ബി.പി.കുറഞ്ഞാൽ ഉപ്പിട്ട കഞ്ഞിവെള്ളം കുടിച്ചാൽ മതിയോ? ബി.പി. മരുന്ന് തുടങ്ങിയാൽ നിർത്താനാവില്ലേ?

#ഡോ. സൗമ്യാ സത്യൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ബി.പി. സംബന്ധിച്ച ചില തെറ്റിദ്ധാരണകളും അവയുടെ യാഥാർഥ്യവും പരിശോധിക്കാം.

തെറ്റിദ്ധാരണ: ബി.പി. നിയന്ത്രിക്കാൻ മരുന്ന് കഴിക്കാൻ തുടങ്ങിയാൽ, പിന്നെ നിർത്താൻ പറ്റില്ല

യാഥാർഥ്യം: ഉയർന്ന രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നത് പല കാരണങ്ങൾക്കുവേണ്ടിയാകാം. ചില ആളുകളിൽ ഹൃദയം-വൃക്ക സംബ ന്ധമായ അസുഖങ്ങൾ കാരണം ബി.പി. കൂടിയേക്കാം. ഇവർക്ക് ഈ അസുഖങ്ങൾ ഭേദമാകുന്നതുവരെമാത്രം മരുന്ന് കഴിച്ചാൽ മതിയാകും. എന്നാൽ, ചിലർക്ക് ബി.പി. എപ്പോഴും കൂടിനിൽക്കുന്ന സാഹചര്യമുണ്ടായേക്കാം. അവർ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്നുകൾ നിർത്തരുത്. ഒരിക്കൽ ബി.പി. മരുന്ന് കഴിച്ചുതുടങ്ങിയാൽ, പിന്നീട് നിർത്തണോ വേണ്ടയോ എന്ന് ഡോക്ടർ തീരുമാനിക്കുന്നത് പല മാനദണ്ഡങ്ങൾപ്രകാരമാണ്. അതിനാൽ, ഒരിക്കലും സ്വന്തം ഇഷ്ടപ്രകാരം മരുന്ന് നിർത്തരുത്.

ബി.പി. നിയന്ത്രിക്കാനുള്ള മരുന്നുകൾ ധമനികളിൽ രക്തസഞ്ചാരത്തെ നിയന്ത്രിക്കുന്നവകൂടിയാണ്. അതുപോലെ, ഹൃദയത്തിന്റെയും വൃക്കകളുടെയുമൊക്കെ രാസപ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തരത്തിലുള്ള മരുന്നുകളാണ്. അതുകൊണ്ട്, ആ മരുന്ന് കുറേക്കാലം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗിക്ക് ഇവയുടെയൊക്കെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ സാധിക്കുന്നത് ഒരു പരിധിവരെ മരുന്നുകൊണ്ടുകൂടിയാണ്. മരുന്ന് പെട്ടെന്ന് നിർത്തുമ്പോൾ, ക്രമാതീതമായി ബി.പി. വർധിക്കാനുള്ള സാധ്യതയും കൂടും. ഇതുമൂലം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നീ അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

തെറ്റിദ്ധാരണ: ഞാൻ കുറെ നാളായി അമിത ബി.പിക്ക് മരുന്ന് കഴിക്കുന്നുണ്ട്. അതുകൊണ്ട് ഭാര്യക്ക് ഇതേ പ്രശ്നം വന്നാൽ, ഞാൻ കഴിക്കുന്ന ഗുളികതന്നെ കഴിച്ചാൽ മതിയല്ലോ

