ചില അലർജികൾ ജീവന് ഭീഷണിയാകാം; മരുന്നും ഭക്ഷണവും മുതൽ പ്രാണികളുടെ കുത്ത് വരെ കാരണമാകാം; ചികിത്സയെന്ത്?

#ഡോ. നിത്യാഹരിദാസ്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പൊടിപടലങ്ങൾക്കിടയിൽ ചെന്നാൽ ചിലർ തുടർച്ചയായി തുമ്മുന്നതും ചിലർക്ക് ചില ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരത്തിൽ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നതുമെല്ലാം കണ്ടിട്ടുണ്ടാകാം. ഇവയൊക്കെ അലർജികളുടെ ഉദാഹരണങ്ങളാണ്. ലോകമെമ്പാടും പ്രായഭേദമന്യേ ആളുകളെ ബാധിക്കുന്ന ദീർഘകാല ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് അലർജി.

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനമായ പ്രതിരോധവ്യവസ്ഥ (Immune Sstyem) സാധാരണമായി ബാക്ടീരിയ, വൈറസ് തുടങ്ങിയ ദോഷകരമായ ഘടകങ്ങളിൽനിന്ന് ശരീരത്തെ സംരക്ഷിക്കാനാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ചിലരിൽ ഈ സംവിധാനം അപകടകരമല്ലാത്ത ചില വസ്തുക്കളെ ശത്രുവായി തെറ്റിദ്ധരിച്ച് അവയ്ക്കെതിരേ പ്രതികരിക്കും. ഇതാണ് അലർജി.

ശരീരത്തിന് അപകടകരമെന്ന് തോന്നുന്ന ഒരു വസ്തുവിനെതിരേ രോഗപ്രതിരോധ സംവിധാനം ആന്റിബോഡികൾ (Antibodies) നിർമിക്കും. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമാണ്. എന്നാൽ അലർജിയുള്ളവരിൽ, അപകടകരമല്ലാത്ത ഒരു വസ്തുവിനെ ശരീരം ഭീഷണിയായി തെറ്റിദ്ധരിക്കുന്നു. പിന്നീട് അതേ വസ്തുവുമായി വീണ്ടും സമ്പർക്കം വരുമ്പോൾ ഹിസ്റ്റമിൻ (Htsiamine) പോലുള്ള രാസപദാർഥങ്ങൾ പുറപ്പെടുവിക്കുന്നു. ഇതുമൂലം തുമ്മൽ, ചുമ, ശ്വാസംമുട്ടൽ, ശരീരവീക്കം, മുതൽ അനാഫിലാക്സിസ് (Anaphylaxis) പോലുള്ള ഗൗരവമുള്ള പ്രതികരണങ്ങൾ വരെ ഉണ്ടാകാം.

അലർജിക്ക് കാരണമാകുന്ന വസ്തുക്കളെ അലർജൻ (Allergen) എന്ന് വിളിക്കുന്നു. പൊടിച്ചെള്ള് (Dtsu mites), പൂമ്പൊടി (Pollen), ചില ഭക്ഷണങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമകണങ്ങൾ/തുപ്പൽ, പ്രാണികളുടെ കുത്ത്, ചില മരുന്നുകൾ, പൂപ്പൽ (Mold) എന്നിവ സാധാരണമായി കണ്ടുവരുന്ന അലർജനുകളാണ്.

എന്തുകൊണ്ടാണ് അലർജികൾ വർധിക്കുന്നത്?

കഴിഞ്ഞ ഏതാനും ദശകങ്ങളായി അലർജി ബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇതിന് നിരവധി കാരണങ്ങളുണ്ട്. നഗരവത്കരണം, പരിസ്ഥിതി മലിനീകരണം, കുട്ടിക്കാലത്ത് സൂക്ഷ്മാണുക്കളുമായുള്ള സമ്പർക്കം കുറയുന്നത്, ഭക്ഷണശീലങ്ങളിലെ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ അലർജി വർധിക്കാൻ ഇടയാക്കുന്നുണ്ട്. അലർജിയുടെ കാര്യത്തിൽ പാരമ്പര്യഘടകങ്ങൾ (Genetics) പ്രധാനമാണെങ്കിലും, ഒരാൾക്ക് അലർജി ഉണ്ടാകുമോ എന്നതിൽ പരിസ്ഥിതിഘടകങ്ങളും ശക്തമായി സ്വാധീനിക്കുന്നുണ്ട്.

