പാരസെറ്റമോള്‍ കഴിച്ചാല്‍ കാന്‍സര്‍ മാറില്ല, നികുതിയൊഴിവില്‍ മരുന്നുവിലയും കുറയില്ല

HEALTHY PULSE
#എം.കെ രാജശേഖരന്‍
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

പാരസെറ്റമോള്‍ ഉപയോഗിച്ച് അര്‍ബുദത്തെ ചികിത്സിക്കാന്‍ കഴിയുമോ.... എന്തൊരു ഭ്രാന്തന്‍ ചോദ്യം അല്ലേ...... ഇല്ലെന്നുറപ്പുള്ള ഒരു കാര്യത്തില്‍ എന്തിനിങ്ങനെ ഒരു ചോദ്യം എന്നല്ലേ..... മറ്റൊന്നുമല്ല  , ഒരു ഉപമ പറഞ്ഞുനോക്കിയതാണ്... കാന്‍സര്‍ മരുന്നുകളുടെ വിലകുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ കണ്ടാല്‍ ഇങ്ങനെയൊരു ഉപമയാണ് മനസ്സിലുയരുക. 

കഴിഞ്ഞ പൊതു ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സര്‍ക്കാരിന്റെ പൊതുജനാരോഗ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി നടത്തിയ പ്രഖ്യാപനമാണ് കാന്‍സര്‍ മരുന്നുകളുടെ നികുതിയിളവ്. മൂന്ന് പ്രധാന  മരുന്നുകളുടെ തീരുവയാണ് പൂര്‍ണമായും ഇല്ലാതായത്. ട്രാസ്റ്റുസുമാബ് ഡെറക്സ്ടീക്കന്‍, ഓസിമെര്‍ടിനിബ്, ഡര്‍വാല്യുമാബ് എന്നിവയാണ് ആ മരുന്നുകള്‍. അടുത്ത ദിവസങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചചെയ്യുകയും പിന്നീട് പലപ്പോഴും സര്‍ക്കാര്‍ ഇതിന്റെ മേന്മ അവകാശപ്പെടുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍, കേവലം 10 ശതമാനം മാത്രമുള്ള നികുതിയിളവുകൊണ്ട് കാന്‍സര്‍ മരുന്നുകളുടെ വില കുറയ്ക്കാനാകുമെന്നത് വെറും മിഥ്യാധാരണയാണ്. പാരസെറ്റമോള്‍ കൊണ്ട് കാന്‍സര്‍ മാറില്ലെന്നതുപോലെതന്നെ.

വിദേശത്ത് നിര്‍മിക്കുന്ന പേറ്റന്റുള്ള ഇത്തരം വിലകൂടിയ മരുന്നുകളുടെ കാര്യത്തില്‍ മറ്റൊരു പോംവഴിയും ഇല്ലല്ലോയെന്ന ന്യായമാണ് അധികൃതര്‍ക്ക്. എന്നാലത് പൂര്‍ണമായും ശരിയല്ല. കാന്‍സര്‍ പോലെയുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വലിയ വിലയാണ്. മരുന്നുകള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണവും അതിനുള്ള ചെലവും ഒക്കെ കാരണമാകുന്നുണ്ട്. മരുന്നുകളുടെ കണ്ടുപിടിത്തത്തിന് അവകാശമുള്ള കമ്പനികള്‍ പിന്നീടത് വാണിജ്യ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള ഏര്‍പ്പാടാക്കി മാറ്റുകയാണ് പതിവ്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് മരുന്നുകളും ആസ്ട്രാസെനക്ക എന്ന ബഹുരാഷ്ട്ര കുത്തക കമ്പനിയുടേതാണെന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്. ഇവയുടെ ഉപയോഗത്തിന്  ലക്ഷങ്ങളുടെ ബാധ്യത വരും. സാധാരണക്കാര്‍ക്ക് താങ്ങാനേ കഴിയില്ല. നികുതിയിളവിന് മുന്‍പ് കാന്‍സര്‍ മരുന്നുകളുടെ വ്യാപാര കമ്മീഷന്‍ നിജപ്പെടുത്തിയിരുന്നു. ഏകദേശം 40  മരുന്നുകളുടെ വില കുറയ്ക്കാനായി. അത് നികുതിയളവിനെക്കാള്‍ ഫലപ്രദമായ നടപടിയായിരുന്നു. എന്നാലിത്തരം നടപടികള്‍ കൊണ്ടൊന്നും ഇന്ത്യയിലെ കാന്‍സര്‍ രോഗബാധിതരുടെയും അവരുടെ കുടുംബങ്ങളുടെയും ഭാരം കുറയ്ക്കാന്‍ കഴിയില്ല. കുറേക്കൂടി ആലോചനാ സുരഭിലമായ  നടപടികള്‍ വേണമെന്നാണ് പൊതുജനാരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം. 