യാഥാർഥ്യം: അമിത ബി.പി. നിയന്ത്രണത്തിനുള്ള മരുന്നുകൾ നൽകുന്നതിന് അന്താരാഷ്ട്രമാനദണ്ഡങ്ങളുണ്ട്. അമിത ബി.പി. കൂടാതെ മറ്റ് അനുബന്ധരോഗങ്ങളുള്ള വ്യക്തികൾക്ക് ഒരുതരം മരുന്നും അമിത ബി.പി. മാത്രമുള്ള രോഗികൾക്ക് മറ്റൊരുതരം മരുന്നുമാണ് നിലവിലുള്ള മാർഗനിർദേശങ്ങളിൽ പറയുന്നത്. അതു കൊണ്ട്, ഒരു രോഗിക്കുതന്നെ പലതരം ബി.പി. മരുന്നുകൾ നൽകേണ്ടിവന്നേക്കാം. ചില രോഗികൾക്ക് ഒരു മരുന്നിൽത്തന്നെ ബി.പി. നോർമലാവാം. ചിലർക്ക് ഒന്നോ രണ്ടോ അതിൽക്കൂടുതലോ മരുന്നുകൾ വേണ്ടിവന്നേക്കാം. ബി.പി. നിയന്ത്രിക്കുന്നത് പ്രധാനമായും ഹൃദയം, വൃക്ക എന്നീ അവയവങ്ങളാണ്. അവയുടെ പ്രവർ ത്തനം ആരോഗ്യകരമാക്കുന്ന രീതിയിലുള്ള മരുന്നുകളാണ് പ്രധാനമായും ബി.പി. നിയ ന്ത്രണത്തിനുള്ളത്. അതുകൊണ്ടാണ് പലതരത്തിലുള്ള ബി.പി. മരുന്നുകൾ കാണുന്നത്. ഓരോ രോഗിയുടെയും ബി.പി. അളവ്, അനു ബന്ധരോഗങ്ങൾ, ഭക്ഷണക്രമം, വ്യായാമം ഇവയെല്ലാം മരുന്നുനിർണയത്തിന് പരിഗണിക്കുന്ന ഘടകങ്ങളാണ്. അതിനാൽ, ഡോക്ടറുടെ നിർദേശമില്ലാതെ ഒരേ ബി.പി. മരുന്ന് രണ്ടുപേർ കഴിക്കുന്നത് ശരിയല്ല.

തെറ്റിദ്ധാരണ: ഗർഭിണിയാകുമ്പോൾ അമിത ബി.പി. നിയന്ത്രണത്തിന് മരുന്ന് കഴിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കും

യാഥാർഥ്യം: ഗർഭിണികളിലെ അമിത ബി.പി. രണ്ട് രീതിയിൽ വരാം.അമിത ബി.പിയുള്ള ഒരു രോഗി ഗർഭിണിയാകുമ്പോൾ: അമിത ബി.പിയുള്ളവർ ഗർഭിണിയായാൽ, ഡോക്ടറെ സമീപിച്ച് അവരുടെ കഴിക്കുന്ന ബി.പിയുടെ ഗുളിക ഗർഭാവസ്ഥയിൽ കഴിക്കാമോ എന്ന് ഉറപ്പുവരുത്തണം. ഡോക്ടറെ കണ്ട്, ഗർഭാവസ്ഥയിൽ കഴിക്കാൻ പറ്റുന്ന തരത്തിലുള്ള മരുന്നുകൾ എഴുതിവാങ്ങണം. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് കഴിക്കരുത്.

ഗർഭകാലത്ത് ബി.പി. കൂടിയാൽ ഉണ്ടാകാൻ സാധ്യതയുള്ള അവസ്ഥയാണ് പ്രീ-എക്ലാംപ്‌സിയ. ഈ സമയത്ത് കൃത്യമായ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ, അത് എക്ലാംപ്‌സിയ എന്ന സങ്കീർണമായ അവസ്ഥയിലേക്കെത്താൻ സാധ്യതയുണ്ട്. ഈ അവസ്ഥയിലെത്തുമ്പോൾ, രോഗിക്ക് അപസ്മാരംപോലുള്ള പ്രശ്നങ്ങളും ബോധക്ഷയവുമൊക്കെ സംഭവിക്കാം. ഒപ്പം, ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും പ്രശ്നങ്ങളുണ്ടാകാം. ഇതുപോലെ ഉണ്ടാകാനിടയുള്ള മറ്റൊരു അസുഖമാണ് പോസ്റ്റീരിയർ റിവേഴ്‌സിബിൾ എൻസെഫലോപ്പതി സിൻഡ്രോം (PRES-Posterior Reversible Encephalopathy Syndrome). ഇത് തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ്. തലവേദന, അപസ്മാരം, തലകറക്കം, കാഴ്ചക്കുറവ് എന്നിവയൊക്കെ ഈ രോഗികൾക്ക് അനുഭവപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ, ഈ രണ്ട് രോഗാവസ്ഥയും ബി.പി. കൂടുതലുള്ള ഗർഭിണികളിലില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

