സാധാരണ ദന്തചികിത്സകളെക്കാൾ വേദനയും അസ്വസ്ഥതകളും കുറവ്, ലേസർ ചികിത്സയെ അറിയാം

മറ്റ് ചികിത്സാമേഖലകളിലെന്നപോലെ ദന്തചികിത്സയിലും ലേസറിന്റെ സവിശേഷതകളെ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ദന്തചികിത്സയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനം മൂലമുണ്ടാകുന്ന ശബ്ദവും വൈബ്രേഷനും ദന്തരോഗികളിൽ ആശങ്ക ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ചും ചെറിയ കുട്ടികളിൽ. വേദനാജനകമാണെന്നോർത്ത് ദന്തചികിത്സകളിൽനിന്ന് ഒഴിഞ്ഞുമാറുന്നവരുണ്ട്. സാധാരണ ദന്തചികിത്സകളെക്കാൾ കുറഞ്ഞ വേദനയും അസ്വസ്ഥതകളും മാത്രമുള്ളതും വേഗത്തിൽ മുറിവുകൾ സുഖപ്പെടുകയും ചെയ്യുന്ന ലേസർ ദന്ത ചികിത്സകൾ, ഇത്തരത്തിലുള്ള ആശങ്കകൾക്ക് പരിഹാരമായേക്കും. പരമ്പരാഗത ദന്തചികിത്സകളെ അപേക്ഷിച്ച് ലേസർ ദന്തചികിത്സകൾ ലളിതവും കാര്യക്ഷമവും ആയതിനാൽ ആധുനിക ദന്തചികിത്സയുടെ എല്ലാ മേഖലകളിലും ലേസർ ഉപയോഗം പുരോഗമിക്കുകയാണ്. ചെറിയ ദന്തക്ഷയങ്ങൾ തിരിച്ചറിയുന്നതുമുതൽ ഗുരുതരമായ രോഗങ്ങൾ കണ്ടെത്തുന്നതിനുമെല്ലാം ലേസർ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കും. എല്ലാ ദന്തചികിത്സകൾക്കും ലേസറുകൾ ഉപയോഗിക്കാൻ സാധിക്കില്ല എങ്കിലും ലേസർ ഉപയോഗങ്ങളെക്കുറിച്ച് നിരന്തരം പഠനങ്ങൾ നടക്കുന്നുണ്ട്.
ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ എന്നതിന്റെ ചുരുക്കരൂപമാണ് ലേസർ (ഘഅടഋഞ). റേഡിയേഷൻ പ്രസരണം ഉത്തേജിപ്പിക്കുന്നത് വഴി പ്രകാശോർജ്ജം വർധിപ്പിച്ച് നേരിയതും സാന്ദ്രീകൃതവുമായ പ്രകാശകിരണങ്ങൾ പുറപ്പെടുവിക്കുന്ന വിവിധതരം ദന്തൽ ലേസർ ഉപകരണങ്ങൾ നിലവിലുണ്ട്. ഈ പ്രകാശം മനുഷ്യകോശങ്ങളിൽ പതിക്കുമ്പോൾ ഒരു പ്രതികരണം ഉണ്ടാവുകയും അതുമൂലം കോശങ്ങൾ നീക്കം ചെയ്യപ്പെടുകയോ പുനർ രൂപകല്പന ചെയ്യപ്പെടുകയോ ചെയ്യുന്നു.
ദന്തചികിത്സയിൽ 1960 മുതലാണ് ലേസർ ഉപയോഗം ആരംഭിക്കുന്നത്. ലേസർ ചികിത്സകൾക്ക് വേൾഡ് ഡെന്റൽ ഫെഡറേഷൻ അഥവാ എഫ്ഡിഐയുടെ അംഗീകാരമുണ്ട്. പക്ഷേ, പരമ്പരാഗത ദന്തചികിത്സയ്ക്ക് പകരമായി അമേരിക്കൻ ഡെന്റൽ അസോസിയേഷന്റെ (അഉഅ) സ്വീകാര്യത ഒരു ലേസർ സംവിധാനത്തിനും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ദന്തചികിത്സാമേഖലയിൽ ലേസർ സാങ്കേതികവിദ്യയുടെ പങ്കിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നതായി അമേരിക്കൻ ദന്തൽ അസോസിയേഷൻ പറയുന്നു.
