വെള്ളവും വെയിലും മുതൽ ബീജദ്രാവകം വരെ അലർജിയാകുമ്പോൾ; അപൂർവമായ ചില അലർജികളറിയാം

#ഡോ.പി.എസ്.ഷാജഹാന്‍
Representative Image| Photo: Canva.com
Representative Image| Photo: Canva.com

സുപരിചിതമായ പദമാണ് അലർജി. ആദിമ കാലംമുതൽ ത്തന്നെ ഈ അവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പുരാതന ലിഖിതങ്ങൾ പറയുന്നു. ഷഡ്പദങ്ങളോടുള്ള അലർജിമൂലം ജീവൻ നഷ്ടമായ ഈജിപ്തിലെ ഫറോവയെപ്പറ്റി ചില രേഖകൾ കണ്ടെടുത്തിട്ടുണ്ട്.

അലർജി രോഗങ്ങൾ എല്ലാ പ്രായക്കാരെയും ബാധിക്കാം, ലോകമൊട്ടാകെ അലർജി ബാധിതരുടെ എണ്ണം അടുത്ത കാലത്തായി വർധിച്ചു കൊണ്ടിരിക്കുകയാണ്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ മുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾ വരെ ഇതിനുകാരണമായി പറയപ്പെടുന്നു. ആഹാരരീതിയിലും മറ്റുമുണ്ടായ പാശ്ചാത്യ സ്വാധീനം നമ്മുടെ നാട്ടിലെ അലർജി രോഗങ്ങൾ കൂട്ടാനിടയാക്കിയിട്ടുണ്ട്. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിൽപോലും ലോക ജനസംഖ്യയുടെ ഏകദേശം 25-30 ശതമാനം പേർക്കും ജീവിതകാലത്ത് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള അലർജി അനുഭവപ്പെടുന്നതായി പഠനങ്ങൾ പറയുന്നു. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒട്ടും ചെറുതല്ല.

അലർജി എന്ന് കേൾക്കുമ്പോൾ ആസ്മ, അലർജിക് തുമ്മൽ, കരപ്പൻ (എക്സിമ) തുടങ്ങിയ രോഗങ്ങളെക്കുറിച്ചാണ് പെട്ടെന്ന് ഓർമ്മവരിക. ഭൂരിഭാഗം ആളുകളെ ബാധിക്കുന്ന അലർജി രോഗങ്ങളും ഇവയൊക്കെത്തന്നെ. കൂടുതൽ സാധാരണമായ അലർജികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ കാര്യമായ അവബോധമുണ്ട്, മിക്ക അലർജികളും ദൈനംദിന ജീവിതത്തിൽ താരതമ്യേന ഒഴിവാക്കാവുന്നതാണ്. മാത്രമല്ല, കൂടുതൽ സാധാരണമായ രോഗാവസ്ഥകളാകുമ്പോൾ, കൂടുതൽ വൈദ്യശാസ്ത്ര ഗവേഷണവും ചികിത്സയും ലഭ്യമാണുതാനും. നേരേമറിച്ച് അപൂർവവും അറിയപ്പെടാത്തതുമായ അലർജികളുമായി ജീവിക്കുന്നവരുടെ സ്ഥിതി ഇതല്ല.

അലർജിയുടെ ഏത് രൂപവും അസൗകര്യകരവും ചിലപ്പോഴെങ്കിലും ജീവന് ഭീഷണിയുമാണ്. അപൂർവമായി കണ്ടുവരുന്ന അലർജികളേതൊക്കെ, അതുണ്ടാകുന്നതെങ്ങനെ എന്നതിനെ ക്കുറിച്ചൊക്കെ ഓരോരുത്തരും കൂടുതലറിയേണ്ടതുണ്ട്. ഇത്തരം അലർജികൾ രോഗബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും പരിചരണം നൽകുന്നവർക്കും ചികിത്സിക്കുന്ന ഡോക്ടർമാർക്കടക്കം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. മിക്കപ്പോഴും അത് അലർജിയാണെന്ന് തിരിച്ചറിയാൻ തന്നെ വളരെ വൈകി എന്ന് വരാം. ഈ പ്രശ്നങ്ങൾ ശരിയായിക്കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതും ഏറെ പ്രധാനം. മാത്രമല്ല അത്തരം അവസ്ഥകൾ കൈകാര്യംചെയ്യുമ്പോൾ, അലർജി അനുകരണികളിൽനിന്ന്, അതായത് അലർജി എന്ന് തെറ്റായി നിർണയിക്കപ്പെടുന്ന പ്രതികരണങ്ങളിൽനിന്ന് വേർതിരിച്ചറിയാൻ ശ്രദ്ധിക്കയും വേണം.

