എളുപ്പത്തിലുണ്ടാക്കാം രുചിയൂറും ബീഫ് ഫ്രൈ; നാടൻ റെസിപ്പി പരീക്ഷിക്കാം

എളുപ്പത്തിലൊരു നാടൻ ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ? ബീഫ് പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് ബീഫ് തേങ്ങാക്കൊത്ത് ചേർത്ത് ഉലർത്തിയത്. കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. അപ്പത്തിനൊപ്പവും പൊറോട്ടയ്‌ക്കൊപ്പവുമെല്ലാം കിടിലൻ കോമ്പിനേഷനാണ് ഈ വിഭവം. തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ബീഫ് (ചെറിയ കഷ്ണങ്ങളാക്കിയത്)-500 ഗ്രാം
- മുളകുപൊടി -ഒരു ടേബിൾസ്പൂൺ
- മല്ലിപൊടി -രണ്ട് ടേബിൾസ്പൂൺ
- ഗരം മസാല -അര ടീസ്പൂൺ
- മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
- കുരുമുളകുപൊടി -ഒരു ടീസ്പൂൺ
- ഇഞ്ചി അരിഞ്ഞത് -ഒരു ടീസ്പൂൺ
- ചെറിയ ഉള്ളി -നാല് എണ്ണം
- വെളിച്ചെണ്ണ - ആവശ്യത്തിന്
- കറിവേപ്പില -രണ്ട് തണ്ട്
- തേങ്ങ കൊത്ത് (വറുത്തത്) -കാൽ കപ്പ്
- ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കേണ്ട രീതി
ആദ്യം കഴുകി വൃത്തിയാക്കിയ ബീഫിൽ മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഇഞ്ചി, തേങ്ങ കൊത്ത്, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. കുക്കറിൽ വെള്ളം ഒഴിക്കാതെ വേണം വേവിക്കാൻ. ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചെടുക്കണം. ഇതിലേയ്ക്ക് കുരുമുളകുപൊടിയും വെന്ത ഇറച്ചിയും ചേർത്തുകൊടുക്കാം. തുടർന്ന് വെള്ളം വറ്റിച്ച് നന്നായി വരട്ടി എടുക്കാം.
Content Highlights: Savor the authentic taste of Kerala with this easy Beef Ularthiyathu recipe!