ലേസറുകൾ പലവിധം
എല്ലാ ലേസറുകളും പ്രകാശത്തിന്റെ രൂപത്തിൽ ഊർജം വിതരണം ചെയ്തുകൊണ്ടാണ് പ്രവർത്തിക്കുന്നത് എങ്കിലും പലതരത്തിലുള്ള ലേസർ ഉപകരണങ്ങൾ നിലവിലുണ്ട്. പ്രയോഗക്ഷമത അനുസരിച്ച് ദന്തൽ ലേസറുകളെ സോഫ്റ്റ് ടിഷ്യൂ ലേസർ, ഹാർഡ് ടിഷ്യൂ ലേസർ എന്നിങ്ങനെയും പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന മാധ്യമം അനുസരിച്ച് വാതക ലേസർ, സോളിഡ് ലേസർ എന്നിങ്ങനെയും തരംഗദൈർഘ്യത്തിന്റെ പരിധി അനുസരിച്ച് വിവിധ തരങ്ങളായും തിരിച്ചിട്ടുണ്ട്. ഭൗതികഘടന (ഉദാഹരണം: ഖര, വാതകം, ദ്രാവകം അല്ലെങ്കിൽ അർധചാലക ഡയോഡ്), ഉപയോഗിക്കുന്ന മീഡിയം, അപകടത്തിന്റെ അളവ് എന്നിവ അനുസരിച്ചും ലേസറുകൾ പലവിധമുണ്ട്.
മോണപോലെയുള്ള വായിലെ മൃദുവായ ഭാഗങ്ങൾ ഉൾപ്പെടുന്ന ചികിത്സകൾക്ക് സോഫ്റ്റ് ടിഷ്യൂ ലേസറുകളും പല്ലുപോലെയുള്ള കഠിനമായ ഭാഗങ്ങൾ ഉൾപ്പെടുന്ന ചികിത്സയ്ക്ക് ഹാർഡ് ടിഷ്യൂ ലേസറുകളും ആണ് ഉപയോഗിക്കുക.
ഡെന്റൽ ലേസറുകളുടെ ഉപയോഗങ്ങൾ
പല്ലിനുള്ളിലെ കേട് നീക്കം ചെയ്യുന്നതിന് ലേസർ ഉപയോഗിക്കുന്നുണ്ട്. കൂടാതെ കേട് നീക്കം ചെയ്ത ഭാഗം അടയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഫില്ലിങ്ങുകൾ പല്ലിൽ കൃത്യമായി ചേർന്നിരിക്കാൻ വേണ്ടി ചുറ്റുമുള്ള ഇനാമലിനെ രൂപപ്പെടുത്തിയെടുക്കുന്നതിനും ലേസർ ഉപയോഗിക്കാം. സാധാരണരീതിയിൽ പല്ല് അടയ്ക്കുമ്പോൾ കേടായ ഭാഗം നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ശബ്ദങ്ങളോട് ആശങ്കയുള്ളവർക്ക് ലേസർ സൗകര്യപ്രദമായ ചികിത്സാരീതിയാണ്. ഇത്തരം ചികിത്സകൾക്ക് ഹാർഡ് ടിഷ്യൂ ലേസറുകൾ ഉപയോഗിക്കാം.
