കാൻസർ വാർഡിലെ വര; അന്ന് നെഞ്ചിടിപ്പോടെ വന്നു, ഇന്ന് നിറംചാർത്തി മടങ്ങി

#സി. സജിൽ
കാൻസറിനെ അതിജീവിച്ചവർ മ്യൂറൽ പെയിന്റിങ്ങിനിടെ | ഫോട്ടോ: എൻ.എം. പ്രദീപ്
കാൻസറിനെ അതിജീവിച്ചവർ മ്യൂറൽ പെയിന്റിങ്ങിനിടെ | ഫോട്ടോ: എൻ.എം. പ്രദീപ്

അവധി ദിവസമായതിനാൽ മലബാർ കാൻസർ സെന്ററിന്റെ പരിസരത്ത് തിരക്ക് കുറവാണ്. പ്രധാന കെട്ടിടത്തിന്റെ താഴെത്ത നിലയിലേക്ക് കൈയിൽ കാൻവാസും നിറക്കൂട്ടുകളുമായി അവർ വന്നു. ചിരിച്ച് കുശലം പറഞ്ഞു. പിന്നെ അവിടെയുള്ള വലിയ മേശയ്ക്ക് ചുറ്റും ഇരുന്നു. കൈയിലെ കാൻവാസ് മേശയിൽ വിരിച്ചു. മനോഹരമായ വരകൾ. പാതി നിറം നൽകിയതും പൂർത്തിയാക്കിയതും എല്ലാമുണ്ട്.
 
ചികിത്സയും പരിശോധനയും രോഗികളുടെ തിരക്കുകളുമെല്ലാം നിറയുന്ന ഒരു കാൻസർ സെന്ററിൽ എങ്ങനെയാണ് വരകളും വർണങ്ങളുമായി ഒരു കൂട്ടം ആളുകൾ എത്തിയത് എന്ന് തോന്നാം. എന്നാൽ, അവർ ഇതുപോലെ ഒത്തുചേരാൻ തുടങ്ങിയിട്ട് നാല് വർഷം കഴിഞ്ഞു. കാൻസറിനെ അതിജീവിച്ചവരാണിവർ... ഒരു കാലത്ത് ആശങ്കയോടെ കാൻസർ ചികിത്സയ്ക്കായി ഇതേ ആശുപത്രിയിലേക്ക് വന്നവർ. കാൻസറിനെ അതിജീവിച്ച് ഇന്ന് അവർ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകങ്ങളായി മാറി. മലബാർ കാൻസർ സെന്ററിൽ ഇരുന്ന് ഇതിനകം അവർ വരച്ചത് നൂറ് കണക്കിന് മ്യൂറൽ ചിത്രങ്ങളാണ്. വർണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ അവർക്കൊപ്പം സുലോചന ടീച്ചറുണ്ട്. എല്ലാ പിന്തുണയുമായി ആശുപത്രി അധികൃതരും. ജീവിതത്തിന്റെ നിറം കെടുത്തുന്ന വില്ലനാകാൻ കാൻസറിനെ അനുവദിക്കില്ലെന്ന് അവർ തെളിയിക്കുന്നു. മലബാർ കാൻസർ സെന്ററിലെ ഈ വർണങ്ങളുടെയും വരകളുടെയും അപൂർവമായ കൂട്ടായ്മ ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും സന്തോഷം പകരുന്ന കാഴ്ചയാണ്.

‘ഇവിടെ ചിത്രം വരയ്ക്കാൻ വന്നതോടെ ജീവിതമാകെ മാറി എന്ന് പറയാം. ഇപ്പോൾ ഞാൻ രോഗത്തെക്കുറിച്ച്‌ ചിന്തിക്കാറുപോലുമില്ല. ഞങ്ങൾ സന്തോഷത്തിലാണ്. എല്ലാ കാര്യങ്ങളും മറക്കാനും മറികടക്കാനും ഞങ്ങൾക്ക് ഇത് മതി’- പ്രകാശൻ പറഞ്ഞു. പൊന്ന്യം എന്ന സ്ഥലത്താണ് പ്രകാശൻ താമസിക്കുന്നത്. ശനിയും ഞായറും ദിവസങ്ങളിൽ ചിത്രം വരയ്ക്കാൻ മലബാർ കാൻസർ സെന്ററിൽ എത്തും.

