പ്ലാസ്റ്റിക് സർജറി സൗന്ദര്യത്തിന് മാത്രമല്ല; ജീവിതം തിരിച്ചുപിടിക്കാനുള്ള വഴി കൂടിയാണ്

പ്ലാസ്റ്റിക് സർജറി എന്ന് കേട്ടാൽത്തന്നെ പലരും ആശ്ചര്യത്തോടെ ചോദിക്കാറുണ്ട്, ''നിനക്കെന്തിനാ പ്ലാസ്റ്റിക് സർജറി, സൗന്ദര്യം കൂടാനാണോ?''. എന്തിനുവേണ്ടി സർജറി ചെയ്തു എന്നുപോലും പലരും ചോദിക്കാറില്ല. എന്താണ് ഇങ്ങനെയൊരു സർജറിക്ക് മെനക്കെടുന്നത് എന്നും ഇതെല്ലാം സാധാരണക്കാർക്ക് അത്യാവശ്യം വേണ്ടിവരുന്ന സർജറിയല്ലല്ലോ എന്നുമൊക്കെയാവും ചിന്ത. ''നമുക്ക് ലഭിച്ച ശരീരത്തിൽ മാറ്റംവരുത്തുന്നത് എന്തിനാണ്'' എന്ന് ആലോചിക്കുന്നവരുമുണ്ട്.
പ്ലാസ്റ്റിക് സർജറി വിഭാഗം വളരെയേറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് ഈ മിഥ്യാധാരണകൾ ഇപ്പോഴും നിലനിൽക്കുന്നത്?. അതിന് പല കാരണങ്ങളുമുണ്ട്.
അവബോധക്കുറവ്: പലർക്കും പ്ലാസ്റ്റിക് സർജറി വെറും സൗന്ദര്യശസ്ത്രക്രിയയാണെന്ന് ധാരണയുണ്ട്. യഥാർഥത്തിൽ ഇത് കാൻസർ ബാധിതർക്കും അപകടത്തിൽപ്പെടുന്നവർക്കും, ജന്മവൈകല്യങ്ങളുള്ള കുട്ടികൾക്കും വൈകല്യങ്ങൾ പരിഹരിച്ച് പുതിയ ജീവിതം തുടങ്ങാൻ സഹായിക്കുന്ന ചികിത്സാരീതിയാണ്.
തെറ്റായ ചിത്രം: സോഷ്യൽ മീഡിയയിലും മറ്റും പ്ലാസ്റ്റിക് സർജറിയുടെ കാതലായ വശം പലപ്പോഴും അവതരിപ്പിക്കപ്പെടുന്നില്ല. പ്ലാസ്റ്റിക് സർജറികൊണ്ട് മുഖം മിനുക്കാം, മാറിടത്തിന്റെ വലുപ്പം കൂട്ടാം, കുറയ്ക്കാം എന്നല്ലാതെ പ്ലാസ്റ്റിക് സർജറിയുടെ കാതലായ മൈക്രോ സർജറി, ഹാൻഡ് സർജറി, കാൻസർ റീകൺസ്ട്രക്ഷൺ സർജറി, ബേൺ റീകൺസ്ട്രക്ഷൻ സർജറി എന്നിവയെക്കുറിച്ച് അധികം ചർച്ചചെയ്യപ്പെടുന്നില്ല. ഈ സമീപനത്തിൽ മാറ്റം വരണം.
മൂല്യവിചാരങ്ങൾ: പ്ലാസ്റ്റിക് സർജറി സ്വാഭാവികതയ്ക്ക് വിരുദ്ധമെന്ന് ചിലർക്ക് തോന്നാം. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ ചെയ്യുന്നവരെ പലരും കുറ്റപ്പെടുത്തുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇത്തരം മിഥ്യാധാരണകൾ കാരണം പ്ലാസ്റ്റിക് സർജറി ശരിക്കും ആവശ്യമുള്ള രോഗികൾപോലും പലപ്പോഴും ചികിത്സ തേടാൻ മടിക്കുന്ന സ്ഥിതിവരുന്നു. പ്ലാസ്റ്റിക് സർജറി വെറും സൗന്ദര്യത്തിനല്ല. പ്ലാസ്റ്റിക് സർജറി എന്ന പദം തന്നെയാണ് അതിനുള്ള ഉത്തരം.
പ്ലാസ്റ്റിക് സർജറി രണ്ട് തരത്തിൽ
1. പുനർനിർമാണ ശസ്ത്രക്രിയ
2. സൗന്ദര്യ ശസ്ത്രക്രിയ
എന്താണ് പുനർനിർമാണ ശസ്ത്രക്രിയ?