റൂട്ട് കനാൽ പ്രക്രിയകളിൽ മോണയുടെ രൂപഭേദം വരുത്താനും ബാക്ടീരിയകളെ നീക്കം ചെയ്യാനും ലേസർ ഉപയോഗിക്കുന്നു. മോണരോഗമുള്ളവരിൽ അതിന് കാരണമായ ബാക്ടീരിയകളെ ലേസർ ഉപയോഗിച്ച് നീക്കം ചെയ്യാൻ സാധിക്കും. മോണയുടെ ആരോഗ്യകരമായ ഭാഗങ്ങളെ സംരക്ഷിച്ചുകൊണ്ട് രോഗബാധിതമായ കോശങ്ങളെ നീക്കം ചെയ്യാൻ ലേസർ ഫലപ്രദമാണ്. സാധാരണ ദന്തചികിത്സാരീതികളെ അപേക്ഷിച്ച് ലക്ഷ്യസ്ഥാനത്തുമാത്രം പ്രവർത്തിക്കുന്നതിനാൽ ചുറ്റുമുള്ള ആരോഗ്യമുള്ള പല്ലിന്റെയും മോണയുടെയും ഭാഗങ്ങൾക്ക് കേടുപാടുകളുണ്ടാക്കാതെ പ്രവർത്തിക്കുന്നു എന്നത് ലേസറിന്റെ പ്രത്യേകതയാണ്.
ഡെന്റൽ ഇംപ്ലാന്റിന് ചുറ്റുമുള്ള അണുബാധ ചികിത്സിക്കുന്നതിന് ലേസറുകൾ ഉപയോഗിക്കാറുണ്ട്.
നിറം മങ്ങിയ പല്ലുകൾ വെളുപ്പിക്കാനുള്ള മാർഗമായ ടീത്ത് വൈറ്റനിങ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലേസർ ഉപയോഗിക്കാം. ടീത്ത് വൈറ്റനിങ്ങിനായി പല്ലിന്റെ പ്രതലത്തിൽ പ്രയോഗിക്കുന്ന ബ്ലീച്ചിങ് ലായനിയുടെ പ്രവർത്തനം ലേസർ ഊർജത്താൽ ഉത്തേജിപ്പിക്കപ്പെടുകയും ഇത് വെളുപ്പിക്കൽ പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യുന്നു.
പല്ല് ക്ലീനിങ്ങിനും മോണരോഗ ചികിത്സയ്ക്കും വായിലെ മുറിവുകളും അൾസറുകളും ചികിത്സിക്കുന്നതിനും സ്മൈൽ ഡിസൈനിങ് പോലെയുള്ള സൗന്ദര്യാത്മക ചികിത്സാവശ്യങ്ങൾക്കായി മോണയുടെ നിറവും രൂപമാറ്റവും വരുത്തുന്നതിനും ലേസറുകൾ ഉപയോഗിക്കുന്നു.
കേടുവന്ന് നശിച്ച പല്ലിന്റെ ഭാഗങ്ങൾ പുനർനിർമിക്കാൻ ഉപയോഗിക്കുന്ന ഡെന്റൽ റെസിൻ മെറ്റീരിയലുകളുടെ പോളിമറൈസേഷനുവേണ്ടിയും പല്ലു പുളിപ്പിനുള്ള ചികിത്സകൾക്കും ലേസർ ഉപയോഗിക്കാൻ സാധിക്കും.
ലേസർ ചികിത്സയുടെ ഗുണങ്ങൾ
പരമ്പരാഗത ദന്തചികിത്സകളെ അപേക്ഷിച്ച് ലേസർ ചികിത്സയ്ക്ക് ചില ഗുണങ്ങളുണ്ട്.
ലേസർ ചികിത്സകൾക്ക് വേദന കുറവാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ അനസ്തേഷ്യമാത്രമേ ആവശ്യമായി വരികയുള്ളൂ.
ഡെന്റൽ ഡ്രിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദവും കിരുകിരുപ്പും കാരണം അസ്വസ്ഥരാവുന്ന രോഗികളിലെ ഉത്കണ്ഠ കുറയ്ക്കാൻ ലേസർ ഉപയോഗിച്ച് ദന്തചികിത്സകൾ ചെയ്യാം.രോഗബാധയുണ്ടായ ഭാഗം കൃത്യമായി ലക്ഷ്യമിടാൻ ലേസറുകൾക്ക് സാധിക്കുന്നതുകൊണ്ട് ചുറ്റുമുള്ള ആരോഗ്യകരമായ ഘടനകൾക്കും കോശങ്ങൾക്കും കേടുപാടുകൾ വരുത്താതെ അവയുടെ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കും. ഇക്കാരണങ്ങൾകൊണ്ട് ലേസർ ചികിത്സകൾക്കുശേഷം തുന്നലുകളുടെ ആവശ്യം കുറവാണ്.