ഗർഭിണികളിൽ ബി.പി. ക്രമാതീതമായി വർധിക്കുമ്പോൾ, ഗർഭസ്ഥശിശുവിന്റെ വളർച്ച കുറയാനുള്ള സാധ്യതയുമുണ്ട്. അത്തരമൊരവസ്ഥയിൽ അതിനുവേണ്ട ചികിത്സയും നിർബന്ധമാണ്. ചിലപ്പോൾ, ബി.പി. കൂടുതലുള്ള ഗർഭിണികളിൽ പെട്ടെന്ന് പ്രസവം വേണ്ടിവരാം. ചിലർക്കെങ്കിലും 40 ആഴ്ചവരെ കാത്തിരിക്കാൻ സാധിക്കാതെ, 36 ആഴ്ച കഴിയുമ്പോൾ സിസേറിയൻ ചെയ്ത് കുട്ടിയെ പുറത്തെടുക്കേണ്ടതായി വന്നേക്കാം.
ഗർഭധാരണത്തിനുശേഷം ബി.പി. കൂടുന്നത്:  ഗർഭിണിയായശേഷം ഏകദേശം ആറുമാസമാകുമ്പോഴാണ് അമിത ബി.പിയുടെ സാധ്യത സാധാരണമായി കാണാറുള്ളത്.

ഗർഭധാരണത്തിനുശേഷം പതിവ് പരിശോധനകൾക്കായി ഡോക്ടറെ കാണുന്ന സമയത്ത് ഡോക്ടർതന്നെയായിരിക്കും അമിത ബി.പിയുള്ള കാര്യം തിരിച്ചറിയുന്നത്. അത് നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളും അപ്പോൾ നിർദേശിക്കും.

ഗർഭിണികളിൽ ബി.പി. കൂടുമ്പോൾ കണ്ണുകളിൽ ഇരുട്ട് കയറുക, കാലിൽ നീര് കൂടുതലായി കാണുക, കടുത്ത ക്ഷീണം, തലകറക്കം, ഛർദി, ഓക്കാനം, തലവേദന ഇവയൊക്കെ അനുഭവപ്പെടാം. ഈ ലക്ഷണങ്ങളെ മുന്നറിയിപ്പ് ലക്ഷണങ്ങളായി (Warning Signs) കരുതണം. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ചികിത്സ തേടേണ്ട അവസ്ഥയാണിത്.

അമിത ബി.പിയുണ്ടായിരിക്കെ ഗർഭിണിയായവരും ഗർഭധാരണത്തിനുശേഷം അമിത ബി.പിയുണ്ടായവരും ശ്രദ്ധിക്കേണ്ട പ്രധാനവിഷയം അവരുടെ ഭക്ഷണക്രമമാണ്. ബി.പി. കൂടുതലുള്ളവർ ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കണം. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, അച്ചാറ്, പപ്പടം, ഉപ്പ് കൂടുതലുള്ള ബേക്കറിസാധനങ്ങൾ എന്നിവയെല്ലാം അവരുടെ ഭക്ഷണക്രമത്തിൽനിന്ന് ഒഴിവാക്കണം.

ഗർഭധാരണത്തിനുശേഷം വരുന്ന അമിത ബി.പി. ഏകദേശം ആറാഴ്ചവരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, പ്രസവശേഷവും അമിത ബി.പി. നിയന്ത്രിക്കാനുള്ള മരുന്നുകൾ തുടരണം. ഡോക്ടർ നിർദേശിക്കുന്ന കാലംവരെ മരുന്ന് നിർത്താതെ കഴിക്കുക. ചില രോഗികളിൽ അതിനുശേഷവും സ്ഥിരമായി ബി.പി. നിയന്ത്രിക്കാൻ ഗുളിക കഴിക്കേണ്ടിവന്നേക്കാം.

തെറ്റിദ്ധാരണ: ബി.പിക്ക് മരുന്ന് കഴിച്ചാൽ, പ്രമേഹം വരും

യാഥാർഥ്യം: അമിത ബി.പിയും പ്രമേഹവും ജീവിതശൈലീരോഗങ്ങളാണ്. അമിത ബി.പിയുള്ള രോഗിക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നതും ഇതുകൊണ്ടുതന്നെ. അലസജീവിതശൈലി, അനാ രോഗ്യകരമായ ഭക്ഷണരീതി ഇവയെല്ലാം അമിത ബി.പി., പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ എന്നീ രോഗാവസ്ഥകൾക്ക് കാരണമായേക്കാം. എന്നാൽ അമിത ബി.പി., പ്രമേഹം എന്നീ രോഗങ്ങളുടെ ശാസ്ത്രീയകാരണങ്ങൾ വേറെത്തന്നെയാണ്. അമിത ബി.പിയുള്ള രോഗികൾക്ക് പ്രമേഹം വരണമെന്ന് നിർബന്ധവുമില്ല. അമിത ബി.പി. നിയന്ത്രിക്കാൻ മരുന്ന് കഴിച്ചത് കൊണ്ട് പ്രമേഹം വരില്ല. ഹൃദ്രോഗം, സ്‌ട്രോക്ക് എന്നീ അസുഖങ്ങളാണ് അമിത ബി.പിയുള്ള രോഗികൾക്ക് വരാൻ സാധ്യതയുള്ളത്. ബി.പി. നിയന്ത്രിച്ചു നിർത്തുന്നതുവഴി ഈ രോഗങ്ങൾ ഒരു പരിധിവരെ തടയാൻ സാധിക്കും.

തെറ്റിദ്ധാരണ: ബി.പി. കൂടിനിൽക്കുമ്പോൾമാത്രം മരുന്ന് കഴിച്ചാൽ മതി

യാഥാർഥ്യം: ബി.പി. നിയന്ത്രണത്തിലല്ലാത്ത തുടർന്നാൽ, അത് മസ്തിഷ്‌കത്തെയും ഹൃദയത്തെയും വൃക്കകളെയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അമിത ബി.പിയുള്ള രോഗികളിൽ കാണുന്ന ഒരു സങ്കീർണതയാണ് കാഴ്ച മങ്ങൽ. കണ്ണുകളിലെ ധമനികളിൽ വരുന്ന മാറ്റം കാരണം റെറ്റിനയ്ക്ക് സംഭവിക്കുന്ന പ്രശ്നങ്ങളാണ് ഇതിന് കാരണം. ഇതിനെയാണ് ഹൈപ്പർടെൻസീവ് റെറ്റിനോപ്പതി എന്ന് വിളിക്കുന്നത്.
അമിത ബി.പിമൂലം ഏറ്റവും സാധാരണമായുണ്ടാകുന്ന സങ്കീർണതയാണ് സ്‌ട്രോക്ക്. അമിത ബി.പി. തലച്ചോറിനെ ബാധിക്കുമ്പോൾ, തലച്ചോറിലെ രക്തധമനികളിലും ബി.പി. കൂടും. അങ്ങനെ, രക്തസ്രാവം സംഭവിക്കുകയും അല്ലെങ്കിൽ തലച്ചോറിലെ ധമനികളിൽ രക്തം കട്ടപിടിക്കുകയും ചെയ്യുന്നു.

മറ്റൊരു പ്രധാനപ്പെട്ട സങ്കീർണതയാണ് ഹാർട്ട് അറ്റാക്ക്. കാലിലേക്കുള്ള രക്തധമനികളിൽ രക്തയോട്ടം നിലയ്ക്കുകയും അങ്ങനെ കാലുകളിൽ തരിപ്പനുഭവപ്പെടുകയും ബലക്ഷയമുണ്ടാവുകയും ചെയ്യുന്നതാണ് സങ്കീർണത. അമിത ബി.പി. ഇങ്ങനെ ഒട്ടേറെ സങ്കീർണതകൾക്ക് ഇടയാക്കും എന്നതിനാൽ  ഡോക്ടർ നിർദേശിക്കുന്ന വിധത്തിൽ മരുന്ന് കൃത്യമായി കഴിക്കണം. ബി.പി കൂടിനിൽക്കുമ്പോൾ  മാത്രം മരുന്ന് കഴിച്ചാൽ പോരാ.

