ചർമത്തിലെ ചുവന്ന തടിപ്പുകളും ചൊറിച്ചിലും; തിരിച്ചറിയാം അർട്ടിക്കേറിയ ലക്ഷണങ്ങളും പരിഹാരവും

ചർമത്തിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ചുവന്ന തടിപ്പുകളും അസഹനീയമായ ചൊറിച്ചിലുമാണ് അർട്ടിക്കേറിയ (Urticaria) അഥവാ ഹൈവ്സ് (Hives) എന്ന് പൊതുവേ അറിയപ്പെടുന്നത്. പലപ്പോഴും രാത്രിയിലോ അല്ലെങ്കിൽ പെട്ടെന്നൊരു നേരത്തോ പ്രത്യക്ഷപ്പെടുന്ന ഈ തടിപ്പുകൾ മണിക്കൂറുകൾക്കകം അപ്രത്യക്ഷമാവുകയും, വീണ്ടും ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ വരുകയും ചെയ്യാറുണ്ട്. ആറാഴ്ചയിൽ താഴേമാത്രം നീണ്ടുനിൽക്കുന്നവയെ 'അക്യൂട്ട് അർട്ടിക്കേറിയ' (Acute Urticaria) എന്നും ആറാഴ്ചയിൽ കൂടുതൽ വിട്ടുമാറാതെ നിൽക്കുന്നവയെ 'ക്രോണിക് അർട്ടിക്കേറിയ' (Chronic Urticaria) എന്നും വിളിക്കുന്നു.
ചർമത്തിന്റെ പാളികളിൽ കാവൽക്കാരെപ്പോലെ പ്രവർത്തിക്കുന്ന ഒരുകൂട്ടം കോശങ്ങളുണ്ട് - 'മാസ്റ്റ് കോശങ്ങൾ' (Mast cells). ശരീരത്തിൽ അലർജിയുണ്ടാക്കുന്ന വസ്തുക്കളോ അണുബാധയോ എത്തുമ്പോൾ ഈ കോശങ്ങൾ പ്രതിരോധത്തിനായി 'ഹിസ്റ്റമിൻ' (Histamine) എന്ന രാസവസ്തു പുറപ്പെടുവിക്കുന്നു. എന്നാൽ, അർട്ടിക്കേറിയ രോഗികളിൽ, പ്രത്യേകിച്ച് യാതൊരു അലർജിയും ഇല്ലാത്ത അവസരങ്ങളിൽപ്പോലും ഈ മാസ്റ്റ് കോശങ്ങൾ അമിതമായി പ്രതികരിക്കുകയും ഹിസ്റ്റമിൻ ഉത്പാദിപ്പിക്കുകയുംചെയ്യുന്നു. ഇതിന്റെ ഫലമായി ചർമത്തിലെ സൂക്ഷ്മരക്തക്കുഴലുകളിൽനിന്ന് ദ്രാവകം പുറത്തേക്ക് കിനിഞ്ഞിറങ്ങുകയും അത് ചുവന്ന തടിപ്പുകളും ചൊറിച്ചിലുമായി മാറുകയുംചെയ്യുന്നു.
കാരണങ്ങൾ
അക്യൂട്ട് അർട്ടിക്കേറിയ പലപ്പോഴും ചില ഭക്ഷണങ്ങൾ, മരുന്നുകൾ, അല്ലെങ്കിൽ വൈറൽ അണുബാധകൾ എന്നിവകാരണമാണ് ഉണ്ടാകുന്നത്. എന്നാൽ, വിട്ടുമാറാത്ത ക്രോണിക് അർട്ടിക്കേറിയയുടെ കാര്യത്തിൽ പകുതിയോളം രോഗികളിലും കൃത്യമായ ഒരു കാരണം പുറത്തുനിന്ന് കണ്ടെത്താൻകഴിഞ്ഞെന്നുവരില്ല. ഓട്ടോഇമ്യൂൺ പ്രശ്നങ്ങൾ (Autoimmunity), തൈറോയ്ഡ് വ്യതിയാനങ്ങൾ എന്നിവ ഇതിന് കാരണമാകാറുണ്ട്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ചർമവും തലച്ചോറും തമ്മിലുള്ള ബന്ധത്തിനാണ് (Brain-skin axis). അമിതമായ ഉത്കണ്ഠയോ മാനസികസംഘർഷങ്ങളോ അനുഭവിക്കുമ്പോൾ ശരീരം ഉത്പാദിപ്പിക്കുന്ന സ്ട്രെസ് ഹോർമോണുകളോട് മാസ്റ്റ് കോശങ്ങൾ നേരിട്ട് പ്രതികരിക്കാറുണ്ട്. കൂടാതെ, ചർമ്മത്തിൽ ഇറുകിയ വസ്ത്രങ്ങൾ ഉരസുമ്പോഴോ ചൊറിയുമ്പോഴോ തടിപ്പുകൾ വരകൾപോലെ ഉയർന്നുവരുന്ന 'ഡെർമറ്റോഗ്രാഫിസം' (Dermatographism) എന്ന അവസ്ഥയും അർട്ടിക്കേറിയയുടെ ഒരു രൂപമാണ്.
ലക്ഷണങ്ങൾ
പെട്ടെന്ന് ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന അതിരുകൾ വ്യക്തമായ ചുവന്ന തടിപ്പുകൾ (Wheals).
അസഹനീയമായ ചൊറിച്ചിൽ, പ്രത്യേകിച്ച് രാത്രിയിലും വിശ്രമിക്കുമ്പോഴും ഇത് വർധിക്കുന്നു.
തടിപ്പുകൾ ശരീരത്തിന്റെ ഒരുഭാഗത്തുനിന്ന് മറ്റൊരുഭാഗത്തേക്ക് മാറിക്കൊണ്ടിരിക്കുക (Migrating wheals). ഈ തടിപ്പുകൾ അമർത്തിയാൽ വിളറിയ നിറം (Blanchable) ആകുന്നത് കാണാം.
ചൊറിയുമ്പോൾ ആ ഭാഗത്തെ ചർമം വരകൾപോലെ വീർത്തുവരുകയോ ചുവക്കുകയോചെയ്യുക.
ചിലരിൽ ഈ തടിപ്പുകൾക്ക് പകരം ചുണ്ടുകൾ, കൺപോളകൾ, നാക്ക് എന്നിവയ്ക്ക് പെട്ടെന്ന് നീര് വരുക (Angioedema). ഇത് കൂടുതൽ ആഴത്തിലുള്ള ചർമപാളികളിൽ ഉണ്ടാകുന്ന നീർക്കെട്ടാണ്.
പരിശോധന
അർട്ടിക്കേറിയയുടെ ചികിത്സയിൽ, കേവലം ചൊറിച്ചിൽ മാറ്റുക എന്നതിലുപരി, എന്തുകൊണ്ടാണ് മാസ്റ്റ് കോശങ്ങൾ അമിതമായി പ്രതികരിക്കുന്നത് എന്നതിന്റെ മൂലകാരണം കണ്ടെത്തുകയാണ് ഏറ്റവും പ്രധാനം. രോഗിയുടെ കൃത്യമായ വിവരശേഖരണം (Clinical evaluation) ആണ് രോഗനിർണയത്തിനുള്ള ഏറ്റവും മികച്ച മാർഗം. മറ്റ് ഓട്ടോഇമ്യൂൺ രോഗങ്ങളോ തൈറോയ്ഡ് പ്രശ്നങ്ങളോ ഉണ്ടോ എന്നറിയാൻ ചിലപ്പോൾ രക്തപരിശോധനകൾ (Blood tests, IgE levels) ആവശ്യമായിവന്നേക്കാം. ചർമത്തിൽ വരയുന്നതുപോലെയുള്ള തടിപ്പുകൾ (Dermatographism) തിരിച്ചറിയാൻ ഒരു ചെറിയ പേനകൊണ്ടോ മറ്റോ ചർമ്മത്തിൽ വരച്ചുനോക്കുന്ന പരിശോധന ക്ലിനിക്കുകളിൽ ചെയ്യാറുണ്ട്. സാധാരണമായി കാണുന്ന കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് (Contact dermatitis) പോലെയുള്ള മറ്റ് ചർമരോഗങ്ങളുമായി ഇതിനെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ഒരു ഡോക്ടറുടെ കൃത്യമായ പരിശോധനയിലൂടെയുള്ള രോഗനിർണയം അത്യന്താപേക്ഷിതമാണ്.