ചില അലർജികൾ ജീവന് ഭീഷണിയാകാം; മരുന്നും ഭക്ഷണവും മുതൽ പ്രാണികളുടെ കുത്ത് വരെ കാരണമാകാം; ചികിത്സയെന്ത്?

അപൂർവ അലർജികൾ എന്തൊക്കെ എന്ന് നോക്കാം:

ബീജദ്രാവക അലർജി

ബീജ ദ്രാവകത്തിലെ (Seminal fluid) പ്രോട്ടീനുകളോട് ശരീരത്തിന്റെ പ്രതിരോധ സംവിധാനം അസാധാരണമായി പ്രതികരിക്കുന്ന അവസ്ഥയാണിത്. കൂടുതലായും സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നതെങ്കിലും വളരെ അപൂർവമായി പുരുഷന്മാർക്ക് സ്വന്തം ശുക്ലത്തോടും അലർജി (PtosOrgasmic Illness Syndrome) ഉണ്ടാകാറുണ്ട്. പുരുഷ ബീജവുമായി സമ്പർക്കം പുലർത്തിയതിന് ശേഷം ഏതാനും മിനിറ്റുകൾക്കുശേഷം ജനനേന്ദ്രിയത്തിലും മറ്റു ശരീര ഭാഗങ്ങളിലും ഉണ്ടാകുന്ന കഠിനമായ പുകച്ചിൽ, ചൊറിച്ചിൽ, നീർവീക്കം, ചുവന്നുതടിക്കൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ഇത് ശ്വാസംമുട്ടൽ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചെന്നു വരാം. ഹൃദയമിടിപ്പ് വർധിക്കൽ, വിയർക്കൽ, തുടങ്ങി ലൈംഗിക വേളയിൽ സംഭവിക്കുന്ന ശാരീരിക മാറ്റങ്ങളുമായി പല അലർജി ലക്ഷണങ്ങൾക്കും സാമ്യമുള്ളതിനാൽ ചില ആളുകൾക്ക് അവരുടെ ലക്ഷണങ്ങളെ ഒരു അലർജി പ്രതികരണമായി തിരിച്ചറിയാൻ കഴിയാറില്ല. പലപ്പോഴും വന്ധ്യതയ്ക്കുള്ള കാരണം തേടിയുള്ള പരിശോധനകൾ നടത്തുന്ന വേളകളിലാണ് അലർജി കണ്ടെത്തുന്നതുതന്നെ. മറ്റു ചിലർക്കാകട്ടെ ഇത് ഡോക്ടർമാരോട് പറയാനുള്ള മടി കാരണം ആദ്യഘട്ടത്തിൽത്തന്നെ വൈദ്യസഹായം തേടാൻ കഴിയുന്നുമില്ല. ഇത്തരം അലർജിയുടെ തോത് അല്ലെങ്കിൽ അവ എത്രത്തോളം ഉണ്ട് എന്നതിനെക്കുറിച്ചുള്ള കണക്കുകളൊന്നും ലഭ്യമല്ലെങ്കിൽ പോലും അതുമൂലം ബുദ്ധിമുട്ടുന്നവരുടെയും അവരുടെ പങ്കാളികളുടെയും ലൈംഗിക ജീവിതത്തെയും മാനസികാരോഗ്യത്തെയും ഇത്തരം അവസ്ഥകൾ വളരെയധികം ബാധിക്കുന്നു.

