20-കൾ മുതലേ സ്വയംപരിശോധന തുടങ്ങാം, 40-നു മുകളിൽ മാമോഗ്രാഫി; ഫലപ്രദമായ സ്തനാർബുദ പരിശോധനയറിയാം

ഒക്ടോബർ മാസം പിങ്ക് മാസം (pink month) അഥവാ സ്തനാർബുദ ബോധവൽക്കരണ മാസം ആയി ലോകമെമ്പാടും ആചരിക്കുന്നു. ഒരു സ്ത്രീക്കും സ്തനാർബുദത്തിന്റെ പ്രാരംഭ മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്ന സാഹചര്യം ഉണ്ടാകരുത്, പ്രാരംഭ ഘട്ടത്തിലുള്ള ഒരു സ്തനാർബുദ കേസ് പോലും കണ്ടെത്തപ്പെടാതെയോ ചികിത്സ ലഭിക്കാതെയോ പോകരുത്, നമ്മുടെ ആരോഗ്യപരിചരണ സ്ഥാപനങ്ങളിൽ ഒരു സ്ത്രീയും രോഗത്തിന്റെ അവസാനഘട്ടത്തിൽ ചികിത്സ തേടിയെത്തുന്ന സാഹചര്യം ഉണ്ടാകരുത് എന്നതാണ് നമ്മുടെ ദൗത്യം.
ലോകാരോഗ്യ സംഘടനയുടെ GLOBOCAN കണക്കുകൾ പ്രകാരം, 2024-ൽ ലോകമെമ്പാടുമായി ഏകദേശം 24 ലക്ഷം പുതിയ സ്തനാർബുദ കേസുകൾ കണ്ടെത്തുകയും ഏകദേശം 6.94 ലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന അർബുദമാണ് സ്തനാർബുദം. സ്ത്രീകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദങ്ങളിൽ നാലിലൊന്ന് സ്തനാർബുദമാണ്. മൊത്തം അർബുദങ്ങളിൽ 11.8 ശതമാനവുമായി ഇത് രണ്ടാമത്തെ ഏറ്റവും സാധാരണമായ അർബുദമാണ്. അർബുദം മൂലമുള്ള മരണങ്ങളുടെ കണക്കിൽ സ്തനാർബുദം നാലാം സ്ഥാനത്താണ്.
ഇന്ത്യയിലെ സ്ഥിതിയാണ് കൂടുതൽ ആശങ്കാജനകം. നിലവിൽ രാജ്യത്ത് ഏറ്റവും സാധാരണമായി കാണപ്പെടുന്ന അർബുദം സ്തനാർബുദമാണ്. മൊത്തം അർബുദങ്ങളിൽ 15.2 ശതമാനം. സ്ത്രീകളിൽ ഏറ്റവും സാധാരണമായ അർബുദവും സ്തനാർബുദമാണ് (30.4 ശതമാനം). ഗർഭാശയമുഖ അർബുദത്തിന്റെ നിരക്ക് വെറും 7.2 ശതമാനം മാത്രമാണ് എന്ന് (WHO GLOBOCAN 2024 കണക്കുകൾ) സൂചിപ്പിക്കുന്നു,
പാശ്ചാത്യ രാജ്യങ്ങളിൽ സ്തനാർബുദം കണ്ടെത്തിയതിനുശേഷം അഞ്ചുവർഷം അതിജീവിക്കാനുള്ള നിരക്ക് 90 ശതമാനത്തിലധികമാണെന്നിരിക്കെ, ഇന്ത്യയിൽ ഇത് ഏകദേശം 65 മുതൽ 70 ശതമാനം വരെ മാത്രമാണ് എന്നതാണ് കൂടുതൽ ആശങ്കയുളവാക്കുന്നത്. രോഗികൾ ചികിത്സ തേടിയെത്തുന്നതിലെ കാലതാമസമാണ് . ഇതിന് പ്രധാന കാരണം,60 ശതമാനത്തിലധികം രോഗികളും രോഗത്തിന്റെ പിന്നീടുള്ളതോ വികസിതമായതോ (advanced) ആയ ഘട്ടങ്ങളിലാണ് ചികിത്സ തേടിയെത്തുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് എപ്പിഡമിയോളജിയും (ICMR-NINE) 2026-ൽ തയ്യാറാക്കിയ കണക്കുകൾ പ്രകാരം, കേരളത്തിലെ മൊത്തം ജനസംഖ്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദങ്ങളിൽ 17.5 ശതമാനവും സ്ത്രീകളിലെ അർബുദങ്ങളിൽ 34.4 ശതമാനവും സ്തനാർബുദമാണ്. നമ്മുടെ ജനങ്ങളുടെ ഉയർന്ന ആയുർദൈർഘ്യവും ആരോഗ്യപരിചരണത്തിനായി മുന്നോട്ടുവരുന്ന പ്രവണതയും സ്തനാർബുദത്തിന്റെ ഉയർന്ന നിരക്കിന് കാരണങ്ങളായി കണക്കാക്കാം.