ചികിത്സയ്ക്കിടെ രക്തക്കുഴലുകൾ അടയ്ക്കാനുള്ള ലേസറിന്റെ കഴിവ് രക്തസ്രാവവും വീക്കവും കുറയ്ക്കുന്നു, പ്രത്യേകിച്ച് മൃദുവായ ടിഷ്യു ശസ്ത്രക്രിയകളിൽ അത് കൂടുതൽ ഗുണം ചെയ്യും. ചികിത്സകൾക്കുശേഷമുള്ള വേദന, വീക്കം എന്നിവ കുറവാണ്. പരമ്പരാഗത ചികിത്സകളെ അപേക്ഷിച്ച് ചികിത്സയ്ക്കുശേഷമുള്ള അസ്വസ്ഥതകൾ വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽതന്നെ ഇല്ലാതാകും.
ലേസറിന്റെ ചൂട് ചികിത്സാമേഖലയെ അണുവിമുക്തമാക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പല്ലുകൾ നിലനിർത്തുന്ന ഘടനകളെ നശിപ്പിക്കുന്ന അവസ്ഥയാണ് മോണരോഗം. അതിന്റെ മൂർച്ഛിച്ച അവസ്ഥയെ പെരിയോഡോന്റൽ രോഗം എന്ന് വിളിക്കുന്നു. പല്ലുകൾക്കും അവയുടെ ഘടനകൾക്കും കേടുപാടുകൾ വരുത്തുന്നത് തടയാൻ ചികിത്സകൾ വേഗത്തിലാക്കേണ്ടതുണ്ട്. മോണയ്ക്കും പല്ലിനും ഇടയിലുള്ള ബാക്ടീരിയ മൂലമാണ് പെരിയോഡോന്റൽ രോഗം ഉണ്ടാകുന്നത്. സ്കെയിലിങ്, റൂട്ട് പ്ലാനിങ്, ഫ്ളാപ്പ് സർജറി എന്നിവ ഇതിനുള്ള വിവിധ ചികിത്സകളാണ്. ഇത്തരം ചികിത്സകളിൽ അണുബാധയുണ്ടായ ടിഷ്യു നീക്കംചെയ്യാൻ മോണ പിന്നിലേക്ക് വലിച്ചുപിടിക്കണം. അതുകൊണ്ടുതന്നെ പലപ്പോഴും രോഗിക്ക് വേദന അനുഭവപ്പെടുന്നത് തടയാൻ അനസ്തേഷ്യ ഉപയോഗിക്കേണ്ടി വരും. പരമ്പരാഗത രീതിയിലുള്ള ചികിത്സയാണെങ്കിൽ പലർക്കും ചികിത്സയ്ക്കുശേഷം രണ്ടാഴ്ചവരെ അസ്വസ്ഥത ഉണ്ടാകാറുണ്ട്.രോഗിയുടെ മോണ പിന്നിലേക്ക് വലിക്കാതെതന്നെ പല്ലിന്റെ വേരുകളും മോണ പോക്കറ്റുകളും വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ലേസർ സഹായിക്കുന്നു.
ലേസർചികിത്സയ്ക്ക് വിധേയരായ രോഗികൾക്ക് വേദനസംഹാരികളോ ആന്റിബയോട്ടിക്കുകളോ ഉൾപ്പെടെയുള്ള മരുന്നുകളുടെ ആവശ്യകതയും കുറവാണ്.