തെറ്റിദ്ധാരണ: ബി.പി നിയന്ത്രണത്തിലല്ലെങ്കിലും  സർജറി വേണ്ടിവന്നാൽ, സങ്കീർണതയൊന്നുമുണ്ടാവില്ല

യാഥാർഥ്യം: ഏത് സർജറിയായാലും അതിനുമുൻപ് ബി.പി. നില നോർമലായിരിക്കണം. അതിനാണ് സർജറികൾക്കുമുൻപ് ഫിറ്റ്‌നസെടുക്കുന്നത്. ഇതിന്റെ ഭാഗമായി ബി.പി. സ്‌ക്രീനിങ്ങും ചെയ്യും. സർജ റിക്കായി അനസ്‌തേഷ്യ കൊ ടുക്കേണ്ടിവരുന്ന അവസ്ഥയി ൽ നിർബന്ധമായും ബി.പി. നിയന്ത്രണത്തിലായിരിക്കണം. അതുകൊണ്ട്, ഏതൊരു സർജറിക്കുമുൻപും ബി.പി. നോർമലാണെന്ന് ഉറപ്പുവരുത്തും. അമിത ബി.പിയുണ്ടെങ്കിൽ, അത് നിയന്ത്രിക്കാനുള്ള മരുന്നുകൾ നൽകുകയും ചെയ്യും.

തെറ്റിദ്ധാരണ: ബി.പിക്ക് മരുന്ന് കഴിക്കുന്നവർ രക്തദാനം ചെയ്യാൻ പാടില്ല

യാഥാർഥ്യം: അമിത ബി.പി. നിയന്ത്രിക്കാൻ മരുന്ന് കഴിക്കുന്ന രോഗികൾക്ക് രക്തദാനം ചെയ്യുന്നതിൽ പ്രശ്നമൊന്നുമില്ല. എന്നാൽ, രക്തദാനസമയത്ത് ബി.പി. നോർമലായിരിക്കണമെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ബി.പി. കൂടുതലുള്ള സമയത്ത് രക്തദാനം ചെയ്യരുത്. രക്തദാനം ചെയ്യുന്നതിനുമുൻപ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം. ഹൃദയം, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവർ രക്തദാനം ചെയ്യാൻ പാടില്ല. അതുകൊണ്ടുതന്നെ, അമിത ബി.പി. ഉള്ളവർ രക്തദാനം ചെയ്യുന്നതിനുമുൻപ് മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ചില മരു ന്നുകൾ കഴിക്കുന്നവരും രക്തദാനം ചെയ്യാൻ പാടില്ല. ഇവയെല്ലാം ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചുമാത്രം തീരുമാനമെടുക്കുക.

തെറ്റിദ്ധാരണ: പ്രായമേറിയവരിലെ ബി.പി.  വ്യതിയാനങ്ങൾ പ്രശ്നമില്ല

യാഥാർഥ്യം: പ്രായമായവരിൽ വളരെ സൂക്ഷ്മമായ ബി.പി. നിയന്ത്രണം ചെയ്യാറില്ല. പ്രായമാകുമ്പോൾ രക്തധമനികളിൽ ചില മാറ്റങ്ങളുണ്ടാവും. അതുകൊണ്ടുതന്നെ, അതുമൂലമുണ്ടാകുന്ന ചില മാറ്റങ്ങൾ രക്തസമ്മർദത്തിന്റെ അളവുകളിലുമുണ്ടാകും. ഇവയെല്ലാം കണക്കിലെടുത്താണ് പ്രായമുള്ള രോഗികളിൽ അമിത ബി.പി. കണക്കാക്കുന്നതും അത് നിയന്ത്രിക്കുന്നതിനുള്ള മരുന്ന് നിർദേശിക്കുന്നത്.

പ്രായമായ രോഗികളിൽ ബി.പി. കൂടിനിൽക്കുന്ന അവസ്ഥയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ, സ്‌ട്രോക്ക് എന്നിവ പെട്ടെന്ന് വരുമെന്നതിനാൽ, ഇവരിൽ കൂടുതൽ ചികിത്സ ആവശ്യം വന്നേക്കാം. എന്നാൽ, വൈദ്യശാസ്ത്രം നിർദേശിക്കുന്നത് പ്രായം കുറഞ്ഞ ആളുകളിൽ ബി.പി. കൂടുമ്പോൾ അത് പല കാരണങ്ങൾമൂലമാവാമെന്നതിനാൽ, ശ്രദ്ധ കൂടുതൽ വേണ്ടത് ഇവർക്കാണെന്നുള്ളതാണ്. പ്രായമേതുമായിക്കോട്ടെ, ബി.പി. നോർമലാവേണ്ട ആവശ്യം എല്ലാവർക്കും ഒരുപോലെത്തന്നെയാണ്. അതുകൊണ്ട്, ബി.പി. കൂടിയ അവസ്ഥയുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് ചികിത്സ തേടണം.