അലർജി എങ്ങനെയൊക്കെ ബാധിക്കാം?

മൂക്ക്, ശ്വാസകോശം, ചർമം, ദഹനവ്യവസ്ഥ എന്നിവയെ മാത്രമല്ല, ചിലപ്പോൾ മുഴുവൻ ശരീരത്തെയും അലർജി ബാധിക്കാം. ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുകയും, കാരണങ്ങൾ കണ്ടെത്തുകയും, വിദഗ്ധ ചികിത്സ തേടുകയും, നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ അലർജിയുള്ള ഭൂരിഭാഗം ആളുകൾക്കും ആരോഗ്യകരവും സജീവവുമായ ജീവിതം നയിക്കാൻ കഴിയും.പ്രത്യേകിച്ച് ഗുരുതരമായ അലർജി പ്രതികരണങ്ങൾ അടിയന്തര ചികിത്സ ആവശ്യമായതിനാൽ പൊതുജന ബോധവത്കരണം വളരെ പ്രധാനമാണ്.

ശ്വാസകോശ സംബന്ധമായ അലർജികൾ

മൂക്ക്, സൈനസ്, ശ്വാസകോശം എന്നിവയെ ഇവ ബാധിക്കുന്നു.

അലർജിക് റൈനൈറ്റിസ് (Allergic Rhinitis): മൂക്കൊലിപ്പ് സാധാരണ ജലദോഷത്തിന്റെ ലക്ഷണമായിരിക്കാം. എന്നാൽ തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, മൂക്കിൽ ചൊറിച്ചിൽ, കണ്ണിൽ ചൊറിച്ചിൽ എന്നിവ സ്ഥിരമായി ഉണ്ടാകുന്നുവെങ്കിൽ അത് അലർജിക് റൈനൈറ്റിസ് ആയിരിക്കാം. പൂമ്പൊടിയുമായി ബന്ധപ്പെട്ട അലർജിക് റൈനൈറ്റിസിനെ സാധാരണ ''ഹേ ഫീവർ'' (Hay Fev--er) എന്നും വിളിക്കുന്നു. പൊടിച്ചെള്ള് (Dtsu mites), പൂമ്പൊടി, പൂപ്പൽ, വളർത്തുമൃഗങ്ങളുടെ രോമകണങ്ങൾ എന്നിവ അലർജിക് റൈനൈറ്റിസിന് കാരണമാകാം ഇത് ചെറിയ പ്രശ്നമാണെന്ന് പലരും കരുതുന്നുവെങ്കിലും ചികിത്സിക്കാതെ വിട്ടാൽ ഉറക്കം, പഠനം, ജോലി, ജീവിതനിലവാരം എന്നിവയെ ബാധിക്കാം.

അലർജിക് ആസ്മ: ചുമ, ശ്വാസത്തിൽ ശബ്ദം (Wheezing), ശ്വാസംമുട്ടൽ എന്നിവയാണ് ആസ്മയുടെ പ്രധാന ലക്ഷണങ്ങൾ. എല്ലാ ആസ്മയും അലർജിയുമായി ബന്ധപ്പെട്ടതല്ല. എന്നാൽ, ചില പ്രത്യേക തരത്തിലുള്ള ആസ്മകൾ അലർജനുകൾ മൂലമാണ് ഉണ്ടാകുന്നത്.

പൊടിച്ചെള്ള് (Dtsu mites), പൂമ്പൊടി, പാറ്റകൾ, എലികളുടെ മൂത്രത്തിലെ പ്രോട്ടീനുകൾ എന്നിവയാണ് ആസ്മയ്ക്ക് കാരണമായ അലർജനുകൾ.

