എന്താണ് നടന്‍ ഇര്‍ഫാന്‍ ഖാനെ ബാധിച്ച ന്യൂറോ എന്‍ഡോക്രൈയിന്‍ ട്യൂമര്‍ എന്ന രോഗം?

നടന്‍ ഇര്‍ഫാന്‍ ഖാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറാണെന്ന് സ്ഥിരീകരിച്ചത് 2018 ലാണ്. തുടര്‍ന്ന് വിദേശത്ത് ഉള്‍പ്പടെ അദ്ദേഹം വിദഗ്ധ ചികിത്സ തേടിയിരുന്നു. ചികിത്സയിലിരിക്കെ, രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം.
എന്താണ് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍
ആരോഗ്യമുള്ള ശരീരത്തിന് നിരവധി ഹോര്‍മോണുകള്‍ ആവശ്യമുണ്ട്. ഇവ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളാണ് എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍. ഈ എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ രക്തത്തിലേക്ക് കലര്‍ന്നാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തുന്നത്. ഈ എന്‍ഡോക്രൈന്‍ ഗ്രന്ഥികളിലെ ന്യൂറോ എന്‍ഡോക്രൈന്‍ കോശങ്ങളെ ബാധിക്കുന്ന ട്യൂമറാണ് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍. ഇത് അപൂര്‍വമായ അവസ്ഥയാണ്. ഇവയില്‍ ചില ട്യൂമറുകള്‍ കാന്‍സര്‍കാരികളാകാറുണ്ട്. അതാണ് ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് ഇടയാക്കിയത്.
ഈ രോഗം ശരീരത്തില്‍ എവിടെ വേണമെങ്കിലും ബാധിക്കാം. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറുകള്‍ പൊതുവേ ശ്വാസകോശങ്ങള്‍, അപ്പെന്‍ഡിക്‌സ്, ചെറുകുടല്‍, മലാശയം, പാന്‍ക്രിയാസ് എന്നിവയെയാണ് ബാധിക്കാറ്.
ചിലതരം ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറുകള്‍ വളരെ പതുക്കെയാണ് വ്യാപിക്കുക. എന്നാല്‍ ചിലത് വളരെ പെട്ടെന്നും പടരും. ലക്ഷണങ്ങള്‍ പെട്ടെന്നൊന്നും കാണിക്കുന്ന രോഗമല്ല ഇത്. ട്യൂമര്‍ ബാധിച്ചത് എവിടെ എന്നതിന് അനുസരിച്ചാണ് ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ട്യൂമര്‍ ഉള്ള ഭാഗത്ത് വേദന, കടുത്ത ക്ഷീണം, കാരണമില്ലാതെ ഭാരം കുറയുക എന്നിവയാണ് പൊതുവേ കാണപ്പെടുന്ന ലക്ഷണങ്ങള്‍.
ന്യൂറോ എന്‍ഡോക്രൈന്‍ കോശങ്ങളുടെ ഡി.എന്‍.എയ്ക്ക് ഉണ്ടാകുന്ന ജനിതകവ്യതിയാനമാണ് രോഗത്തിന് കാരണമെന്ന് കണക്കാക്കുന്നു. ഇതോടെ ആ കോശങ്ങള്‍ വളരെ പെട്ടെന്ന് പെരുകാന്‍ തുടങ്ങും. ഇത് കാന്‍സറിന് ഇടയാക്കും. ബയോപ്‌സി, സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍, എന്‍ഡോസ്‌കോപ്പി, പെറ്റ് സ്‌കാന്‍ എന്നിവ വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. ട്യൂമറുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കല്‍, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, മരുന്നുകള്‍ എന്നിവയാണ് ചികിത്സ.
Conent Highlights: Actor Irrfan Khan died of Neuroendocrine Tumor, Health
Content Highlights: