രോഗം തിരിച്ചറിയാനും ചികിത്സിക്കാനും വൈകിയാൽ ജീവനുതന്നെ ഭീഷണിയാകും; ഹൈപ്പോതൈറോയ്ഡിസം, ലക്ഷണങ്ങൾ

#ഡോ. അഭിലാഷ് നായര്‍
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തൈറോയ്ഡിനെ ബാധിക്കുന്ന രോഗങ്ങൾ സാധാരണമാണ്. ഇവയ്ക്കുള്ള ചികിത്സ ഇപ്പോൾ വളരെ ഫലപ്രദമായിട്ടുണ്ട്. യഥാസമയം പരിശോധന നടത്തുകയും കൃത്യമായി മരുന്ന് കഴിക്കുകയും ചെയ്യുന്നതിലൂടെ നിയന്ത്രിക്കാവുന്നതേയുള്ളൂ.

തൈറോയ്ഡ് ഹോർമോൺ ശരിയായ അളവിൽ നിലനിർത്തേണ്ടത് ശാരീരിക-മാനസിക ആരോഗ്യത്തിന് നിർണായകമാണ്. തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടിയാലും കുറഞ്ഞാലും അത് ശാരീരിക- മാനസിക പ്രവർത്തനങ്ങളെ ബാധിക്കും.

ഹൈപ്പോതൈറോയ്ഡിസം

തൈറോയ്ഡിനെ ബാധിക്കുന്ന അസുഖങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്നതാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുകയും അതുമൂലം തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണിന്റെ അളവ് താഴുകയും ചെയ്യുന്നു. ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ ഇത് ഇടയാക്കും. പുരുഷൻമാരേക്കാൾ കൂടുതലായി സ്ത്രീകളിൽ ഹൈപ്പോതൈറോയ്ഡിസം കാണുന്നു.

ഹൈപ്പോതൈറോയ്ഡിസത്തിന് തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകണമെന്നില്ല. ചെറിയ പ്രശ്‌നങ്ങൾ തൈറോയ്ഡ് ഗ്രന്ഥി തന്നെ സ്വയം പരിഹരിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് പ്രകടമായ ലക്ഷണങ്ങൾ ആരംഭത്തിൽ കാണാത്തത്. എന്നാൽ ഹോർമോൺ ഉത്പാദനത്തിൽ കാര്യമായ കുറവ് വരുമ്പോൾ ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങും. രോഗം തിരിച്ചറിയാനും ചികിത്സിക്കാനും വൈകിയാൽ ഹൃദയം, ശ്വാസകോശം, മസ്തിഷ്‌കം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ച് ജീവന് തന്നെ ഭീഷണിയായേക്കാം.

കാരണങ്ങൾ

ഹാഷിമോട്ടോസ് തൈറോഡൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് ഇപ്പോൾ ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രധാന കാരണം. നേരത്തെ അയഡിന്റെ കുറവായിരുന്നു പ്രധാന പ്രശ്‌നം. ഇതുകൂടാതെ, ജൻമനാതന്നെ തൈറോയ്ഡ് എൻസൈമുകളുടെ കുറവുവരുന്ന അവസ്ഥ ചിലരിൽ കണ്ടുവരുന്നുണ്ട്. ഇതും ഹൈപ്പോതൈറോയ്ഡിസത്തിന് കാരണമാകുന്നുണ്ട്.

തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള നിർദേശം തൈറോയ്ഡ് ഗ്രന്ഥിക്ക് ലഭിക്കുന്നത് പിറ്റിയൂട്ടറി ഗ്രന്ഥിയിൽ നിന്നാണ്. പിറ്റിയൂട്ടറിക്ക് ഉണ്ടാകുന്ന ചില തകരാറുകൾ തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ(ടി.എസ്.എച്ച്.) ഉത്പാദനത്തെ ബാധിക്കുകയും അത് ഹൈപ്പോതൈറോയ്ഡിസത്തിലേക്ക് നയിക്കുകയും ചെയ്യാം. ഇത് വളരെ അപൂർവമായി മാത്രമേ കണ്ടുവരാറുള്ളൂ.

