്. ഹൃദയ പുനരുജ്ജീവന പ്രക്രിയയിലെ ആദ്യ പടിയായി നെഞ്ചിൻകൂട് മിനിറ്റിൽ 120 എന്ന കണക്കിൽ ശക്തിയായി അമർത്തി. ഹോട്ടൽ ജീവനക്കാരൻ അവിടെയുള്ള ഓക്സിജൻ മാസ്കിലേക്ക് ഓക്സിജൻ ഘടിപ്പിച്ചു തന്നു. ഒരു മിനിറ്റുകൊണ്ട് ശബ്ദമുണ്ടാക്കിക്കൊണ്ട് മാഡം കണ്ണു തുറന്നു. പൾസ് തിരിച്ചു വന്നു. പൊതുജനങ്ങൾക്കുള്ള ഹൃദയ പുനരുജ്ജീവന പരിശീലന ക്ലാസ്സുകൾക്കിട്ട പേര് തന്നെ എവരി സിറ്റിസൺ ഈസ് എ ലൈഫ് സേവർ എന്നാണ്. ഹൃദയം നിലച്ച ആദ്യത്തെ മുന്നു മിനിറ്റിനുള്ളിൽ തന്നെ കാര്യക്ഷമമായ നെഞ്ചമർത്തൽ ഒരു മിനിറ്റിൽ 120 എന്ന കണക്കിൽ തുടങ്ങാൻ പറ്റിയാൽ രോഗിയെ രക്ഷപ്പെടുത്താനാവും. പക്ഷേ നമ്മുടെ നാട്ടിൽ ഒരാൾ കുഴഞ്ഞു വീണാൽ സാധാരണ രീതിയിൽ ചെയ്യുന്നതെന്താ? ഉടനെ ആളെ ചുരുട്ടിപിടിച്ച് കിട്ടിയ കാറിലോ ജീപ്പിലോ എന്തിന് ഓട്ടോറിക്ഷയിലോ കിടത്തി ആശുപത്രിയിലേക്ക് കുതിക്കുന്നു. ട്രാഫിക്ക് ബ്ലോക്ക് മറികടന്ന് ആശുപത്രിയിലെത്തുമ്പോഴേക്ക് രോഗി മരിച്ചിരിക്കാം. അല്ലെങ്കിൽ ഹൃദയാഘാതത്തിനൊപ്പം മസ്തിഷ്ക ക്ഷതം കൂടി സംഭവിച്ച് ശിഷ്ടകാലം കുടുംബത്തിനു കൂടി തീരാവേദനയായി ജീവച്ഛവമായി കിടക്കും. രോഗിയെ ആശുപത്രിയിലെത്തിക്കുന്നതുവരെയോ ബോധം തെളിയുന്നതുവരെയോ പൾസ് കിട്ടുന്നതുവരെയോ നെഞ്ചമർത്തൽ കാര്യക്ഷമമായി ചെയ്താൽ വിജയകരമായി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനാകും. ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ വളരെ കാര്യക്ഷമമായി ഇത്തരത്തിലുള്ള പ്രായോഗിക പരിശീലനങ്ങൾ സംഘടിപ്പിച്ചു വരുന്നു.
മാഡത്തെ ഹോട്ടലുകാരുടെ സഹകരണത്തോടെ ഉടൻ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയിലെത്തിച്ചു. പോകുമ്പോൾ ഡ്രൈവർ പറയുന്നുണ്ടായിരുന്നു. ആശുപത്രിയിൽ സൗകര്യമൊക്കെയുണ്ട്. പ്രശ്നമൊന്നുമുണ്ടാകില്ല. കാഷ്വാലിറ്റിയിൽ പല പ്രായത്തിലുള്ളവരും ഡോക്ടറെ കാണിക്കാൻ ക്യൂ നില്ക്കുന്നു. ഞാൻ അവർക്കിടയിലൂടെ തിക്കി തിരക്കി കയറി. പ്രായം കുറഞ്ഞൊരു ലേഡി ഡോക്ടർ പരിശോധിച്ചു കൊണ്ടിരിക്കുന്നു. രോഗികളുടെ നീണ്ട നിര കണ്ട അസ്വസ്ഥതയിലാവാം അതിനിടയിൽ കയറി വന്ന എന്നോടു പുറകിൽ പോയി നില്ക്കാൻ പറഞ്ഞു. ഇതൊരു റിയൽ എമർജൻസി കേസാണെന്ന് ഞാൻ ശബ്ദമുയർത്തി പറഞ്ഞു. എന്റെ മട്ടും ഭാവവും കണ്ടതുകൊണ്ടാവാം ആ ഡോക്ടർ രോഗിയെ കാണുക പോലും ചെയ്യാതെ പോയി ഇ.സി.ജി എടുക്കാൻ പറഞ്ഞു. ഒബ്സർവേഷൻ വാർഡിൽ നഴ്സുമാർ പാഞ്ഞു നടക്കുന്നു. മിക്കവാറും ബെഡിൽ ഓക്സിജനും വെച്ച് രോഗികൾ കിടപ്പുണ്ട്. രാത്രിയായതുകൊണ്ട് കാർഡിയോളജിസ്റ്റ് സ്ഥലത്ത് ഡ്യൂട്ടിയിലില്ല. അവിടെയുണ്ടായിരുന്ന മെഡിസിൻ പി.