മോണയുടെ രൂപമാറ്റം അല്ലെങ്കിൽ അധികമായി വീർത്തുനിൽക്കുന്ന മോണയുടെ ഭാഗങ്ങളോ വായിലെ മറ്റ് മൃദുവായ കോശങ്ങളോ നീക്കംചെയ്യുന്നതുപോലുള്ള കൃത്യത ആവശ്യമുള്ള നടപടിക്രമങ്ങൾക്ക് ലേസർ അനുയോജ്യമാണ്. ലേസർചികിത്സകൾക്ക് പരമ്പരാഗത ചികിത്സകളെക്കാൾ കൂടുതൽ സൗന്ദര്യാത്മക ചികിത്സകളുടെ പൂർണതയും ഭംഗിയും ഉറപ്പുവരുത്താൻ സാധിക്കും.
സാധാരണ ദന്തൽ ഉപകരണങ്ങളുടെ ശബ്ദവും വൈബ്രേഷനും ഇല്ലാത്തതിനാലും വേദന താരതമ്യേന കുറവായതുകൊണ്ടും അനസ്തേഷ്യയുടെ ആവശ്യകത കുറവായതിനാലും പലപ്പോഴും ചെറിയ കുട്ടികൾ മെച്ചപ്പെട്ട രീതിയിൽ ലേസർചികിത്സകളോട് സഹകരിക്കാറുണ്ട്.
ലേസറുകളുടെ പരിമിതികൾ
ലേസർ ദന്തചികിത്സയ്ക്ക് ഒട്ടേറെ ഗുണങ്ങളുണ്ടെങ്കിലും, ഇത് എല്ലാ നടപടിക്രമങ്ങൾക്കും അനുയോജ്യമാകണമെന്നില്ല.
ലേസർ ഉപകരണങ്ങൾ വിലയേറിയതാണ്. അതുകൊണ്ടുതന്നെ ലേസർ ഉപയോഗിച്ചുള്ള ചികിത്സകൾക്ക് ചെലവ് കൂടുതലായിരിക്കും.
നിലവിൽ ഫില്ലിങ്ങുകളുള്ള പല്ലുകളിൽ ലേസർ ഉപയോഗിക്കാൻ കഴിയില്ല. അതുപോലെ മെറ്റൽ ഫില്ലിങ്ങുകൾ നീക്കംചെയ്യാൻ ലേസർ ഫലപ്രദമല്ല. സാധാരണമായി നടത്തുന്ന പല ഡെന്റൽ ചികിത്സകളിലും ലേസർ ഉപയോഗിക്കാൻകഴിയില്ല. പല്ലിന്റെ കട്ടിയുള്ള ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഹാർഡ് ടിഷ്യൂ ലേസറുകൾക്ക് ഒട്ടേറെ പരിമിതികളുണ്ട്. ഉദാഹരണത്തിന്, രണ്ട് പല്ലുകൾക്കിടയിലുള്ള കേടുകൾ, കേടുകൾകാരണം വലിയ രീതിയിൽ നശിക്കപ്പെട്ട പല്ലുകൾ, പഴയ ഫില്ലിങ്ങുകൾക്ക് ചുറ്റുമുള്ള കേടുകൾ എന്നിവയുടെ ചികിത്സകൾക്ക് ലേസർചികിത്സ ഫലപ്രദമല്ല. റൂട്ട് കനാലിനുശേഷമോ അല്ലാതെയോ പല്ലിന് ക്യാപ് ഇടാൻവേണ്ടി പല്ലുകളെ ട്രിംചെയ്ത് ചെറുതാക്കുന്നതിന് ലേസറുകൾ ഉപയോഗിക്കാൻ സാധിക്കില്ല. വലിയ കേടുകൾ അടയ്ക്കാനോ റൂട്ട് കനാലിനുശേഷം പല്ലുകളിലുള്ള വലിയ അറകളിൽ ഫില്ല്ചെയ്യാനോ ലേസർചികിത്സകൾക്ക് സാധിക്കില്ല. കൂടാതെ, പൊട്ടിയതോ മാറ്റിവെക്കേണ്ടതോ ആയ ക്യാപ്പുകൾ നീക്കംചെയ്യാനോ പല്ല് നഷ്ടപ്പെട്ട സ്ഥലത്ത് കൃത്രിമ പല്ല് ഉറപ്പിക്കുന്ന ഡെന്റൽ ബ്രിഡ്ജ് ചികിത്സകൾക്കായി പല്ലുകളുടെ വലുപ്പം കട്ട്ചെയ്ത് കുറയ്ക്കുന്നതിനോ ലേസർ ഉപയോഗിക്കാൻകഴിയില്ല.