തകർന്ന അല്ലെങ്കിൽ മുറിച്ചുമാറ്റപ്പെടുന്ന ശരീരഭാഗങ്ങളുടെ രൂപവും പ്രവർത്തനവും പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയകൾ ആണ് പുനർനിർമാണ ശസ്ത്രക്രിയ. അവയിൽത്തന്നെ പല വിഭാഗങ്ങൾ ഉണ്ട്
1. പുനർനിർമാണ പൊള്ളൽ ശസ്ത്രക്രിയ: പൊള്ളലേറ്റ ശേഷം ഒരു വ്യക്തിയുടെ ശരീരത്തിലുണ്ടാകുന്ന മുറിവ് എത്രയും വേഗം ഉണങ്ങാൻ സഹായിക്കുക മാത്രമല്ല പൊള്ളലേറ്റുണ്ടായ സങ്കീർണതകൾ പലതും പരിഹരിക്കാനും ശരീരഭാഗം പുനർനിർമിക്കാനും സഹായിക്കുന്നു.
2. കാൻസർ പുനർനിർമാണ ശസ്ത്രക്രിയ: ഇതിൽ മാറിടം, താടി എല്ല്, നാവ് അങ്ങനെ കാൻസർ കാരണം മുറിച്ചുമാറ്റേണ്ടിവരുന്ന അവയവങ്ങൾ പുനർനിർമിച്ചുനൽകുകയാണ് ചെയ്യുന്നത്.
3. ജന്മവൈകല്യങ്ങൾ പരിഹരിക്കാനുള്ള സർജറി : കുട്ടികളുടെ മുഖത്തും തലയോട്ടിലും ഉണ്ടാകുന്ന ജന്മവൈകല്യങ്ങൾ (ഉദാ: മുച്ചുണ്ടും മുറിയണ്ണാക്കും) പുനർനിർമിച്ചു നൽകുന്നു.
4. അപകടങ്ങൾമൂലം ഉണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കാൻ: റോഡ് അപകടങ്ങളിലോ ജോലിസ്ഥലത്തോ വെച്ചുണ്ടാകുന്ന അപകടങ്ങളിൽ ചർമം, മാംസം, പേശി, നാഡി, ചലന വള്ളികൾ, രക്തക്കുഴലുകൾ എന്നിവയ്ക്ക് ക്ഷതം സംഭവിച്ചാൽ അത് പരിഹരിക്കുകയോ പുനർനിർമിക്കുകയോ ചെയ്യും. വളരെ വേഗം മുറിവുണക്കി ദൈനംദിന കാര്യങ്ങൾ ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇത് സഹായിക്കുന്നു.
5. ഹാൻഡ് സർജറി: കുട്ടികൾക്കുണ്ടാകുന്ന വിരലുകളുടെ വൈകല്യങ്ങൾ, അപകടം മൂലമോ അസുഖം മൂലമോ കൈകൾക്കുണ്ടാകുന്ന എല്ല്, പേശി, നാഡി പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നു.
6. സൂപ്പർ മൈക്രോസർജറി: മന്ത് പോലുള്ള രോഗങ്ങൾക്കുള്ള നൂതന സർജറി ഇതിൽ ഉൾപ്പെടും.
പ്ലാസ്റ്റിക് സർജറിയിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുന്നത് ഇത്തരത്തിലുള്ള പുനർനിർമാണ ശസ്ത്രക്രിയകളാണ്. അതിന് പുറമേയാണ് കോസ്മെറ്റിക് സർജറി അഥവാ സൗന്ദര്യവർധക സർജറികൾ വരുന്നത്.
എന്താണ്സൗന്ദര്യശസ്ത്രക്രിയ?
മുഖ്യമായി രൂപം മെച്ചപ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയകളാണ് ഇത്. റൈനോപ്ലാസ്റ്റി, ടമ്മി ടക്ക്, ബ്രസ്റ്റ് റിഡക്ഷൻ തുടങ്ങി പല ശസ്ത്രക്രിയകളും അതിൽ ഉൾപ്പെടുന്നു. ഇത്തരം ശസ്ത്രക്രിയകൾ അനാവശ്യമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് മറുപടി.
എന്തിനാണ് കോസ്മെറ്റിക് സർജറി വേണ്ടിവരുന്നത്?
ആത്മവിശ്വാസവും മാനസികക്ഷേമവും മെച്ചപ്പെടുത്തുന്നതിന്.
പ്രസവശേഷവും അമിതവണ്ണം കുറയുമ്പോഴും ഉണ്ടാകാവുന്ന രൂപമാറ്റം പരിഹരിക്കാൻ.
പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങളെ ഭംഗിയായി കൈകാര്യം ചെയ്യാൻ.
ശരീര പ്രതിച്ഛായ സംബന്ധിച്ചുള്ള അസ്വസ്ഥതകൾ പരിഹരിക്കാൻ. ഉദാഹരണത്തിന്, പുരുഷന്മാരിൽ കണ്ടുവരുന്ന അമിത സ്തനവലുപ്പം അഥവാ ഗൈനക്കോമാസ്റ്റിയ എന്ന അസുഖം. അത് സർജറി ചെയ്യണമെന്ന് നിർബന്ധമില്ല. പക്ഷേ ചിലർക്ക് വസ്ത്രം ധരിച്ചിരിക്കുമ്പോൾ പോലും മാനസിക പിരിമുറക്കം ഉണ്ടായാൽ എന്ത് ചെയ്യും?. കൂട്ടുകാരുടെ കളിയാക്കലുകളിൽ ആശങ്കപ്പെട്ട് കോളേജിൽനിന്നും സ്കൂളിൽനിന്നും മാറിനിൽക്കുന്ന കുട്ടികൾ വരെ ഉണ്ട് ഈ കൂട്ടത്തിൽ. അമിത സ്തനവളർച്ചയ്ക്ക് ശസ്ത്രക്രിയ വഴി പരിഹാരം കണ്ടെത്തുന്നത് സൗന്ദര്യപ്രശ്നം എന്ന നിലയിൽ മാത്രമല്ല, മാനസികപിരിമുറക്കം കുറച്ച് ആത്മവിശ്വാസം നേടുന്നതിന് വേണ്ടികൂടിയാണ്. മാറിടത്തിന്റെ വലുപ്പം കൂടുതൽ ഉള്ളവർ, കുറഞ്ഞവർ, നെറ്റി കൂടുതൽ ഉള്ളവർ, മുഖത്ത് ചുളിവുകൾ വീണ് പ്രായം കൂടുതലായി തോന്നുന്നവർ, മൂക്കിന്റെ പാലത്തിന് വളവുള്ളവർ, പരന്ന മൂക്കുള്ളവർ അങ്ങനെ പ്ലാസ്റ്റിക് സർജറി ആവശ്യമായി വരുന്നവർ ഒട്ടേറെയുണ്ട്.
കുറവുകൾ പരിഹരിക്കുന്നതിനുവേണ്ടി അല്ല മറിച്ച് നിലവിലുള്ള ശരീരഘടനയെ മെച്ചപ്പെടുത്തി കൂടുതൽ സുഗമമായി, സ്വാതന്ത്ര്യത്തോടെ, ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാൻ സഹായിക്കുന്ന ശസ്ത്രക്രിയാവിഭാഗമാണ് കോസ്മെറ്റിക് സർജറി. ഏതൊരു മെഡിക്കൽ തീരുമാനത്തെയുംപോലെ, ഇക്കാര്യത്തിലും ശരിയായ കൂടിയാലോചനയോടെയും ശ്രദ്ധയോടെയും വേണം തീരുമാനമെടുക്കാൻ.
ഇന്ന് നമ്മൾ ബോഡി പോസിറ്റിവിറ്റിയും ബോഡി ഓട്ടോണോമിയുമൊക്കെ പറയുമ്പോൾ, പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് തുറന്നുസംസാരിക്കാൻ മടിക്കേണ്ടതില്ല. പ്ലാസ്റ്റിക് സർജറി ഒരാളുടെ ജീവിതം മാറ്റുന്ന, സ്നേഹത്തോടെ കരുതലോടെ ചെയ്യേണ്ട ഒരു ചികിത്സാപഥമാണ്.
ചിലർക്കത് ഒരു അപകടത്തിൽനിന്ന് ജീവിതം വീണ്ടെടുക്കൽ ആയിരിക്കും. മറ്റുചിലർക്ക് അത് അസുഖം കാരണം ഉണ്ടായ വൈകല്യത്തിൽനിന്നുള്ള മോചനമാകും. മറ്റൊരാൾക്ക് അത് ആത്മാഭിമാനത്തിന്റെയും പ്രശ്നമാകാം. അത്തരത്തിൽ പ്ലാസ്റ്റിക് സർജറിയുടെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്.
(ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്ലാസ്റ്റിക് & റീകൺസ്ട്രക്ടീവ് സർജറി വിഭാഗം കൺസൽട്ടന്റാണ് ലേഖകൻ)
Content Highlights: Plastic surgery is not just for beauty; it includes vital reconstructive procedures for cancer, accidents, and birth defects