 ‘പത്തുവർഷംമുൻപാണ് ഞാൻ ഈ ആശുപത്രിയിൽ ആദ്യമായി വന്നത്. മൾട്ടിപ്പിൾ മയലോമയായിരുന്നു അസുഖം. അതിനെ മറികടക്കാൻ ബോൺമാരോ ട്രാൻസ്‌പ്ളാന്റേഷൻ ചെയ്തു. രോഗത്തെക്കുറിച്ച് ഒരു പിരിമുറുക്കവും ഇപ്പോഴില്ല. ചിത്രം വരയിലാണ് ശ്രദ്ധമുഴുവൻ. ഈ കൂട്ടായ്മയിലേക്ക് വന്നതോടെ മാനസികമായും ശാരീരികമായും ഞാൻ മെച്ചപ്പെട്ടു. ഇത് വളരെ പോസിറ്റീവ് എനർജിയായിട്ടാണ് തോന്നുന്നത്. ഇത് കണ്ടോ സതിയൊക്കെ എത്ര ചിത്രങ്ങളാണ് ഇതിനകം വരച്ചതെന്ന്.’

സതി.കെ.വി ചിരിച്ചുകൊണ്ട് പറഞ്ഞു-‘ എനിക്ക് 71 വയസ്സായി. 65 വയസ്സിലാണ് ഞാൻ മലബാർ കാൻസർ സെന്ററിലേക്ക് വരുന്നത്. ഗർഭാശയ കാൻസറിന് ചികിത്സയ്ക്കായിരുന്നു അത്. ചിത്രം വരയ്ക്കാൻ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് കൈ വിറയലുണ്ട്. അതുകൊണ്ട് വരയ്ക്കാൻ കഴിയില്ലെന്ന്. പക്ഷേ, ടീച്ചർ പറഞ്ഞു വിറച്ചോട്ടേ, വിറച്ച് വരയ്ക്കുന്നത് കാണാൻ നല്ല രസമുണ്ടാകും എന്ന്. അങ്ങനെയാണ് ഞാൻ വരച്ച് തുടങ്ങിയത്. ഇപ്പോൾ എന്റെ കൈകൾക്ക് വിറയലില്ല.’ സർക്കാർ സർവീസിൽനിന്ന് വിരമിച്ച സതി ചിത്രരചനാ കൂട്ടായാമയുടെ തുടക്കം മുതലുള്ള അംഗമാണ്.

‘ മൂന്ന് ബസ്സിലെല്ലാം കയറി വേണം ഇവിടെ എത്താൻ. ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇപ്പോഴും ഞാനിത് മുടക്കാറില്ല. പിന്നെ എല്ലാ സപ്പോർട്ടും നൽകി ഭർത്താവും കൂടെയുണ്ട്.’ സതി പറഞ്ഞു. ശരിയാണ്, ഭർത്താവ് ദാസൻ മാസ്റ്റർ ഒപ്പം വന്നിട്ടുണ്ട്.

ചിത്രകല പരിശീലിപ്പിക്കുന്ന സുലോചന ടീച്ചർ ഇതിനിടയിൽ നിർദേശങ്ങളെല്ലാം നൽകുന്നുണ്ട്. മാഹിയിലാണ് സുലോചനടീച്ചർ താമസം. അവിടെനിന്ന് ആഴ്ചയിൽ രണ്ട് ദിവസം മലബാർ കാൻസർ സെന്ററിലെത്തും. 

സുലോചന ടീച്ചർ പറഞ്ഞു- കാൻസർ ബാധിതർക്കും അതിജീവിതർക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നെക്കൊണ്ട് കഴിയുന്നത് ചിത്രംവരയ്ക്കാൻ പരിശീലിപ്പിക്കലാണ്. അങ്ങനെ ചിലരോട് ചോദിച്ചു, പക്ഷേ അവർക്കെല്ലാം കാൻസർ വന്നിരുന്നു എന്ന് പറയാൻ മടിയായിരുന്നു. അതിനിടയിലാണ് മലബാർ കാൻസർ സെന്റർ ഡയറക്ടർ സതീശൻ ബാലസുബ്രഹ്മണ്യൻഡോക്ടറെ നേരിൽ കാണാൻ പോയത്. അദ്ദേഹം ചെയ്യുന്ന നല്ലകാര്യങ്ങളെക്കുറിച്ച് ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നു. കാര്യം പറഞ്ഞപ്പോൾ തന്നെ അദ്ദേഹം സ്വാഗതം ചെയ്തു. ഇവിടത്തെ സർവൈവൽ ഗ്രൂപ്പുകളുമായി സഹകരിപ്പിച്ച് തുടങ്ങാം എന്ന് തീരുമാനമായി. അങ്ങനെയാണ് മലബാർ കാൻസർ സെന്ററിൽ ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. ചിത്രം വരയ്ക്കാൻ അറിയണമെന്നില്ല, നിങ്ങൾ എല്ലാവരും വന്നാൽ മാത്രം മതി എന്നാണ് ഞാൻ ആദ്യം എല്ലാവരോടും പറഞ്ഞത്. കാൻവാസും ബ്രഷുമെല്ലാം നൽകി. അങ്ങനെ പലരും മ്യൂറൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി’.
‘‘ചിത്രംവരയെക്കുറിച്ചോ കാൻവാസിനെക്കുറിച്ചോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ശനിയാഴ്ചയും ഞായറാഴ്ചയുമായാൽ മതിയായിരുന്നു എന്ന് തോന്നും. എല്ലാവരെയും കാണാലോ’’- വരയ്ക്കുന്ന ചിത്രം പൂർത്തിയാക്കി സജിത പി.എം. പറഞ്ഞു. ‘‘ഇപ്പോൾ സ്കൂൾ കോളേജ് പഠനകാലത്തെ എന്നപോലെയാണ് രസകരമായാണ് നമ്മൾ മുന്നോട്ട് പോകന്നത്.  കുടുംബാംഗങ്ങളെപ്പോലെയായി, ഭക്ഷണവും കുടുംബവിശേഷവും എല്ലാം പങ്കുവയ്ക്കും. അസുഖത്തെക്കുറിച്ച് ഇപ്പോൾ ചിന്തയേയില്ല...’’