തെറ്റിദ്ധാരണ: അമിത ബി.പി. നിയന്ത്രിക്കാൻ  ഉപ്പിന്റെ ഉപയോഗം  കൂടാതെ നോക്കിയാൽ മാത്രം മതി

യാഥാർഥ്യം: ഉപ്പ് കുറച്ചതുകൊണ്ടുമാത്രം ബി.പി. നിയന്ത്രണത്തിലാവില്ല. ഭക്ഷണത്തിൽ ഉപ്പ് നിയന്ത്രിക്കുന്നതിനൊപ്പം മരുന്നുകളും കൃത്യമായി കഴിക്കണം. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. അച്ചാർ, പപ്പടം, ബേക്കറി പലഹാരങ്ങൾ, മയോണൈസ്, ചീസ്, ജങ്ക് ഭക്ഷണങ്ങൾ, സംസ്‌കരിച്ച മാംസം, വറുത്തതും പൊരി ച്ചതുമായ ആഹാരങ്ങൾ എന്നിവയിലെല്ലാം ഉപ്പ് അമിതമായി കാണാം. എന്നാൽ, ഉപ്പ് ഒട്ടും ഉപയോഗിക്കാതെയിരിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ആവശ്യമായ അളവിൽ ഉപ്പ് ലഭിച്ചില്ലെങ്കിൽ, ശരീരത്തിൽ സോഡിയം കുറയാൻ സാധ്യ തയുണ്ട്. ഇതും ആരോഗ്യപ്ര ശ്നങ്ങൾക്കിടയാക്കും. ഉപ്പിന്റെ ഉപയോഗം ദിവസവും അഞ്ചു ഗ്രാമിൽ താഴെയായിരിക്കണമെന്നാണ് ശാസ്ത്രീയമാർഗനിർദേശങ്ങളിൽ പറയുന്നത്.

തെറ്റിദ്ധാരണ: ബി.പി. കുറഞ്ഞാൽ ഉപ്പിട്ട കഞ്ഞിവെള്ളം കുടിച്ചാൽ മാത്രം  മതി, പേടിക്കാനില്ല

യാഥാർഥ്യം:  ബി.പി. കൂടുന്നതുപോലെ തന്നെ പ്രശ്നമാണ് ബി.പി. കുറയുന്നതും. ബി.പി. കുറഞ്ഞാൽ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കാം. പക്ഷേ അതു മാത്രമാക്കരുത്. വേഗം ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ബി.പി. കുറഞ്ഞാൽ, ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തസഞ്ചാരം കുറയാനിടയാകും. ഇത് പല സങ്കീർണതകൾക്കും കാരണമാകും.

തുടർച്ചയായ ക്ഷീണം, തലകറക്കം, ദാഹം, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, കണ്ണിൽ ഇരുട്ട് കയറുന്നത് എന്നിവ ബി.പി. കുറയുന്നതിന്റെ ചില ലക്ഷണങ്ങളാണ്. ചിലരിൽ ആശുപത്രിയിൽ കിടത്തി ഐ.വി. ഫ്ലൂയിഡ് നൽകേണ്ടിവരും. ബി.പി. കുറഞ്ഞ അവസ്ഥയിൽ ബോധക്ഷയം വരാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല, ബി.പി. കുറയുന്നതിന് പിന്നിൽ മറ്റ് കാരണങ്ങളുമുണ്ടാകാം.  ഹൃദയ സ്തംഭനത്തിന്റെ ഒരു ലക്ഷണംപോലും ബി.പി. കുറയുന്നതാണ്. അതിനാൽ, ബി.പി. കുറയുന്നുവെന്ന് തോന്നിയാൽ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തണം.

പെരിന്തൽമണ്ണ മൗലാന ഹോസ്‌പിറ്റലിൽ ഇന്റേണൽ മെഡിസിൻ വിഭാഗം കൺസൽട്ടന്റ് ഫിസിഷ്യനാണ് ലേഖിക.

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Blood Pressure Myths and Facts You Need to Know