സ്തനത്തിൽ സാധാരണയായി കാണുന്ന മുഴകൾ എങ്ങനെയറിയാം ? അവഗണിക്കാൻ പാടില്ലാത്ത മുന്നറിയിപ്പുകൾ ഏതെല്ലാം?
2015–2018 കാലയളവിലെ റീജിയണൽ കാൻസർ സെന്ററിന്റെ (RCC) കണക്കുകൾ വിശകലനം ചെയ്യുമ്പോൾ, ഒന്നാം ഘട്ടത്തിലുള്ള രോഗികളുടെ അഞ്ചുവർഷത്തെ അതിജീവന സാധ്യത 98.2 ശതമാനവും രണ്ടാം ഘട്ടത്തിലുള്ളവരുടേത് 96.8 ശതമാനവുമാണ്. മൂന്നാം ഘട്ടത്തിൽ ഇത് 88.6 ശതമാനമായി കുറയുകയും നാലാം ഘട്ടത്തിൽ 67.3 ശതമാനമായി താഴുകയും ചെയ്യുന്നു. രോഗം നേരത്തേ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ജനിതക വ്യതിയാനങ്ങൾ, നേരത്തെയുള്ള ആർത്തവാരംഭവും വൈകിയുള്ള ആർത്തവവിരാമവും മൂലം ഈസ്ട്രജൻ (oestrogen) ഹോർമോണിന്റെ ദീർഘകാല സമ്പർക്കം, അടുത്ത ബന്ധുക്കളിൽ സ്തനാർബുദത്തിന്റെ കുടുംബചരിത്രം എന്നിവ പോലുള്ള മാറ്റാനാകാത്ത അപകടഘടകങ്ങളാണ് സ്തനാർബുദത്തിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടതെന്ന് എപ്പിഡമിയോളജിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിതവണ്ണം, ദീർഘകാല ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി എന്നിവ പോലുള്ള മാറ്റാനാകുന്ന അപകടഘടകങ്ങൾക്ക് സ്തനാർബുദവുമായി നേരിട്ടുള്ള കാരണബന്ധമുണ്ടെന്ന് മിക്ക സാഹചര്യങ്ങളിലും നിർണായകമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, ജനിതകപരമായി സ്തനാർബുദത്തിന് സാധ്യതയുള്ള സ്ത്രീകളെ ഇത്തരം അപകടഘടകങ്ങളിൽനിന്ന് സംരക്ഷിക്കേണ്ടതുണ്ട്.
കേരള ആരോഗ്യവകുപ്പിന് സ്തനാർബുദ ചികിത്സയ്ക്കായി വ്യക്തമായ പ്രവർത്തനപദ്ധതിയുണ്ട്: സ്തനാർബുദത്തിന്റെ പ്രാരംഭ മുന്നറിയിപ്പ് ലക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലെത്തിക്കുക; രോഗം നേരത്തേ തിരിച്ചറിയുക, രോഗം സ്ഥിരീകരിച്ചവർക്ക് അംഗീകൃത ചികിത്സാ മാർഗനിർദേശങ്ങൾക്കനുസരിച്ച് ചികിത്സ ഉറപ്പാക്കുക എന്നിവയാണവ.
അപ്രകാരം രോഗപരിശോധന, നേരത്തെയുള്ള രോഗനിർണയം, സമയബന്ധിതമായ ചികിത്സ എന്നിവയാണ് നമ്മുടെ പ്രധാന മുൻഗണനകൾ. സർക്കാരിന്റെ നൂറുദിന പരിപാടിയിൽ പ്രഖ്യാപിച്ച ഭാവിയെ മുന്നിൽക്കണ്ടുള്ള കാൻസർ ചികിത്സാ തന്ത്രത്തിലും(futuristic cancer treatment strategy) ഈ ലക്ഷ്യങ്ങൾക്കാണ് പ്രധാന്യം നൽകിയിരിക്കുന്നത്.
