പുളിയിലക്കറി അഥവാ 'സൊപ്പു സാറു'; ചോറിലൊഴിച്ച് കഴിക്കാന്‍ വ്യത്യസ്തമായൊരു വിഭവം

#രോഷ്‌ന കൊട്ടക്കാട്ട്
പ്രതീകാത്മ ചിത്രം | Photo: Canva
പ്രതീകാത്മ ചിത്രം | Photo: Canva

പുളി രുചി പൊതുവെ ഇഷ്ടമല്ലാത്ത എന്നെ ഒന്നത്ഭുതപ്പെടുത്തിയ വിഭവമാണിത്. മഞ്ചക്കയുടെ അടുത്ത മാസ്റ്റര്‍പീസ്. പുളിയില കൊണ്ടൊരു കൂട്ടാന്‍. കന്നടയില്‍ പറഞ്ഞാല്‍ 'സൊപ്പു സാറു'. 'സൊപ്പു' എന്നുവെച്ചാല്‍ ഭക്ഷ്യയോഗ്യമായ ഇല എന്നാണ് അര്‍ഥം. 'സാറു' എന്നാല്‍ കറി എന്നും. ഇവര്‍ പലതരം ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. അതില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് പുളിയിലകൊണ്ടുള്ള വിഭവങ്ങള്‍ തന്നെയാണ്. 

വടക്കന്‍ കര്‍ണാടകക്കാരുടെ പ്രധാന ഭക്ഷണമായ റാഗി മുദ്ദേയുടെ കൂടെ ഒഴിച്ചു കഴിക്കാന്‍ പൊതുവെ വെള്ളമൊഴിച്ചു നീട്ടിയ കറികളാണ് അവര്‍ക്കിഷ്ടം. വേവിച്ചെടുക്കുന്ന റാഗി ഈ ചാറില്‍ മുക്കിയാണ് അവര്‍ കഴിക്കുക. ഇലകള്‍ അരച്ചുണ്ടാക്കിയ കറികള്‍ അതില്‍ പൊതുവായ ഒന്നാണ്. 

ചോറിന്റെ കൂടെയും ഒരു നല്ല കോമ്പിനേഷന്‍ തന്നെയാണ് പുളിയിലക്കറി. നമ്മളുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഇലയായതിനാല്‍ ഒന്ന് പരീക്ഷിക്കാവുന്ന വിഭവമാണ്. ഇളം പുളിയിലകളാണ് ഇതിനായി ഉപയോഗിക്കാറ്. 

ആവശ്യമായ സാധനങ്ങള്‍ 

പുളിയിലയുടെ തളിര് ഒരു പിടി 
പരിപ്പ്- കാല്‍ കപ്പ് 
തേങ്ങ ചിരകിയത്- കാല്‍ കപ്പ് 
വെളുത്തുള്ളി- 2-3 അല്ലി   
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍ 
മുളകുപൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന് 
വെള്ളം ആവശ്യത്തിന് 
എണ്ണ -2-3 ടീസ്പൂണ്‍
കായപ്പൊടി 
ഉണക്കമുളക്- 2
പച്ചമുളക്- 2-3
കടുക് 
ജീരകം 
ഉലുവാപ്പൊടി അര ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം
പുളിയിലയുടെ തളിര് നന്നായി കഴുകിയെടുത്ത് വെള്ളം കളഞ്ഞ് മാറ്റിവെക്കണം. പ്രഷര്‍ കുക്കറില്‍ 3-4 വിസില്‍ വരുന്നതു വരെ പരിപ്പും ഒരു നുള്ളു  മഞ്ഞള്‍ പൊടിയും വെളുത്തുള്ളിയും വേവിച്ചെടുക്കണം. കുക്കര്‍ ചൂടാറിയ ശേഷം തുറന്ന് പരിപ്പ് നന്നായി ഉടയ്ക്കാം. 

ഒരു പാനില്‍ എണ്ണ ചൂടാക്കി പച്ചമുളക് ചേര്‍ക്കുക, ഒന്ന് ചൂടായി വരുമ്പോള്‍ കഴുകിവെച്ച ഇല ചേര്‍ത്ത് നന്നായി വഴറ്റി എടുക്കണം. ശേഷം മുളകുപൊടിയും ഉലുവാപ്പൊടിയും ചേര്‍ത്ത് ഇതില്‍ നിന്നും ഒരു പിടിയെടുത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കാം. അരയ്ക്കുമ്പോള്‍ കുറച്ച് ഉപ്പു ചേര്‍ക്കാവുന്നതാണ്. 

അരപ്പും വേവിച്ചുവെച്ചിരിക്കുന്ന പരിപ്പും കൂടി പാനിലേക്കു ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിക്കാം. ഉപ്പു നോക്കി ആവശ്യമെങ്കില്‍ ചേര്‍ത്ത്, ചിരകിവെച്ചിരിക്കുന്ന തേങ്ങ ഇട്ടുകൊടുത്ത് ഒന്ന് തിളപ്പിച്ചെടുക്കണം. തിളക്കുമ്പോള്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കി കൊടുക്കാം. 

താളിക്കാനായി ഒരു കടായിയില്‍ എണ്ണയൊഴിച്ച് കടുകും ഉണക്കമുളകും ചെറിയ ജീരകവും ചേര്‍ത്ത് മൂപ്പിച്ചശേഷം അടുപ്പ് ഓഫ് ചെയ്ത് കായപ്പൊടിയിട്ട് കറിയിലേക്ക് ചേര്‍ക്കാം. പുളിയിലക്കറി തയ്യാര്‍. ഇത് ചൂട് ചോറിനൊപ്പം വിളമ്പാം. 

Content Highlights: Tamarind Leaf Curry: A South Indian food