സന്ധിവേദന, തൊലിവരൾച്ച, ദഹനക്കുറവ്; ‘നിത്യഹരിത’മായി തുടരാൻ ആയുർവേദം നിർദേശിക്കുന്ന വഴികൾ

#സി. സാന്ദീപനി
Representational Image | Photo : Canva.com
Representational Image | Photo : Canva.com

മനസ്സിനും ശരീരത്തിനും സാന്ത്വനത്തിന്റെ തൊട്ടുതലോടൽ ഏറെ ആവശ്യമുള്ള കാലമാണ് വാർധക്യം. സന്ധിവേദന, തൊലിവരൾച്ച, ചുളിവുകൾ, ദഹനക്കുറവ്, മലബന്ധം, ഉറക്കമില്ലായ്മ, ഓർമ്മക്കുറവ്... അസ്വസ്ഥതകൾമാത്രമാവും മിക്കവർക്കും ഈ പ്രായത്തിൽ കൂട്ട്. യൗവനം നിലനിർത്തി ‘നിത്യഹരിത’മായി തുടരാൻ ആയുർവേദം നിർദേശിക്കുന്ന ചില വഴികളുണ്ട്. മരുന്നിനെക്കാൾ ജീവിതം ക്രമപ്പെടുത്തുന്ന, താളാത്മകമാക്കുന്ന നിഷ്ഠകൾ...

ശുദ്ധവായുവിന്റെ സമൃദ്ധി

ശുദ്ധവായുവിന്റെ സമൃദ്ധിയിൽ ജീവിക്കുകയെന്നത് പ്രധാനമാണ്. ശ്വസനം എന്ന സാധാരണ ജൈവപ്രക്രിയയെ ശ്വസനം എന്ന വ്യായാമമാക്കി മാറ്റണം. താളനിബദ്ധമായ ശ്വസനരീതി നിത്യവും കുറച്ചുസമയമെങ്കിലും ബോധപൂർവം ശീലിക്കുക.

ശരീരത്തിലെ നീരുറവകൾ

ശരീരത്തിലെ നീരുറവകളെ സമ്പന്നമാക്കി നിലനിർത്തണം. അതിന് ദ്രവാംശമുള്ള ആഹാരം കൂടുതലായി കഴിക്കാം. ദാഹശമനത്തിന് വെള്ളം കുടിക്കുകയെന്ന രീതിക്കുപകരം ദിവസവും രണ്ട്-രണ്ടര ലിറ്റർ വെള്ളം ശരീരത്തിന് ലഭിക്കുന്നവിധത്തിൽ ആഹാരപാനീയങ്ങൾ ക്രമീകരിക്കാം. ഒപ്പം ജലാശയങ്ങൾ, ഉദ്യാനങ്ങൾ എന്നിവ സന്ദർശിച്ച് മനസ്സിനെയും ആർദ്രമാക്കുക.

വെയിലും നിലാവും

ഭൂമിസ്പർശം ഒഴിച്ചുകൂടാത്തതാണ്. ഭൂതലത്തിൽ പാദങ്ങൾ ഊന്നി നിൽക്കാം, നടക്കാം. അതോടൊപ്പം സൗമ്യമായ സൂര്യപ്രകാശം ഏൽക്കാം. നിലാവിൽനിന്നു ലഭിക്കുന്ന ‘ജീവകങ്ങൾ’ ആസ്വദിക്കാൻ അവസരങ്ങളുണ്ടാക്കാം. ഇവയെല്ലാം ഉന്മേഷം വർധിപ്പിക്കും.

പേശികൾ ദൃഢമാകട്ടെ

പേശികളുടെ ആരോഗ്യവും ദൃഢതയും വർധിപ്പിക്കാൻ ബലാശ്വഗന്ധാദിതൈലം പുരട്ടാം. സന്ധികളിൽ നീരോ വേദനയോ ഉള്ളവർക്ക് പ്രഭഞ്ജനവിമർദനം കുഴമ്പായിരിക്കും നല്ലത്. സ്ത്രീകൾക്ക് ദേഹത്ത് നാല്പാമരാദി വെളിച്ചെണ്ണ പുരട്ടി തടവി കുളിക്കുന്നത് ശരീരത്തിന്റെ മാർദവവും തിളക്കവും കൂട്ടും. കർപ്പൂരാദിതൈലം വെറുതേ കൈകാലുകളിൽപുരട്ടി കുറച്ചുനേരമിരുന്ന് കുളിച്ചാൽ സുഖംകിട്ടും. മറ്റുള്ളവ തേച്ചാൽ അരമണിക്കൂറെങ്കിലും ഇരിക്കണം.

ഉറക്കമെന്ന മഹാരസായനം

നിദ്രയാണ് മഹാരസായനം. പാർശ്വഫലങ്ങൾ ഇല്ലാത്ത ത്രിഫല, അശ്വഗന്ധ (അമുക്കുരം) എന്നീ പ്രകൃതിദത്തമായ രസായനൗഷധങ്ങൾ വൈദ്യോപദേശമനുസരിച്ച് നിത്യവും ശീലിക്കുന്നതു നല്ലതാണ്.

മനസ്സ് പ്രധാനം

പുതിയ അറിവുകളും മാറ്റങ്ങളും സ്വാംശീകരിക്കാൻ സ്വയം ഒരുങ്ങുക, കോപം ഉൾപ്പെടെ സ്വാസ്ഥ്യംനശിപ്പിക്കുന്ന വികാരങ്ങളെ നിയന്ത്രിക്കുക, ഭൗതിക ജീവിതത്തോടുള്ള അമിതാസക്തി കുറയ്ക്കുക, നമ്മെ ശുദ്ധീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന സത്സംഗങ്ങളിൽ പങ്കെടുക്കുക. വായനയും വ്യായാമവും സ്നാനവും ധ്യാനവും ജപവും ജീവിതത്തെ മധുരോദാരമാക്കും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. കെ. മുരളീധരൻ,

അഡീഷണൽ ചീഫ് ഫിസിഷ്യൻ ആൻഡ് ട്രസ്റ്റി

കോട്ടയ്ക്കൽ ആര്യവൈദ്യശാല

Content Highlights: Explore Ayurvedic tips for healthy aging, focusing on breathing techniques to enhance vitality and well-being in your golden years.