സ്തനം നീക്കംചെയ്യലോ, മുടികൊഴിച്ചിലോ ഓർത്ത് ഭയംവേണ്ട; സ്തനാർബുദ ചികിത്സ, മാറിയ രീതികൾ
സ്തനാർബുദ പരിശോധന: ഏറ്റവും ഫലപ്രദമായ മാർഗം
സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം പരിശോധനയാണ്. മൂന്ന് തലങ്ങളിലായുള്ള പരിശോധനാ സംവിധാനമാണ് കേരളത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്:
- 20 വയസ്സിന് മുകളിലുള്ള സ്ത്രീകൾ: സ്വന്തം സ്തനങ്ങൾ സ്വയം പരിശോധിക്കുന്ന രീതി (Self-breast examination).
- 30 വയസ്സിന് മുകളിലുള്ള സ്ത്രീകൾ: പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരും ആരോഗ്യവിദഗ്ധരും നടത്തുന്ന ക്ലിനിക്കൽ സ്തനപരിശോധന (Clinical breast examination).
- 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ: മാമോഗ്രാഫി പരിശോധന (Mammographic screening).
നമ്മുടെ തൃതീയതല ആരോഗ്യപരിചരണ കേന്ദ്രങ്ങളായ മെഡിക്കൽ കോളേജ് ആശുപത്രികളിലും ചില ദ്വിതീയതല ആരോഗ്യപരിചരണ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യങ്ങൾ ഉണ്ട്. മിക്ക ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും ചില താലൂക്ക് ആശുപത്രികളിലും മാമോഗ്രാഫി, ഡിജിറ്റൽ മാമോഗ്രാഫി പരിശോധനാ സൗകര്യങ്ങൾ ലഭ്യമാണ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ മാർഗനിർദേശങ്ങൾക്കനുസരിച്ചും തൃതീയതലത്തിനുമപ്പുറമുള്ള പ്രത്യേക കാൻസർ ചികിത്സാ കേന്ദ്രങ്ങളായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ കെയർ സെന്റർ എന്നിവയുടെ കൂടിയാലോചനയിലൂടെയുമാണ് കേരളം ചികിത്സാ പ്രോട്ടോക്കോളുകൾ തയ്യാറാക്കിയിരിക്കുന്നത്.
സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ചികിത്സ തേടുന്ന എല്ലാ രോഗികൾക്കും സ്തനാർബുദ ചികിത്സ താങ്ങാനാകുന്ന ചെലവിൽ ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.തൃതീയതല കാൻസർ ചികിത്സാ കേന്ദ്രങ്ങളിലും പഴയ മെഡിക്കൽ കോളേജുകളിലും ആധുനിക റേഡിയോതെറാപ്പി യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. എറണാകുളം ജനറൽ ആശുപത്രി, വയനാട്ടിലെ നല്ലൂർനാട് ട്രൈബൽ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലും ഈ സൗകര്യങ്ങൾ ലഭ്യമാണ്.
പ്രധാന കാൻസർ ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾക്കു പുറമേ, 28 ജില്ലാ, താലൂക്ക് ആശുപത്രികളിൽ കീമോതെറാപ്പി സൗകര്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. റീജിയണൽ കാൻസർ സെന്ററിലും മലബാർ കാൻസർ സെന്ററിലും റോബോട്ടിക് ശസ്ത്രക്രിയാ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റോബോട്ടിക് ശസ്ത്രക്രിയാ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
ബജറ്റിൽ പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമ്പോൾ, അവസാനഘട്ടത്തിലുള്ള കാൻസർ രോഗികൾക്കുപോലും മതിയായ പരിരക്ഷ (25 ലക്ഷം രൂപ വരെ) ലഭിക്കുന്ന രീതിയിലായിരിക്കും അത് രൂപകൽപ്പന ചെയ്യുക. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിരക്ഷയും അതിനുള്ള പാക്കേജുകളും സംബന്ധിച്ച വിശദാംശങ്ങൾ തയ്യാറാക്കിവരികയാണ്. നിലവിൽ നടപ്പാക്കിവരുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ചേർന്ന് അർഹരായ കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ നൽകുന്നു.
