ആന്റിബയോട്ടിക്കുകൾ പരാജയപ്പെടരുത്‌; എന്താണ് മനുഷ്യരാശിയെ വെല്ലുവിളിക്കുന്ന ആന്റിമൈക്രോബിയൽ പ്രതിരോധം

#ഡോ. ബി. പദ്മകുമാർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആന്റിബയോട്ടിക്കുകൾ ജീവൻരക്ഷാ മരുന്നുകളാണ്‌. ശക്തരായ രോഗാണുക്കളോട്‌ പടവെട്ടി അവയുടെ കൂട്ട ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച് രോഗാണുബാധിതരെ മരണത്തിൽനിന്നുപോലും രക്ഷിക്കാൻ ആന്റിബയോട്ടിക്കുകൾക്കാവും. എന്നാൽ, ആന്റിബയോട്ടിക്‌ മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും ആന്റിബയോട്ടിക്കുകൾക്കെതിരേ പ്രതിരോധശേഷിയാർജിച്ച രോഗാണുക്കളുടെ ആവിർഭാവത്തിന്‌ കാരണമായിരിക്കുന്നു. മാനവരാശി നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നായിട്ടാണ്‌ ലോകാരോഗ്യസംഘടന മരുന്നുകൾകൊണ്ട്‌ കീഴ്‌പ്പെടുത്താൻ കഴിയാത്ത രോഗാണുക്കളുടെ കടന്നുവരവിനെ (ആന്റിമൈക്രോബിയൽ റസിസ്റ്റന്റ്സ്‌) കാണുന്നത്‌.

ചികിത്സാപരാജയത്തിനുമാത്രമല്ല, വർധിച്ച ചികിത്സച്ചെലവിനും ഉയർന്ന മരണനിരക്കിനും ആന്റിബയോട്ടിക്‌ പരാജയം കാരണമാകാം. മനുഷ്യരുടെ ആരോഗ്യത്തെമാത്രമല്ല ജന്തുജാലങ്ങളെയും സസ്യസമ്പത്തിന്റെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെയും സുസ്ഥിരതയെയും മരുന്നിനെ വെല്ലുവിളിക്കുന്ന രോഗാണുക്കൾ ബാധിക്കാം. താഴ്ന്നതും ഇടത്തരം സാമ്പത്തികസ്ഥിതിയുള്ള വികസ്വര രാജ്യങ്ങളെയായിരിക്കും ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നത്‌. 1929-ൽ അലക്സാണ്ടർ ഫ്ലമിങ്‌ ആദ്യത്തെ ആന്റിബയോട്ടിക്കായ പെൻസിലിൻ കണ്ടുപിടിച്ച്‌ 100 വർഷം തികയാൻ ഇനി നാലുവർഷംമാത്രം അവശേഷിക്കേ ആരോഗ്യ, മൃഗസംരക്ഷണ, കൃഷി, പരിസ്ഥിതി വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രസമീപനമാണ്‌ വേണ്ടത്‌.

പ്രശ്നം അതിഗുരുതരം

2019-ൽ മാത്രം ആന്റിമൈക്രോബിയൻ റെസിസ്റ്റൻസിനെത്തുടർന്ന്‌ ആഗോളവ്യാപകമായി 127 ദശലക്ഷം മരണങ്ങൾ പ്രത്യക്ഷമായും 4.95 ദശലക്ഷം മരണങ്ങൾ പരോക്ഷമായും നടന്നെന്നാണ്‌ കണക്ക്‌. ആന്റിബയോട്ടിക്‌ പരാജയത്തെത്തുടർന്ന്‌ 2050-ഓടുകൂടി ലോകമാകെ ചികിത്സച്ചെലവിൽ ഒരു ട്രില്യൺ അമേരിക്കൻ ഡോളർ (ലക്ഷം കോടി) വർധനയുണ്ടാകുമെന്ന്‌ ലോകാരോഗ്യസംഘടനയും മുന്നറിയിപ്പുനൽകുന്നു. 2024 സെപ്റ്റംബറിൽ ചേർന്ന യുഎൻ ജനറൽ അസംബ്ലി 2030-ഓടുകൂടി മരുന്നുകൾ പരാജയപ്പെടുന്നതിനെത്തുടർന്നുള്ള മരണനിരക്ക്‌ 10 ശതമാനം കണ്ട്‌ കുറയ്ക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