ഈ ലക്ഷണങ്ങൾ കാലക്രമേണ വഷളാകുകയും, ദേഹം ചൊറിഞ്ഞുതടിക്കൽ, ശ്വാസതടസ്സം, അനാഫിലാക്സിസ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്തേക്കാം. ഇത് മരണത്തിലേക്ക് പോലും നയിച്ചേക്കാം. ബീജമല്ല, സെമിനൽ ദ്രാവകത്തിലെ പ്രോട്ടീനുകളാണ് ഈ പ്രതിപ്രവർത്തനങ്ങളിൽ മിക്കതിലും കുറ്റവാളി. ബീജ ദ്രാവകത്തിൽ അടങ്ങിയിരിക്കുന്ന ഭക്ഷണ പ്രോട്ടീനോ മരുന്നുകളുടെ അംശമോ ചില സന്ദർഭങ്ങളിൽ അലർജി പ്രതികരണത്തിന് കാരണമാകാം.

ലക്ഷണങ്ങളുടെ സമഗ്രമായ അപഗ്രഥനം, ചർമത്തിൽ കുത്തിയുള്ള പരിശോധനകൾ രക്ത (സീറോളജിക്) പരിശോധനകൾ എന്നിവ രോഗനിർണയം നടത്താൻ സഹായിക്കും. ഗർഭനിരോധന ഉറകൾ ഉപയോഗിച്ചുള്ള ലൈംഗിക ബന്ധത്തിന് ശേഷം രോഗലക്ഷണങ്ങൾ കാണുന്നില്ല എങ്കിൽ അത് രോഗനിർണയം സ്ഥിരീകരിക്കാൻ സഹായിക്കുന്നു.

സാധാരണഗതിയിൽ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതുവഴി ലക്ഷണങ്ങൾ പൂർണമായി ഒഴിവാക്കി ലൈംഗിക ജീവിതം സുഗമമാക്കാനാകും. സ്ത്രീ ജനനേന്ദ്രിയത്തിൽ ബീജദ്രാവകം തീരേ ചെറിയ അളവിൽ കുത്തിവെച്ച് അത് പടിപടിയായി ഉയർന്ന അളവിലെത്തിച്ച് അലർജി ഇല്ലാതാക്കുന്ന ചികിത്സാരീതിയും ഉണ്ട്. ഗർഭധാരണത്തിന് തടസ്സം നേരിടുന്നവർക്ക് കൃത്രിമ ബീജസങ്കലനം (IUI/IVF) പോലുള്ള മാർഗങ്ങൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

സൂര്യപ്രകാശം ഏറ്റാൽ അലർജി

സൂര്യപ്രകാശം ഏൽക്കുന്ന ചർമഭാഗങ്ങൾ ചൊറിഞ്ഞു തടിക്കുന്ന (അർട്ടിക്കേരിയ) അപൂർവമായ ഒരു അലർജി പ്രതിഭാസമാണ് സോളാർ അർട്ടിക്കേരിയ (Solar Urticaria). സൂര്യപ്രകാശം ഏറ്റതിനുശേഷം മിനിറ്റുകൾക്കുള്ളിൽ ചൊറിച്ചിൽ, ചുവപ്പ് കലർന്ന പാടുകൾ തുടങ്ങിയവ പ്രത്യക്ഷപ്പെടുകയും മിനിറ്റുകൾ മുതൽ മണിക്കൂറുകൾവരെ നീണ്ടുനിൽക്കുകയുംചെയ്യും. സോളാർ അർട്ടിക്കേരിയയുടെ കൃത്യമായ കാരണം അജ്ഞാതമാണെങ്കിലും സൂര്യപ്രകാശം ചർമത്തിലെ ഹിസ്റ്റാമിന്റെയൊ മറ്റ് കോശ രാസ ഘടകങ്ങളുടെയൊ പ്രവർത്തനം സജീവമാക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സാധാരണമായി ചെറുപ്പക്കാരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പെട്ടെന്ന് ഇടയ്ക്കിടെ ലക്ഷണങ്ങൾ കാണിക്കുന്ന രൂപമായിരിക്കും ആദ്യഘട്ടത്തിൽ. പിന്നീട് ഇത് സ്ഥായിയായി കണ്ടെന്നുവരാം. ഈ പ്രശ്നമുള്ള രോഗികൾ അൾട്രാവയലറ്റ് രശ്മികളോട് അമിത പ്രതികരണം (ഫോട്ടോ സെൻസിറ്റിവിറ്റി) കാണിക്കുന്നതായി കണ്ടുവരുന്നു.