ജി വിദ്യാർത്ഥിയോട് ഞാൻ സ്വയം പരിചയപ്പെടുത്തി, ചെയ്യേണ്ട ടെസ്റ്റുകളും കൊടുക്കേണ്ട മരുന്നുകളും ആധികാരികമായി തന്നെ പറഞ്ഞു. കഴിഞ്ഞ 25 വർഷക്കാലമായി കാർഡിയാക് അനസ്തീഷ്യോളജിസ്റ്റായി പ്രാക്ടീസ് ചെയ്തുണ്ടായ അനുഭവങ്ങളുടെ കരുത്തു തന്നെ പിൻബലം. ചത്തിസ്ഗഡിൽ നിന്ന് മെഡിസിൻ പി.ജി. പഠിക്കാൻ വന്ന ഡോ. രാഹുൽ ഈഗോയൊന്നും കാണിക്കാതെ ഞാൻ പറഞ്ഞതംഗീകരിച്ച് കാർഡിയോളജി ഐ.സി.യുവിൽ അഡ്മിറ്റാക്കി. മാഡം അപകടനില തരണം ചെയ്തെങ്കിലും ഓക്സിജൻ സപ്പോർട്ട് ആവശ്യമായതു കൊണ്ട് ഐ.സി.യുവിൽ തന്നെ തുടർന്നു. കൂടെ മാഡത്തിന്റെ ഭർത്താവ് ഡോ. ഉദയകുമാറും.
മാഡവും ഉദയേട്ടനും സ്നേഹപൂർവ്വം യാത്ര തുടരാൻ നിർബന്ധിച്ചതോടെ ഞങ്ങൾ ആശയകുഴപ്പത്തിലായി ഹോട്ടലും ട്രാവലറും നേരത്തെ ബുക്ക് ചെയ്തു വെച്ചത് കാൻസൽ ചെയ്യാൻ പറ്റില്ലതാനും. പിറ്റേന്ന് ഒന്നുകൂടി ഞാൻ മാഡത്തെ പരിശോധിച്ചു. അവിടെയുള്ള കാർഡിയോളജിസ്റ്റ് ഡോ ലോട്ടസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അപകടാവസ്ഥ തരണം ചെയ്തെന്നു പൂർണ്ണ ബോധ്യമായി. വിഷമത്തോടെയാണെങ്കിലും ഞങ്ങൾ യാത്ര തുടരാൻ തീരുമാനിച്ചു. ട്രാവലറിൽ രണ്ട് ഓക്സിജൻ സിലിണ്ടറുകളും അനുബന്ധ സാമഗ്രികളും കരുതി.
സമുദ്രനിരപ്പിൽ നിന്ന് പതിനഞ്ചായിരത്തിലേറെ അടി ഉയരത്തിലുള്ള കാർദുലംഗ പാസും ചാങ്കില പാസും കടന്ന് പാംഗോങ്ങ് ലേക്കും കണ്ട് തിരിച്ച് എയർ പോട്ടിലെത്തുമ്പോൾ ബീന റോസ് മാഡവും ഉദയേട്ടനും അഞ്ചു ദിവസത്തെ ഐ.സി യു വാസത്തിനു ശേഷം ഞങ്ങളെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ കാഴ്ചകളിലൊന്നായിരുന്നു അത്. പുഞ്ചിരിയോടെ മാഡം എന്റെ വലതു കൈ ചുംബിച്ചപ്പോൾ കണ്ണുകൾ ഈറനണിയുന്നത് ഞാനറിയുന്നു. എത്രയോ രോഗികൾക്ക് എത്രയോ പ്രൊസീജറുകൾ ചെയ്തപ്പോഴും തോന്നാത്തൊരു അനുഭൂതി എന്നിലുളവായി. തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ജീന പറഞ്ഞു. "മുരളി ഉണ്ട് എന്ന ഒറ്റ ധൈര്യത്തിലാണ് ടൂറിനു ബുക്ക് ചെയ്യുന്നതെന്ന് മാഡം മാസങ്ങൾക്കു മുമ്പ് പറഞ്ഞത് അർത്ഥവത്തായതുപോലെ"' ഞാനെന്റെ കൈകകൾ പരസ്പരം മൃദുവായി തലോടി.
(ഒക്ടോബർ 16 ലോക അനസ്തീഷ്യ ദിനമായും റീസ്റ്റാർട്ട് എ ഹാർട്ട് ഡേയുമായി ആചരിക്കുന്നു.)
Content Highlights: A gripping tale of cardiac arrest survival through CPR, highlighting the importance of timely intervention and life-saving techniques in critical situations.