ന്യൂമോണിയ പ്രതിരോധത്തിനായി 50 കോടി രൂപ; ‘മറ്റൊരു കേരള മോഡൽ തന്നെയാണിത്’

HEALTHY PULSE
#എം.കെ രാജശേഖരന്‍
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കേരള, കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ചിരിക്കുന്ന കാലത്ത് വിവാദവും കോലാഹലവും ഏറെയാണ്. ഇതിനിടയിൽ ചില നല്ല രീതികൾ ബഹളത്തിൽ മുങ്ങരുതെന്ന ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഇത്തവണത്തെ കുറിപ്പ്. കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സന്ദർഭത്തിൽ അവതരിപ്പിച്ച് ബജറ്റിന് എത്രമാത്രം ആയുസ്സുണ്ടാകുമെന്ന വസ്തുതയൊന്നും എന്നെ അലട്ടുന്നില്ല. പക്ഷേ, ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രസംഗത്തിലെ അനുകരണീയമായ ചില പ്രഖ്യാപനങ്ങളാണ് നമ്മുടെ വിഷയം.

ലോകത്താകമാനം ഏറ്റവും കൂടതൽ ആളുകളുടെ ജീവൻ കവരുന്ന രോഗങ്ങളിലൊന്നാണ് ന്യൂമോണിയ. മൊത്തം ന്യൂമോണിയ ബാധിതരിൽ 23 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്ക്. പൊതുജനാരോഗ്യരംഗത്ത് മികവുറ്റ നിലയിലുള്ള കേരളത്തിലും ഇതിന്റെ ഭീഷണി ചെറുതല്ല. ആഗോളതലത്തിലും ഇന്ത്യയിലും കുട്ടികളാണ് കൂടുതൽ രോഗഭീഷണിയിനെങ്കിലും കേരളത്തിൽ പ്രായമായവരിലാണ് ന്യൂമോണിയ കൂടുതൽ വില്ലനാകുന്നത്. നിലവിലുള്ള പല ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗമായി ഇത് മാറുന്നതും വലിയ വെല്ലുവിളിയാണ്.

ശ്വാസകോശത്തിലെ അണുബാധയാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ്, പൂപ്പൽ എന്നിവ മൂലം ഇതുവരാം. രോഗം വരുന്നത് തടയാൻ കഴിയുന്നതാണ് ന്യൂമോകോക്കൽ വാക്‌സിൻ.

60 വയസുകഴിഞ്ഞ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ന്യൂമോകോക്കൽ വാക്‌സിൻ നൽകാനുള്ള പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 50 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുമുണ്ട്.

ജീവിതശൈലിയിലും അന്തരീക്ഷമലിനീകരണത്തിലും വന്ന മാറ്റങ്ങളാണ് ന്യൂമോണിയ വ്യാപനത്തിന് പ്രധാന കാരണം. മുതിർന്ന പൗരന്മാർ ഏറെയുള്ള സംസ്ഥാനത്ത് ഇതിന്റെ ഭീഷണി കൃത്യമായി മനസിലാക്കിയെന്നതാണ് ബജറ്റിന്റെ മേന്മ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്നവർക്ക് സർക്കാർ തലത്തിൽ കുത്തിവെപ്പിനുള്ള പദ്ധതി തികച്ചും മാതൃകാപരമാണ്.

ഇത്തരം ഒരു പദ്ധതി പ്രചാരത്തിലാകുന്നതോടെ രോഗത്തിന്റെ ഭീഷണി പേറുന്ന മറ്റുവിഭാഗം മുതിർന്നവരം സ്വന്തം നിലക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുമെന്നതാണ് മെച്ചം. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് രോഗസാധ്യത കൂടുതലാണെന്ന് വസ്തുതയുമുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളിൽക്കൂടി കുത്തിവെപ്പ് നടപ്പാകുന്ന പദ്ധതി ആലോചിക്കാവുന്നതുമാണ്. ആരോഗ്യരംഗത്ത് കേരള മോഡലിന്റെ മറ്റൊരു ഉദാഹരണമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

വളരെ സ്വാഗതാർഹം

മുതിർന്ന പൗരന്മാർ ഏറെയാണ് കേരളത്തിൽ. അവരിൽ പലരുടെയും ജീവന് ഭീഷണിയായ ന്യൂമോണിയയെ പ്രതിരോധിക്കാനുള്ള ഇത്തരം നടപടികൾ സ്വാഗതാർഹമാണ്. കുത്തിവെപ്പിലൂടെ 60-70 ശതമാനത്തിനെയും രോഗത്തിൽനിന്ന് രക്ഷിക്കാനാകുമെന്നതാണ് വലിയ പ്രത്യേകത. പൊതുജനാരോഗ്യ രംഗത്തെ മറ്റൊരു കേരള മോഡൽ തന്നെയാണിത്.

ഡോ.ബി. പത്മകുമാർ, പ്രിൻസിപ്പൽ

ആലപ്പുഴ മെഡിക്കൽ കോളേജ്.

Content Highlights: Kerala budget announces free pneumonia vaccine for BPL seniors. Experts hail it as a progressive public health move.