രോഗനിർണയം സാധാരണമായി എളുപ്പവും ലളിതവുമാണെങ്കിലും, അതിന്റെ ചികിത്സ ബുദ്ധിമുട്ടാണ്. സോളാർ അർട്ടികാരിയ ഉള്ളവർ നേരിട്ടുള്ള സൂര്യപ്രകാശം കഴിവതും ഏൽക്കാതിരിക്കുക, ഇരുണ്ട വസ്ത്രം ധരിക്കുക, രോഗലക്ഷണ കാലയളവിൽ ആന്റിഹിസ്റ്റാമിനുകൾ പോലെയുള്ള മരുന്നുകൾ കഴിക്കുക എന്നിവ ഗുണംചെയ്യും. ഒരിക്കൽ ഈ പ്രശ്നം ഉണ്ടായവർക്ക് കാലാകാലം അത് നീണ്ടുനിൽക്കണമെന്നില്ല. രോഗം തനിയെ ഇല്ലാതാകാൻ പ്രവണതയുള്ള ഒരു അവസ്ഥയാണിത്. പത്തുമുതൽ ഇരുപത്തിയഞ്ച് ശതമാനംപേരിൽ ഇത് തന്നത്താനെ പൂർണമായും മാറുന്നതായി കണ്ടുവരുന്നു.

വെള്ളത്തോടും അലർജിയോ?

ദൈനംദിന ജീവിതത്തിന് വെള്ളം ഒഴിച്ചുകൂടാനാവാത്തതാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. വെള്ളവുമായുള്ള സമ്പർക്കം പൊതുവേ പ്രതികൂല പ്രതികരണങ്ങൾ ഉണ്ടാക്കുന്നതിൽനിന്ന് മുക്തവുമാണ്, എന്നിരുന്നാലും ചില വ്യക്തികളിൽ ഇത് വലിയ അസ്വസ്ഥതയുണ്ടാക്കാം. വൈദ്യശാസ്ത്രപരമായി അക്വാജെനിക് അർട്ടിക്കേരിയ (Aquagenic urticaria) എന്നറിയപ്പെടുന്ന ഈ അവസ്ഥ, ജലമോ എന്തിന് വിയർപ്പും കണ്ണീരും ഉൾപ്പെടെയുള്ള ശാരീരിക ദ്രവങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾപോലും ഉണ്ടാകാവുന്ന ഒരുതരം അർട്ടിക്കേരിയയാണ്.

ഇത്തരം പ്രശ്നങ്ങളുള്ളവർ വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ ചർമം ചൊറിഞ്ഞുതടിച്ച് വീർത്ത് വേദനാജനകമായ പാടുകളും തിണർപ്പുകളും ഉണ്ടായേക്കാം. അപൂർവമായി ഇത് വളരെ കഠിനമായേക്കാം, രോഗി വിയർക്കുന്നതിലൂടെയോ കരയുന്നതിലൂടെയോ ലക്ഷണങ്ങൾ ഉണ്ടാകാം. ഇത് സാധാരണമായി ചർമ സമ്പർക്കത്തിൽ മാത്രമായിട്ടാണ് കണ്ടുവരിക പതിവ്. - അതായത് മിക്കവർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെത്തന്നെ വെള്ളം കുടിക്കാൻ കഴിയും. കൗമാരക്കാരായ പെൺകുട്ടികളിലാണ് ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. മിക്കതും ഒറ്റപ്പെട്ട കേസുകളായാണ് കണ്ടു വരാറുള്ളതെങ്കിലും പാരമ്പര്യം ചില കേസുകളിലെങ്കിലും സ്വാധീനം ചെലുത്തുന്നതായി ക്കാണാറുണ്ട്.