കാൻസർ മരുന്നുകളുടെ വിലയും താങ്ങാനാകുന്ന ചികിത്സയും
കാൻസർ മരുന്നുകളുടെ വില നിശ്ചയിക്കുന്നത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള അധികാരപരിധിയിൽപ്പെടുന്ന കാര്യമല്ല. എന്നിരുന്നാലും, കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) വഴി മെഡിക്കൽ കോളേജുകൾക്കും മറ്റ് ആശുപത്രികൾക്കും ആവശ്യമായ കാൻസർ മരുന്നുകൾ സംസ്ഥാന സർക്കാർ സംഭരിച്ചുനൽകുന്നു. രോഗനിർണയത്തിനും ചികിത്സയ്ക്കും ആവശ്യമായ ഉപകരണങ്ങളും ഇപ്രകാരം വാങ്ങുന്നുണ്ട്.
ദേശീയതലത്തിൽ മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്ഥാപനമായ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (NPPA), 2022-ലെ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ (NLEM 2022) ഉൾപ്പെട്ട 63 കാൻസർ മരുന്നുകളുടെ പരമാവധി വില നിശ്ചയിച്ചിട്ടുണ്ട്. ഇതിനു പുറമേ, NLEM പട്ടികയിൽ ഉൾപ്പെടാത്തതും അതിനാൽ പട്ടികയിലെ പരമാവധി വിലനിയന്ത്രണത്തിന് വിധേയമല്ലാത്തതുമായ 58 കാൻസർ മരുന്നുകളുടെ ചില്ലറ വിൽപ്പനവിലയും NPPA നിശ്ചയിച്ചിട്ടുണ്ട്.
2026 ഒക്ടോബർ 17-ന് പുറപ്പെടുവിച്ച നിർണായകമായ ഒരു വിജ്ഞാപനത്തിലൂടെ, ഡ്രഗ്സ് പ്രൈസസ് കൺട്രോൾ ഓർഡർ 2013 (DPCO 2013)-ലെ പാരഗ്രാഫ് 19 പ്രകാരമുള്ള അധികാരം വിനിയോഗിച്ച്, NLEM പട്ടികയിൽ ഉൾപ്പെടാത്ത (non-scheduled) 137 കാൻസർ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം യുക്തിസഹമാക്കുന്നതിനുള്ള നടപടിയും (Trade Margin Rationalisation — TMR) NPPA സ്വീകരിച്ചു. 2026 നവംബർ 9 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമ്പോൾ, ഈ കാൻസർ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പനവിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കാൻസർ മരുന്നുകളുടെ വിലയിലുണ്ടാകുന്ന ആശങ്കാജനകമായ വർധനവിൽ നീതിന്യായ സംവിധാനവും ജാഗ്രത പുലർത്തുന്നുണ്ട്. ഇന്ത്യൻ സുപ്രീം കോടതി, WP (C) No. 794/2023 — Kishan Chand Jain vs Ethics and Medical Registration Board of India and Another എന്ന കേസിനൊപ്പം ചേർത്തിട്ടുള്ള WP (C) 717/2026 — Dr. Sanjay Kulshetra vs Union of India എന്ന കേസിൽ, മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന കോടതിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കാൻസർ മരുന്നുകൾ മാത്രമല്ലാത്ത മറ്റ് മരുന്നുകളുടെയും വിലയ്ക്ക് പരിധി നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആവിഷ്കരിക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഈ കേസ് 2026 ഒക്ടോബർ 27-ന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്.
2026 സെപ്റ്റംബർ 28-ന് പുറപ്പെടുവിച്ച വിധിയിൽ, കേരള ഹൈക്കോടതിയും ജീവൻരക്ഷാ പേറ്റന്റ് മരുന്നുകളുടെ അമിതവിലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. WP (C) 18999/2022 — Re Exorbitant Pricing of Life-saving Patented Medicines vs Union of India and Others എന്ന കേസിൽ, പേറ്റന്റ് നിയമം, 1970-ലെ സെക്ഷൻ 100 പ്രകാരമുള്ള അധികാരം വിനിയോഗിച്ച്, സ്തനാർബുദ ചികിത്സയ്ക്കുള്ള പേറ്റന്റ് മരുന്നായ ‘റിബോസിക്ലിബ്’ (Ribociclib) നിർബന്ധിത ലൈസൻസിന് (compulsory licence) കീഴിൽ കൊണ്ടുവരുന്നത് പരിഗണിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു.