പ്രസവശേഷം ചിലരിൽ ഹൈപ്പോതൈറോയ്ഡിസം കണ്ടുവരാറുണ്ട്. ഇതിനെ പോസ്റ്റ്പാർട്ടം തൈറോയ്‌ഡൈറ്റിസ് എന്നു പറയും. മിക്കവാറും ആളുകളിൽ ഇത് ഏതാനും മാസങ്ങൾക്കുള്ളിൽ സാധാരണ നിലയിലേക്ക് എത്താറുണ്ട്.

ലക്ഷണങ്ങൾ

ഹൈപ്പോതൈറോയ്ഡിസത്തിന് സാധാരണമായി കണ്ടുവരുന്ന സാധാരണമായി കണ്ടുവരുന്ന ചില ലക്ഷണങ്ങൾ ഇവയൊക്കെയാണ്.

  • ഉൻമേഷമില്ലായ്മ, ക്ഷീണം
  • അമിതമായ ഉറക്കം
  • മലബന്ധം
  • ആർത്തവസമയത്ത് അമിത രക്തസ്രാവം
  • അമിതവണ്ണം
  • മുടികൊഴിച്ചിൽ
  • വന്ധ്യത
  • ചർമത്തിന് വരൾച്ച
  • വിഷാദം

കുട്ടികളിൽ ഈ ലക്ഷണങ്ങളെല്ലാം ഉണ്ടാവണമെന്നില്ല. വളർച്ചക്കുറവ്, പഠനത്തിൽ മോശമാവുക, വരണ്ട ചർമം, മലബന്ധം എന്നിവയാണ്

കുട്ടികളിൽ കാണുന്ന പൊതുവായ ലക്ഷണങ്ങൾ.

രോഗനിർണയം

ചിലരിൽ ശാരീരികമായ ലക്ഷണങ്ങൾ തന്നെ ഹൈപ്പോതൈറോയ്ഡിസത്തിന്റെ സൂചന നൽകും. അല്ലെങ്കിൽ, രക്തപരിശോധനയിലൂടെ ഇത് കണ്ടെത്താൻ സാധിക്കും.

രക്തത്തിലെ ടി-4ന്റെയും ടി.എസ്.എച്ചിന്റെയും അളവാണ് വിലയിരുത്തുന്നത്. ഹൈപ്പോതൈറോയ്ഡിസമുള്ളവരിൽ ടി.എസ്.എച്ച്. അളവ് കൂടുതലായിരിക്കും. അതേസമയം തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി 4 ഹോർമോണിന്റെ അളവ് കുറവുമായിരിക്കും.

ഓട്ടോ ഇമ്മ്യൂൺ രോഗം കാരണമാണോ ഹൈപ്പോതൈറോയ്ഡിസം ഉണ്ടായതെന്ന് വിലയിരുത്താൻ ആന്റിബോഡി ടെസ്റ്റ് സഹായിക്കും.

ഹാഷിമോട്ടോഴ്‌സ് തൈറോയ്‌ഡൈറ്റിസ്

ശരീരത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയാൻ ഇടയാക്കുന്ന രോഗാവസ്ഥയാണ് ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ്. ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രധാന കാരണമാണ് ഈ രോഗാവസ്ഥ. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളാണ് ഇതിന് ഇടയാക്കുന്നത്. തൈറോയ്ഡ് കോശങ്ങൾക്കെതിരേ തന്നെ സ്വന്തം പ്രതിരോധ സംവിധാനം പ്രവർത്തിക്കുക എന്ന പിശകാണ് ഇവിടെ സംഭവിക്കുന്നത്. ഇതോടെ തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കുറയുന്നു. മാത്രമല്ല തൈറോയ്ഡ് ഗ്രന്ഥി വലുതാവുന്ന ഗോയിറ്ററിനും കാരണമാകാം.

സബ് ക്ലിനിക്കൽ ഹൈപ്പോതൈറോയ്ഡിസം

ചില അവസരങ്ങളിൽ രക്തത്തിലെ ടി 4 ന്റെ അളവ് നോർമലായിരിക്കും. എന്നാൽ ടി.എസ്.എച്ചിന്റെ അളവ് കൂടുതലായിരിക്കും. ഈ അവസ്ഥയെയാണ് സബ് ക്ലിനിക്കൽ ഹൈപ്പോതൈറോയ്ഡിസം എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണ ഈ അവസ്ഥയിൽ ചികിത്സ ആവശ്യമായി വരാറില്ല. എന്നാൽ ഗർഭിണികളിൽ ഈ അവസ്ഥ ഉണ്ടെങ്കിൽ ചികിത്സ ആവശ്യമാണ്. കാരണം ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കായി അമ്മയുടെ രക്തത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് നോർമൽ ആകേണ്ടത് അത്യാവശ്യമാണ്.