കോളിൻ ജന്യ അലർജി

വ്യായാമം, മസാലകൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കൽ, അല്ലെങ്കിൽ മാനസികസമ്മർദത്തിന് വിധേയമാകുമ്പോൾ ശരീര താപനിലയിലെ വർധന മൂലമുണ്ടാകുന്ന ഒരു തരം അർട്ടിക്കേരിയയാണ് കോളിനെർജിക് അർട്ടിക്കേരിയ (Cholinergic Urticaria). ഇത് പലപ്പോഴും ദേഹത്തും കൈകാലുകളിലും കഠിനമായ ചൊറിച്ചിലോടെ പ്രത്യക്ഷപ്പെടുകയും സാധാരണമായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ത്തന്നെ സ്വയം മങ്ങുകയും ചെയ്യും. കോളിനെർജിക് അർട്ടിക്കേരിയഉള്ള പല രോഗികളിലും വിയർപ്പിലെ ചില ഘടകങ്ങൾക്കെതിരേയുള്ള അമിത പ്രതികരണം (Hyper SensittÈy) കണ്ടുവരാറുണ്ട്.

ഡിയോഡറന്റ് അലർജി

ശരീരത്തിലെ വിയർപ്പുനാറ്റം അകറ്റാൻ ഉപയോഗിക്കുന്ന വസ്തുക്കളെയാണ് ഡിയോഡറന്റ് (Deodorant) എന്ന് വിളിക്കുന്നത്. ഡിയോഡറന്റുകളും അമിതമായ വിയർപ്പ് തടയാനും കുറയ്ക്കാനും ചർമത്തിൽ പുരട്ടുന്ന ആന്റി പെർസ്പിറന്റുകളും പൊതുവേ സുരക്ഷിതമാണെങ്കിലും ചിലരിൽ അലർജിക്ക് കാരണമായേക്കാം. ഇത്തരം ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന സുഗന്ധദ്രവ്യങ്ങൾ, പ്രൊപിലീൻ ഗ്ലൈക്കോൾ, എണ്ണകൾ, പാരബെൻസ്, ലാനോലിൻ എന്നിവയാണ് അലർജിയുണ്ടാക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ ഇതിൽ ഏത് ഘടകമാണ് പ്രശ്നകാരിയെന്ന് കൃത്യമായി നിർണയിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്.

നിക്കൽ ലോഹ അലർജി

നിക്കൽ ഒരു ഘടകമായ നാണയങ്ങളോ ആഭരണങ്ങളോ കൈകാര്യം ചെയ്തതിനുശേഷം പലപ്പോഴും കൈകളിൽ ചുണങ്ങായി പ്രത്യക്ഷപ്പെടുന്ന അപൂർവതരം അലർജിയാണിത്. നാണയങ്ങൾ, ആഭരണങ്ങൾ, കണ്ണടകളുടെ ഫ്രെയിമുകൾ, തുടങ്ങി മറ്റ് നിരവധി ഉത്പന്നങ്ങളിലെ ഒരു പ്രധാന ഘടകമാണ് നിക്കൽ. ഒരാൾക്ക് ഈ ഘടകവുമായി അലർജിയുണ്ടെങ്കിൽ ചർമവുമായി സമ്പർക്കം പുലർത്തുന്നിടത്തെല്ലാം ചുണങ്ങുപോലെ ഉണ്ടാകാം. ഈ പദാർഥം ഒഴിവാക്കുക എന്നതാണ് ഏറ്റവുംനല്ല ചികിത്സയും പ്രതിരോധ മാർഗവും. ചുണങ്ങുവരുമ്പോൾ സ്റ്റിറോയിഡുകൾ അടങ്ങിയ ചർമലേപനങ്ങൾ പ്രയോഗിക്കുകയും ആന്റിഹിസ്റ്റമിനുകൾ ഉപയോഗിക്കുന്നതും പ്രയോജനം ചെയ്യും.