ഭക്ഷണ അലർജി

ഒരു പ്രത്യേക ഭക്ഷണത്തിലെ പ്രോട്ടീനിനെതിരേ രോഗപ്രതിരോധ സംവിധാനം പ്രതികരിക്കുമ്പോഴാണ് ഭക്ഷണ അലർജി ഉണ്ടാകുന്നത്.

പാൽ, മുട്ട, നിലക്കടല, കശുവണ്ടി, ബദാം തുടങ്ങിയ നട്ട്സ്, മത്സ്യം, ഷെൽഫിഷ്, ഗോതമ്പ്, സോയ എന്നിവയാണ് സാധാരണ അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ.

ഭക്ഷണ അലർജിയും ഭക്ഷണ അസഹിഷ്ണുതയും തമ്മിൽ എന്താണ് വ്യത്യാസം?

ഭക്ഷണ അലർജിയിൽ രോഗപ്രതിരോധ സംവിധാനം പങ്കാളിയാകുന്നുണ്ട്. എന്നാൽ, ഭക്ഷണ അസഹിഷ്ണുത (Food Intolerance) രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ടതല്ല. ഉദാഹരണത്തിന്: പാലിലെ ലാക്ടോസ് ദഹിക്കാത്തത് (Lactose Intolerance), കാപ്പിയിലെ കഫെയ്‌നിനോടുള്ള പ്രതികരണം എന്നിവ.

ചർമ അലർജികൾ

അറ്റോപിക് ഡെർമറ്റൈറ്റിസ് (Eczema): വരണ്ട ചർമം, ചൊറിച്ചിൽ, ചുവപ്പ് നിറം, ആവർത്തിച്ചുള്ള ചർമ പാടുകൾ എന്നീ ലക്ഷണങ്ങളോടുകൂടി കാണപ്പെടുന്ന ദീർഘകാല ചർമരോഗമാണ്.

അർട്ടിക്കേരിയ (Hiv--es): പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമാകുകയും ചെയ്യുന്ന ചൊറിച്ചിലുള്ള തടിപ്പുകളാണ് ഹൈവ്സ്.

ചില ഭക്ഷണങ്ങൾ, മരുന്നുകൾ, അണുബാധകൾ, പ്രാണികളുടെ കുത്ത്, ചൂട്, തണുപ്പ്, സമ്മർദം, വെള്ളം തുടങ്ങിയ ഭൗതിക ഘടകങ്ങൾ എന്നിവമൂലം അർട്ടിക്കേരിയ ഉണ്ടാകാം. ചിലരിൽ വ്യക്തമായ കാരണം കണ്ടെത്താനാവില്ല.

കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്: ചർമം നേരിട്ട് അലർജൻ വസ്തുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉണ്ടാകുന്ന ചുവപ്പ്, ചൊറിച്ചിൽ, ചർമത്തിലെ അസ്വസ്ഥത.

സൗന്ദര്യവർധക വസ്തുക്കൾ, ഹെയർ ഡൈ, നിക്കൽ അടങ്ങിയ ആഭരണങ്ങൾ, ഡിറ്റർജന്റുകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവമൂലം ഇത് ഉണ്ടാകാം

മരുന്ന് അലർജി

ചില ആളുകളിൽ ചില മരുന്നുകൾ കഴിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്തതിന് ശേഷം അലർജി പ്രതികരണങ്ങൾ (Drug Allergy) ഉണ്ടാകാം. ചർമത്തിൽ പാടുകൾ അല്ലെങ്കിൽ തടിപ്പുകൾ, ചൊറിച്ചിൽ, ശരീരവീക്കം, ശ്വാസതടസ്സം എന്നിവയാണ് ഡ്രഗ് അലർജിയുടെ ലക്ഷണങ്ങൾ. ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, സ്‌കാനുകൾക്കായി ഉപയോഗിക്കുന്ന കോൺട്രാസ്റ്റ് ഡൈ എന്നിവയാണ് അലർജി ഉണ്ടാക്കാൻ സാധ്യതയുള്ള ചില മരുന്നുകൾ.