പുതിയ രോഗാണുബാധ ഉൾപ്പെടെ മാരകമായ പകർച്ചവ്യാധികൾ റിപ്പോർട്ടുചെയ്യാറുള്ള ഇന്ത്യയിൽ സ്ഥിതി കൂടുതൽ ഗുരുതരമാണ്‌. അഞ്ചുവയസ്സിനുതായുള്ള കുട്ടികളിൽ 25 ശതമാനത്തിന്റെയും മരണകാരണം ഗുരുതരമായ രോഗാണുബാധയാണ്‌. പഴയ ആന്റിബയോട്ടിക്കുകൾ കൂടാതെ കാർബപെനം പോലെയുള്ള ശക്തിയേറിയ പുതിയ ആന്റിബയോട്ടികൾക്കെതിരായും പ്രതിരോധം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. ന്യുമോണിയ ഉൾപ്പെടെയുള്ള ഗുരുതര രോഗാണുബാധയ്ക്കുകാരണമാകുന്ന സ്റ്റെഫലോകോക്കസ്‌ എന്ന ബാക്ടീരിയയുടെ മെത്തിസിലിൻ ആന്റിബേയോട്ടിക്‌ പ്രതിരോധം 2008-ൽ 29 ശതമാനമായിരുന്നത്‌ 2014-ൽ 47 ശതമാനമായി ഉയർന്നു. എക്‌സ്റ്റൻഡഡ്‌ ബീറ്റ ലാക്ടമേസ്‌ ഉത്‌പാദിപ്പിച്ച്‌ പ്രതിരോധമാർജിക്കുന്ന എന്ററോബാക്ടീരിയസെയുടെ ആവിർഭാവം ഗുരുതരമായ ആശുപത്രിജന്യ രോഗങ്ങൾക്കുകാരണമാകുന്നുണ്ട്‌. കുടലിനെയും മൂത്രാശയത്തെയും മറ്റും ബാധിക്കുന്ന ഇ-കോളി ബാക്ടീരിയയിൽ 61 ശതമാനവും മരുന്നുകളേൽക്കാത്തവിധം ശക്തിയാർജിച്ചതാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. കന്നുകാലികളിലും കോഴിഫാമുകളിലുമൊക്കെ രോഗപ്രതിരോധത്തിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകൾ പാലിലൂടെയും ഇറച്ചിയിലൂടെയും മനുഷ്യരിലെത്തുന്നത്‌ ആന്റിബയോട്ടിക്‌ പ്രതിരോധത്തിനുകാരണമാകാം.

എന്താണ്‌ ആന്റിബയോട്ടിക്‌ പ്രതിരോധം

ആന്റിബയോട്ടിക്കുകൾക്കെതിരേ പ്രതിരോധശേഷി നേടിയ രോഗാണുക്കളുടെ ആവിർഭാവമാണ്‌ ആന്റിബയോട്ടിക്‌ പ്രതിരോധം അഥവാ ആന്റിമൈക്രോബിയൽ െറസിസ്റ്റൻസ്‌. അന്റിബയോട്ടിക്കുകളുടെ ഘടനയെ തകരാറിലാക്കുന്ന എൻസൈമുകൾ ഉത്‌പാദിപ്പിച്ചും സ്വന്തമായി ഘടനയിലും ഉപാപചയ പ്രവർത്തനങ്ങളിലും തുടർച്ചയായി മാറ്റങ്ങൾ വരുത്തിയും ആന്റിബയോട്ടിക്കുകളെ കോശങ്ങളിൽനിന്ന്‌ പുറത്താക്കിയുമൊക്കെയാണ്‌ രോഗാണുക്കൾ പ്രതിരോധമാർജിക്കുന്നത്‌.