അലർജിയും ഹോർമോണുകളും

രോഗപ്രതിരോധ സംവിധാനം ഇടയ്ക്കിടെ ശരീരത്തിലെ ഹോർമോൺ മാറ്റങ്ങളോട് പ്രതികരിച്ചേക്കാം. പല സ്ത്രീകളിലും അവരുടെ ആർത്തവചക്രങ്ങളോട് അനുബന്ധിച്ച് അലർജി ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. ഈ മാറ്റങ്ങളുടെയൊക്കെ കൃത്യമായ കാരണങ്ങൾ ഇതുവരെ പൂർണമായും വ്യക്തമായിട്ടില്ലെങ്കിലും, ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകൾക്കെതിരേ പ്രത്യേകമായി രൂപംകൊള്ളുന്ന ആന്റിബോഡികൾ അലർജി ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കമ്പനം അഥവാ വൈബ്രേഷൻ ജന്യ അലർജി

ചില വ്യക്തികളിൽ വൈബ്രേഷനുകളോടുള്ള പ്രതികരണമായി ദേഹം തടിച്ചു ചുവന്ന തിണർപ്പുകൾ ഉണ്ടാകുന്ന അവസ്ഥ കണ്ടുവരുന്നു. ഓട്ടം അല്ലെങ്കിൽ ഗട്ടർ റോഡുകളിലൂടെയുള്ള വാഹനയാത്ര പോലെ കമ്പന (വൈബ്രേറ്ററി) ചലനത്തിന് കാരണമാകുന്ന എന്തും ഒരു പ്രേരക ഘടകമായി പ്രവർത്തിക്കുന്ന ഈ അപൂർവ അവസ്ഥയ്ക്ക് പിന്നിൽ ജനിതക ഘടകങ്ങൾ ഉണ്ടെന്ന് ഗവേഷകർ അനുമാനിക്കുന്നു.

വ്യായാമ ജന്യ അനാഫിലാക്സിസ്

വ്യായാമവേളയിൽ അല്ലെങ്കിൽ അതിനെത്തുടർന്നുണ്ടാകുന്ന അതിതീവ്രമായ അലർജി പ്രതികരണമാണ് വ്യായാമ ജന്യ അനാഫിലാക്സിസ് (Exercise induced anaphylaxis). വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരം അലർജികൾക്ക് കാരണമാകുന്നത്. ചിലരിൽ കടൽ മത്സ്യങ്ങൾ, ഗോതമ്പ് തുടങ്ങിയവ കഴിച്ച ഉടനെ വ്യായാമം ചെയ്യുമ്പോഴാണ് ഈ പ്രതികരണം ഉണ്ടാകുന്നത്. അലർജിയുടെ ഭാഗമായി രക്തസമ്മർദം താഴ്ന്ന്, ശ്വാസതടസ്സം, ഹൃദയസ്തംഭനം, അബോധാവസ്ഥ തുടങ്ങിയവ ഉണ്ടായി മരണംവരെ സംഭവിക്കാവുന്ന സങ്കീർണമായ അവസ്ഥയാണിത്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വ്യായാമം നിർത്തുക. അടിയന്തര വൈദ്യസഹായം തേടുക. ഇതുപോലെയുള്ള പ്രശ്നങ്ങൾ നേരത്തേ ഉണ്ടായിട്ടുള്ളവർ ഭക്ഷണം കഴിച്ച ഉടനെ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണം.

വെള്ളവും ശരീരദ്രവങ്ങളും സൂര്യപ്രകാശവും ഉൾപ്പെടെ എന്തും രോഗപ്രതിരോധ സംവിധാനം ഒരു ഭീഷണിയായി തെറ്റിദ്ധരിക്കുന്ന എന്തിനോടും ഒരു വ്യക്തിക്ക് അലർജി ഉണ്ടാകാം. ഈ ബാഹുല്യംകൊണ്ടുതന്നെ അപൂർവ അലർജികളുടെ പട്ടിക ഇവിടെ പൂർണമാകുന്നില്ല.