കാൻസർ രോഗം സ്ഥിരീകരിക്കുന്ന ഒരു രോഗിക്കുംരോഗത്തിന്റെ വിനാശകരമായ ആഘാതവും താങ്ങാനാകാത്ത മരുന്നുകളുടെയും ചികിത്സയുടെയും ചെലവും ഒരേസമയം നേരിടേണ്ടിവരരുത്.രോഗം മൂലമുണ്ടാകുന്ന വൈകാരികവും ശാരീരികവുമായ ആഘാതങ്ങളെ അതിജീവിക്കാൻ കാൻസർ രോഗികൾക്ക് പരിചരണവും സഹാനുഭൂതിയും ആവശ്യമാണ്. അതോടൊപ്പം, രോഗചികിത്സയുടെ ചെലവ് വഹിക്കാൻ മതിയായ സാമ്പത്തിക സഹായവും ലഭിക്കേണ്ടതുണ്ട്.
ഓരോ സ്ത്രീക്കും നേരത്തെയുള്ള പരിശോധന ഉറപ്പാക്കണം
സ്തനാർബുദം പോലുള്ള രോഗങ്ങൾ അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുന്നത് തടയാനുള്ള ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്. രോഗത്തിന്റെ അവസാനഘട്ടത്തിൽ ചികിത്സ ആരംഭിക്കുമ്പോൾ, പ്രാരംഭ ഘട്ടത്തിൽ ചികിത്സ ലഭിക്കുന്നതിനേക്കാൾ പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാനുള്ള സാധ്യത കുറവായിരിക്കാം.
എല്ലാ സ്ത്രീകൾക്കും സ്തനാർബുദ പരിശോധന ഉറപ്പാക്കുക എന്നത് നമ്മുടെ സംസ്ഥാനത്തിന് അസാധ്യമായ ലക്ഷ്യമല്ല. മുപ്പതുകളിൽ പ്രവേശിക്കുന്നതുമുതൽ ക്ലിനിക്കൽ സ്തനപരിശോധന, ഉയർന്ന അപകടസാധ്യതയുള്ള സ്ത്രീകൾക്ക് മാമോഗ്രാഫി പരിശോധന - ഇവ
നമ്മുടെ ആരോഗ്യ സംവിധാനത്തിലൂടെ ലഭ്യമാണ്.ശക്തമായ കാൻസർ ശൃംഖലയും (Cancer Grid) കേന്ദ്രങ്ങളും , അനുബന്ധ ആരോഗ്യസ്ഥാപനങ്ങൾ തമ്മിലുള്ള ഹബ്-ആൻഡ്-സ്പോക്ക് ആരോഗ്യസംവിധാന മാതൃകയും (hub and spoke model) നമ്മുടെ ആരോഗ്യ സംവിധാനത്തിൻഡെ സവിശേഷതയാണ്.
സ്തനാർബുദ ബോധവൽക്കരണ മാസമായ പിങ്ക് മാസം ആചരിക്കുന്നതു മാത്രമല്ല- നമ്മുടെ സംസ്ഥാനത്തെ എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സ്തനാർബുദ പരിശോധന, രോഗനിർണയം, ചികിത്സ എന്നിവ ലഭ്യമാകുന്നുവെന്നും (Availability), എളുപ്പത്തിൽ പ്രാപ്യമാകുന്നുവെന്നും (Accessibility), സാമ്പത്തികമായി താങ്ങാനാകുന്നുവെന്നും (Affordability) ഉറപ്പാക്കുന്ന 3-A (triple A strategy) യാണ് കേരളം ആവിഷ്കരിച്ചിരിക്കുന്നത്. നമ്മുടെ സ്ത്രീകളോട് നമുക്കുള്ള ഏറ്റവും കുറഞ്ഞ ഉത്തരവാദിത്വം ഇതാണ്. കേരള ആരോഗ്യവകുപ്പ് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്.
(നിലവിൽ കേരള സർക്കാർ ആരോഗ്യവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ലേഖിക. 2015–2017 കാലയളവിൽ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്)
Content Highlights: Breast cancer awareness month highlights the importance of mammography and early detection to improve treatment outcomes.