പ്രതിരോധം രണ്ടുതരത്തിലുണ്ട്‌. ചില രോഗാണുക്കൾ തുടക്കംമുതൽക്കുതന്നെ ചില പ്രത്യേക ആന്റിബയോട്ടിക്കുകൾക്കെതിരേ പ്രതിരോധമുള്ളവയായിരിക്കും. ക്ഷയരോഗാണുക്കൾ ടെട്രാസൈക്ലിനെതിരേ പ്രകടമാക്കുന്നത്‌ ഇത്തരം സ്വാഭാവികപ്രതിരോധമാണ്‌. നേരത്തേ ആന്റിബയോട്ടിക്കുകൾക്ക്‌ കീഴടങ്ങിയിരുന്ന ചില രോഗാണുക്കൾ തുടർച്ചയായുള്ള ഉപയോഗത്തെത്തുടർന്ന്‌ മരുന്നുകൾക്കെതിരേ പ്രതിരോധശേഷി നേടുന്ന ഗുരുതരമായ അവസ്ഥയാണ്‌ ആർജിതപ്രതിരോധം. ക്ഷയരോഗാണുക്കളും സ്റ്റഫലോകോക്കസ്‌ പോലെയുള്ള ബാക്ടീരിയകളും ചുരുങ്ങിയകാലംകൊണ്ടുതന്നെ പല ആന്റിബയോട്ടിക്കുകൾക്കെതിരായും പ്രതിരോധശേഷി നേടുന്നുണ്ട്‌.

ബാക്ടീരിയകളിൽ നടക്കുന്ന സ്വാഭാവിക ജനിതക വ്യതിയാനമായ മ്യൂട്ടേഷൻ പലപ്പോഴും പിൻതലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെടാറുണ്ട്‌. ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ ജനിതക വ്യതിയാനത്തിലൂടെ പ്രതിരോധശേഷിയാർജിച്ച ബാക്ടീരിയകൾ അതിജീവിക്കുകയും തുടർന്ന്‌ ഇവ പെരുകി മരുന്നേൽക്കാത്ത രോഗാണുക്കളുടെ കൂട്ടമായി മാറുകയും ചെയ്യുന്നു. ഈ അവസ്ഥയെ ചെറുക്കാനാണ്‌ രോഗാണുക്കളെ പൂർണമായും നിർമാർജനം ചെയ്യുന്ന രീതിയിൽ ആന്റിബയോട്ടിക്‌ കോഴ്‌സ്‌ പൂർത്തിയാക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നത്‌.

കേരളംമാതൃക

ആന്റിമൈക്രോബിയൽ െറസിസ്റ്റൻസ്‌ നിയന്ത്രിക്കുന്നതിൽ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാക്കാവുന്ന ഒട്ടേറെ കർമപദ്ധതികൾക്ക്‌ കേരളം രൂപംനൽകിയിട്ടുണ്ട്‌. ഇന്ത്യയിൽത്തന്നെ ആദ്യമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട്‌ സംസ്ഥാന ആന്റിബയോട്ടിക്‌ റെസിസ്റ്റൻസ്‌ കർമ പദ്ധതി (KARSAP) നടപ്പാക്കിയത്‌ കേരളമാണ്‌. ആന്റിബയോട്ടിക്‌ സാക്ഷരത സമൂഹത്തിന്‌ പകർന്നുനല്കുക, മരുന്നു പ്രതിരോധം സംബന്ധിച്ച്‌ ഗവേഷണപഠനങ്ങളും തുടർനിരീക്ഷണവും ശക്തിപ്പെടുത്തുക, ആന്റിബയോട്ടിക്കുകളുടെ വിൽപ്പനയ്ക്ക്‌ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാണ്‌. പ്രധാന ആശുപത്രികളിലെല്ലാം തന്നെ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിയന്ത്രിക്കാനായി ആന്റിബയോട്ടിക്‌ സ്റ്റിവാർഡ്‌ഷിപ്പ്‌ പദ്ധതിയും ഹോസ്‌പിറ്റൽ ഇൻഫക്‌ഷൻ കൺട്രോൺ കമ്മിറ്റികളും രൂപവത്‌കരിച്ചിട്ടുണ്ട്‌. ഓരോ ആന്റിബയോട്ടിക്കിനോടും പ്രതികരിക്കുന്ന രോഗാണുക്കളുടെ ലിസ്റ്റ്‌ അടങ്ങിയ ആന്റിബയോഗ്രാം ഇന്ത്യയിൽ ആദ്യമായി 2022-ൽ പുറത്തിറക്കിയതും കേരളമാണ്‌. ആന്റിബയോട്ടിക്കുകൾ നീല കവറിൽ മാത്രമേ വിൽക്കാവൂ എന്ന നിബന്ധനകൾ റോർ എന്ന പദ്ധതിയുടെ ഭാഗമായി കേരളം നടപ്പാക്കി.