ഒരു മരുന്ന് കഴിച്ചതിന് ശേഷം ഉണ്ടാകുന്ന എല്ലാ പാർശ്വഫലങ്ങളും (Side Effestc) അലർജി ആകണമെന്നില്ല. അതിനാൽ ഒരു വ്യക്തിക്ക് മരുന്ന് അലർജിയുണ്ടെന്ന് ഉറപ്പിക്കുന്നതിന് മുൻപ് വിദഗ്ധ ഡോക്ടറുടെ വിലയിരുത്തൽ ആവശ്യമാണ്.

പ്രാണികളുടെ കുത്ത് മൂലമുള്ള അലർജി

തേനീച്ച, കടന്നൽ തുടങ്ങിയ പ്രാണികൾ കുത്തുമ്പോൾ ചെറിയ വേദനയും വീക്കവും സാധാരണമാണ്. എന്നാൽ ചിലരിൽ ഗുരുതരമായ അലർജി പ്രതികരണങ്ങൾ ഉണ്ടാകാം. തേനീച്ച (Bee), കടന്നൽ (Wasp), ഹോർണറ്റ് (Hornet), ഫയർ ആന്റ് (Fire Ant) എന്നിവ കുത്തുമ്പോൾ അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരമൊട്ടാകെ തടിപ്പുകൾ, മുഖത്തും ചുണ്ടുകളിലും വീക്കം, ശ്വാസതടസ്സം, രക്തസമ്മർദം പെട്ടെന്ന് കുറയുക എന്നിവയാണ് ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.

അലർജി എങ്ങനെ കണ്ടെത്തും?

ശരിയായ രോഗനിർണയം വളരെ പ്രധാനമാണ്. കാരണം അലർജിയുടെ ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതായിരിക്കും. രോഗത്തിന്റെ ചരിത്രവും രോഗിയുടെ പശ്ചാത്തലവും രോഗനിർണയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രധാന ടെസ്റ്റുകൾ ഇവയാണ്:

സ്‌കിൻ ടെസ്റ്റുകൾ : ചെറിയ അളവിൽ അലർജൻ ചർമത്തിൽ പ്രയോഗിച്ച് ശരീരം അതിനോട് പ്രതികരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. സ്‌കിൻ പ്രിക്ക് ടെസ്റ്റ്, ഇൻട്രാഡെർമൽ ടെസ്റ്റ്, പാച്ച് ടെസ്റ്റ് എന്നിവയാണ് പലതരം സ്‌കിൻ ടെസ്റ്റുകകൾ

രക്തപരിശോധനകൾ : ചില അലർജനുകൾക്കെതിരേ ശരീരം നിർമിക്കുന്ന പ്രത്യേക ആന്റിബോഡികളെ കണ്ടെത്താൻ രക്തപരിശോധനകൾ ഉപയോഗിക്കുന്നു. അലർജികളിൽ പ്രധാന പങ്ക് വഹിക്കുന്ന ആന്റിബോഡിയാണ് IgE. അതുകൊണ്ട് പ്രത്യേക IgE( specific IgE) പരിശോധനകൾ അലർജൻ തിരിച്ചറിയാൻ സഹായിക്കും.

Component Resolved Diagnostics (CRD)അലർജൻ പ്രോട്ടീനുകളുടെ പ്രത്യേക ഘടകങ്ങളെ തിരിച്ചറിയുന്ന കൂടുതൽ കൃത്യതയുള്ള പരിശോധനയാണ് ഇത്. രോഗത്തിന്റെ ഗൗരവവും ഭാവിയിലെ സാധ്യതകളും മനസ്സിലാക്കാൻ ഇത് സഹായിക്കും.

ചാലഞ്ച് ടെസ്റ്റ്

തിരഞ്ഞെടുത്ത ചില രോഗികളിൽ ഭക്ഷണമോ മരുന്നോ നിയന്ത്രിത സാഹചര്യത്തിൽ നൽകിക്കൊണ്ട് അലർജി ഉണ്ടോ എന്ന് പരിശോധിക്കുന്നതാണ് ചാലഞ്ച് ടെസ്റ്റ്.