ഹോമിയോപ്പതിക് സമീപനം
രോഗലക്ഷണങ്ങളെ താത്കാലികമായി അടിച്ചമർത്താതെ, രോഗിയുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രത്യേകതകളും കണക്കിലെടുത്താണ് ഹോമിയോപ്പതിചികിത്സ നൽകുന്നത്. ചൊറിച്ചിൽ-ഉറക്കമില്ലായ്മ-ഉത്കണ്ഠ എന്ന പരസ്പരബന്ധമുള്ള അവസ്ഥയെ പരിഹരിക്കാൻ ഹോമിയോപ്പതിക് മരുന്നുകൾ പ്രയോജനപ്പെടുത്തുന്നു.
മരുന്ന് തിരഞ്ഞെടുക്കുമ്പോൾ
രോഗം വർധിക്കുന്ന സമയം: രാവിലെ, ഉച്ചയ്ക്ക്, വൈകീട്ട്, രാത്രി തുടങ്ങി ഏത് സമയത്താണ് ചൊറിച്ചിൽ കൂടുതൽ അനുഭവപ്പെടുന്നത് എന്ന് വിലയിരുത്തും.
ബുദ്ധിമുട്ടുകളുടെ സ്ഥാനം: ശരീരത്തിന്റെ ഏത് ഭാഗത്താണ് കൂടുതലായി ബാധിക്കുന്നത് (ഉദാഹരണത്തിന്, കൈകാലുകളിലാണോ അതോ വയറിലാണോ).
വേദനയുടെ/ചൊറിച്ചിലിന്റെ സ്വഭാവം: സൂചി കുത്തുന്നതുപോലെയോ (Stabbing), പുകച്ചിലോടുകൂടിയോ, അതോ അസഹനീയമായ ചൊറിച്ചിലാണോ.
പ്രകടമാകുന്ന രീതി: ഏത് അവസ്ഥയിലാണ് ആശ്വാസം ലഭിക്കുന്നത് അല്ലെങ്കിൽ ബുദ്ധിമുട്ട് കൂടുന്നത് (തണുപ്പ് തട്ടുമ്പോൾ, ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ, അല്ലെങ്കിൽ ചൊറിയുമ്പോൾ).
ശ്രവങ്ങൾ അല്ലെങ്കിൽ ശാരീരികപ്രത്യേകതകൾ: ചർമ്മത്തിന്റെ നിറം, ചൂട്, വരൾച്ച എന്നിവ.
മാനസികാവസ്ഥ: അമിതമായ മാനസിക സമ്മർദം, ഉത്കണ്ഠ, സങ്കടം, ഉറക്കമില്ലായ്മ എന്നിവയുണ്ടോ എന്ന് പ്രത്യേകം ചോദിച്ചറിയുന്നു.
പൊതുവായ ശാരീരിക ഘടകങ്ങൾ: രോഗിയുടെ ദാഹം, വിയർപ്പ്, കാലാവസ്ഥയോടുള്ള താത്പര്യം (ചൂടാണോ തണുപ്പാണോ ഇഷ്ടം).