പരിഹാരമാര്‍ഗങ്ങളിലേറ്റവും പ്രധാനം, നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ഇത്തരം മരുന്നുകളുടെ വിലകുറഞ്ഞ പതിപ്പുകള്‍ തദ്ദേശീയമായി നിര്‍മിക്കുകയെന്നതാണ്. യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ ഉപരോധം ഏര്‍പ്പെടുത്തപ്പെട്ട റഷ്യയില്‍ നിന്നും വിലകുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ കാണിച്ച മിടുക്കുപോലെയുള്ള ഒരു ഇടപെടല്‍. എണ്ണ വാങ്ങിയതിന്റെ പ്രയോജനം സര്‍ക്കാരിന് നേരിട്ട് കിട്ടുമെന്നതാണ് കാരണം പറയാവുന്നത്. എന്നാല്‍ പൊതുഖജനാവുപോലെ നിര്‍ണായകമാണ് പൊതുജനാരോഗ്യവുമെന്ന വസ്തുത പരിഗണിക്കപ്പെടണമല്ലോ. 

പോംവഴികള്‍ രണ്ട്

പൊതുജനാരോഗ്യത്തിന് അനിവാര്യമായ പേറ്റന്റ് മരുന്നുകളുടെ ലഭ്യത എല്ലാവര്‍ക്കും ഉറപ്പാക്കുവാന്‍ പ്രധാനമായും രണ്ടുപോംവഴികളാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. ആദ്യത്തേത് നിര്‍ബന്ധിത ലൈസന്‍സിങ് എന്ന കംപള്‍സറി ലൈസന്‍സാണ്. പേറ്റന്റുള്ള ഇത്തരം മരുന്നുകള്‍ കുറഞ്ഞ വിലയില്‍ നിര്‍മിക്കാന്‍ തയ്യാറാകുന്ന തദ്ദേശീയ കമ്പനികള്‍ക്ക് അതിനുള്ള അനുമതി നല്‍കാനാകുന്ന വ്യവസ്ഥയാണിത്. ഇന്ത്യയില്‍ നിര്‍ബന്ധിത ലൈസന്‍സ് കിട്ടിയ സംഭവങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ടെങ്കിലും ഏറെക്കാലമായ ഇത്തരം അപേക്ഷകളില്‍ ബന്ധപ്പെട്ടവര്‍ തീരുമാനമെടുക്കാറില്ല. നിരവധി അപേക്ഷകള്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ആരോപണം. ഈ വ്യവസ്ഥ പേറ്റന്റ് നിയമത്തില്‍നിന്ന് മാറ്റാനുള്ള ബഹുരാഷ്ട്രക്കുത്തകകളുടെ സമ്മര്‍ദത്തിനും കുറച്ച് പഴക്കമുണ്ട്. ഈ നിബന്ധന കൂടുതല്‍ പ്രാവര്‍ത്തികമാക്കണം.

രണ്ടാമത്തെ കാര്യം കുറച്ചുകൂടി ആയാസമുള്ള നടപടിയാണ്. ബയോസിമിലര്‍ മരുന്നുകളുടെ സാധ്യതയാണത്. നിലവിലുള്ള മരുന്നിന്റെ വളരെ സമാനമായ പകര്‍പ്പിനാണ് ബയോസിമിലര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍,  ഇവയുടെ ഉത്പ്പാദനത്തിന് പേറ്റന്റ് നിയമങ്ങളിലും ബയോസിമിലര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിലും പരിഷ്‌കാരം വേണ്ടിവരും. ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കി ഇതിനുള്ള ശ്രമം നടത്തുകയാണ് അഭികാമ്യം.

രാഷ്ട്രീയ ഇച്ഛാശക്തി വേണം

പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി നിയമങ്ങളെ വ്യാഖ്യാനിക്കാനും യോജ്യമായ നിബന്ധന തിരഞ്ഞെടുക്കാനുമുള്ള ആര്‍ജ്ജവമാണ് ഭരണകര്‍ത്താക്കള്‍ പ്രകടിപ്പിക്കേണ്ടത്. നിയമനിര്‍മാണം അനിവാര്യമാണെങ്കില്‍ അതിനുള്ള ശ്രമവും വേണം. നിര്‍ബന്ധിത ലൈസന്‍സിങ് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കണം. ഇതിലൂടെ മാത്രമേ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കപ്പെടൂ-
കെ.എം. ഗോപകുമാര്‍,
നിയമോപദേഷ്ടാവ്, തേര്‍ഡ് വേള്‍ഡ് നെറ്റ് വര്‍ക്ക്.

Content Highlights: GST slashed on three cancer drugs-How will it benefit patients- drug prices will not be reduced