ചികിത്സ

ഹൈപ്പോതൈറോയ്ഡിസത്തിന്റെ ചികിത്സയ്ക്കായി നൽകുന്നത് തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നുതന്നെ ഉത്പാദിപ്പിക്കുന്ന ടി 4 അഥവാ തൈറോക്‌സിൻ തന്നെയാണ്. ശരിയായ അളവിൽ കഴിച്ചാൽ പാർശ്വഫലങ്ങളൊന്നും ഇതുകൊണ്ട് ഉണ്ടാവാറില്ല. ശരീരത്തിൽ സ്വാഭാവികമായി കൃത്യമായ അളവിൽ ഉണ്ടാകേണ്ടിയിരുന്ന ഒരു ഹോർമോൺ ആ അളവിൽ ഇല്ലാത്തതുകൊണ്ട് ഗുളിക രൂപത്തിൽ നൽകുന്നു എന്നേയുള്ളൂ.

മരുന്നിന്റെ ഡോസ് നിർണയിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം എത്രമാത്രം കുറവാണ് എന്നതിന് അനുസരിച്ചാണ്. ഹൈപ്പോതൈറോയ്ഡിസം മിക്ക ആളുകളിലും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാറുണ്ട്. തൈറോക്‌സിൻ ഗുളികയും അതിനനുസരിച്ച് തുടരേണ്ടി വരും.

മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

  • മരുന്ന് എല്ലാദിവസവും രാവിലെ എഴുന്നേറ്റാൽ ഉടൻത്തന്നെ കഴിക്കണം.
  • മരുന്ന് കഴിച്ചതിനുശേഷം ഒരു മണിക്കൂറെങ്കിലും കഴിയാതെ വെള്ളമൊഴികെ മറ്റൊന്നും കഴിക്കാൻ പാടില്ല.
  • അയേൺ, കാത്സ്യം, വയറെരിച്ചിലിനുള്ള മരുന്നുകൾ തുടങ്ങിയവ കഴിക്കുന്നുണ്ടെങ്കിൽ അവ ഉച്ചയ്‌ക്കോ വൈകുന്നേരമോ കഴിക്കുന്നതാണ് നല്ലത്.
  • ആഹാരത്തിൽ കാര്യമായ പഥ്യങ്ങൾ ഒന്നുമില്ലെങ്കിലും കാബേജ്, ബീറ്റ്‌റൂട്ട്, കോളിഫ്‌ളവർ, സോയ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
  • ഒരുദിവസം മരുന്ന് കഴിക്കാൻ മറന്നുപോയെങ്കിൽ ആ ഗുളിക അടുത്ത ദിവസം രാവിലെത്തന്നെ ഗുളികയുടെ കൂടെ കഴിക്കുക.
  • ഗർഭിണികളിൽ തൈറോയ്ഡ് ഹോർമോണിന്റെ ആവശ്യം കൂടുന്നതിനാൽ ഗർഭധാരണത്തിന് ശേഷം മരുന്നിന്റെ ഡോസ് കൂട്ടേണ്ടി വന്നേക്കാം.
  • ചികിത്സ തുടങ്ങിയതിനുശേഷം ആദ്യമായി ആറാഴ്ച കഴിഞ്ഞാണ് രക്തത്തിൽ ടി.എസ്.എച്ച്. പരിശോധന നടത്തേണ്ടത്.
  • ടി.എസ്.എച്ചിന്റെ അളവനുസരിച്ചാണ് തുടർന്നുള്ള തൈറോക്‌സിൻ ഡോസ് നിശ്ചയിക്കുന്നത്. ടി.എസ്.എച്ച്. നോർമലാവുകയും മരുന്നിന്റെ ഡോസ് വ്യത്യാസം വരുത്തേണ്ടിവരുകയും ചെയ്യുന്നില്ലെങ്കിൽ മൂന്നു മുതൽ ആറുവരെ മാസത്തിലൊരിക്കൽ ടി.എസ്.എച്ച്. പരിശോധിച്ചാൽ മതിയാകും.

Content Highlights: Hypothyroidism occurs when the thyroid gland produces insufficient hormones, slowing bodily functions., Common symptoms include fatigue, weight gain, hair loss, and depression