മറ്റ് പരിശോധനകൾ

രോഗിയുടെ അവസ്ഥ അനുസരിച്ച് സ്പൈറോമെട്രി, ഓസിലോമെട്രി, ചർമബയോപ്സി, എക്സർസൈസ് ചാലഞ്ച് ടെസ്റ്റ് പരിശോധനകളും ആവശ്യമായിവരാം. അലർജി പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് രോഗലക്ഷണങ്ങളുള്ള അലർജിയുണ്ടെന്ന് ഉറപ്പിക്കാനാവില്ല. പരിശോധനാഫലങ്ങളും രോഗലക്ഷണങ്ങളും ഒരുമിച്ച് വിലയിരുത്തേണ്ടതാണ്.

ദൈനംദിന ജീവിതത്തെ അലർജി എങ്ങനെ ബാധിക്കുന്നു?

അലർജിക് റൈനൈറ്റിസ്, ആസ്മ, എക്സിമ തുടങ്ങിയ രോഗങ്ങൾ ഗുരുതരമായാൽ ജീവിതനിലവാരത്തെ കാര്യമായി ബാധിക്കും. ഉറക്കം തടസ്സപ്പെടാം, ജോലിക്ഷമത കുറയാം, പഠനത്തെ ബാധിക്കാം, വ്യായാമംചെയ്യാൻ ബുദ്ധിമുട്ടുണ്ടാകാം.

ഭക്ഷണ അലർജിയുള്ളവർക്ക് പ്രത്യേകിച്ച് പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഭക്ഷണത്തിലെ എല്ലാ ചേരുവകളെക്കുറിച്ചും വ്യക്തത വേണം. അലർജിയുണ്ടാക്കുന്ന ഭക്ഷണം അബദ്ധത്തിൽ കലരാതിരിക്കാനും ശ്രദ്ധിക്കണം.

അലർജി തടയാനാകുമോ?

എല്ലാ അലർജികളും പൂർണമായും തടയാൻ കഴിയില്ല. എന്നിരുന്നാലും അപകട സാധ്യത കുറയ്ക്കാൻ ചില മുൻകരുതലുകൾ സഹായിക്കും. ഗർഭകാലത്ത് സമീകൃത ഭക്ഷണം കഴിക്കുക, പുകവലി ഒഴിവാക്കുക, കുഞ്ഞിനെ ആദ്യ ആറുമാസം പൂർണമായും മുലയൂട്ടുക, പ്രായത്തിനനുസരിച്ച് അനുബന്ധ ഭക്ഷണങ്ങൾ പരിചയപ്പെടുത്തുക എന്നിവ അലർജി സാധ്യത കുറയ്ക്കാൻ സഹായിക്കും.

കുട്ടിക്ക് എക്സിമയോ അലർജി സംബന്ധമായ ശക്തമായ കുടുംബചരിത്രമോ ഉണ്ടെങ്കിൽ ശിശുരോഗ വിദഗ്ധന്റെ നിർദേശപ്രകാരംവേണം ഭക്ഷണങ്ങൾ പരിചയപ്പെടുത്താൻ.

അലർജി നിയന്ത്രണവും ചികിത്സയും

അലർജൻ ഒഴിവാക്കുക, ആവശ്യമായ ചികിത്സ സ്വീകരിക്കുക എന്നിവയാണ് അലർജി നിയന്ത്രണത്തിന്റെ രണ്ട് പ്രധാന ഘടകങ്ങൾ.

ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾ ഇവയാണ്:

  • ആന്റിഹിസ്റ്റാമിനുകൾ.
  • മൂക്കിലേക്ക് ഉപയോഗിക്കുന്ന സ്പ്രേകൾ.
  • ആസ്മ ഇൻഹേലറുകൾ.
  • മോയ്സ്ചറൈസറുകളും ചർമക്രീമുകളും.
  • അഡ്രിനാലിൻ (എപിനെഫ്രിൻ) അനാഫിലാക്സിസിനുള്ള ഏറ്റവും പ്രധാന അടിയന്തര മരുന്ന്.

