വീശാത്ത പൊറോട്ട വീട്ടിലുണ്ടാക്കാം (ഇതിന് ജി.എസ്.ടി ഇല്ല)

-
-

പൊറോട്ടയ്ക്ക് പതിനെട്ട് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതാണ് ഇപ്പോള്‍ പുതിയവാര്‍ത്ത. #handsoffporotta എന്ന ക്യാമ്പയിന്‍ പോലും ഇതിനെതിരെ ആരംഭിച്ചു കഴിഞ്ഞു. എങ്കില്‍ പിന്നെ ജിഎസ്ടി കൊടുക്കാതെ കേരളീയരുടെ ദേശീയ ഭക്ഷണമായ പൊറോട്ട വീട്ടിലുണ്ടാക്കിയാലോ...

ചേരുവകള്‍

  1. മൈദ- മൂന്ന് കപ്പ്
  2. പഞ്ചസാര- രണ്ട് ടേബിള്‍ സ്പൂണ്‍
  3. വെള്ളം- അര കപ്പ്
  4. മുട്ട- ഒന്ന്
  5. പാല്‍- കാല്‍ കപ്പ്
  6. ഉപ്പും എണ്ണയും- പാകത്തിന്

തയ്യാറാക്കുന്നവിധം

വെള്ളം ചെറുതായി ചൂടാക്കി എടുക്കുക. ഇനി മൈദ ഒരു വലിയ ബൗളില്‍ എടുത്ത് അതിലേയ്ക്ക് പഞ്ചസാര, പാല്‍, പാകത്തിന് ഉപ്പ്, ഒരു മുട്ട, പകുതി വെള്ളം എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. ചപ്പാത്തിക്ക് കുഴക്കുന്നതു കുഴച്ചാല്‍ മതി. ഇടയ്ക്ക് വെള്ളം ചേര്‍ത്ത് കൊടുക്കണം. മാവ് പകുതി പരുവമായാല്‍ (കൈയില്‍ ഒട്ടിത്തുടങ്ങുമ്പോള്‍) അതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ പാമോയില്‍ ഒഴിച്ച് വീണ്ടും കുഴക്കാം, വീണ്ടും ഒരു ടേബിള്‍ സ്പൂണ്‍ പാമോയില്‍ ഒഴിച്ച് മാവ് സോഫ്റ്റാകുന്നതുവരെ കുഴക്കുക. കുഴക്കുമ്പോള്‍ കൈയില്‍ പിടിക്കുന്നുണ്ടെങ്കില്‍ കൈയില്‍ അല്‍പം എണ്ണ പുരട്ടിയാല്‍ മതി. മാവ് ഒരു ബോളുപോലെ ആക്കി പുറമെ അല്‍പം എണ്ണപുരട്ടി നനവുള്ള ഒരു ടൗവ്വലോ തോര്‍ത്തോകൊണ്ട് മൂടി ഒരു മണിക്കൂര്‍ വയ്ക്കണം. 

ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ മാവ് ഒന്നു കൂടി കുഴച്ചെടുക്കണം. ഇനി മാവിനെ ചെറിയ ഉരുളകളാക്കി എടുക്കണം.( ഉരുളകളാക്കുമ്പോള്‍ മാവ് കൈയില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ കൈയില്‍ അല്‍പം എണ്ണ പുരട്ടാം.). ഓരോ ഉരുളയും എടുത്ത് സൈഡില്‍നിന്ന് നടുവിലേയ്ക്ക് വരുന്ന രീതിയില്‍ ഒന്നുകൂടി കുഴക്കണം. ഇനി ഇതും നനഞ്ഞ തുണികൊണ്ട് 15 മിനിറ്റ് മൂടി വയ്ക്കണം. 

ചപ്പാത്തി പലകയിലും കോലിലും കുറച്ച് എണ്ണ പുരട്ടി ഓരോ ഉരുളയും പരത്തി എടുക്കാം. നന്നായി കനം കുറച്ച് പരത്തണം. ഇതിന് മുകളിലും അല്‍പം എണ്ണയും മൈദപ്പൊടിയും പുരട്ടാം. ഇനി പരത്തിയ മാവ് നടുവിലൂടെ മുക്കാല്‍ ഭാഗം വരെ മുറിക്കുക. ഇനി ഒരു അറ്റം മുതല്‍ ചുറ്റിയെടുക്കണം. അവസാനത്തെ അറ്റം ഉള്ളിലേയ്ക്ക് മടക്കി വയ്ക്കാം. ഇനി വീണ്ടും പരത്താനുള്ള പ്രതലത്തില്‍ എണ്ണ തൂവി ഒരോ മാവ് റോളുകളും പതിയെ കൈ ഉപയോഗിച്ച് പ്രസ് ചെയ്ത് പരത്താം. 

പാന്‍ നന്നായി ചൂടായാല്‍ പരത്തി വച്ചിരിക്കുന്ന പൊറോട്ട ഇതില്‍ ഇട്ട് ചുട്ടെടുക്കണം. ഇനി എല്ലാ പൊറോട്ടയും ചുട്ടു കഴിഞ്ഞാല്‍ അടുക്കി വച്ച ശേഷം സൈഡ് വശങ്ങളില്‍ കൈകൊണ്ട് ഒന്ന് അടിച്ചു കൊടുക്കണം. ജി.എസ്.ടി ഇല്ലാത്ത പൊറോട്ട റെഡി

Content Highlights: how to make parotta in home

Content Highlights: