ആരാണ് യഥാർഥ സുഹൃത്ത്? സൗഹൃദം നല്ലതാണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

മനുഷ്യന്റെ ജീവിതസംതൃപ്തി നല്ല സൗഹൃദങ്ങളമായി ബന്ധപ്പെട്ടിരിക്കുന്നു. ആധികാരികവും ആനുപാതികവുമായ വൈകാരിക പ്രകടനങ്ങളും ഉചിതമായ അതിരുകളും ഉറച്ച ആശയവിനിമയവും പങ്കിടുന്ന മൂല്യങ്ങളും ആവശ്യമായ കൊടുക്കൽ വാങ്ങലുകളും ഉള്ളതാണ് ആരോഗ്യകരമായ സൗഹൃദം. ഇത് നൽകുന്ന മാനസികാരോഗ്യ ഗുണങ്ങൾ പലതാണ്.
ഒരാൾക്ക് എത്ര സുഹൃത്തുക്കൾ
കുറഞ്ഞത് 3 മുതൽ 30 വരെ ആൾക്കാർ നമ്മുടെ സുഹൃത്തുക്കളായി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എണ്ണം അതിൽ കുറയുന്നത് സാമൂഹികമായ കഴിവുകളുടെ അഭാവവും ആശയവിനിമയത്തിലുള്ള തരകാറുകളും വൈകാരികമായ കുറവുകളും കാരണമാകാം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ എണ്ണം 10-ൽ അധികമാകുന്ന, അല്ലെങ്കിൽ അത്തരം സുഹൃത്തുക്കൾ എത്രയെന്ന് കൃത്യമായി അറിയാതിരിക്കുന്ന അവസ്ഥ അത്ര അഭികാമ്യമല്ല. വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാനുള്ള ശേഷി ഇവരിൽ വേണ്ടവണ്ണം പ്രവർത്തിക്കുന്നില്ല എന്ന് കരുതാം. ആരോടും മനസ്സ് തുറക്കുന്ന, വൈകാരികമായി ഉറപ്പില്ലാത്ത ഉറപ്പില്ലാത്ത ചഞ്ചലമനസ്കരായ വ്യക്തികളാകാം ഇക്കൂട്ടർ.
തൊട്ടു മുമ്പുള്ള തലമുറയിൽ നിന്നും സമപ്രായക്കാർക്കിടയിൽ നിന്നും തൊട്ട് ഇളംതലമുറയിൽ നിന്നും ഓരോ സ്ത്രീയും പുരുഷനും നമ്മുടെ ഏറ്റവും അടുത്തുള്ള സുഹൃദ് വലയത്തിനുള്ളിൽ ഉണ്ടായിരിക്കുന്നത് നന്ന്. സൗഹൃദങ്ങളുടെ തരവും ബന്ധങ്ങളുടെ ഗുണനിലവാരവും സുഹൃത്തുക്കളുടെ എണ്ണത്തേക്കാൾ പ്രധാനമാണ്.
വ്യത്യസ്ത വിഭാഗങ്ങൾ
പരിചയക്കാർ, ജോലിസ്ഥലത്തോ അയൽപ്പക്കങ്ങളിലോ മറ്റ് പരസ്പര താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളിലോ ഉള്ളവരാകാം. സാമൂഹിക ഉത്കണ്ഠ കുറയ്ക്കുവാനും കൊച്ചുവർത്തമാനം പറഞ്ഞ് സമയം കൊല്ലാനും മാത്രമുള്ള ഇത്തരം പരിചയങ്ങൾ പക്ഷേ കാലാന്തരത്തിൽ ഉറ്റ സൗഹൃദങ്ങളായി മാറിയേക്കാം. ഒരാളെ അടുത്ത സുഹൃത്തായി കണക്കാക്കുന്നതിന് മുമ്പ് ഒരുമിച്ച് ഏകദേശം 200 മണിക്കൂറെങ്കിലും ചെലവഴിക്കേണ്ടിവരും.
കൂടുതൽ ലാഘവബുദ്ധിയുള്ളവരും സാമൂഹിക ഒത്തുചേരലുകൾ ആസ്വദിക്കുന്നവരുമാണ് സാമൂഹിക സുഹൃത്തുക്കൾ. എന്നാൽ അവരുമായി വളരെ അടുപ്പത്തിലോ ആഴത്തിലോ സൗഹൃദം പങ്കിടുന്നതിൽ നിന്ന് നമ്മൾ വിട്ടുനിൽക്കുന്നു.
അടുത്ത സുഹൃത്തുക്കളാണ് എപ്പോഴും നമ്മുടെ ഉപദേശത്തിനായി കാത്തിരിക്കുന്നത്. നല്ല വാർത്തകൾ പങ്കിടാനോ ആഘോഷിക്കാനോ ആശ്രയിക്കാനോ കഴിയുന്ന ആളുകളാണ് ഇവർ. ഉൾക്കാഴ്ചയുള്ളവരും പരസ്പര പിന്തുണയോടെയുള്ള വളർച്ചയിൽ പങ്കാളികളുമാണ് ഇവർ. അവർ യഥാർഥത്തിൽ നിങ്ങളായിത്തന്നെ നിലനിൽക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് തരുന്നു. സുസ്ഥിരമായ, മുൻവിധികളോ ഉപാധികളോ ഇല്ലാത്ത പിന്തുണയും പരസ്പര സ്നേഹവും വിശ്വസ്തതയും അത്തരം സൗഹൃദങ്ങളുടെ മുഖമുദ്രകളാണ്. അത്തരം സുഹൃത്തുക്കളെ കണ്ടെത്തിക്കഴിഞ്ഞാൽ ജീവിതത്തിൽ പൊതുവെ ഒരു നിറവ് അനുഭവപ്പെടും.
സൗഹൃദം നല്ലതാണോ എന്നറിയാം
- അവരോടൊപ്പം അൽപസമയം ചെലവഴിച്ചതിന് ശേഷം എന്തു തോന്നുന്നു എന്ന് ചിന്തിക്കുക.
- സ്വാഭാവികമായിരുന്നോ അതോ അഭിനയിക്കുന്നതു പോലെ തോന്നിയോ?
- ഇടപഴകൽ തുടരാൻ കഴിയാത്തതിൽ നിരാശയായിരുന്നോ അതോ അവസാനിപ്പിച്ചതിൽ ആശ്വാസം തോന്നിയോ?
- ഇനി എന്ത് പറയണം എന്ന് ചിന്തിച്ച് നിൽക്കേണ്ടി വന്നോ അതോ സംഭാഷണം ഊർജം നിറയ്ക്കുന്നതായിരുന്നോ?
യഥാർഥ സുഹൃത്തുക്കളെ കണ്ടെത്താം
- പുതിയ ആളുകളെ കണ്ടുമുട്ടാൻ കഴിയുന്ന സ്ഥലങ്ങളിൽ നമ്മൾ നമ്മളെത്തന്നെ സ്വയം ഇടുക. പുതിയൊരു വിനോദത്തിൽ ഏർപ്പെടാം. പുതിയൊരു സ്ഥലം സന്ദർശിക്കാം. പുതിയ സാമൂഹിക പദ്ധതികൾ പരീക്ഷിക്കാം.
- മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾ നിങ്ങളായിരിക്കുക എന്നതാണ്. എല്ലാം തികഞ്ഞവരാകണമെന്നില്ല,പക്ഷേ നിങ്ങൾ മുഖംമൂടികളില്ലാത്ത യഥാർഥ വ്യക്തിയായിരിക്കണം.
- സ്വന്തം താൽപര്യങ്ങളും സ്വഭാവരീതികളും ശക്തി-ദൗർബല്യങ്ങളും മനസ്സിലാക്കുക. അതിലൂടെ സമാന ചിന്താഗതിക്കാരായ ആളുകളെ കണ്ടുമുട്ടാൻ സ്വയം സജ്ജമാക്കുക.