എന്താണ് അലർജി ഇമ്യൂണോതെറാപ്പി?

ഇതിനെ പലപ്പോഴും ''അലർജി വാക്സിനേഷൻ'' എന്ന് വിളിക്കുന്നു. അലർജൻ ചെറിയ അളവിൽ ആവർത്തിച്ച് ശരീരത്തെ പരിചയപ്പെടുത്തുന്നതിലൂടെ അലർജിയോടുള്ള അതിസംവേദനം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.

അലർജിക് റൈനൈറ്റിസ്, അലർജിക് ആസ്മ, പ്രാണികളുടെ കുത്ത് മൂലമുള്ള അലർജി എന്നിവയിൽ ഇത് ഫലപ്രദമാണ്. ഇത് അലർജി വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ നടത്താവൂ.

ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി വളർത്താം

സമീകൃതാഹാരം, മതിയായ ഉറക്കം, സ്ഥിരമായ വ്യായാമം, സമയബന്ധിത വാക്സിനേഷൻ, പുകവലി ഒഴിവാക്കുക, മാനസിക സമ്മർദം നിയന്ത്രിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നിവ രോഗപ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. ഇവ അലർജി പൂർണമായും തടയും എന്ന് ഉറപ്പില്ലെങ്കിലും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.

തിരുത്താം ചില തെറ്റിദ്ധാരണകൾ

തെറ്റിദ്ധാരണ

  • അലർജി ഗുരുതരമല്ല.
  • ഭക്ഷണ അലർജിയും ഭക്ഷണ അസഹിഷ്ണുതയും ഒന്നു തന്നെയാണ്.
  • അലർജി കുട്ടിക്കാലത്ത് മാത്രമേ ഉണ്ടാകൂ.
  • കുട്ടികൾക്ക് അലർജി വന്നാൽ അത് പിന്നീട് ഭേദമാകും.
  • എല്ലാ അലർജി പ്രതികരണങ്ങളും ഉടനടി സംഭവിക്കും.
  • അലർജി ടെസ്റ്റുകൾ മാത്രംമതി രോഗനിർണയത്തിന്.

യാഥാർഥ്യം

  • ചില അലർജികൾ ജീവന് ഭീഷണിയാകാം.
  • ഭക്ഷണ അലർജിയിൽ രോഗപ്രതിരോധ സംവിധാനം പങ്കാളിയാണ്. ഭക്ഷണ അസഹിഷ്ണുതയിൽ സാധാരണമായി അങ്ങനെ അല്ല.
  • ഏത് പ്രായത്തിലും അലർജി ആരംഭിക്കാം.
  • ചില അലർജികൾ ഭേദമാകാം, ചിലത് ജീവിതകാലം മുഴുവൻ തുടരാം.
  • ചില അലർജി പ്രതികരണങ്ങൾ മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം പ്രത്യക്ഷപ്പെടാം.
  • പരിശോധനാഫലങ്ങൾ രോഗലക്ഷണങ്ങളോടും രോഗചരിത്രത്തോടും ചേർത്ത് വിലയിരുത്തണം.

അലർജൻ ഒഴിവാക്കൽ

പൂമ്പൊടി അലർജിയുള്ളവർ

  • പൂമ്പൊടി കൂടുതലുള്ള സമയങ്ങളിൽ ജനലുകൾ അടച്ചിടുക.
  • പുറത്തുപോകുമ്പോൾ മാസ്‌കും കണ്ണടയും ഉപയോഗിക്കുക.
  • വീട്ടിലെത്തിയശേഷം കുളിക്കുകയും വസ്ത്രംമാറുകയുംചെയ്യുക.

പൊടി അലർജിയുള്ളവർ

  • കിടക്കവിരികൾ ചൂടുവെള്ളത്തിൽ കഴുകുക.
  • കവറുകൾ ഉപയോഗിക്കുക.
  • വീട്ടിലെ ഈർപ്പം കുറയ്ക്കുക.
  • മുറികളിൽ ആവശ്യമായ സൂര്യപ്രകാശം ലഭ്യമാക്കുക.