ഇത്തരം അവസ്ഥകളുടെ വൈവിധ്യമാർന്ന സ്വഭാവവും വിചിത്രമായ പെരുമാറ്റങ്ങളും ഒരു പഠന കുതുകിക്കോ ഗവേഷകനോ ആകർഷകവും കൗതുകകരവുമായേക്കാം. എന്നാൽ, ഇതനുഭവിക്കുന്ന വ്യക്തികളുടെ സ്ഥിതി അതല്ല. അത്യന്തം ദുഷ്‌കരവും അസ്വസ്ഥതകളും നിറഞ്ഞതായിരിക്കും അവരുടെ ദൈനംദിന ജീവിതം. ഇതിൽ പലതും യഥാർഥത്തിൽ അലർജി സ്വഭാവമുള്ളവയാകണമെന്നില്ല മറിച്ച് അവ അലർജി അനുകരണങ്ങൾ (Allergy mimics) മാത്രമായേക്കാനുമിടയുണ്ട്. ഈ രണ്ട് അവസ്ഥകൾക്കിടയിൽ വ്യക്തമായ അതിർത്തി നിർണയിക്കുന്നത് എല്ലായ്‌പ്പോഴും സാധ്യമല്ല എന്നതും വ്യക്തിയെയും ചികിത്സകനെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.

ഭാഗ്യവശാൽ, ഈ അസാധാരണമായ അവസ്ഥകളിൽ ഒട്ടുമിക്കതും ചികിത്സ വഴി നിയന്ത്രിക്കാൻ പറ്റുന്നതും ഉചിതമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് സാധാരണ ജീവിതം നയിക്കാൻ പറ്റുന്നതുമാണ്. പക്ഷേ; ഈ അവസ്ഥകളിൽ പലതിന്റെയും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സ്വഭാവം കാരണം രോഗനിർണയവും ചികിത്സയും പ്രതിരോധവും ഏറെ വൈകുക സാധാരണം. ഇത്തരം പ്രയാസം അനുഭവിക്കുന്നവർക്കത് ഇത് ക്ഷണിക്കപ്പെടാതെ എപ്പോൾ വേണമെങ്കിലും കയറിവന്ന് ബുദ്ധിമുട്ടിലാക്കുന്ന ഒരു ദുരവസ്ഥയാണ്. അതുകൊണ്ട് ഇത്തരം ഓരോ കേസുകളും ശരിയായി റിപ്പോർട്ട് ചെയ്യേണ്ടത് ഡോക്ടർമാരിലും പൊതുസമൂഹത്തിലും അവബോധം വർധിപ്പിക്കുന്നതിനും അതുവഴി രോഗികൾക്ക് പ്രയോജനം നൽകുന്നതിനും അനിവാര്യമാണ്.

തണുത്ത വസ്തുക്കളോടുള്ള അലർജി

തണുത്ത വെള്ളത്തിൽ കുളിക്കുകയോ, ഐസ് കട്ടകൾ തൊടുകയോ, തണുത്ത കാറ്റേൽക്കുകയോ ചെയ്യുമ്പോൾ മിനിറ്റുകൾക്കകം ചർമം ചുവന്നുതടിക്കുകയും ചൊറിയുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയാണിത്(Cold Urticaria). അത്യപൂർവമായ ഈ അവസ്ഥ സാധാരണമായി ചെറുപ്പക്കാരെയാണ് ബാധിക്കുക. ഇതെന്തുകൊണ്ടുണ്ടാകുന്നു എന്നതിനെപ്പറ്റി ഇന്നും കൃത്യമായ ധാരണ ഇല്ലെങ്കിലും മാസ്റ്റ് കോശങ്ങളുടെ ഉദ്ദീപനം ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അമ്പതു ശതമാനം കേസുകളിലും ഇത് തനിയെ മാറുന്നതായി കണ്ടുവരാറുണ്ട്. മിക്ക അലർജികളെയുംപോലെ, ആന്റിഹിസ്റ്റമിനുകൾ ഉപയോഗിച്ച് ഇത് ചികിത്സിക്കാനും പ്രശ്നം അധികരിക്കുന്ന അവസ്ഥകൾ ഒഴിവാക്കാനും കഴിയും.