- ശ്രദ്ധയോടെ ഇടപെടുക, പങ്കെടുക്കുക, നിരീക്ഷിക്കുക. അമിതാവേശത്തിലും അനാവശ്യ ചിന്തകളിലും ആശങ്കകളിലും മനസ്സ് കുരുങ്ങിപ്പോകാതെ നോക്കണം. അവസരങ്ങൾ നഷ്ടപ്പെടാതെ നോക്കണം. പാലിക്കാൻ പറ്റും എന്ന് ഉറപ്പുതോന്നുന്ന വാക്ക് മാത്രം കൊടുക്കുക. പൂർത്തീകരിക്കാൻ പറ്റുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രം ഏറ്റെടുക്കുക.
- നല്ല ശ്രോതാവായിരിക്കുക എന്നത് കരുതലുള്ള സൗഹൃദത്തിന്റെ അവിഭാജ്യ ഘടകമാണ്.
- ബന്ധങ്ങൾക്ക് ഇന്ധനം നൽകുക. മുഖാമുഖമല്ലെങ്കിൽക്കൂടി, ആശയവിനിമയം നടത്താൻ സമയം കണ്ടെത്തുക. ജന്മദിനങ്ങളിലും പ്രത്യേക അവസരങ്ങളിലും അവർ സൂചിപ്പിച്ച ചെറിയ വിശദാംശങ്ങൾ ഓർമിച്ചുകൊണ്ട് അവരെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് തെളിയിക്കുക. അവരിൽ നിന്ന് ഒന്നും ആവശ്യമില്ലാത്ത അവസരങ്ങളിലും ബന്ധം നിലനിൽക്കുന്നതിന്റെ അടയാളങ്ങൾ അവർക്ക് നൽകുക.
- ഒരേ തൂവൽപ്പക്ഷികളെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് ഉറപ്പായാൽ അത്തരം കൂട്ടായ്മകളിൽ ഒഴിവാകുക.
- ഒത്തുപോകാൻ കഴിയാത്തതോ കാലഹരപണപ്പെട്ടതോ വികൃതവും വികലവുമായി മാറിയതോ അപകടകരമായതോ ആയ സൗഹൃദങ്ങൾ മുറിച്ചുമാറ്റാനും ഏറെയൊന്നും ചിന്തിക്കേണ്ടതില്ല. മുള്ളുകളും മുറിവുകളും ഒഴിവാക്കാനും പഠിക്കേണ്ടതുണ്ട്.
എല്ലാ സൗഹൃദങ്ങളും ശാശ്വതമായി നിലനിൽക്കണം എന്നില്ല. സൗഹൃദങ്ങൾക്ക് സീസണുകളുണ്ട്. ജീവിതത്തിലെ ഒരുപ്രത്യേക ഘട്ടത്തിൽ അവ ഒരു ലക്ഷ്യം നിറവേറ്റുന്നു. ജീവിതസാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച്, സൗഹൃദങ്ങൾക്കുള്ളിലും മാറ്റങ്ങൾ ആവശ്യമായി വരാം. വ്യക്തികൾ പരസ്പരം അത്തരം മാറ്റങ്ങൾ തിരിച്ചറിഞ്ഞ് മാറാൻ തയ്യാറാകണം. അപ്പോൾ സൗഹൃദം പൂർവാധികം ഭംഗിയായി വളരുന്നു. അല്ലെങ്കിൽ പുതിയ സാഹചര്യങ്ങളോട് നന്നായി പ്രതികരിക്കുന്നവർ പുതിയ സുഹൃത്തുക്കളായി മാറുന്നു. സ്വാഭാവികമായും പഴയ സൗഹൃദങ്ങൾക്ക് മാറ്റ് കുറയുന്നു. അതെല്ലാ തികച്ചും സ്വാഭാവികം മാത്രം.
തിരുവനന്തപുരം എം.ജി കോളേജിൽ മനഃശാസ്ത്ര വിഭാഗം റിട്ട അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക.
Content Highlights: How to recognise a true friend, friendship and mental health