വളർത്തുമൃഗങ്ങളോട്

  • അലർജിയുള്ളവർ
  • വളർത്തുമൃഗങ്ങളോട് അലർജിയുള്ളവർ മൃഗങ്ങളെ കിടപ്പുമുറിയിൽ പ്രവേശിപ്പിക്കാതിരിക്കുക.
  • വീടും മൃഗങ്ങളെയും പതിവായി വൃത്തിയാക്കുക.

മരുന്ന് അലർജിയുള്ളവർ

  • മെഡിക്കൽ രേഖകൾ സൂക്ഷിക്കുക.
  • പുതിയ മരുന്ന് നൽകുന്നതിനുമുൻപ് ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക.
  • ഭക്ഷണ ലേബലുകൾ ശ്രദ്ധാപൂർവം വായിച്ചശേഷം ഉപയോഗിക്കുക.
  • സ്‌കൂൾ, ബന്ധുക്കൾ, റസ്റ്ററന്റുകൾ എന്നിവരെ വിവരം അറിയിക്കുക.
  • ഡോക്ടർ നിർദേശിച്ച അടിയന്തര മരുന്നുകൾ കൈവശംവയ്ക്കുക.

ഭാവിയിൽ അലർജി വരുമോ എന്ന് കണ്ടെത്താൻ IgG പരിശോധന ഉപകരിക്കുമോ?

അലർജി മുൻകൂട്ടി കണ്ടെത്താനായി IgG പരിശോധനകൾ സഹായിക്കുമെന്ന പ്രചരണമുണ്ട്. എന്നാൽ നിലവിലെ ശാസ്ത്രീയ തെളിവുകൾപ്രകാരം ഇവ അലർജി നിർണയത്തിൽ പ്രത്യേക പ്രയോജനം നൽകുന്നില്ല.

IgG പോസിറ്റീവ് ആയതുകൊണ്ട് ഒരാൾക്ക് ആ ഭക്ഷണത്തോട് അലർജിയുണ്ടെന്ന് അർഥമില്ല. കഴഏ ഫലത്തിന് അലർജി ലക്ഷണങ്ങളുമായി നേരിട്ട് ബന്ധമില്ല. ഒരു ഭക്ഷണം സാധാരണയായി കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന സ്വാഭാവിക പ്രതിരോധ പ്രതികരണവും യഥാർഥ അലർജിയും തമ്മിൽ വേർതിരിച്ചറിയാൻ ഈ പരിശോധനയ്ക്ക് കഴിയില്ല. അതിനാൽ, ഇപ്പോൾ അലർജി ഇല്ലാത്ത ഒരാൾക്ക് ഭാവിയിൽ അലർജി വരുമോ എന്ന് പ്രവചിക്കാൻ IgG പരിശോധന സഹായിക്കുന്നില്ല.

ആർക്കൊക്കെയാണ് അലർജി ഉണ്ടാകാനുള്ള സാധ്യത കൂടുതൽ?

മാതാപിതാക്കൾക്ക് അലർജിയുണ്ടെങ്കിൽ കുട്ടികൾക്കും സാധ്യത കൂടുതലാണ്. ഒരു അലർജി രോഗമുള്ളവർക്ക് മറ്റ് അലർജി രോഗങ്ങളും ഉണ്ടാകാം. ഉദാഹരണമായി, ശൈശവത്തിൽ എക്സിമ ഉണ്ടായെങ്കിൽ പിന്നീട് ഭക്ഷണ അലർജി അല്ലെങ്കിൽ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജനിതക ഘടകങ്ങൾക്കൊപ്പം അലർജനുകളോടും മലിനമായ സാഹചര്യങ്ങളോടും തുടർച്ചയായ സമ്പർക്കവും അലർജി സാധ്യത വർധിപ്പിക്കുന്നു.

കൊച്ചി അമൃത ഹോസ്പിറ്റലിൽ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആണ് ലേഖിക.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്‌

Content Highlights: Explore how allergies affect the immune system, leading to conditions like asthma and eczema, and learn about common allergens and their impact.