എന്താണ് അനാഫിലാക്സിസ് ?

അടിയന്തര ചികിത്സ അനിവാര്യമായ ഒരു സ്ഥിതിവിശേഷമാണ് അനാഫിലാക്സിസ്. ആശുപത്രി ചികിത്സ നിർബന്ധമെങ്കിലും അവിടെയെത്തുന്നതിനുമുൻപുള്ള സമയം നിർണായകമാണ്. പ്രശ്നം തുടങ്ങുമ്പോൾതന്നെ ചികിത്സവേണ്ട അവസ്ഥയാണിത്. രോഗിയുടെ ജീവൻ രക്ഷിക്കാനായി അഡ്രിനാലിൻ കുത്തിവെപ്പ് നൽകുക, ശ്വസനം സുഗമമാക്കാൻ ഓക്സിജൻ നൽകുക, അനിവാര്യമെങ്കിൽ കൃത്രിമ ശ്വസോച്ഛ്വാസ മാർഗങ്ങൾ അവലംബിക്കുക, രക്തസമ്മർദം താഴ്ന്ന് ഷോക്ക് എന്ന അവസ്ഥയിലാണെങ്കിൽ സിരയിലൂടെ ദ്രാവകം നൽകുക എന്നിവയൊക്കെ ഇത്തരം ഘട്ടങ്ങളിൽ ആവശ്യമായി വരാറുണ്ട്. സാധാരണമായി ഏകദേശം 2 മുതൽ 12 മണിക്കൂർ വരെ ആശുപത്രിയിൽ തുടരേണ്ടി വരാം. സങ്കീർണതകൾക്കനുസരിച്ച് ചിലപ്പോൾ അതിൽ കൂടുതലും.

ഇത്തരം അവസ്ഥ ഉണ്ടായിട്ടുള്ളർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ അഡ്രിനാലിൻ സ്വയം കുത്തിവയ്ക്കാൻ ഉതകുന്ന അഡ്രിനാലിൻ അഥവാ എപിനെഫ്രിൻ ഓട്ടോ ഇൻജെക്ടറുകൾ (Epi Pen) ലഭ്യമാണ്. അഡ്രിനാലിൻ സ്വയം കുത്തിവയ്ക്കുന്നതിനുള്ള ഒരു പ്രത്യേക ഉപകരണമാണ് അഡ്രിനാലിൻ ഓട്ടോ-ഇൻജക്ടർ. നേരത്തേതന്നെ നിശ്ചിത അളവ് മരുന്ന് നിറച്ചിട്ടുള്ള ഒരു സിറിഞ്ചാണിത് അത് എങ്ങനെ, എപ്പോൾ ഉപയോഗിക്കണമെന്ന് രോഗികളെ പഠിപ്പിക്കേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളിൽ ഓട്ടോ- ഇൻജക്ടർ വഴി കുത്തിവെപ്പെടുത്തശേഷം എത്രയും പെട്ടെന്നുതന്നെ ആശുപത്രിയെത്തേണ്ടതുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം ആന്റിഹിസ്റ്റമിനുകൾ, സ്റ്റിറോയിഡുകൾ തുടങ്ങിയ മരുന്നുകൾ കൂടെ കൊണ്ടുനടക്കുന്നതും അവശ്യസമയത്ത് അത് കഴിച്ചതിനുശേഷം പെട്ടെന്ന് വൈദ്യസഹായം തേടുന്നതും അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ ശ്വാസകോശ വിഭാഗം പ്രൊഫസറാണ് ലേഖകൻ.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്.

Content Highlights: Explore the symptoms and treatments for rare allergies, including water allergy symptoms and sunlight allergy treatment options for affected individuals.