നെഞ്ചെരിച്ചിലിനെ വെറും ഗ്യാസ് എന്ന് കരുതും,പിന്നാലെ ഹൃദയാഘാതത്താൽ മരണം; 'ഓവർ ദ കൗണ്ടർ' നിസ്സാരമല്ല

#ഡോ. മുരളീധരൻ. എ.കെ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കഴിഞ്ഞ കുറച്ചു മാസങ്ങളായി വീട്ടിൽ ജോലിയ്ക്ക് നിൽക്കുന്ന ഉഷയും രാജുവും ബംഗാളികളാണ്. പണ്ട് അറബ് നാട്ടിൽ  എവിടെ ജോലിക്കു പോയി വന്നാലും  നമ്മൾ മലയാളികൾ അവർ ദുബായിയിൽ നിന്നു വന്നു എന്നു പറയും പോലെയാണ് തെക്കേ ഇന്ത്യയ്ക്കപ്പുറത്തു നിന്ന് ആര് വന്നാലും ബംഗാളികളെന്നു വിളിക്കുന്നത്. രാജു, പകൽ ഇവിടെ കെട്ടിട നിർമാണ തൊഴിലിനു പോകുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് അവൻ വന്നപ്പോൾ ഭാര്യ കുറച്ചു മരുന്നുകളുമായി എന്റെയടുത്തു വന്നു. മൂന്നു കൂട്ടം മരുന്നുകൾ എല്ലാം മൂന്നെണ്ണം വീതം. ജോലി കഴിഞ്ഞ് വരുന്ന വഴി പനിയും ശരീര വേദനയും തോന്നി പണിസ്ഥലത്തിനടുത്തുള്ള മെഡിക്കൽ ഷോപ്പിൽ അസുഖവിവരം പറഞ്ഞ് വാങ്ങിയതാണ് ഈ മരുന്നുകൾ. മുറിച്ച കഷ്ണം സ്ട്രിപ്പുകൾ ആയതു കൊണ്ട് അവയുടെ മേലെ പ്രിന്റ്‌ ചെയ്ത  പേരുകൾ വായിക്കാൻ തന്നെ ബുദ്ധിമുട്ടി. അതിലെ മരുന്നുകളോരോന്നുവീതം കഴിച്ച് രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും കുറവു തോന്നാത്തതു കൊണ്ട് ഇനി വീണ്ടും ഒന്ന് കൂടി കഴിക്കാനിറങ്ങിയപ്പോൾ ഭാര്യ സംശയം കാരണം എന്റെയടുത്ത് വന്നതാണ്. നോക്കിയപ്പോൾ ഒന്ന് ആന്റി ബയോട്ടിക്ക്, മറ്റൊന്ന് പാരസെറ്റമോൾ പിന്നെയൊന്ന് പേശിവേദന സംഹാരിയും.

ആന്റിബയോട്ടിക്ക് സാധാരണ മുന്നു നേരം വീതം മിനിമം അഞ്ചു ദിവസം കഴിക്കേണ്ട സ്ഥാനത്ത് രണ്ടു വീതം രണ്ടു ദിവസത്തേക്കാണ് കൊടുത്തുവിട്ടത്. അതേ പോലെ തന്നെ വേദന സംഹാരി ഗുളിക അലർജിയും ശ്വാസം മുട്ടലുമുണ്ടാക്കാൻ സാധ്യതയുള്ളതുമാണ്. പക്ഷേ മരുന്നുകടക്കാരൻ ഇതൊന്നുമന്വേഷിക്കാതെയും പറയാതെയും വില്പന നടത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകളും അനാൾജസിക്കുകളും . രോഗാണു ബാധയ്ക്കനുസരിച്ചാണ് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടത്. അതു തന്നെ രോഗിയുടെ പ്രായവും ശരീരഭാരവുമനുസരിച്ചാണ് ഡോസ് തീരുമാനിക്കുക. അതേ പോലെ എത്ര കാലം കഴിക്കണമെന്നതും അസുഖത്തിനനുസരിച്ച് വ്യത്യസ്തമാകാം. ഇത്തരത്തിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിനെയാണ് അതിന്റെ കോഴ്സ് എന്നു പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കുന്നതു കൊണ്ട് അസുഖം പൂർണ്ണമായി മാറുന്നില്ലെന്നതിനേക്കാൾ ഗൗരവമാകുന്നത് രോഗാണുക്കൾ ആന്റിബയോട്ടിക്കിനെ അതിജീവിക്കാനുളള കരുത്തു നേടുന്നു എന്നതാണ്. അതായത് ഇതേ രോഗാണു കാരണം പിന്നീട് അസുഖമുണ്ടായാൽ ഇതേ ആന്റിബയോട്ടിക്ക് ഫലപ്രദമാകാതെ വരുന്നു. പണ്ട് കഴിച്ചിരുന്ന ആന്റിബയോട്ടിക്ക് പിന്നീട് അതേ അസുഖം വന്നുപയോഗിച്ച് രോഗത്തിനൊരു ശമനവുമില്ല എന്ന പരാതിയുടെ ഒരു കാരണവുമിതാണ്.

Content Highlights: Learn about the dangers of over-the-counter drug misuse

Continue reading