സതി കെ.വി., പ്രകാശൻ.സി, സജിത പി.എം

‘‘മലബാർ കാൻസർ സെന്റർ നടത്തിയ ക്യാമ്പ് കണ്ടപ്പോൾ ഒന്ന് പരിശോധിക്കാമെന്ന് വെച്ചു. പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പരിശോധിച്ചപ്പോൾ അവർക്ക് സംശയം തോന്നി. എം.സി.സി.യിൽ വന്ന് പരിശോധിക്കണമെന്ന് പറഞ്ഞു. അങ്ങനെയാണ് സ്തനാർബുദം സ്ഥിരീകരിച്ചത്. കാൻസറാണെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. സർജറിയും റേഡിയേഷനും കീമോതെറാപ്പിയും ചെയ്തു. ശരീരം ക്ഷീണിച്ചുപോയി. പിന്നെ ഒരുദിവസം ആശുപത്രിയിൽനിന്ന് വിളിച്ചു. ഇങ്ങനെ ചിത്രംവര പഠിപ്പിക്കുന്നുണ്ട്, പങ്കെടുക്കണമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാനും ഇതിൽ അംഗമായത്’’- സതി പറഞ്ഞു.

എല്ലാവരും മ്യൂറൽ ചിത്രങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. അവർക്ക് സപ്പോർട്ടുമായി വരയിൽ പങ്കുചേരാൻ എം.സി.സി.യിലെ നഴ്‌സിങ് അസിസ്റ്റന്റ് ഷിബുവും സ്റ്റാഫ് നഴ്‌സ് പി. ശ്രീജിഷയും കൂടെത്തന്നെയുണ്ട്.

പ്രകാശൻ പറഞ്ഞു- കാൻസർപോലുള്ള അസുഖം വന്നവർക്ക്  മാനസികമാറ്റം ഉണ്ടാക്കാനുള്ള അവസരം ഉണ്ടാക്കാൻ കഴിഞ്ഞാൽ രോഗത്തെപ്പറ്റിയുള്ള പിരിമുറുക്കം കുറയും. ഇവിടെനിന്ന് വരയ്ക്കുന്നതിന് പുറമേ മറ്റുള്ള ദിവസങ്ങളിൽ വീട്ടിൽവെച്ചും വരയ്ക്കും. രോഗത്തെ മറച്ചുവയ്ക്കേണ്ട കാര്യമില്ല. എല്ലാവരോടും നമ്മൾ അക്കാര്യം എപ്പോഴും പറയാറുണ്ട്. ആശുപത്രിയുടെ വരാന്തയിൽ നിരാശയോടെ ഇരിക്കുന്ന രോഗികളോട് പറയും. ‘‘ഞങ്ങളെ കാണുന്നില്ലേ നിങ്ങള്. നിരാശയൊന്നും വേണ്ട. ചികിത്സ കഴിയുമ്പോൾ ആരോഗ്യത്തോടെ നടക്കാൻ നിങ്ങൾക്കും കഴിയും’’- സജിത പറഞ്ഞു.