വെല്ലുവിളികൾ മറികടക്കാം

സംസ്ഥാനം നടപ്പാക്കിയ പദ്ധതി പരിപൂർണ വിജയം നേടണമെങ്കിൽ പൊതുസമൂഹത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണവും പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്‌. ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല എന്ന ബോധം ഉണ്ടാകണം. ഒരു ജലദോഷപ്പനി വന്നാലുടൻ തന്നെ ആന്റിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്ന പ്രവണത ഒഴിവാക്കണം. സ്വയം ചികിത്സ ഒഴിവാക്കുകയും ഡോക്ടർമാർ നിർദേശിക്കുന്ന ശരിയായ ഡോസിലും കൃത്യമായ തവണകളിലും മരുന്നുപയോഗിക്കുന്നതും പ്രധാനമാണ്‌. രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായാലുടൻ മരുന്നുനിർത്തുന്നത്‌ മരുന്നിനെതിരേ ശക്തിയാർജിക്കാൻ രോഗാണുക്കൾക്ക്‌ അവസരമുണ്ടാക്കുന്നു.

വൺഹെൽത്ത്‌ സമീപനം

ലോകാരോഗ്യസംഘടന മരുന്നുപ്രതിരോധത്തെ മറികടക്കാനായി മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന നിർദേശം ഏക ആരോഗ്യ സമീപനമാണ്‌. കാരണം മനുഷ്യരുടെ ആരോഗ്യം മറ്റുജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷിയിടങ്ങളിൽ മാത്രമല്ല കോഴിഫാമുകളിലും മത്സ്യക്കൃഷിയിലും ഡെയറി ഫാമുകളിലുമൊക്കെ രോഗാണുബാധ തടയാനും ഉത്‌പാദനം വർധിപ്പിക്കാനുമായി ആന്റിബയോട്ടിക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌. മൽസ്യമേഖലയിൽ നടത്തിയ ഒരു പഠനം തെളിയിച്ചത്‌ 70 ശതമാനം മത്സ്യസമ്പത്തിലും മരുന്നുകളേൽക്കാത്ത ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ്‌. ആരോഗ്യം, കൃഷി, ഫിഷറീസ്‌, അനിമൽ ഹസ്‌ബെൻഡറി, വനം, പരിസ്ഥിതി വകുപ്പുകൾ യോജിച്ചുള്ള സമഗ്ര കർമപദ്ധതിയിലൂടെ മാത്രമേ ആന്റിമൈക്രോബിൽ റെസിസ്റ്റൻസിനെ ഉന്മൂലനം ചെയ്യാൻ കഴിയുകയുള്ളൂ.

മരുന്നു പ്രതിരോധത്തെക്കുറിച്ചും അവലംബിക്കേണ്ട പ്രതിരോധ മാർഗത്തെക്കുറിച്ചും പൊതുസമൂഹത്തിന്‌ അവബോധം നല്കുക, വ്യക്തിശുചിത്വ മാർഗങ്ങളിലൂടെയും വാക്സിനേഷനിലൂടെയും രോഗാണുബാധാനിരക്ക്‌ കുറയ്ക്കുക, മനുഷ്യരിലും മൃഗങ്ങളിലും കാർഷിക മേഖലയിലും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം മിതവും നീതിപൂർവവുമാക്കുക, പുതിയ ആന്റിബയോട്ടിക്കുകളും വാക്സിനുകളും കണ്ടെത്താനുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്നുണ്ട്‌. ഗുരുതരമായ രോഗാണുബാധകൾ ഏറ്റവും കൂടുതലായി ബാധിക്കുന്ന വികസ്വര രാജ്യങ്ങളെ സഹായിക്കാനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളും ലോകബാങ്ക്‌, യുണൈറ്റഡ്‌ നേഷൻസ്‌ തുടങ്ങിയ ഏജൻസികളുടെ സഹകരണവും ലോകാരോഗ്യസംഘടന നിർദേശിക്കുന്നുണ്ട്‌.

(ലേഖകൻ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പലാണ്‌)

Content Highlights: Antibiotic Resistance: A Growing Global Threat to Public Health