ലേസർ ഉപയോഗിക്കുമ്പോൾപോലും പല്ലിലെ ഫില്ലിങ്ങുകൾ കൃത്യമായ ആകൃതിയിൽ രൂപപ്പെടുത്തുന്നതിനും ഫില്ലിങ്ങുകൾ പോളിഷ് ചെയ്യുന്നതിനും പരമ്പരാഗത ദന്തൽ ഡ്രില്ലുകൾ ആവശ്യമായിവന്നേക്കാം.
മറ്റെല്ലാ മെക്കാനിക്കൽ നടപടിക്രമങ്ങളെയും പോലെ, ലേസർ യൂണിറ്റുകൾ ശരിയായ രീതിയിൽ കൈകാര്യംചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും കൃത്യമായ പരിശീലനം ആവശ്യമാണ്. ഒരു ടിഷ്യൂവിൽ അമിതമായ അളവിൽ ലേസർ പ്രയോഗിച്ചാൽ പ്രയോഗിക്കപ്പെടുന്ന കോശങ്ങളുടെ പുനരുത്പാദനം നിലയ്ക്കാനും കോശങ്ങൾ നശിക്കാനും സാധ്യതയുണ്ട്.
പരമ്പരാഗത ദന്തചികിത്സാരീതികളെ അപേക്ഷിച്ച് ലേസർ ദന്ത ചികിത്സകൾക്ക് വലിയ സാധ്യതകളും ഒട്ടേറെ ഗുണങ്ങളും ഉണ്ട്. അതോടൊപ്പം ചില പരിമിതികളും നിലനിൽക്കുന്നു. പുതിയ പഠനങ്ങളും കണ്ടെത്തലുകളും ഭാവിയിൽ ഒരുപക്ഷേ, ലേസറിന്റെ പരിമിതികൾ മറികടക്കാൻ സഹായിച്ചേക്കാം.
ഡെന്റൽ ലേസറിന്റെ പ്രവർത്തനം
ദന്തചികിത്സകൾക്കും സർജറികൾക്കും വേണ്ടി ഉപയോഗിക്കുമ്പോൾ ലേസർ ഒരു കട്ടിങ് ഉപകരണമായോ അല്ലെങ്കിൽ അതുമായി സമ്പർക്കത്തിൽ വരുന്ന കോശത്തെ ബാഷ്പീകരിച്ചുകൊണ്ടോ ആണ് പ്രവർത്തിക്കുന്നത്. ലേസർ സൃഷ്ടിക്കുന്ന താപമാണ് വായിലെ മൃദുവായതോ കട്ടിയുള്ളതോ ആയ ടിഷ്യൂകൾ നീക്കംചെയ്യാനും പുനർരൂപകല്പന ചെയ്യാനും വൃത്തിയാക്കാനും ഉപയോഗിക്കുന്നത്.
പല്ല് വെളുപ്പിക്കൽ പ്രക്രിയകളിൽ ഉപയോഗിക്കുമ്പോൾ, ലേസർ ഒരു താപസ്രോതസ്സായി പ്രവർത്തിക്കുകയും ടൂത്ത് ബ്ലീച്ചിങ് ഏജന്റുകളുടെ പ്രഭാവം വർധിപ്പിക്കുകയും ചെയ്യുന്നു.
മട്ടന്നൂർ മൾട്ടിസ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക് & ഇംപ്ലാന്റ് സെന്ററിൽ ചീഫ് ഡെന്റൽ സർജനാണ് ലേഖിക.
Content Highlights: Laser dentistry offers less pain and faster healing, making it a preferred choice over traditional methods for many dental treatments.