കാൻസർബാധിതർ പലപ്പോഴും തളർന്നുപോകുന്നത് രോഗത്തിന്റെ കാഠിന്യംകൊണ്ട് മാത്രമല്ല, സാമ്പത്തികമായ പ്രയാസങ്ങൾകൊണ്ട് കൂടിയാണ് എന്ന് ഇവരെല്ലാം പറയുന്നുണ്ട്. അതിനുള്ള മാർഗങ്ങൾകൂടി കണ്ടെത്തേണ്ടതുണ്ട്. അതോടൊപ്പം മാനസികമായ പിരിമുറുക്കം കുറയ്ക്കാനുള്ള ഇതുപോലുള്ള മാർഗങ്ങളും വേണം. കൂട്ടായ്മ വേണം. സുലോചന ടീച്ചർ പറഞ്ഞതുപോലെ, ‘‘വളരെ സ്നേഹസൗഹൃദമാണ് നമ്മൾ തമ്മിൽ. ദേഷ്യംപിടിക്കാനും സ്നേഹംകാട്ടാനുമുള്ള ഒരു കൂട്ടായ്മ. കൊറോണക്കാലം ഇവർ അറിഞ്ഞിട്ടില്ല എന്നുവേണം പറയാൻ. വീട്ടിൽ കഴിയേണ്ടിവന്ന കാലത്തെല്ലാം ഇവർ ചിത്രം വരച്ചുകൊണ്ടിരുന്നു. അതിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ.’’ വർത്തമാനങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവർ വീണ്ടും വരകളുടെയും വർണങ്ങളുടെയും തിരക്കിലേക്ക് തിരിഞ്ഞു. ധാരാളം ചിത്രങ്ങൾ വരയ്ക്കണം. പ്രദർശനങ്ങൾ നടത്തണം. ചിത്രങ്ങൾ ഇഷ്ടമായവർ അത് വാങ്ങിയാൽ സഹായമാകുകയും ചെയ്യും... ആഗ്രഹങ്ങൾ അവർ പങ്കുവെച്ചു.

മലബാർ കാൻസർ സെന്ററിൽ മ്യൂറൽ ചിത്രങ്ങൾ വരയ്ക്കുന്നവരുടെ പ്രതികരണങ്ങൾ

കാൻസർ കാൻസർപോലുള്ള അസുഖം വന്നവർക്ക്  മാനസികമായ മാറ്റം ഉണ്ടാക്കാനുള്ള അവസരം ഉണ്ടാക്കാൻ കഴിഞ്ഞാൽ രോഗത്തെപ്പറ്റിയുള്ള പിരിമുറുക്കം കുറയും
-പ്രകാശൻ. സി 

എനിക്ക് കൈവിറയലുണ്ട്. അതുകൊണ്ട് വരയ്ക്കാൻ കഴിയില്ലെന്ന് കരുതി. പക്ഷേ ടീച്ചർ പറഞ്ഞു വിറച്ചോട്ടേ, വിറച്ച് വരയ്ക്കുന്നത് കാണാൻ നല്ല രസമുണ്ടാകും എന്ന്. അങ്ങനെയാണ് ഞാൻ വരച്ചുതുടങ്ങിയത്. ഇപ്പോൾ എന്റെ കൈകൾക്ക് വിറയലില്ല.
-സതി കെ.വി.

ആശുപത്രിയുടെ വരാന്തയിൽ നിരാശയോടെ ഇരിക്കുന്ന രോഗികളോട് പറയും. ഞങ്ങളെ കാണുന്നില്ലേ നിങ്ങള്. നിരാശയൊന്നും വേണ്ട. ചികിത്സ കഴിയുമ്പോൾ ആരോഗ്യത്തോടെ നടക്കാൻ നിങ്ങൾക്കും കഴിയും .
-സജിത പി.എം

എം.സി.സി.യിൽ ചികിത്സയ്ക്ക് എത്തിയത് 2021- ലാണ്. അവിടെയെത്തി ഒരു വർഷം കഴിഞ്ഞാണ് ചിത്രരചനയെക്കുറിച്ച് അറിഞ്ഞ് അതിൽ ചേർന്നത്. അതിനുശേഷം മാനസികമായും ശാരീരികമായും നല്ല മാറ്റങ്ങളാണ് ഉണ്ടായത്. അസുഖത്തെക്കുറിച്ചൊന്നും ഇപ്പോൾ ആലോചിക്കാറേയില്ല.
-റീജ സി.പി.

കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങി തുടർ ചികിത്സയ്ക്കായിരുന്നു ഞാൻ എം.സി.സി.യിൽ എത്തിയത്. അതിനുശേഷമാണ് ചിത്രംവരയ്ക്കാൻ തുടങ്ങിയത്. വെറുതേയിരുന്നാൽ നമ്മൾ ക്ഷീണിതരാകും. ആക്ടീവാകുക അപ്പോൾ എനർജി കൂടും. ചിത്രം വരയ്ക്കാൻ തുടങ്ങിയതോടെ ഞാൻ രോഗത്തെക്കുറിച്ചും മറ്റുമുള്ള കാര്യങ്ങളൊന്നും ഓർത്ത് മനസ്സ് വിഷമിപ്പിക്കാറില്ല.
-ശാന്തി രാംദാസ്

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: cancer survivors mural painting at malabar cancer centre