അക്യൂട്ട് അർട്ടിക്കേറിയ ബാധിച്ച ഒരു രോഗിക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ ഹോമിയോപ്പതി ചികിത്സയിലൂടെ പൂർണമായ ആശ്വാസം ലഭിക്കാറുണ്ട്. എന്നാൽ, വർഷങ്ങളായി നീണ്ടുനിൽക്കുന്ന ക്രോണിക് അവസ്ഥകളിൽ, രോഗശമനത്തിനായി ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നേക്കാം.
ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
ഉറക്കം കൃത്യമാക്കുക: ചൊറിച്ചിൽകാരണം ഉറക്കം നഷ്ടപ്പെടുന്നതും, ഉറക്കമില്ലായ്മകാരണം സ്ട്രെസ് കൂടി വീണ്ടും ചൊറിച്ചിൽ വരുന്നതുമായ അവസ്ഥ ഒഴിവാക്കാൻ കൃത്യസമയത്ത് ഉറങ്ങാൻ ശ്രമിക്കുക.
മാനസികസമ്മർദം കുറയ്ക്കുക: യോഗ, ധ്യാനം (Mindfulness) അല്ലെങ്കിൽ ശ്വസനവ്യായാമങ്ങൾവഴി മാനസികപിരിമുറുക്കം ലഘൂകരിക്കുക. നിങ്ങളുടെ ബുദ്ധിമുട്ടുകൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുന്നത് സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കാൻ സഹായിക്കും.
അനുയോജ്യമായ വസ്ത്രങ്ങൾ: ചർമത്തിൽ ഉരസുന്ന ഇറുകിയ വസ്ത്രങ്ങൾക്ക് പകരം മൃദുവായ, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾമാത്രം ധരിക്കുക.
ചർമം മൃദുവായി പരിപാലിക്കുക: കുളിക്കാൻ ഇളം ചൂടുവെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിക്കുക. കുളിച്ചശേഷം തോർത്തുകൊണ്ട് അമർത്തി ഉരച്ചുതുടയ്ക്കാതെ, പതുക്കെ ഒപ്പിയെടുക്കാൻ (Pat dry) ശ്രദ്ധിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കഠിനമായി ചൊറിയരുത്: ചൊറിയുന്തോറും ചർമത്തിലെ മാസ്റ്റ് കോശങ്ങൾ കൂടുതൽ ആക്ടീവാകുകയും ഹിസ്റ്റമിൻ ഉത്പാദിപ്പിച്ച് ചൊറിച്ചിൽ വീണ്ടും വർധിപ്പിക്കുകയും ചെയ്യും.
സ്വയംചികിത്സ അരുത്: കേവലം ഒരു സ്കിൻ അലർജി മാത്രമാണെന്ന് കരുതി സ്ഥിരമായി മരുന്നുകൾ വാങ്ങി കഴിക്കുന്നത് രോഗത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വൈകിപ്പിക്കും.
ചൂടും തണുപ്പും ശ്രദ്ധിക്കുക: അമിതമായ ചൂടോ കൊടുംതണുപ്പോ പെട്ടെന്ന് ഏൽക്കുന്നത് ചിലരിൽ അർട്ടിക്കേറിയ പെട്ടെന്ന് വർധിക്കാൻ കാരണമാകും.
അടിയന്തര വൈദ്യസഹായം: ചുണ്ടുകൾ, നാവ്, തൊണ്ട എന്നിവയ്ക്ക് പെട്ടെന്ന് നീരുവരുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ തലകറക്കം തോന്നുകയോ ചെയ്താൽ (Angioedema) ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.
നിലമ്പൂർ അഭയ ഹോമിയോപ്പതിക് മെഡിക്കൽ സെന്ററിൽ ഹോമിയോപ്പതിക് ഫിസിഷ്യനാണ് ലേഖകൻ.
Content Highlights: Urticaria, commonly known as hives, presents with red welts and itching. Chronic urticaria causes include autoimmune issues and thyroid disorders.