ലോകത്തിന്റെ നെറുകയില്‍ രുചികരമായ ബംഗാളി വിഭവം; ആദ്യപത്തിലിടം നേടി ചിന്‍ഗ്രി മലായ് കറി

ചിന്‍ഗ്രി മലായ് കറി | Photo: Canva
ചിന്‍ഗ്രി മലായ് കറി | Photo: Canva

ലോകത്തിലെ ഏറ്റവും മികച്ച 10 ചെമ്മീന്‍-കൊഞ്ച് വിഭവങ്ങളുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യയിലെ ചിന്‍ഗ്രി മലായ് കറി. പ്രശസ്ത ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ്‌ പുറത്തുവിട്ട ലോകത്തിലെ 80 മികച്ച ചെമ്മീന്‍, കൊഞ്ച് വിഭവങ്ങളിലൊന്നായാണ് ചിന്‍ഗ്രി മലായ് കറി തിരഞ്ഞെടുത്തത്. 

ഗ്രീക്ക് ദ്വീപായ സിമിയിലെ വിഭവമായ സിമിയാക്കോ ഗരിഡാക്കിയാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്.  മെക്‌സിക്കോയില്‍നിന്നുള്ള നാല് വിഭവങ്ങള്‍ ആദ്യ പത്തിലിടം നേടി.

പശ്ചിമ ബംഗാളിലെ വിഭവമായ ചിന്‍ഗ്രി മലായ് കറി ആറാം സ്ഥാനത്താണ്. തേങ്ങാപ്പാലും മസാല ഗ്രേവിയുമടങ്ങിയ രുചിയൂറുന്ന ചിന്‍ഗ്രി മലായ് കറി ചോറിനൊപ്പം കഴിക്കാനാണ് അനുയോജ്യം. 

ആവശ്യമായ സാധനങ്ങള്‍

  • ചെമ്മീന്‍ 
  • കടുകെണ്ണ- 3 ടേബിള്‍ സ്പൂണ്‍
  • ജീരകം- 2 ടേബിള്‍ സ്പൂണ്‍
  • ഇഞ്ചി പേസ്റ്റ്- 2 ടേബിള്‍ സ്പൂണ്‍
  • ജീരകപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
  • മുളകുപൊടി- 1 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന് 
  • പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍
  • ഗരം മസാല- 1 ടേബിള്‍ സ്പൂണ്‍
  • തേങ്ങാപ്പാല്‍- ഒന്നരക്കപ്പ്
  • നെയ്യ്- 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നന്നായി വൃത്തിയാക്കിയശേഷം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അഞ്ച് മിനിറ്റ് പൊരിച്ചെടുക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം അതിലേക്ക് ജീരകമിടുക. അത് മൊരിഞ്ഞുവന്നാല്‍ പഞ്ചസാര, വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്, ജീരകപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. ഇതിലേക്ക് നേരത്തേ പൊരിച്ച് വെച്ച ചെമ്മീന്‍ ചേര്‍ക്കുക, പച്ചമുളകും ഇട്ടശേഷം ഇളക്കുക. ശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് തിളപ്പിക്കുക. തുടര്‍ന്ന് ഉപ്പും ഗരം മസാലയും ചേര്‍ത്തിളക്കുക. കറി റെഡി. 

Content Highlights: Chingri Malai curry ranks among the world`s top 10 shrimp-prawn dishes by TasteAtlas