'HPV വാക്സിൻ പ്രത്യുത്പാദനത്തെയും ലൈംഗിക ബന്ധത്തെയും ബാധിക്കുമെന്നാണ് അയാൾ ധരിച്ചിരുന്നത്'

#ഡോ. ദീപ്തി. ടി.ആർ.
Representative Image| Photo: Canva.com
Representative Image| Photo: Canva.com

സമയത്തിന്റെയും സ്ഥലത്തിന്റെയും അതിരുകൾക്കപ്പുറം ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു മാർ​ഗമായിട്ടാണ് എഴുത്തിനെ കണക്കാക്കുന്നത്. എഴുതുന്നത് വായിച്ചു കഴിഞ്ഞ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ്. മെസേജുകൾ, ഫോൺ വിളികൾ, ചിലപ്പോൾ വായനക്കാരുടെ കൈ കൊണ്ടെഴുതിയ കത്തുകൾ തുടങ്ങിയവയൊക്കെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എൻ്റെ ചെറിയ എഴുത്തുകൾ ചില ജീവിതങ്ങളെ മാറ്റിമറിച്ചിട്ടുണ്ടെന്ന് അറിയുന്നതും സന്തോഷം പകരുന്ന കാര്യമാണ്. ചില കുറിപ്പ് വായിച്ചു നമ്പറിൽ വിളിച്ച് സംശയങ്ങൾ ചോദിക്കുകയും ചിലർ കാണാൻ വരാറുള്ളതും സന്തോഷമാണ്. ഈയിടെ എച്ച്.പി.വി വാക്സിനേഷനെ കുറിച്ച് എഴുതിയ ലേഖനത്തിന്റെ ഭാഗമായി വന്ന ഒരു എഴുത്തിന്റെ കാര്യമാണ് ഇപ്പോൾ പങ്കുവെക്കുന്നത്. സന്തോഷത്തോടെയാണ് ആ കത്ത് വായിച്ചു തുടങ്ങിയത്. പക്ഷേ, വായിച്ചു തുടങ്ങിയപ്പോഴേക്കും മുഖം വാടിത്തുടങ്ങിയിരുന്നു. മറ്റൊന്നുമല്ല എച്ച്.പി.വി വാക്സിനേഷനേക്കുറിച്ചുള്ള മിഥ്യാധാരണകളായിരുന്നു അതിൽ മുഴുവൻ. പ്രത്യുൽപാദനം വളരെ പ്രാധാന്യമുള്ളതാണെന്നും വാക്സിനേഷൻ പ്രത്യുൽപാദനശേഷിയെ ബാധിക്കുമെന്നും കൗമാരപ്രായക്കാർക്ക് വാക്സിൻ എടുക്കുന്നതിലൂടെ ശാരീരിക, മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കുട്ടികളെ ഇത് നേരത്തെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുമെന്നൊക്കെയാണ് കത്തെഴുതിയ ആൾ ധരിച്ചു വെച്ചിരുന്നത്.

ഡോക്ടർ ദയവുചെയ്ത് ഇതിന് പ്രചാരം നൽകരുതെന്നും ബാക്കി പല ആളുകൾക്കും ഇതുപോലത്തെ ലെറ്റർ അയച്ചിട്ടുണ്ടെന്നുമൊക്കെയാണ് അദ്ദേഹം കത്തിൽ കുറിച്ചത്. ഉന്നത വിദ്യാഭ്യാസമുള്ളയാളാണ് ഇതയച്ചതെന്നു കൂടി ഓർത്തപ്പോൾ നിസ്സഹായതയാണ് തോന്നിയത്. ആ കത്തിന് ഞാൻ മറുപടിയൊന്നും അയച്ചുമില്ല. തെറ്റിദ്ധാരണകൾ തനിയെ മാറട്ടെ എന്നുകരുതി. കുറച്ചുദിവസങ്ങൾക്ക് ശേഷം അദ്ദേഹം എന്നെ കാണാൻ വന്നു. ഉമ്മയ്ക്ക് വായ തുറക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പ്രശ്നം. കത്തയച്ചത് ഇദ്ദേഹമാണെന്നെനിക്ക് ആദ്യം അറിയില്ലായിരുന്നു. ഭക്ഷണം കഴിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടിയാണ്. വായ തുറക്കാൻ പാടായിരുന്നു. ഏകദേശം രണ്ടു വിരൽ കയറാവുന്നത്ര മൗത്ത് ഓപ്പണിങ് വളരെ ബുദ്ധിമുട്ടിയാണ്‌ സാധിച്ചത്. അടക്ക, പുകയില, ചുണ്ണാമ്പ് തുടങ്ങിയവയൊക്കെ കൂട്ടി മുറുക്കുന്ന ശീലമുണ്ടായിരുന്നു, വായ തുറക്കാൻ ബുദ്ധിമുട്ടായപ്പോഴാണത്രേ ആ ശീലം നിർത്തിയത്. രണ്ട് കവിളുകളിലും നാവിലും മാറ്റങ്ങളുണ്ട്. ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന പൂർവാർബുദ അവസ്ഥയാണ്. കവിളിന്റെ അറ്റത്തായി കൂർത്ത പല്ലും കാണുന്നുണ്ട്. കൂർത്ത പല്ല് കവിളിൽ തട്ടി വലിയ മുറിവും വീക്കവും വന്നിരിക്കുന്നു, അതായിരുന്നു വലിയ പ്രശ്നം, പെട്ടെന്ന് തന്നെ ബയോപ്സി പറഞ്ഞു. ബയോപ്സി റിപ്പോർട്ട് വന്നപ്പോൾ കവിളിനെ ബാധിക്കുന്ന കാൻസർ ആയിരുന്നു (സ്‌ക്വാമസ് സെൽ കാർസിനോമ). ചികിത്സ വേണമെന്ന് പറഞ്ഞ് ഞാൻ ഹയർ സെന്ററിലേക്ക് വിട്ടു. 

Content Highlights: HPV vaccination is highly effective in preventing cervical and other cancers

Continue reading